X

ഏത് കുരിശാണെങ്കിലും ഒഴിപ്പിക്കണം: വിഎസ്

കയ്യേറ്റത്തിനെതിരെ കര്‍ശന നിലപാട് വേണം.

മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ച് നീക്കിയതിനെ അനുകൂലിച്ച് വിഎസ് അച്യുതാനന്ദന്‍. കയ്യേറ്റത്തിനെതിരെ കര്‍ശന നിലപാട് വേണം. ഏത് രൂപത്തിലുള്ള കയ്യേറ്റവും ഒഴിപ്പിക്കണം. അത് കുരിശാണെങ്കിലും ഒഴിപ്പിക്കണമെന്ന് വിഎസ് വ്യക്തമാക്കി. ഇടതുമുന്നണി യോഗത്തില്‍ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് വിഎസ്, മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി രംഗത്തെത്തിയത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നിലപാട് പരസ്യമാക്കിയത്.

കുരിശ് പൊളിച്ച് നീക്കിയ നടപടി സര്‍ക്കാരിനോട്‌ ആലോചിക്കാതെയാണ് എന്ന് പറഞ്ഞ് റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കുരിശ് എന്ത് പിഴച്ചു? കുരിശ് വിശ്വാസത്തിന്‍റെ പ്രതീകമാണെന്നും അത് പൊളിച്ച് നീക്കുന്നതിന് മുന്‍പ് സര്‍ക്കാരിനോട് ആലോചിക്കണമായിരുന്നു, സര്‍ക്കാര്‍ കുരിശിനെതിരാണ് എന്ന്‍ വരുത്തിതീര്‍ക്കാനുള്ള ശ്രമം നടക്കുന്നു എന്നൊക്കെയാണ് പിണറായി ഇന്നലെ പറഞ്ഞത്. സ്പിരിച്വല്‍ ടൂറിസത്തിന്‍റെ മറവില്‍ നൂറിലേറെ ഏക്കര്‍ ഭൂമി കയ്യേറിയ, തൃശൂര്‍ കുരിയച്ചിറ ആസ്ഥാനമായ ‘സ്പിരിറ്റ്‌ ഇന്‍ ജീസസ്’ എന്ന സംഘടനയാണ് ഇവിടെ കുരിശ് സ്ഥാപിച്ചത്.