X

‘പബ്ലിസിറ്റിയാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമ കാണേണ്ട’: ആരോപണങ്ങൾക്ക് മറുപടിയുമായി ടോവിനോ തോമസ്

ഞങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്.

പ്രളയദുരന്തത്തില്‍ താന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന പ്രചരണത്തിന് മറുപടിയുമായി നടന്‍ ടോവിനോ തോമസ്. ഇത്തരത്തിലുള്ള പ്രചരണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ് താന്‍ സേവനസന്നദ്ധനായി ഇറങ്ങിയതെന്നും ടോവീനോ മാതൃഭുമിയോട് പറഞ്ഞു. ഇതിന്റെ പേരില്‍ തന്റെ സിനിമകള്‍ ആരും കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നും നടന്‍ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനം നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുള്ള പ്രചാരണം എന്നെ വളരെ വേദനിപ്പിച്ചു. മനുഷ്യത്വത്തിന്റെ പേരിലാണ് ഞാന്‍ സേവന രംഗത്തിറങ്ങിയത്. അല്ലാതെ മറ്റൊരു നേട്ടവും മുന്നില്‍ കണ്ടിട്ടില്ല. ഈ വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ സിനിമ കാണാനായി ഇപ്പൊ തന്നെ തിയേറ്ററില്‍ വരുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം മണ്ടന്മാരല്ല ഞങ്ങള്‍. ഈ ചെയ്തതെല്ലാം മനുഷ്യത്വത്തിന്റെ പേരിലാണ്.

ഞങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്. അതിന്റെ പേരില്‍ ചെയ്യുന്നതാണ്. ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. അങ്ങനെ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഞങ്ങള്‍ക്കൊന്നും വേണ്ട നിങ്ങള്‍ ഞങ്ങളുടെ സിനിമയും കാണണ്ട. ഞങ്ങളിതു ചെയ്തോളാം. ടോവിനോ പറഞ്ഞു.

ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ നടന്‍ ടോവിനോ തോമസ് ഇതിനോടകം നവമാധ്യമങ്ങളിൽ തരംഗം ആയി മാറിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കാമ്പിലെത്തി ആവശ്യമായ സഹായവിതരണങ്ങള്‍ നടത്തിയും, ക്യാമ്പിലെ മറ്റു ആവശ്യങ്ങളും ചോദിച്ചറിഞ്ഞും യാതൊരു സെലിബ്രിറ്റി ഹൈപ്പും ഇല്ലാതെയാണ് ടോവിനോ ദുരിതാശ്വാസ ക്യാംപുകളിൽ ഇടപെട്ടത്.

This post was last modified on August 23, 2018 10:02 am