X

ബിജെപിയുടെ അടുത്ത ലക്ഷ്യം തെലങ്കാന; അമിത് ഷാ ജൂണിൽ പര്യടനം നടത്തും

ജൂൺ മാസത്തിലായിരിക്കും അമിത് ഷായുടെ ടൂർ നടക്കുക എന്നാണറിയുന്നത്.

കർണാടക തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിഞ്ഞതോടെ ബിജെപി അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. 2019ൽ നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. പാർട്ടി പ്രസിഡണ്ട് അമിത് ഷാ ഇതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് അമിത് ഷാ പര്യടനം നടത്തുമെന്ന് പാർട്ടിയുടെ തെലങ്കാന പ്രസിഡണ്ട് കെ ലക്ഷ്മൺ അറിയിച്ചു.

ദേശീയാധ്യക്ഷന്റെ തെലങ്കാന യാത്ര എത്രദിവസം നീണ്ടു നിൽക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. മെയ് 17, 18 തിയ്യതികളിൽ സംസ്ഥാന നേതാക്കൾ ഷായുമായി ദില്ലിയിൽ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. വിശദാംശങ്ങൾ അവിടെ ചർച്ച ചെയ്യും.

ജൂൺ മാസത്തിലായിരിക്കും അമിത് ഷായുടെ ടൂർ നടക്കുക എന്നാണറിയുന്നത്.

ആരുമായും സഖ്യത്തിലേർപ്പെടില്ല എന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നിലപാട്. നിലവിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെയാണ് പ്രധാന എതിരാളിയായി ബിജെപി കാണുന്നതെങ്കിലും ബിജെപിയെ ഒരു സാന്നിധ്യമായി പോലും ടിആർഎസ് പരിഗണിക്കുന്നില്ല. കാര്യമായ മുന്നേറ്റമൊന്നും ബിജെപിക്ക് സംസ്ഥാനത്തുണ്ടാക്കാൻ സാധിക്കില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ അപ്രമാദിത്വം ഇനിയും അവസാനിച്ചിട്ടില്ല.

2019 പൊതുതെരഞ്ഞെടുപ്പിനു വേണ്ട സാഹചര്യമൊരുക്കുക എന്നതു മാത്രമായിരിക്കും അമിത് ഷായുടെ യാത്രയുടെ പ്രധാന അജണ്ട. അഞ്ച് എംഎൽഎമാരാണ് നിലവില്‍ തെലങ്കാനയിൽ ബിജെപിക്കുള്ളത്. ആന്ധ്രപ്രദേശിന് പ്രത്യേകപദവി നൽകണമെന്ന ആവശ്യം നിരാകരിച്ചതോടെ അവിടെ ബിജെപിയുടെ നില അങ്ങേയറ്റം പരുങ്ങലിലാണ്. തിരുപ്പതി ക്ഷേത്രം സന്ദർശിക്കാനെത്തിയ അമിത് ഷായുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ് പോലും നടന്നു.

അതെസമയം, കോൺഗ്രസ്സ്-ബിജെപിയിതര ദേശീയ മുന്നണിയുണ്ടാക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ ശ്രമങ്ങൾ തുടരുകയാണ്. കേരള മുഖ്യമന്ത്രി ഒഴികെയുള്ളവരുമായി ചന്ദ്രശേഖരറാവു കൂടിക്കാഴ്ച നടത്തി. പ്രാദേശിക പാർട്ടികളെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പ്രാദേശികകക്ഷികളല്ല, ദേശീയ കക്ഷികളാണ് രാജ്യത്തെ നയിക്കേണ്ടതെന്ന നിലപാടാണ് സിപിഎം പുലർത്തുന്നത്.

This post was last modified on May 14, 2018 3:59 pm