X

കേന്ദ്രത്തില്‍ പശു മന്ത്രാലയം വരുന്നു

ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്

കേന്ദ്ര സര്‍ക്കാരില്‍ പശു മന്ത്രാലയം രൂപീകരിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പശു മന്ത്രാലയത്തിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട് ധാരാളം നിര്‍ദേശങ്ങള്‍ വരുന്നുണ്ടെന്നും ഇതേക്കുറിച്ചുള്ള ആലോചനകള്‍ നടടന്നു വരുന്നതായും ഷാ ലകനൗവില്‍വച്ച് പറഞ്ഞതായി ദി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ മന്ത്രാലയത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്നതടക്കം കൂടുതല്‍ കാര്യങ്ങളൊന്നും തന്നെ ബിജെപി അധ്യക്ഷന്‍ പറഞ്ഞില്ലെന്നും മാധ്യമ വാര്‍ത്തയില്‍ പറയുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഷാ പശു മന്ത്രാലയത്തെക്കുറിച്ച് സംസാരിച്ചത്. പശു സംരക്ഷണ കാമ്പയിന്‍ നടത്തിവരുന്ന യോഗി ആദിത്യനാഥാണ് പശു സംരക്ഷണത്തിനായി ഒരു കേന്ദ്ര മന്ത്രാലയം രൂപീകരിക്കണമെന്ന ആവശ്യം 2014 ല്‍ പ്രധാനമന്ത്രി മോദിക്കു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചതെന്നും പാര്‍ട്ടി പറയുന്നു.

ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ആണ് ഇന്ത്യയില്‍ ആദ്യമായി പശു സംരക്ഷത്തിന്റെ ചുമതലയുള്ള ഒരു മന്ത്രിയുള്ളത്. മോദി അധികാരത്തില്‍ വന്നശേഷം തീവ്ര ഹിന്ദു സംഘടനകളും സ്വയം പ്രഖ്യാപിത ഗോ സംരക്ഷണ കേന്ദ്രങ്ങളും രാജ്യത്ത് പശുവിന്റെ പേരില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടത്തി വരുന്നുണ്ട്. പശു മാംസം കൈവശം വയ്ക്കുന്നവര്‍ പോലും അക്രമിക്കപ്പെടുകയും പൊതുമധ്യത്തില്‍വച്ച് കൊലചെയ്യപ്പെടുകയുമാണ്. ഈ വര്‍ഷം രാജ്യവ്യാപകമായി കന്നുകാലി കശാപ്പില്‍ കടുത്ത നിയന്ത്രണങ്ങളും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.

ഇങ്ങനെയെല്ലാമുള്ള സാഹചര്യം നിലനില്‍ക്കുന്നതിനിടയിലാണ് പശു സംരക്ഷണത്തിനായി ഒരു മന്ത്രാലയം തന്നെ രൂപീകരിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നൂവെന്ന വാര്‍ത്തകള്‍ വരുന്നത്.