X

അഭിമന്യൂവിന്റെ പേരിലിറക്കിയ കോളജ് മാഗസിൽ കാംപസ് ഫ്രണ്ടുകാർ കത്തിച്ചു

നടുറോട്ടില്‍ പ്രകടനം വിളിച്ചായിരുന്നു കത്തിക്കൽ.

അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസിന്‍ ക്യാമ്പസ് ഫ്രണ്ടുകാര്‍ കത്തിച്ചു. മലപ്പുറം എടക്കര പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലാണ് സംഭവം.

2017-18 കോളേജ് യൂണിയന്‍ ‘അഭിമന്യു’ എന്ന പേരില്‍ പുറത്തിറക്കിയ മാഗസിൻ ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകർ കത്തിച്ചുവെന്നാണ് ആരോപണം. നടുറോട്ടില്‍ പ്രകടനം വിളിച്ചായിരുന്നു കത്തിക്കൽ. ചൊവ്വാഴ്ച രാവിലെ 9.30നാണ് സംഭവം.

തിങ്കാളാഴ്ചയായിരുന്നു മാഗസിന്‍ പ്രകാശനം. കോളേജിലെ ക്യാമ്പസ് ഫ്രണ്ട് നേതാക്കളായ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയായ തൗഫീഖ്, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ റഹീസ് എന്നിവരുടെ നേതൃത്വത്തില്‍ 15 ഓളം വരുന്ന സംഘം കോളേജിന് മുന്നിലെ റോഡില്‍ വെച്ച് കത്തിച്ചുവെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. പുറത്തു നിന്നെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരും മാഗസിൻ കത്തിക്കുന്നതിൽ പങ്കെടുത്തു.

റോഡില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നതായും റിപ്പോർട്ട് പറയുന്നു. പിന്നീട് എസ്എഫ്ഐ ഏരിയ, കോളേജ് യൂണിയന്‍ ഭാരവാഹികള്‍ എടക്കര പൊലീസില്‍ പരാതി നല്‍കി.