X

വേദിയില്‍ ദാഹജലം കൊടുത്തതിന് മാപ്പു പറയിച്ച് ഇളയരാജ; കാലുപിടിച്ച് കേണ് സെക്യൂരിറ്റി ജീവനക്കാരന്‍

വലിയ വിമർശനമാണ് ഇളയരാജയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

തന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീതപരിപാടിയിൽ സെക്യൂരിറ്റി ജീവനക്കാരനെ വേദിയിൽ വിളിച്ചു വരുത്തി അപമാനിച്ച് ഇളയരാജ. വേദിയിലുള്ളവർ ദാഹിക്കുന്നതായി പറഞ്ഞപ്പോൾ വെള്ളം കൊണ്ടു കൊടുത്തതാണ് ഇളയരാജയെ പ്രകോപിപ്പിച്ചത്. ജീവനക്കാരനോട് വേദിയിലെത്താൻ മൈക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിലായിരുന്നു ആജ്ഞ.

ഭയന്നുപോയ സെക്യൂരിറ്റി ജീവനക്കാരൻ ഇളയരാജയുടെ കാല് പിടിച്ച് മാപ്പപേക്ഷിച്ച് തിരിഞ്ഞോടുന്നത് വീഡിയോയിൽ കാണാം. വേദിയിലെത്തിയ ജീവനക്കാരന് മൈക്ക് നൽകാൻ ഇളയരാജ ആവശ്യപ്പെട്ടു. ഗായകൻ മനോ മൈക്ക് കൈമാറി. തന്നോട് ക്ഷമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ സന്ദർഭത്തിൽ ഗായകൻ മനോയാണ് കാലിൽ വീണ് മാപ്പു ചോദിക്കാൻ ആവശ്യപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരൻ അത് അനുസരിച്ചു.

ആയിരവും അഞ്ഞൂറും രൂപ മുടക്കിയാണ് ഓരോരുത്തരും പരിപാടി കാണാൻ വന്നിരിക്കുന്നതെന്നും ഇങ്ങനെ സംഭവിക്കുന്നതിന് തന്നെയാണ് എല്ലാവരും ചീത്ത പറയുകയെന്നും ഇളയരാജ പിന്നീട് വിശദീകരിക്കുന്നുണ്ട്. “അഞ്ചു മണി മുതൽ ഞാൻ നില്‍ക്കുകയാണ്. എന്റെ പാട്ടിലൂടെയാണ് നിങ്ങൾ വളർന്നുവന്നത്. എന്റെ പാട്ടിലൂടെയാണ് നിങ്ങളുടെ ജീവിതം പോയിക്കൊണ്ടിരിക്കുന്നത്. ഇത്രയധികം കഷ്ടപ്പെട്ട് പരിപാടി അവതരിപ്പിക്കുന്നതിനിടയിൽ ഇത്തരം ചെറിയ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകരുത്,” ഇളയരാജ പറഞ്ഞു. ഈ വാക്കുകൾക്ക് ആരാധകരിൽ ചിലർ കൈയടിക്കുന്നതും വീഡിയോയിൽ കേൾക്കാം.

വലിയ വിമർശനമാണ് ഇളയരാജയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.