X

ഇന്ത്യയിലെ ആദ്യത്തെ ‘അച്ഛനില്ലാത്ത കുട്ടി’ ചെന്നൈയിൽ

കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയപ്പോഴാണ് പ്രശ്നം ഉടലെടുത്തത്. ട്രിച്ചി കോർപറേഷൻ കമ്മീഷണർ മനിഷ് മദൻപാൽ മീണ എന്നയാളെ കുട്ടിയുടെ പിതാവാക്കിയുള്ള സർട്ടിഫിക്കറ്റാണ് കൊടുത്തത്.

ഇന്ത്യയിലെ ‘ആദ്യത്തെ അച്ഛനില്ലാത്ത കുട്ടി’ എന്ന വിശേഷണം ഒരുപക്ഷെ ലഭിക്കുക തവിഷി പെരേര എന്ന കുട്ടിക്കായിരിക്കും. മദ്രാസ് ഹൈക്കോടതിയാണ് ചരിത്രപരമായ വിധിയിലൂടെ ജനന രേഖയിൽ അച്ഛന്റെ പേര് ചേർക്കാതിരിക്കാൻ തവിഷിയുടെ മാതാവിന് അനുമതി നൽകിയത്. ഇത് രാജ്യത്തെ ആദ്യത്തെ സംഭവമാണെന്നാണ് കരുതപ്പെടുന്നത്.

മധുമിത രമേഷ് എന്നയാൾക്ക് സർക്കാർ സംവിധാനങ്ങളുടെ സാങ്കേതിക കടുംപിടിത്തത്തിൽ കുടുങ്ങി ഹൈക്കോടതി വരെ പോകേണ്ടി വരികയായിരുന്നു. മധുമിത വിവാഹമോചനം നേടിയയാളാണ്. വിവാഹമോചനത്തിനു ശേഷം മധുമിത ഒരു കുട്ടിക്ക് ജന്മം നൽകി. ബീജദാതാവിന്റെ സഹായത്തോടെയാണ് മധുമിതയ്ക്ക് കുഞ്ഞ് പിറന്നത്.

പിന്നീട് കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയപ്പോഴാണ് പ്രശ്നം ഉടലെടുത്തത്. ട്രിച്ചി കോർപറേഷൻ കമ്മീഷണർ മനിഷ് മദൻപാൽ മീണ എന്നയാളെ കുട്ടിയുടെ പിതാവാക്കിയുള്ള സർട്ടിഫിക്കറ്റ് കൊടുത്തു. മധുമിതയുടെ പ്രസവസമയത്ത് സഹായത്തിന് നിന്നിരുന്നയാളാണ് മീണ. ഈ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അധികാരികളെ സമീപിച്ചെങ്കിലും പേരില്‍ തെറ്റുണ്ടെങ്കിൽ തിരുത്താനല്ലാതെ നീക്കം ചെയ്യാനാകില്ലെന്ന നിലപാടാണ് എടുത്തത്. ഇതോടെ മധുമതി ഹൈക്കോടതിയെ സമീപിച്ചു. പേര് നീക്കം ചെയ്യണമെന്ന് റവന്യൂ അധികാരികളോട് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അതിനുള്ള അധികാരം തങ്ങൾക്കില്ലെന്നും ജനനമരണ രജിസ്ട്രാർക്കാണ് അധികാരമെന്നും ചൂണ്ടിക്കാട്ടി അവരും മടക്കി. മധുമതി വീണ്ടും കോടതിയെ സമീപിച്ചു.

ഇതിനിടെ മധുമതിയുടെ മുൻ ഭർത്താവും മനിഷ് മദൻപാൽ മീണയും തങ്ങളല്ല കുട്ടിയുടെ പിതാവെന്ന് കാണിച്ച് കോടതിയെ സമീപിച്ചു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് ഒന്നും എഴുതരുതെന്ന് കോടതി ഉത്തരവിട്ടു. തുടർന്ന് ട്രിച്ചി കോർപ്പറേഷൻ മനിഷ് മദൻപാൽ മീണയുടെ പേര് സർട്ടിഫിക്കറ്റിൽ നിന്നും നീക്കം ചെയ്തു.

This post was last modified on May 20, 2018 3:29 pm