കാർട്ടൂൺ കലയ്ക്കെതിരെ അസഹിഷ്ണുതയുടെ ഇരുട്ട് അതിവേഗം വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് കേരള കാർട്ടൂൺ അക്കാദമി. കാർട്ടൂണിൽ മാത്രമല്ല മറ്റു മേഖലകളിലും ഇതു വ്യാപിക്കുന്നുണ്ടെന്ന് കാർട്ടൂൺ അക്കാദമി പുറത്തിറക്കിയ വാർത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി. കേരളത്തിൽ കാർട്ടൂണിന് ലളിതകലാ അക്കാദമി അവാർഡ് നൽകിയതിനെച്ചൊല്ലി ഉയർന്ന വിവാദം ശക്തമായി തുടരുമ്പോൾ തന്നെയാണ് ന്യൂയോർക്ക് ടൈംസ്, രാഷ്ട്രീയ കാർട്ടൂണുകൾ നിർത്തുകയാണെന്ന പ്രഖ്യാപനം നടത്തിയത്. കാർട്ടൂണിനെ ചിരിയോടെ സ്വീകരിക്കാനുള്ള തുറന്ന മനസ്സ് സമൂഹത്തിന് നഷ്ടമാകുന്നത് ഖേദകരമാണെന്ന് അക്കാദമി ചൂണ്ടിക്കാട്ടി.
ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മതചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. സുഭാഷ് കെ കെ വരച്ച കാർട്ടൂണാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്. കെസിബിസിയാണ് തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നാരോപിച്ച് രംഗത്തെത്തിയത്. ‘മതനിന്ദ’യാണ് കാർട്ടൂണിസ്റ്റ് ചെയ്തതെന്ന് പരസ്യപ്രസ്താവന നടത്തുകയും ചെയ്തു സഭ.
പാകിസ്ഥാനിൽ കാർട്ടൂണും ആക്ഷേപഹാസ്യ പരിപാടികളും മറ്റും നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനമാണ് അസഹിഷ്ണുതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമെന്ന് കാർട്ടൂൺ അക്കാദമി പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കാർട്ടൂണിസ്റ്റിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും അക്കാദമി സെക്രട്ടറി തോമസ് ആന്റണിയുടെ പേരിലുള്ള വാർത്താക്കുറിപ്പ് പറഞ്ഞു.
ചിരിക്കും ചിന്തയ്ക്കും വിലങ്ങിടാനുള്ള നീക്കങ്ങൾ ഇരുട്ടിന്റെ വാഴ്ച കടന്നു വരുന്നതിന്റെ സൂചനയാണ്. അത് കേരളത്തിലാണെങ്കിലും പാകിസ്ഥാനിലാണെങ്കിലും അമേരിക്കയിലാണെങ്കിലും എതിർക്കപ്പെടേണ്ടതാണ്. പരിഷ്കൃത സമൂഹമെന്ന നിലയിൽ കേരളം കൈവരിച്ച ധൈഷണികസ്വാതന്ത്ര്യവും കലാപാരമ്പര്യവും കാർട്ടൂൺ പൈകൃതവും കാത്തു സൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അക്കാദമി അഭ്യർത്ഥിച്ചു.
Leave a Comment