X

രാഷ്ട്രീയ കിസാൻ സംഘിന്റെ ബന്ദ് കർഷക ഐക്യം തകർക്കാൻ; കേരള കർഷക സംഘം സഹകരിക്കില്ല

ബിജെപിയോട് ഇടഞ്ഞു നിൽക്കുന്ന നേതാക്കൾ ചേര്‍ന്നാണ് ഈ സംഘടന രൂപീകരിച്ചത്.

രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് ശിവ്കുമാർ ശർമ ആഹ്വാനം ചെയ്ത ഭാരത ബന്ദുമായി കേരള കർഷക സംഘം സഹകരിക്കില്ല. കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടയിൽ രൂപം കൊണ്ട് രാജ്യത്തെ കർഷക ഐക്യത്തെ തകർക്കുകയാണ് ഇവരുടെ സമരനാടകത്തിന്റെ ലക്ഷ്യമെന്ന് സിപിഎം ആരോപിച്ചു. പച്ചക്കറി റോഡിലെറിഞ്ഞും പാൽ നിലത്തൊഴുക്കിയും നാടകം കളിക്കുകയാണ് രാഷ്ട്രീയ കിസാൻ മഹാസംഘ്.

കർഷക ഐക്യം ലക്ഷ്യമാക്കി രൂപീകരിച്ച കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ 190 ലധികം വരുന്ന കര്‍ഷക സംഘടനാ നേതാക്കളുമായി ആശയവിനിമയമൊന്നും നടത്താതെയാണ് മഹാസംഘിന്റെ നേതാവ് ശിവകുമാർ ശര്‍മ ബന്ദ് പ്രഖ്യാപനം നടത്തിയത്. ബിജെപിയോട് ഇടഞ്ഞു നിൽക്കുന്ന നേതാക്കൾ ചേര്‍ന്നാണ് ഈ സംഘടന രൂപീകരിച്ചതെന്നും സിപിഎം ഫേസ്ബുക്കിലിട്ട ഒരു കുറിപ്പിൽ അറിയിച്ചു.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേര്‍ത്ത് താങ്ങ് വില നിശ്ചയിക്കുന്നതിന് നിയമപരമായ അംഗീകാരം നല്‍കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസാവൻ സംഘർഷ് കോർ‌ഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചാരണ ജാഥകൾ രാജ്യത്താകെ തരംഗമുണ്ടാക്കിയ കാര്യം പോസ്റ്റ് സൂചിപ്പിച്ചു. നാസിക് മുംബൈ ലോങ് മാർച്ചും ഇതോടൊപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി. ഇങ്ങനെ നേടിയെടുത്ത ഐക്യത്തെയാണ് മഹാസംഘ് തകർക്കാൻ ശ്രമിക്കുന്നത്.

This post was last modified on June 9, 2018 5:00 pm