മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന വെങ്ങരയിലാണ് ഏറ്റവുമധികം ലീഡുള്ളത്. 40,520 വോട്ടുകളുടെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിയ്ക്ക് വേങ്ങരയില്‍ ലഭിച്ചത്. ഏഴ് മണ്ഡലങ്ങളിലും ലീഡ് നേടി അനിഷേധ്യമായ വിജമയാണ് കുഞ്ഞാലിക്കുട്ടി നേടിയിരിക്കുന്നത്. കൊണ്ടോട്ടി, മഞ്ചേരി, വേങ്ങര, മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ എന്നീ മണ്ഡലങ്ങളാണ് മലപ്പുറത്തുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ കഴിഞ്ഞ തവണ 38,057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. 72,181 വോട്ടാണ് നേടിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. ലീഗ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മികച്ച വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിലും വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലിനും സാധിച്ചു. അതേസമയം വലിയ മുന്നേറ്റം നടത്തുമെന്ന് അവസാനം വരെ അവകാശപ്പെട്ട ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് സമ്മാനിച്ചത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ അവരുടെ വോട്ട് ശതമാനം കുറയുകയാണ് ചെയ്തത്.
രാവിലെ എട്ട് മണിക്ക് മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. നിയമസഭാ മണ്ഡലം തിരിച്ച് ഏഴു ഹാളുകളിലായായിരുന്നു വോട്ടെണ്ണല്‍. യു.ഡി.എഫിന്റെ സിറ്റിംഗ് എം.പിയായിരുന്ന ഇ. അഹമ്മദ് അന്തരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1.94 ലക്ഷം ആയിരുന്നു അഹമ്മദിന്റെ ഭൂരിപക്ഷം. 71.33 ശതമാനമായിരുന്നു ഇത്തവണത്തെ പോളിംഗ്.
This post was last modified on April 17, 2017 12:34 pm
Leave a Comment