X

ഒകെ വാസു മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട്; ‘ഹിന്ദു എംഎൽഎ’ പ്രശ്നം -ബൽറാം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

വിടി ബൽറാം സ്ഥലത്തുണ്ടായിട്ടും വോട്ട് ചെയ്തില്ല.

മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ഒകെ വാസുവിനെയും അംഗമായി പിപി വിമലയെയും തെരഞ്ഞെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് വന്ന അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വ. എൻ വിജയകുമാറും തെരഞ്ഞെടുക്കപ്പെട്ടു. ആകെ 76 ഹിന്ദു എംഎൽഎമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. എൽഡിഎഫ് സ്ഥാനാർത്ഥികള്‍ക്ക് 61 വോട്ടുകൾ വീതം ലഭിച്ചു. യുഡിഎഫിന് 11 വോട്ടുകളും.

കൊച്ചിൻ ദേവസ്വം ബോർഡിലേക്ക് എംകെ ശിവരാജൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഡിഎഫിൽ നിന്ന് മലബാർ ദേവസ്വം ബോർഡിലേക്ക് പടന്നയിൽ പ്രഭാകരൻ, കെ രാമചന്ദ്രൻ, എന്നിവരും തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് കെ പ്രിയംവദയുമാണ് മത്സരിച്ചത്.

അതെസമയം കോൺഗ്രസ്സ് അംഗം വിടി ബൽറാം സ്ഥലത്തുണ്ടായിട്ടും വോട്ട് ചെയ്തില്ല. താൻ ഹിന്ദു അംഗമായി അറിയപ്പെടാൻ ആഗ്രഹിക്കാത്തതിനാൽ വോട്ടെടുപ്പിൽ നിന്നും ഒഴിവാക്കാനഭ്യർത്ഥിച്ച് ഇദ്ദേഹം കത്ത് നൽകിയിരുന്നു. അതിന് സാങ്കേതിക തടസ്സമുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കുകയും ചെയ്തിരുന്നു. പാർട്ടി വിപ്പില്ലാത്തതിനാലും സിപിഎം സ്ഥാനാർത്ഥികൾ ജയിക്കുമെന്ന് ഉറപ്പായതിനാലും ബൽറാമിന് വിട്ടു നിൽക്കാൻ സൗകര്യമായി.

ഭരണപക്ഷത്തു നിന്നും സിപിഎം അംഗം കെ വിജയദാസും കോൺഗ്രസ്സ് അംഗം കെബി ഗണേഷ് കുമാറും വോട്ടെടുപ്പിന് എത്തിയില്ല. വിജയദാസ് കർഷകസംഘത്തിന്റെ പരിപാടിയുമായി ഡൽഹിയിലാണ്. ഗണേഷ് ഒഴിച്ചുകൂടാനാകാത്ത മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതുള്ളതു കൊണ്ട് എത്തില്ലെന്നാണ് അറിയിച്ചിരുന്നത്.