X

നമ്പി നാരായണനെ ശുപാർശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖർ

നമ്പി നാരായണനെ പത്മഭൂഷൺ ബഹുമതിക്ക് ശുപാർശ ചെയ്തത് കർണാടകത്തിൽ നിന്നുള്ള ബിജെപി എംപിയും കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ നമ്പി നാരായണനെ ശുപാർശ ചെയ്തിട്ടില്ലെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ശുപാർശ ചെയ്തവരുടെ ലിസ്റ്റ് പുറത്തുവന്നത്.

നമ്പി നാരായണന് പത്മഭൂഷൺ സമ്മാനിച്ചതിനെതിരെ ടിപി സെൻകുമാർ രംഗത്തു വന്നതിനു പിന്നാലെയാണ് ഈ വാർത്ത വരുന്നത്. സെൻകുമാറിന്റെ രാഷ്ട്രീയ താൽപര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ച് നമ്പി നാരായണന്റെ പ്രസ്താവനയും വന്നിരുന്നു. താൻ നൽകിയ കേസിലെ പ്രതിയാണ് സെൻകുമാറെന്നും അദ്ദേഹം പറയുകയുണ്ടായി.

“രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനുണ്ടോ എന്ന് എനിക്കറിയില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോവുകയാണ് എന്ന് കേട്ടു. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ, എന്നതൊന്നും അദ്ദേഹത്തെ ബാധിക്കുന്ന കാര്യമല്ല” -നമ്പി നാരായണൻ പറഞ്ഞു.