X

സോഷ്യൽ മീഡിയയിൽ വിലസുന്ന ബാലപീഡകർ; പൊലീസിനും ബാലാവകാശ കമ്മീഷനും പരാതി നൽകി സാമൂഹ്യപ്രവർത്തകർ

ബാലപീഡനത്തെ ന്യായീകരിച്ച് പരസ്യമായി രംഗത്തു വന്നിട്ടുള്ളവർ എണ്ണത്തിൽ കുറവാണെങ്കിലും അങ്ങേയറ്റം സംഘടിതരാണെന്ന കാര്യവും ഡോ. ആരിഫ ഓർമ്മപ്പെടുത്തുന്നു.

ബാലപീഡനത്തെ ന്യായീകരിക്കുന്നവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ രംഗത്ത്. സോഷ്യൽ മീഡിയയിൽ ബാലപീഡനത്തെ ലൈംഗിക തെരഞ്ഞെടുപ്പായും മറ്റും ന്യായീകരിക്കുന്ന വിഭാഗത്തിനെതിരെയാണ് പ്രചാരണം നടക്കുന്നത്. ഒരു കോൺഗ്രസ്സ് നേതാവിന്റെ അടുത്ത അനുയായി അടക്കമുള്ളവർ ബാലപീഡകർക്ക് അനുകൂലമായ സോഷ്യൽ മീഡിയ പ്രചാരണത്തിന് നേതൃത്വം നൽകുന്നുണ്ട്. എടപ്പാൾ തിയറ്റർ സംഭവത്തിനു പിന്നാലെ ഇവരുടെ നീക്കങ്ങൾ വീണ്ടും ശക്തമായിരിക്കുകയാണ്. എടപ്പാളിലെ സംഭവത്തില്‍ പ്രതിയായ മൊയ്തീൻ കുട്ടിക്കു വേണ്ടിയും ഇവർ പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്.

മാനവീയം തെരുവിടം എന്ന കൂട്ടായ്മയാണ് ബാലപീഡനത്തെ ന്യായീകരിക്കുന്നവർക്കെതിരെ രംഗത്തുള്ളത്. സാമൂഹ്യപ്രവർത്തകരുടെ ഒരു കൂട്ടായ്മയാണിത്.

ബാലപീഡനത്തെ ന്യായീകരിക്കുന്ന പ്രചാരണങ്ങൾക്കെതിരെ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്ന് മാനവീയം തെരുവിടം പ്രവർത്തകരിലൊരാളും പരിയാരം അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടറുമായ ആരിഫ റഹ്മാൻ പറയുന്നു. ബാലപീഡനത്തെ എൽജിബിടി പ്രസ്ഥാനവുമായി കൂട്ടിക്കെട്ടാനും ഇക്കൂട്ടർ ശ്രമം നടത്തിയിരുന്നതായി ആസിഫ റഹ്മാൻ പറയുന്നു. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ഡിജിപിക്കും ചൈൽഡ് റൈറ്റ്സ് കമ്മീഷനും പരാതി നൽകിയിട്ടുണ്ടെന്ന് ആരിഫ വ്യക്തമാക്കി.

ബാലപീഡകർക്കെതിരായ പ്രചാരണം സോഷ്യൽ മീഡിയയിൽ മാത്രമായി ഒതുക്കാൻ മാനവീയം തെരുവിടം പ്രവർത്തകർ തയ്യാറല്ല. കാംപസ്സുകളിലും മറ്റും കൂടുതൽ ശക്തമായ പ്രചാരണങ്ങൾ നടത്തുമെന്ന് ഡോ. ആരിഫ റഹ്മാൻ പറഞ്ഞു. ബാലപീഡനത്തെ ന്യായീകരിച്ച് പരസ്യമായി രംഗത്തു വന്നിട്ടുള്ളവർ എണ്ണത്തിൽ കുറവാണെങ്കിലും അങ്ങേയറ്റം സംഘടിതരാണെന്ന കാര്യവും ഡോ. ആരിഫ ഓർമ്മപ്പെടുത്തുന്നു.

This post was last modified on May 17, 2018 12:03 pm