X

എൻഎസ്എസ്സിനെ ആർഎസ്എസ് തൊഴുത്തിൽ കെട്ടാൻ നീക്കം; മന്നം ജീവിച്ചിരുന്നെങ്കിൽ സ്വന്തം കുടുംബത്തെ വനിതാമതിലിൽ പങ്കെടുപ്പിച്ചേനെ: കോടിയേരി

"മുഖ്യമന്ത്രി ധാർഷ്ട്യം പ്രകടിപ്പിക്കുന്നത് സ്ത്രീപുരുഷ സമത്വത്തിന് വേണ്ടിയാണ്"

വനിതാമതിലിനെതിരെ കടുത്ത നിലപാടെടുത്ത എൻഎസ്എസ് എന്തുകൊണ്ടാണ് ആർഎസ്എസ്സിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ക്ഷേത്രത്തിൽ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നപ്പോൾ അത് അനുവദിക്കില്ലെന്ന നിലപാടാണോ മുഖ്യമന്ത്രി സ്വീരപിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു. നവോത്ഥാന പാരമ്പര്യമുള്ള ഒരു സംഘടനയെ ആർഎസ്എസ്സിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ചെയ്യുന്നതെന്നും കോടിയേരി ആരോപിച്ചു.

ആർഎസ്എസ്സുമായി ചേരുന്നത് എൻഎസ്എസ്സിന് ആത്മഹത്യാപരമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് തിരിച്ചറിഞ്ഞ് എൻഎസ്എസ് നിലപാട് തിരുത്തണം. ഇതല്ല കേരളം എൻഎസ്എസ്സിൽ നിന്നും പ്രതീക്ഷിക്കുന്നത്. മന്നത്ത് പത്മനാഭൻ ഇന്നുണ്ടായിരുന്നെങ്കിൽ സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് വനിതാ മതിലിൽ പങ്കെടുക്കാനാവശ്യപ്പെടുമായിരുന്നെന്നും കോടിയേരി പറഞ്ഞു. മന്നത്തിന്റെ ആശയമാണ് വനിതാമതിലിലൂടെ ഉദ്ഘോഷിക്കാൻ പോകുന്നത്. സ്ത്രീയും പുരുഷനും ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത മന്നത്ത് എടുത്തു പറഞ്ഞിട്ടുണ്ട്. ഭാരതത്തിൽ വസിഷ്ഠനെ അരുന്ധതിയോടു കൂടിയല്ലാതെ കണ്ടിട്ടില്ലെന്നും, നളൻ ദമയന്തിയോടു കൂടെയല്ലാതെ പോയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. സ്ത്രീപുരുഷ സമത്വം ഊന്നിപ്പറഞ്ഞ മന്നത്തിന്റെ പാരമ്പര്യമാണ് ജനുവരി 1ന് വനിതാമതിലിലൂടെ ഉയർ‍ത്തിപ്പിടിക്കാൻ ശ്രമിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ധാർഷ്ട്യം

മുഖ്യമന്ത്രിക്ക് ധാർഷ്ട്യമുണ്ടെന്നാണ് സുകുമാരൻ നായർ പറയുന്നത്. എന്നാൽ മുഖ്യമന്ത്രി ധാർഷ്ട്യം പ്രകടിപ്പിക്കുന്നത് സ്ത്രീപുരുഷ സമത്വത്തിന് വേണ്ടിയാണ്. ക്ഷേത്രങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പൂജാരി നിയമത്തിലുണ്ടായിരുന്ന വിവേചനം അവസാനിപ്പിച്ചു. ദേവസ്വം ബോർഡിനു കീഴിലുള്ള കേഷ്ത്രങ്ങളിൽ സംവരണം കൊണ്ടു വന്നു. ഇത്തരം നിലപാടുകൾക്കു വേണ്ടിയുള്ള ധാർഷ്യമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ശ്രദ്ധ തിരിച്ചുവിടാം എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

വനിതാമിതിലിനെതിരെ രംഗത്തു വരുന്നവർ കേരളത്തിലെ മതനിരപേക്ഷതയെ തകർക്കാനാണ് ശ്രമിക്കുന്നത്. കേരളത്തെ ഗുജറാത്താക്കുകയാണ് അവരുടെ ലക്ഷ്യം. കേരളത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ യുവതലമുറയ്ക്ക് ബാധ്യതയുണ്ടെന്നും കോടിയേരി വിശദീകരിച്ചു. കേരളം എന്നും മുമ്പോട്ടാണ് പോയിട്ടുള്ളത്. നമുക്കൊരിക്കലും പിന്നാക്കം പോകാനാകില്ല. പട്ടികജാതിക്കാരനായതു കൊണ്ട് ആരെയും കൊല്ലുന്നില്ല. അഭിപ്രായം പ്രകടിപ്പിച്ചതു കൊണ്ട് ആരെയും വെടിവെച്ച് കൊല്ലുന്നില്ല. ഇതൊന്നുമല്ല മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയെന്നും കോടിയേരി ഓർമിപ്പിച്ചു.

സുരേഷ് ഗോപിയോട് താങ്കള്‍ കാണിച്ചതെന്താണ്? പിണറായിയുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പറയുന്ന സുകുമാരന്‍ നായരോടാണ് ചോദ്യം

വടയമ്പാടിയില്‍ ജാതി മതില്‍ കെട്ടിയപ്പോള്‍ പുറത്തുവന്നത് സവര്‍ണ്ണ ജാതി വെറിയല്ലാതെ മറ്റെന്താണ്? സുകുമാരന്‍ നായരദ്ദ്യേം മറുപടി പറയൂ..

This post was last modified on December 19, 2018 12:25 pm