X

പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യേശുദാസ് 10 ലക്ഷം സംഭാവന ചെയ്തു

പ്രളയത്തിനു ശേഷം ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പൂഞ്ഞാർ എംഎൽ‌എ പിസി ജോർജ് തെരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു.

പ്രളയാനന്തര കെടുതികളെ നേരിടാനുള്ള കേരളത്തിന്റെ പ്രയത്നങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗായകൻ‌ യേശുദാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗായകൻ 10 ലക്ഷം രൂപ സംഭാവന ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് യേശുദാസ് ചെക്ക് കൈമാറിയത്. കൂടെ ഭാര്യ പ്രഭാ യേശുദാസും ഉണ്ടായിരുന്നു.

സെപ്തംബർ 25ന് എത്തിയ കണക്കുകൾ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക 1500 കോടി രൂപ കവിഞ്ഞിട്ടുണ്ട്. 1517.91 കോടിരൂപയാണ് നിധിയിലേക്ക് ലഭിച്ചത്. ഇലക്‌ട്രോണിക് പേമെന്റ് വഴി 188.98 കോടിരൂപയും യപിഐ/ക്യുആര്‍/വിപിഎ മുഖേനെ 52.2 കോടിയും ക്യാഷ്/ചെക്ക്/ആര്‍ടിജിഎസ് ആയി 1276.73 കോടിരൂപയും ലഭിച്ചിട്ടുണ്ട്.

പ്രളയത്തിനു ശേഷം ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പൂഞ്ഞാർ എംഎൽ‌എ പിസി ജോർജ് തെരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു. പ്രളയത്തിനു ശേഷം യേശുദാസിനെ കണ്ടില്ലെന്നായിരുന്നു പിസി ജോർജിന്റെ ആരോപണം. എന്നാൽ ഇതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻതന്നെ ചെറുത്തു. യേശുദാസ് തന്നെ വിളിച്ചെന്നും കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രളയസമയത്ത് യേശുദാസ് അമേരിക്കയിലായിരുന്നു.