X

വീട്ടില്‍ ചെന്ന് അറസ്റ്റ് ചെയ്തുകൂടേ എന്നാണ് ഒരു ചോദ്യം, വിജയ്‌ ‘മോദിജി’യെ ട്രോളുന്നത് എന്തിന് എന്ന് മറ്റൊരു ചോദ്യം

വിദ്യാര്‍ത്ഥികളോട് പഠനം മാറ്റി വച്ച് സമരരംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്ത എംകെ ഗാന്ധിയുടെ ഫോട്ടോ ചുമരില്‍ തൂങ്ങുന്ന കോടതിയില്‍ നിന്ന് തന്നെയാണ് ക്ലാസില്‍ അടങ്ങിയിരിക്കാത്തവരെ വീട്ടില്‍ പോയി അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത്.

വീട്ടില്‍ ചെന്ന് അറസ്റ്റ് ചെയ്തുകൂടേ എന്നാണ് പൊലീസിനോട്‌ ഹൈക്കോടതിയുടെ ചോദ്യം. ആരെ? വിദ്യാര്‍ത്ഥികളെ. എന്തിന്? സമരം ചെയ്തതിന്. ഇന്നത്തെ മാതൃഭൂമിയുടെ ലീഡ് വാര്‍ത്തയുടെ തലക്കെട്ടും അത് തന്നെ – “വീട്ടില്‍ ചെന്ന് അറസ്റ്റ് ചെയ്തുകൂടേ?” എന്നാണ്. അവനെ ഇനി എങ്ങോട്ടും വിടണ്ട എന്ന് ചാക്യാര്‍ പണ്ട് പറഞ്ഞത് അവനെ പൂട്ടിയിടാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല. പുറത്തിറങ്ങിയാല്‍ പൊലീസ് പിടിച്ചുകൊണ്ടുപോവുകയും പിന്നീടൊരിക്കലും കാണാന്‍ കഴിയില്ലല്ലോ എന്ന് ഭയപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ്. സമരം ചെയ്യുന്നവരേയും ധര്‍ണ നടത്തുന്നവരേയും ഉപരോധങ്ങള്‍ സംഘടിപ്പിക്കുന്നവരേയുമൊക്കെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യാമെന്നാണ് കോടതി കരുതുന്നതെങ്കില്‍ അത് ഈ രാജ്യത്തെ ഭരണഘടനയോടും ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള തികഞ്ഞ പുച്ഛവും അവജ്ഞയുമായി കാണേണ്ടി വരും.

ടൈംസ് ഓഫ് ഇന്ത്യയുടെ കേരള എഡിഷനുകളിലെ ലീഡ് വാര്‍ത്തയും ഇതാണ്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദാവെയും ഇന്ദിര ജയ്‌സിംഗും ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ട് നടത്തിയിരിക്കുന്ന പരാമര്‍ശങ്ങളും ടൈംസ് ഓഫ് ഇന്ത്യ കൊടുത്തിട്ടുണ്ട്. കോടതിക്ക് ഇത്തരത്തില്‍ ഇടപെടാനുള്ള യാതൊരു അവകാശവുമില്ലെന്ന് ദുഷ്യന്ത് ദാവെ പറയുന്നു. വിദ്യാര്‍ത്ഥികളെ വീടുകളില്‍ നിന്നും ഹോസ്റ്റലുകളില്‍ നിന്നും കോളേജ് ക്യാമ്പസില്‍ നിന്നുമെല്ലാം അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയും പിന്നീട് അവര്‍ ഒരിക്കലും തിരിച്ചുവരാതിരിക്കുകയും ചെയ്‌തൊരു കാലം ഈ കേരളത്തിലുണ്ടായിട്ടുണ്ട്. ആ കാലത്തിന്‍റെ അനുഭവമാണ് ചാക്യാരുടേത്. കാലം ഒരുപാടി മാറി. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി. സാമ്പത്തിക – സാമൂഹ്യ ബന്ധങ്ങള്‍ മാറി. അന്ന് പൊതുവായ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ ഭാഗമായി സമരരംഗത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഇന്നത്തെ പോരാട്ടം വിദ്യാഭ്യാസ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെയാണ്. സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് അസ്വസ്ഥതയുണ്ടാകാതിരിക്കുകയും വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളേയും ചെ ഗവാര ടീ ഷര്‍ട്ടിനേയും കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നത് വലിയ ദുരന്തം തന്നെയാണ്. അതേസമയം ദേശാഭിമാനി ഇതൊരു പ്രശ്‌നമാക്കിയിട്ടേ ഇല്ല. ഇങ്ങനെയൊരു സംഭവം അവിടെ കാണാനില്ല.

ജോലി നേടി ശമ്പളം വാങ്ങി മാന്യമായി ജീവിക്കാനാണ് വിദ്യാര്‍ത്ഥള്‍ പഠിക്കേണ്ടത് എന്ന് കോടതി ഉപദേശിക്കുന്നു. ഇത്തരത്തില്‍ മാന്യമായി ജീവിക്കാനും ഉപജീവനത്തിനായി വരുമാനം കണ്ടെത്താനും അതിനായി ജോലി നേടാനും അതിന് ആവശ്യമുള്ള വിദ്യാഭ്യാസം നേടാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് അതുണ്ടാവുന്നില്ല എന്ന അന്വേഷണമാണ് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കുന്നത്. എനിക്കത് ഉണ്ട് എന്ന ബോധത്തില്‍ ഓരോരുത്തരും നീങ്ങുകയാണെങ്കില്‍, അല്ലെങ്കില്‍ അത്തരത്തില്‍ നീങ്ങുന്നവവരെ സംബന്ധിച്ച് കോടതി പറഞ്ഞതുപോലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ പ്രവര്‍ത്തനമോ രാഷ്ട്രീയമോ ആവശ്യമില്ല. പക്ഷെ അവര്‍ക്ക് അവരുടെ തോടുകളില്‍ ഒതുങ്ങാനുള്ള അവകാശം പോലെ അത് പൊട്ടിച്ച് പുറത്തുകടക്കാനുള്ള അവകാശവും നല്‍കുന്ന വിധത്തിലാണ് ഇന്ത്യന്‍ ഭരണഘടന എഴുതി വച്ചിരിക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ കോടതികള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളോട് പഠനം മാറ്റി വച്ച് സമരരംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്ത എംകെ ഗാന്ധിയുടെ ഫോട്ടോ ചുമരില്‍ തൂങ്ങുന്ന കോടതിയില്‍ നിന്ന് തന്നെയാണ് ക്ലാസില്‍ അടങ്ങിയിരിക്കാത്തവരെ വീട്ടില്‍ പോയി അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഗാന്ധി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ വിദ്യാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് അഴിക്കുള്ളിലാകാന്‍ സാധ്യതയുണ്ട്.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് മലയാള മനോരമയുടെ ലീഡ് വാര്‍ത്ത. ഹൈക്കോടതി നിരീക്ഷണം ജൂഡീഷ്യല്‍ ആക്ടിവിസമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രസ്താവന മനോരമയും മാതൃഭൂമിയും വാര്‍ത്തയോടൊപ്പം കൊടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം ക്യാമ്പസുകളെ സമ്പൂര്‍ണ അരാജകത്വത്തിലേയ്ക്കും വര്‍ഗീയസംഘങ്ങളുടേയും ലഹരിമാഫിയകളുടേയും പിടിയിലേയ്ക്കും നയിക്കുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയമനിര്‍മ്മാണ സഭകളുടെ അധികാരത്തില്‍ കൈ കടത്തുന്ന തരത്തിലുള്ള ഇടപെടലാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും സ്പീക്കര്‍ അഭിപ്രായപ്പെടുന്നു. പ്രായപൂര്‍ത്തി വോട്ടവകാശത്തെക്കുറിച്ചും ആ അവകാശമുള്ളവര്‍ക്ക് സ്വതന്ത്രമായി സംഘടനാ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താനുള്ള അവകാശങ്ങളെക്കുറിച്ചും ആ അവകാശം ക്യാംപസില്‍ എന്നല്ല ഒരിടത്തും നിഷേധിക്കപ്പെടാന്‍ പാടില്ല എന്നും കോടതികളെ പറഞ്ഞുമനസിലാക്കേണ്ടി വരുക എന്നത് കഷ്ടമാണ്.

മാധ്യമവാര്‍ത്തയില്‍ പറയുന്നത് പോലെ തന്നെയാണ് പരാമര്‍ശമുണ്ടായിക്കുന്നതെങ്കില്‍ കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ നിലവാരം കുറവായത് വിദ്യാര്‍ത്ഥി രാഷ്ട്രീയം കൊണ്ടാണെന്ന വിചിത്രമായ നിരീക്ഷണവും ഹൈക്കോടതി നടത്തിയിരിക്കുന്നു. ചെ ഗവാരയാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്നതെന്ന മഹത്തായ കണ്ടുപിടിത്തത്തിന് ശേഷമാണ് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട കേരള ഹൈക്കോടതിയുടെ മൊഴിമുത്തുകള്‍. കോടതിയുടെ ഈ നിരീക്ഷണം ഒരര്‍ത്ഥത്തില്‍ വളരെ ശരിയാണ്. ഉന്നതവിദ്യാഭ്യാസം സാമൂഹ്യബോധം മെച്ചപ്പെടുത്തുന്നില്ല എന്നത് വസ്തുത തന്നെ. ഇത്തരം ഉന്നതവിദ്യാഭ്യാസത്തിന് കാര്യമായ തകരാറുണ്ട്. ഭരണഘടന ഉറപ്പുതരുന്ന മൗലികാവാശങ്ങളെ കുറിച്ച് കോടതികളെ ആര് ബോധ്യപ്പെടുത്തും? പൂച്ചയ്ക്കാര് മണികെട്ടും എന്ന് പറഞ്ഞ പോലുള്ള അവസ്ഥയാണിത്.

മറ്റൊരു ശ്രദ്ധേയമായ വാര്‍ത്ത വിജയ് ചിത്രം മെര്‍സലിനെതിരെ സംഘപരിവാര്‍ വാളോങ്ങിയിരിക്കുന്നു എന്നതാണ്. മോദിയുടെ ജി എസ് ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും ട്രോളിയതാണ് ബിജെപിയേയും സംഘപരിവാറിനേയും പ്രകോപിപ്പിച്ചിരിക്കുന്നത്. മോദീജിയെക്കുറിച്ച് ഒരക്ഷരം പറയരുത് എന്നാണ് പറയുന്നത്. മോദിജീയുടെ ജി എസ് ടിയെക്കുറിച്ച് അനാവശ്യം പറയുന്നു എന്നും അതുകൊണ്ട് ഇത്തരം ഡയലോഗുകളുള്ള ഭാഗങ്ങള്‍ മുറിച്ചുമാറ്റണമെന്നുമാണ് ബിജെപിയുടെ ആവശ്യം. പഹ്ലാജ് നിഹലാനി മാറി പ്രസൂണ്‍ ജോഷി വന്നതുകൊണ്ട് സെന്‍സര്‍ ബോഡിന് സെന്‍സുണ്ടാകാന്‍ സാധ്യതയില്ല എന്നതുകൊണ്ട് ബിജെപിയുടെ ആഗ്രഹം സാധ്യമായേക്കും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഈ സീനുകള്‍ മുറിച്ചുമാറ്റുന്നതായി അറിയുന്നു. രംഗങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദരരാജനും അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഏഴ് ശതമാനം ജി എസ് ടിയുള്ള സിംഗപ്പൂരില്‍ ഗവണ്‍മെന്റ് പൗരന്മാര്‍ക്ക് ഉറപ്പുവരുത്തുന്ന സൗജന്യചികിത്സയടക്കമുള്ള കാര്യങ്ങള്‍ 28 ശതമാനം ജി എസ് ടിയുള്ള ഇന്ത്യയില്‍ ഇല്ലെന്നാണ് മെര്‍സലിലെ വിമര്‍ശനം. ഈ രംഗമാണ് ബിജെപിയെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചത്. ചികിത്സ കിട്ടാതെ കുട്ടികള്‍ മരിക്കുന്ന എന്ന തരത്തിലുള്ള പരാമര്‍ശം ഗോരഖ്പൂര്‍ ദുരന്തം ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ പരോക്ഷമായി വരുന്നുണ്ട്. ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടി വരുന്നവരുടെ ഡിജിറ്റല്‍ ഇന്ത്യ വാചകമടികളെക്കുറിച്ചും പറയുന്നു. ബിജെപിക്ക് അസ്വസ്ഥതയുണ്ടാകാന്‍ ഇതില്‍പ്പരം എന്തുവേണം. കമല്‍ഹാസന്‍, സംവിധായകന്‍ പാ രഞ്ജിത്ത് തുടങ്ങിയവരെല്ലാം വിജയ് ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ വിജയ്‌ ചിത്രത്തിനെതിരായ ആക്രമണം ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയോ ദി ഹിന്ദുവോ ഒരു പ്രശ്‌നമേ ആക്കിയിട്ടില്ല. തമിഴ് കച്ചവട സിനിമയുടെ സ്ഥിരം മധ്യവര്‍ഗ രാഷ്ട്രീയബോധത്തിലൂന്നിയ സിംഗപ്പൂര്‍, മലേഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ പ്രേമത്തിന്റെ ഭാഗമായാണ് ഒരു ചെറു നഗരരാജ്യമായ സിംഗപ്പൂരുമായുള്ള താരതമ്യം ഇവിടെ വരുന്നത്. എപിജി അബ്ദുള്‍ കലാമിന്റെ ആഹ്വാനം കേട്ട് സ്വപ്‌നത്തില്‍ മുഴുകിയിരിക്കുന്നവരാണ് സിംഗപ്പൂരിലേയ്ക്ക് നോക്കൂ എന്ന് പറയുന്നത്. പക്ഷെ ഇന്ത്യയില്‍ സിംഗപ്പൂരുകളുണ്ടാക്കും എന്ന് വാചകമടി നടത്തുന്നവര്‍ സിംഗപ്പൂരിലെ സ്വേച്ഛാധിപത്യം മാത്രമാണ് ഇവിടെ ജനങ്ങള്‍ക്ക് നല്‍കുന്നത് എന്നതും ചികിത്സ കിട്ടാതെ മരിക്കുന്നവരോട് ഡിജിറ്റലാകാന്‍ ഉപദേശിക്കുകയാണ് എന്നുമാണ് പറയുന്നത്. വിജയ് ക്രിസ്ത്യാനിയാണ് എന്നാണ് കേന്ദ്രമന്ത്രി എച്ച് രാജയുടെ പ്രശ്‌നം. മോദിജിയെ ട്രോളാനുള്ള അവകാശം ഈ രാജ്യത്തെ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണ് എന്നാണോ ബിജെപി ഉദ്ദേശിക്കുന്നത് എന്നറിയില്ല.

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on October 22, 2017 10:12 pm