X

പെണ്‍കുട്ടികള്‍ മാത്രം കൊല്ലപ്പെടുന്ന പ്രണയം

പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ ചെറായിയില്‍ പട്ടാപ്പകല്‍ യുവതി കുത്തേറ്റ് മരിച്ചു

“പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ ചെറായിയില്‍ പട്ടാപ്പകല്‍ യുവതി കുത്തേറ്റ് മരിച്ചു.” ഇന്നലെ ഉച്ചയോടെ ചാനലുകള്‍ ബ്രേക്ക് ചെയ്ത വാര്‍ത്ത ഇന്നത്തെ പത്രങ്ങളില്‍ പ്രധാന വാര്‍ത്തയാണ്. കരുതിയത് പോലെ തന്നെ കാരണം, പ്രണയ പ്രതികാരം.

വരാപ്പുഴ സ്വദേശിയായ ശീതള്‍ ആണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്നാ കോട്ടയം നെടുങ്കുന്നം സ്വദേശി പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിതളിന്റെ വീടിന്റെ മുകള്‍ നിലയിലാണ് പ്രശാന്ത് താമസിച്ചിരുന്നത്. അടുപ്പത്തിലായ ഇരുവരും ഇടക്കാലത്ത് അകന്നിരുന്നു എന്നു മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശ്നം പറഞ്ഞു തീര്‍ക്കാനാണ് ഇവര്‍ ചെറായി ബീച്ചിലെത്തിയത് എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കോട്ടയത്തെ എസ് എം ഇയില്‍ കാമുകിയെ പെട്രോളൊഴിച്ച് കത്തിച്ച് യുവാവ് ജീവനൊടുക്കിയ സംഭവമായിരുന്നു ഈ അടുത്ത കാലത്ത് കേരള ജനത ഞെട്ടിത്തെറിച്ച സംഭവം. ഹരിപ്പാട് സ്വദേശി ലക്ഷ്മിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പൂര്‍വ്വ വിദ്യാര്‍ത്ഥി ആദര്‍ശ് കൊലപ്പെടുത്തുകയായിരുന്നു. അതേ മാസം ഏഴാം തിയ്യതി എറണാകുളം ഉദയം പേരൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയുണ്ടായി. കൊച്ചിയില്‍ തന്നെ കലൂരില്‍ കോതമംഗലം സ്വദേശിയായ പെണ്‍കുട്ടിയെ യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതും പ്രണയത്തിന്റെ പേരില്‍ തന്നെ.

ഈ കഴിഞ്ഞ മാസം പത്തനംതിട്ട കടമ്മനിട്ടയില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. 88 ശതമാനം പൊള്ളലേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

ചെന്നൈയില്‍ ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതി റെയിവേ സ്റ്റേഷനില്‍ വെച്ചു വെട്ടേറ്റ് മരിച്ചു. പ്രതിയായ രാംകുമാര്‍ പിന്നീട് ജയിലില്‍ വെച്ചു ജീവനൊടുക്കി. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കാറുള്ള ആസിഡ് ആക്രമണ സംഭവങ്ങളില്‍ പലതും പ്രണയത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളാണ്.

ഇത് പോലെ നിരവധി സംഭവങ്ങള്‍ കേരളത്തിലും പുറത്തും ഉണ്ടായിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ഇത് ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ വലിയ ഇടവേളകള്‍ ഇല്ലാതെ ഇപ്പോള്‍ ആവര്‍ത്തിക്കുന്നു എന്നതാണ് സംഭ്രമജനകമായ കാര്യം.

എന്തുകൊണ്ടാണ് പ്രണയനൈരാശ്യ കൊലകള്‍ ആവര്‍ത്തിക്കപ്പെടുന്നത്? ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹ്യ ആരോഗ്യത്തിന്റെ ലക്ഷണമാണ് ഇത് പൊതുവായി പറയാമെങ്കിലും അതിലെ യഥാര്‍ത്ഥ കാരണങ്ങളിലേക്കും അതുണ്ടാക്കുന്ന അസ്വസ്ഥതകളിലേക്കും നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ഞന്‍മാരും മനഃശാസ്ത്രകാരന്‍മാരും എത്തേണ്ടിയിരിക്കുന്നു. വൈകാരിക ക്ഷോഭം എത്ര വേഗമാണ് കുറ്റകൃത്യത്തിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുന്നത് എന്നത് മനസിലാക്കാന്‍ നാട്ടില്‍ നടക്കുന്ന വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ എടുത്തു നോക്കിയാല്‍ മാത്രം മതി.

കുടുംബ ബന്ധങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളെ പരിഗണിക്കാതെ ഈ ദുരന്തങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് ചെന്നെത്താന്‍ സാധിക്കില്ല. കുറ്റകൃത്യങ്ങള്‍ക്ക് മുതിരുന്ന ഇത്തരക്കാര്‍ പലരും ഛിദ്രമായ കുടുംബ പശ്ചാത്തലമുള്ളവര്‍ ആയിരിക്കാറുണ്ട്. ഒപ്പം കുടുംബത്തിലും സമൂഹത്തിലും ഇത്തരക്കാര്‍ നേരിടുന്ന പലരീതിയിലുള്ള അവഗണനകളും ഒറ്റപ്പെടുത്തലുകളും കാരണമാകാം.

എന്തുകൊണ്ടാണ് നമ്മുടെ യുവാക്കള്‍ ഇത്ര മാനസികാരോഗ്യം കുറഞ്ഞവര്‍ ആയി വളരുന്നത് എന്നത് പഠനവിധേയമാക്കേണ്ടതാണ്. ഒപ്പം പ്രണയ നൈരാശ്യ കൊലപാതകത്തില്‍ എന്തുകൊണ്ട് എപ്പോഴും പെണ്‍കുട്ടികള്‍ മാത്രം കൊല്ലപ്പെടുന്നു എന്നതും.

ശീതളിലും സ്വാതിയിലും ലക്ഷ്മിയിലും ഈ കൊലപാതക പരമ്പര അവസാനിക്കുമോ എന്നുള്ളതാണ് ഭീതിദമായ ചോദ്യം. പെണ്‍കുട്ടികളെ കൂടുതല്‍ കൂടുതല്‍ വീട്ടിനുള്ളില്‍ തളച്ചിടാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകും എന്നുള്ളതാണ് അപകടകരമായ സാമൂഹ്യ സാഹചര്യം.

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on August 12, 2017 4:44 pm