X

മനോജ് കുറൂറിന്റെ ‘നിലം പൂത്തു മലര്‍ന്ന നാള്‍’- ഒരു വായന

സഫിയ ഒ സി 

നിലം പൂത്തു മലര്‍ന്ന നാള്‍ (നോവല്‍)
മനോജ് കുറൂര്‍
ഡി സി ബുക്സ്
വില: 175 രൂപ

മുഖ്യധാരയില്‍ നിന്നും ചരിത്രത്തില്‍ നിന്നും ഭൂരിപക്ഷ സമൂഹം എപ്പോഴും മാറ്റിനിര്‍ത്തുന്ന അഥവാ പ്രാന്തവല്‍ക്കരിക്കപ്പെട്ട അരികുജീവിതങ്ങളുടെ കഥയാണ് മനോജ് കുറൂര്‍ ‘നിലം പൂത്തു മലര്‍ന്ന നാള്‍’ എന്ന തന്‍റെ ആദ്യ നോവലിലൂടെ പറയാന്‍ ശ്രമിക്കുന്നത്. വറുതിയുടെ തീരത്തുനിന്നു സമൃദ്ധിയുടെ ഭൂപടം തേടിയുള്ള പാണരുടെ പ്രയാണം ചരിത്ര നിര്‍മ്മിതിയുടെ ഭാഗമാകുകയാണ് ഇവിടെ. വാമൊഴിപ്പാട്ടുകളിലൂടെ അവര്‍ തോറ്റിയെടുക്കുന്ന ചരിത്രം ലിഖിതരൂപത്തിലേക്ക് വരുമ്പോള്‍ അവര്‍ ചരിത്രത്തില്‍ അപ്രസക്തരാവുന്നതായാണ് പലപ്പോഴും കാണുന്നത്.

‘നിലം പൂത്തു മലര്‍ന്ന നാള്‍’ പേരുപോലെ തന്നെ ഭാഷയുടെ കാവ്യാത്മകതകൊണ്ട് മണ്ണിന്റെ നിറവും മണവും നമ്മെ അനുഭവിപ്പിക്കുന്നുണ്ട്. ചരിത്രത്തിലേക്കും ഭാഷയിലേക്കും സാംസ്കാരിക ബോധത്തിലേക്കും ഭൂമിശാസ്ത്രത്തെ അതിവര്‍ത്തനം ചെയ്യുന്നുണ്ട് നോവലിന്റെ ആഖ്യാനം. “വടക്ക് വേങ്കടമല, തെക്ക് കുമരിമുനമ്പ്, കിഴക്കും പടിഞ്ഞാറും പെരുംകടല്‍, ഇവയ്ക്കിടയില്‍ മലകളും താഴ്വരകളും കാടുകളും കുന്നുകളും വിളനിലങ്ങളും പാടങ്ങളും മരുക്കാടുകളും പുഴയോരങ്ങളും കടല്‍തീരങ്ങളുമായി പലപല ഉയിരിടങ്ങള്‍. അതിരുകള്‍ക്ക് അടക്കമില്ലാത്ത വലുതും ചെറുതുമായ നാടുകള്‍. വേട്ടയാടുന്ന എയിനരും കുറവരും നിലമുഴുന്ന ഉഴവരും പൈക്കളെ മേയ്ക്കുന്ന ആയരും കൊള്ളക്കാരെങ്കിലും  പോരാളികളായ മരവരും ഉപ്പുണ്ടാക്കുന്ന ഉമണരും മീന്‍പിടിക്കുന്ന പരതവരും മറ്റും അതതിടങ്ങളില്‍ അവരവരുടെ തൊഴിലുകള്‍ ചെയ്തു. പാട്ടുകാരായ പാണരും ആട്ടക്കാരായ കൂത്തരും വേറിയാടുന്ന വേലന്മാരും പട്ടുനെയ്യുന്ന ചാലിയരും യാഴും പറയുമുണ്ടാക്കുന്ന കുയിലുവരും വേള്‍വി ചെയ്യുന്ന അന്തനറുമൊക്കെയായി വേറെയുമുണ്ട് പലയിനം ആളുകള്‍.”

നോവലിസ്റ്റ് ഇവിടെ വെറുമൊരു ഭാവനാഭൂപടം വരച്ചിടുകയല്ല. മറിച്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചരിത്രനിര്‍മ്മാണത്തിന്റെ ഭാഗമാവുകയും സാമൂഹിക മാറ്റത്തിന്റെ ധ്രുവീകരണത്തില്‍ ചിതറിപ്പോവുകയും അപ്രസക്തരാവുകയും ചെയ്ത ആയരെയും ഉമണരേയും മറവരെയും പാണരെയും കുയിലുവരെയും ചാലിയരെയും അന്തണരേയുമൊക്കെ ചരിത്രത്തിന്റെ ഭാഗമാക്കി നിര്‍ത്തുകയാണ്. പാട്ടല്ലാതെ മറ്റൊന്നും അറിയാത്ത ഒരു ജനത. ചുറ്റുപാടുകളല്ലാതെ മറ്റൊന്നും അവര്‍ കണ്ടിട്ടില്ല. കാടിനടുത്താണ് പാര്‍പ്പെങ്കിലും വേട്ടയാടാനോ വിത്തുവിതക്കാനോ കൊയ്യാനോ അറിയില്ല. പാട്ടും ആട്ടവും കൂത്തും മാത്രമായിരുന്നു അവരുടെ ഉപജീവന മാര്‍ഗം. വറുതിക്കാലത്തിന് അറുതിതേടിയുള്ള പാണരുടെ യാത്രയില്‍ അവര്‍ കാടിന്‍റെ തണുത്തുറഞ്ഞ ഇരുണ്ട പച്ചപ്പും ഊഷര ഭൂമിയുടെ വന്യതയും സമൃദ്ധിയുടെ വിളനിലങ്ങളായ കൃഷിയിടങ്ങളും താണ്ടുന്നുണ്ട്. കുറിഞ്ഞിയില്‍ തുടങ്ങി നെയ്തലില്‍ അവസാനിക്കുന്ന തിണകളിലൂടെയുള്ള പ്രയാണമാണത്. മിത്തുകളും പുരാവൃത്തങ്ങളും പ്രണയവും വിരഹവും ചതിയും ഒറ്റും അരുംകൊലയും പിടച്ചടക്കലും തകര്‍ത്തെറിയലുമുണ്ട് നോവലില്‍. ഭാവനയുടെയും ഭാവുകത്വത്തിന്റെയും പുതിയൊരു ഭൂമികയാണ് നോവലില്‍ പൂത്തുമലരുന്നത്.

നാട്ടുരാജ്യങ്ങളുടെയും രാജാക്കന്മാരുടെയും ചരിത്രം  രേഖപ്പെടുത്താന്‍ പാട്ടുകളെയും നാട്ടുകഥകളെയുമൊക്കെയാണ് പലപ്പോഴും ആശ്രയിക്കാറ്. പാട്ടുണ്ടാക്കുകയും പാടിനടക്കുകയും ചെയ്തവര്‍ ലിഖിത ചരിത്രത്തിന്റെ ഭാഗമാകാറുമില്ല. അവരെപ്പോഴും ചരിത്രത്തില്‍ നിന്നു നാടുകടത്തപ്പെടാന്‍ വിധിക്കപ്പെടുന്നു. അങ്ങനെ നാടുകടത്തപ്പെട്ടവരുടെ ചരിത്രനിമ്മിതിയാണ് നോവലിസ്റ്റ് ഏറ്റെടുക്കുന്നത്. ദ്രാവിഡാക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് (സംസ്കൃതത്തില്‍ നിന്നു മലയാളത്തിലേക്കു വന്ന ഋ, ഖ, ഗ, ഘ, ഛ, ജ, ഝ, ഠ, ഡ, ഢ, ഥ, ദ, ധ, ഫ, ബ, ഭ, ശ, ഷ, സ, ഹ എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി) പാട്ട് പ്രസ്ഥാനത്തിന്റെ മാതൃകയില്‍  ഒരു നോവല്‍ എന്നത്   മലയാള നോവല്‍സാഹിത്യത്തില്‍ തന്നെ ഒരു പുതിയ പരീക്ഷണമാണ്. ഇനിപ്പ് (മാധുര്യം), അരിപ്പം (പ്രയാസം), അഴിവ് (നാശം), പാവലര്‍ (കവി), നിലയിടം (ആശ്രയസ്ഥാനം), ഒറ്റാടല്‍ (ചാരവൃത്തി), വിരവ് (വേഗം), മുനിവ് (കോപം), പൊറായ്മ (അസൂയ) തുടങ്ങി നാട്ടുമൊഴിയുടെ തനിമ നിലനിര്‍ത്തുന്ന നിരവധി പദങ്ങള്‍കൊണ്ട് സമ്പന്നമായ നോവല്‍ വാമൊഴിക്കാലത്തില്‍നിന്ന് ലിപിയിലേക്കുള്ള പരിവര്‍ത്തനത്തിനിടയില്‍ ഭാഷയ്ക്ക് നഷ്ടമായ നാട്ടുനന്മകളുടെ വീണ്ടെടുപ്പിലൂടെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഭാഷയുടെ ചരിത്രത്തിലേക്ക് കൂടി സഞ്ചരിക്കുന്നു.

ആട്ടവും പാട്ടും മാത്രമറിയുന്ന ഒരു സംഘം ജീവന്‍ നിലനിര്‍ത്താനായി പ്രയാണം തുടങ്ങുന്നിടത്തുനിന്നാണ് നോവലിന്റെ ആഖ്യാനം തുടങ്ങുന്നത്. പിന്നീട് കെലുമ്പന്‍റെയും ചിത്തിരയുടെയും മയിലന്റെയും ഓര്‍മ്മകളിലൂടെ നോവല്‍ സംഘപ്പഴമയിലേക്ക് സഞ്ചരിക്കുന്നു. പാണരുടെ നഷ്ടപ്പെട്ടുപോയ പാട്ടിന്റെ വീണ്ടെടുപ്പ് നഷ്ട സംസ്കൃതിയുടെ വീണ്ടെടുപ്പാകുന്നുണ്ട് നോവലില്‍. “മയില്‍പ്പീലി പതിച്ച പെരിയാഴ്. ഉയര്‍ന്ന തുമ്പിക്കൈപോലെ കൊമ്പുകള്‍. മുളയുടെ കണ്ണികള്‍ ഇടവിട്ട് തുളച്ചെടുത്ത ചെറുതൂമ്പുകള്‍. പിന്നെ തീങ്കുഴലുകള്‍. വായ്ക്ക് ഉറപ്പുള്ള എല്ലരിപ്പറകള്‍ പതലപ്പറകള്‍ ഞരമ്പുകളയച്ചുവെച്ച യാഴുകളും മറ്റ് കരുവികളും പലകെട്ടുകളിലാക്കി കമ്പിന്നിരുപുറവും കെട്ടി ഞങ്ങള്‍ തൊളിലെടുത്തു. ആട്ടത്തിനുവേണ്ട എല്ലരിയും ആകുളിയും തട്ടയും കുഴലും ഒരു പുറത്തും മുഴവും തൂമ്പും മറുപുറത്തുമായി മാറാപ്പുകള്‍ കെട്ടി കൂത്തരും ഞങ്ങളോടൊപ്പം ചേര്‍ന്നു.” പാട്ടിനും കൂത്തിനുമുള്ള ഉപകരണങ്ങളല്ലാതെ തിരിച്ചെത്തുമെന്നുറപ്പില്ലാത്ത ആ പുറപ്പാടില്‍ അവര്‍ക്ക് കൊണ്ടുപോകാന്‍ അധികമൊന്നുമില്ല. പാട്ടിന്റെ സമ്പന്നമായ ഒരു ഭൂതകാലവും പേറിയാണ് അവരുടെ യാത്ര. ദേശങ്ങള്‍ താണ്ടിയുള്ള ആ സഞ്ചാരം സംഘകാല കേരളത്തിന്റെ ഒരു രേഖാചിത്രം നമുക്കു മുന്നില്‍ തുറന്നുവെക്കുന്നു. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, യുദ്ധമുറകകള്‍, ആഭരണം, ഭക്ഷണം, പാത്രങ്ങള്‍, സംഗീത ഉപകരണങ്ങള്‍ എന്നുവേണ്ട അന്നത്തെ ജീവിതവുമായി അടുത്തു നിലക്കുന്ന നിരവധി സൂചനകള്‍ നോവലില്‍ കടന്നുവരുന്നുണ്ട്.

അധികാരത്തിന്റെയും പിടിച്ചെടുക്കലിന്റെയും ചരിത്രം ഓരോ കാലഘട്ടത്തിലും പല രൂപത്തിലും ഭാവത്തിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഇരകളാക്കപ്പെട്ടവരെയും അതിജീവനത്തിനുവേണ്ടി പലായനം ചെയ്യുന്നവരും ചരിത്രത്തിന് പുറത്തേക്ക് മാറ്റിനിര്‍ത്തപ്പെടുന്നു. പലതരം ചെറുസംസ്കൃതികള്‍ കൂടിച്ചേര്‍ന്നതാണ് കേരളത്തിന്റെ സാംസ്കാരിക ഭൂപടം. ഭൂരിപക്ഷത്തിന്റെ സാംസ്കാരിക ചിഹ്നങ്ങള്‍ ചെറുസംസ്കൃതികളെ വിഴുങ്ങുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലനില്‍ക്കുകയും കാലാന്തരത്തില്‍ ചിലകൊടുക്കല്‍ വാങ്ങലുകള്‍ നടത്തി മാറ്റിവരയ്ക്കപ്പെട്ടതാണ് ഇന്നത്തെ സംസ്കാരം എന്നതിരിച്ചറിവുകൂടി നല്കുന്നുണ്ട് ഈ നോവല്‍. ചരിത്രം തിരുത്തിയെഴുതപ്പെടുന്ന വര്‍ത്തമാന കാല സാമൂഹ്യാവസ്ഥയില്‍ എന്തുകൊണ്ടും വായിക്കപ്പെടേണ്ട ഒരു കൃതി തന്നെയാണ് ‘നിലം പൂത്തു മലര്‍ന്ന നാള്‍’  .

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

This post was last modified on December 14, 2016 1:52 pm

Related Post
Leave a Comment