X

ഇമ്രാന്‍ഖാന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസെന്ന് സംശയമെന്ന് നിര്‍മല സീതാരാമന്‍

ഇംമ്രാന്‍ഖാന്റെ പ്രസ്താവനയോട് ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി പ്രതികരിക്കുന്നത് .

നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ഖാന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണോ എന്ന് സംശയിക്കേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് സംശയിക്കുന്നതായി മന്ത്രി ആരോപിച്ചത്. നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അവര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകാറുണ്ട്. മോദിയെ മാറ്റാന്‍ തങ്ങളെ സഹായിക്കുന്നുവെന്ന് പാകിസ്താനില്‍ പോയി പ്രസ്താവന നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുണ്ട്. ഇമ്രാന്‍ഖാന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ ഇത്തരം പദ്ധതികളുടെ ഭാഗമായി ഉണ്ടാകുന്നതാണോ എന്നാണ് സംശയമെന്നും അവര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളെക്കുറിച്ച് സത്യസന്ധമായി എന്താണ് പറയേണ്ടതെന്ന് തനിക്കറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ചയാണ് ഇംമ്രാന്‍ ഖാന്‍ വിവാദമായ പ്രസ്തവന നടത്തിയത്. നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാധ്യത കാണുന്നതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. വിദേശ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ഇമ്രാന്റെ പ്രസ്താവന. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ ശ്രമിച്ചാല്‍ തീവ്ര വലതുപക്ഷത്തിന്റെ എതിര്‍പ്പുണ്ടാകുമെന്ന ഭയം അവര്‍ക്കുണ്ടാകുമെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. ഇതിനോട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

ഏപ്രില്‍ മാസത്തില്‍ ഇന്ത്യ മറ്റൊരു ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന പാകിസ്താന്റെ ആരോപണത്തോടും പ്രതിരോധ മന്ത്രി പ്രതികരിച്ചു. ഇത്തരം പ്രസ്താവനകള്‍ അത്ഭുതകരമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുന്‍ സൈനിക മേധാവികള്‍ ഉള്‍പെടെയുള്ളവര്‍ രാഷ്ട്രപതിക്ക് കത്തയച്ച സംഭവത്തിന് വിശ്വാസ്യതയില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അതില്‍ ഒപ്പുവെച്ചുവെന്ന് പറഞ്ഞ ചിലര്‍ പിന്നീട് തങ്ങള്‍ അതിന്റെ ഭാഗമല്ലെന്ന് പറഞ്ഞ് രംഗത്തുവന്നതായി അവര്‍ അവകാശപ്പെട്ടു.

ബാലക്കോട്ട് ആക്രമണത്തില്‍ ഭീകരകേന്ദ്രം നശിച്ചോ എന്ന് പാകിസ്താനാണ് പറയേണ്ടതെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആക്രമണം നടന്ന് 40 ദിവസം കഴിഞ്ഞാണ് ഒരു ചെറിയ സംഘം മാധ്യമപ്രവര്‍ത്തകരുമായി പാകിസ്താന്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. മദ്രസ്സയിലേക്ക് മാത്രമായി അവരുടെ സന്ദര്‍ശനം ചുരുക്കിയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. മദ്രസയ്ക്ക് പിന്നിലായിരുന്നു ഭീകരകേന്ദ്രമെന്നും അവര്‍ വിശദീകരിച്ചു. ഇത്തരം വാദങ്ങളിലൂടെ പാകിസ്താന്‍ സ്വയം പരിഹാസ്യരാകുകയാണെന്നും നിര്‍മ്മല സീതാരമന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെടുന്ന നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അവര്‍ പറഞ്ഞു. പ്രചാരണത്തിനിടെ മോശമായ ഭാഷയില്‍ എതിരാളികളെ വിമര്‍ശിക്കുന്നതിനെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം

This post was last modified on April 17, 2019 12:12 pm