X

ജീവിതത്തിന്റെ ഫ്രെയിമുകള്‍ നിശ്ചലം, ബാലകൃഷ്ണന്‍ യാത്രയായി

ടീം അഴിമുഖം 

രൂപം കൊണ്ടും സ്വഭാവ സവിശേഷതകള്‍ കൊണ്ടും മലയാള സിനിമയില്‍ തന്റെതായ ഇടം വെട്ടിത്തുറന്ന നടനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായിരുന്ന എന്‍ എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. തന്റെ സൗഹൃദക്കൂട്ടായ്മകളിലൂടെ സിനിമ, സാഹിത്യസദസുകളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന ബാലകൃഷ്ണന് 71 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മലയാള സിനിമയിലെ ഒട്ടേറെ അപൂര്‍വ്വ നിമിഷങ്ങളെ തന്റെ ക്യാമറയിലൂടെ അനശ്വരമാക്കിയ ബാലകൃഷ്ണന്റെ അന്ത്യം.

 

മലയാള സമാന്തര സിനിമയുടെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് എന്‍ എല്‍ ബാലകൃഷ്ണനുള്ളത്. സമാന്തര സിനിമയുടെ പ്രധാന വക്താക്കള്‍ എന്നറിയപ്പെടുന്ന എല്ലാ സംവിധായകരോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചു. അടൂര്‍ ഗോലാലകൃഷ്ണന്‍, ജി അരവിന്ദന്‍, ജോണ്‍ അബ്രഹാം, കെ ജി ജോര്‍ജ്, പത്മരാജന്‍, കെ പി കുമാരന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലെ നിശ്ചല നിമിഷങ്ങള്‍ അദ്ദേഹം തന്റെ കാമറയില്‍ പകര്‍ത്തി. ഉത്തരായനം മുതല്‍ വാസ്തുഹാര വരെയുള്ള പതിനൊന്ന് അരവിന്ദന്‍ ചിത്രങ്ങളില്‍ നിശ്ചലഛായാഗ്രാഹകനായി അദ്ദേഹം പ്രവര്‍ത്തിച്ചു. കേരള കൗമുദി പത്രത്തില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹം സിനിമ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കള്ളിച്ചെല്ലമ്മ, കാഞ്ചനസീത, പോക്കുവെയില്‍, എലിപ്പത്തായം, സ്വയംവരം, കൊടിയേറ്റം, പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, പഞ്ചവടിപ്പാലം തുടങ്ങി മലയാള സിനിമയില്‍ അക്കാലത്ത് നവഭാവകുത്വത്തിന് തുടക്കം കുറിച്ച നിര്‍ണായക ചിത്രങ്ങളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു.

1986ല്‍ പുറത്തിറങ്ങിയ രാജീവ് അഞ്ചലിന്റെ അമ്മാനംകിളിയിലൂടെയാണ് ബാലകൃഷ്ണന്‍ അഭിനയരംഗത്തേക്ക് തിരിയുന്നത്. വലിയ രൂപം പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. 150 ഓളം ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓര്‍ക്കാപ്പുറത്ത്, അപരാഹ്നം, വാസ്തുഹാര, നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍, ജോക്കര്‍, ഡാ തടിയാ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.

മികച്ച ചിത്രകാരന്‍ കൂടിയായിരുന്നു ബാലകൃഷ്ണന്‍. തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ നി്ന്നും ചിത്രകലയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. നല്ല വായനക്കാരന്‍ കൂടിയായിരുന്ന ബാലകൃഷ്ണന് വലിയൊരു പുസ്തകശേഖരവും സ്വന്തമായുണ്ട്. ബ്ലാക് ആന്റ് വൈറ്റ് എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കേരള ഫിലിം ക്രട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭ പുരസ്‌കാരവും ലളിതകല അക്കാദമിയുടെ പ്രത്യേക പുരസ്‌കാരവും നേടിയിട്ടുണ്ട്.

1943 ല്‍ തിരവനന്തപുരത്ത് ചെമ്പഴന്തിക്കടുത്തുള്ള പൗഡിക്കോണത്തായിരുന്നു ജനനം. അച്ഛന്‍ നാരായണന്‍, അമ്മ ലക്ഷമി. തിരുവനന്തപുരത്ത് അക്കാലത്തെ പ്രമുഖ സ്റ്റുഡിയോകളായിരുന്ന മെട്രോ, ശിവന്‍സ്, രൂപകല എന്നിവിടങ്ങളില്‍ ജോലി ചെയ്തതിന് ശേഷമാണ് കേരള കൗമുദിയില്‍ ചേരുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടക്കും.

 

This post was last modified on December 26, 2014 1:37 pm