X

ഇത് പട്ടിണികൊണ്ടുള്ള വയറൊട്ടല്‍; ബാബ രാംദേവിന്റെ ടൈപ്പല്ല

വി കെ അജിത്‌ കുമാര്‍

ജൂണ്‍ 21-ന് സൂര്യനമസ്കാരവും പ്രാണായാമവും നടത്തി പത്മാസനത്തിലിരുന്ന് നമ്മള്‍ ഇന്ത്യാക്കാര്‍ വിളിച്ചുപറയും ഇതാണ് ഇന്ത്യയുടെ സംസ്കാരമെന്ന്. ഓര്‍ക്കുമ്പോള്‍ തന്നെ കോള്‍മയിര്‍ കൊള്ളുന്നു. ലോകം മുഴുവന്‍ കാണുന്ന ഇന്ത്യന്‍ കസര്‍ത്ത്… 

ഒന്നോര്‍ത്താല്‍ ഇതൊക്കെത്തന്നെയാണ് ഇന്ത്യന്‍ സംസ്കാരം. ഒരിടത്തും കുറിച്ചുവച്ചിട്ടില്ല, ഒരിടത്തും ഒരു ചിത്രവും എഴുതപ്പെട്ടിട്ടില്ല. ഒരു പട്ടിണിക്കോലത്തിന്‍റെ രൂപമോ ചരിത്രമോ ഒന്നും…. ദ്രാവിഡമെന്ന് എഴുതിവച്ചിട്ടുള്ള സൈന്ധവചരിത്രത്തിലും കണ്ടെടുത്തിട്ടുള്ളത് പുരോഹിതരൂപവും പിന്നെ നര്‍ത്തകീ ശില്‍പ്പവുമൊക്കെയാണ്. ഒരു തിരുത്തുണ്ട്. അവിടെനിന്നും പത്മാസനത്തില്‍ ഇരിക്കുന്ന ഒരു മണ്‍ രൂപവും തരപ്പെടുത്തിയെടുത്തിട്ടുണ്ട്. ചരിത്രവും സംസ്കാരവും അത് രചിക്കുന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന ബോധ്യപ്പെടുത്തല്‍ ലോകമെമ്പാടുമുണ്ട്. അവിടെ രാജാവും ഒരു പരിധിവരെ ശില്പിയും നിലനില്‍ക്കുന്നു. പണിയാളുകള്‍, അടിമകള്‍ ഇവരെല്ലാം ആരുമറിയാതെ ഇല്ലാതാകുന്നു. അതിന്‍റെ ഒരു വകഭേദം പോലെ ഇനി നിക്കറിട്ട ഒരു കൂട്ടം ദേശസ്നേഹികള്‍ നടത്തുന്ന യോഗാസനങ്ങളിലൂടെയും നമ്മുടെ ചരിത്രം വായിക്കപ്പെടും. ഒരു രാജ്യത്തിന്‍റെ ചരിത്രമെന്നത് ഒരു മതത്തിന്റെയും മുകളറ്റം നില്‍ക്കുന്ന ഒരു ജാതിയുടെയും ഭരണക്രമത്തിന്‍റെയും പൈതൃകത്തില്‍ മാത്രമൊതുങ്ങുന്ന ഒരവസ്ഥ.

ഇവിടെ പുതുതായി ഏര്‍പ്പെടുത്തപ്പെടുന്ന വിലക്കുകളിലൂടെ ലഭ്യമാകുന്ന സുചനകളും അത്തരം ചരിത്ര നിര്‍മ്മിതിയുടെ ഭാഗം മാത്രമാണ്. അംബേദ്‌കറും പെരിയോരും ഒരു “ചെയറിലിരിക്കേണ്ട”; അത് ശരിയാവില്ല എന്ന് തിരിച്ചറിയപ്പെടുമ്പോഴും അതിനെ ഭീകരതയുടെയും തിവ്രവാദത്തിന്റെയും അരാജകത്വത്തിന്റെയും പേരില്‍ വെട്ടി മാറ്റുമ്പോഴും ചരിത്രനിര്‍മ്മിതി കൈവിട്ടു പോയേക്കാമെന്ന ഭയമാണ് നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ തന്നെ അയ്യങ്കാളിയും അംബേദ്കറും മാവോയും എല്ലാം തിരുത്തല്‍ നാമങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയെന്ന ആര്‍ഷഭാരത ശേഷിപ്പില്‍ ഇന്ന് വൃത്തിപോരാ എന്ന് പറഞ്ഞ് ശൌചാലയങ്ങളും ശുചിത്വവും ഉണ്ടാക്കിയെടുക്കുവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ദളിത്‌, പാര്‍ശ്വവല്കൃത വിഭാഗങ്ങള്‍ക്ക് നിലനില്‍പ്പിന്റെ പ്രശ്നവും രൂക്ഷമായിത്തുടങ്ങി.സ്വഛ് ഭാരതമെന്ന വന്‍ പരിപാടിയുടെ ഉത്ഘാടനത്തിനായി നമ്മുടെ പ്രധാനമന്ത്രി കണ്ടെത്തിയത് ദല്‍ഹിയിലെയോ ഗുജറാത്തിലെയോ പൊതു നിരത്തല്ല. പഴയ ജാതി ശ്രേണിയില്‍ മലം കോരാന്‍ വിധിക്കപ്പെട്ടിരുന്ന വാല്‍മികി വിഭാഗം താമസിക്കുന്ന കോളനിയാണ്. അവിടെയാണ് വൃത്തിപോരാ എന്ന് പറഞ്ഞ് ചൂല് വയ്ക്കാന്‍ പ്രധാനമന്ത്രി തിരഞ്ഞെടുത്തത്. ഇതൊരു ഓര്‍മ്മപ്പെടുത്തലായിരുന്നു. നിങ്ങള്‍ വൃത്തിയാക്കാന്‍ വിധിക്കപ്പെട്ടവര്‍ താമസിക്കുന്ന ഇടംപോലും എന്തെ ഇങ്ങനെ മലിനമായി കിടക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലും പിന്നെ പുതിയ സമ്പന്ന കോര്‍പ്പറേറ്റ് സമുഹത്തില്‍ നിന്നും വൃത്തികെടിന്റെ ഒരു വംശം എത്രയും വേഗത്തില്‍ ഇല്ലതെയാക്കണം എന്ന ഓര്‍മ്മപ്പെടുത്തലും.

ഇതേ അവസരത്തില്‍ തന്നെ അംബേദ്‌കറും അയ്യങ്കാളിയും ശ്രീനാരായണഗുരുവും പുതിയ കാവിവല്‍കൃത സമുഹത്തിന് ബി പി എല്ലിനെ പിടിക്കാനുള്ള കെണികളാക്കി മാറ്റാനും അവര്‍ മടിക്കുന്നില്ല. ആ വിഭാഗത്തിന്‍റെ രക്തയോട്ടത്തിന്റെ തീവ്രത ഇവരിലാണ് എന്ന തിരിച്ചറിവാണ് ഈ വോട്ട് ബാങ്ക് വിദ്യയുടെ പിന്നില്‍.

എതിര്‍ക്കുന്നില്ല! നിങ്ങള്‍ നല്‍കുന്ന ആനുകുല്യങ്ങള്‍ വാങ്ങാന്‍ കൈനീട്ടി നീട്ടി അത് മടക്കാന്‍ പറ്റാത്ത വണ്ണം നിങ്ങള്‍ അവരെ മാറ്റിയെടുക്കുന്നു. അതില്‍ തിരിച്ചറിവ് നേടിയ ചിലര്‍ ഈ നേതാക്കളുടെ നാമത്തില്‍ സംഘടിക്കുമ്പോള്‍ അവരെ നിങ്ങള്‍ പെട്ടെന്ന് ശിഥിലമാക്കുകയും ചെയ്യുന്നു.

നിരന്തരമായ വിലക്കയറ്റവും കാര്‍ഷിക ഉത്പാദന മേഖലയിലെ തുച്ഛ വരുമാനവും കൊണ്ട് ജീവിതം വഴിമുട്ടുമ്പോഴാണ് കാവിവല്ക്കരണത്തിന്‍റെ  പുതിയ പഥസഞ്ചലനം നടക്കുന്നത്. ഒരു വര്‍ഷത്തെ ഭരണ നേട്ടത്തിന്‍റെ കണക്കെടുത്ത് നോക്കിയപ്പോള്‍  വലിയ മെച്ചമൊന്നുമില്ല എന്നുകണ്ട്, എന്നാല്‍ പിന്നെ ഒരു വര്‍ഷമായി അഴിമതിയില്ലല്ലോ എന്ന ഒരു മഹത് സംഭവത്തില്‍ പിടിച്ചിരിക്കുകയാണ് പുതിയ കാഷായവാദികള്‍. സമ്മതിച്ചിരിക്കുന്നു, നല്ലത് തന്നെ; എന്നാല്‍ ഒന്ന് ചോദിച്ചുകൊള്ളട്ടെ “നിങ്ങളെയൊക്കെ അഴിമതി നടത്തുവാനാണോ വോട്ടു നല്‍കി പറഞ്ഞയക്കുന്നത്.”

ഇങ്ങനെയൊക്കെയങ്ങ് കടന്നു പോകാം എന്ന് കരുതുമ്പോഴാണ് ലോക യോഗദിനമെന്ന പേരില്‍ തലകുത്തി മറിയാന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. പുതിയ കോര്‍പ്പറേറ്റു ഭരണവും കാവി സംസ്കാര കച്ചവടവും നടക്കുന്നത്. പട്ടിണികൊണ്ടും പ്രാരബ്ദം കൊണ്ടും വയറൊട്ടി നട്ടെല്ലിനോടു ചേര്‍ന്ന് നില്‍ക്കുന്ന ഒരു ജനത ഇവിടെയുണ്ട്. അത് ബാബാ രാംദേവ് കാണിക്കുന്ന വയറൊട്ടിക്കലല്ല. ഒരു യോഗിവര്യനാലും രക്ഷിക്കാന്‍ സാധ്യമല്ലാത്തവിധം വല്ലാതെ പാര്‍ശ്വവല്കരിക്കപ്പെട്ടുപോയ ഒരു വിഭാഗമാണവര്‍. ദൈവങ്ങള്‍ക്കോ ആള്‍ദൈവങ്ങള്‍ക്കോ ശിവകാശി ദൈവങ്ങള്‍ക്കോ അവരെ വേണ്ട. അവര്‍ക്ക് മുന്‍പില്‍ നിന്നുകൊണ്ടാണ് നിങ്ങള്‍ ആര്‍ഷഭാരതം എന്ന പേരില്‍ മേലാള യോഗാസന കച്ചവടം നടത്തുന്നത്?

ഇവിടെ ജീവിക്കാനുള്ള യോഗം പോലും ഇല്ലാത്തവരുടെ മുന്‍പില്‍ രാംദേവും ശ്രീ ശ്രീയും എല്ലാ യോഗഗുരുക്കന്മാരും ജൂണ്‍ 21 ആചരിക്കട്ടെ. അതിനു മുന്‍പില്‍ തിരിഞ്ഞുനിന്ന് നമുക്ക് ഒരു സെല്‍ഫിയെടുക്കാം. അസ്ഥികള്‍ തൊലിയോട് കഥപറയുന്ന ഒരുകുട്ടം മനുഷ്യരോടൊപ്പം നിന്ന്. അത് ഏതെങ്കിലും ചരിത്രത്തില്‍ രേഖപ്പെടുത്തട്ടെ; ഞങ്ങളുടെയൊക്കെ ഒരു യോഗം എന്ന അടിക്കുറിപ്പോടെ…

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

This post was last modified on June 20, 2015 8:07 am