X

അമൃതയില്‍ പൊലീസ് പരിശോധന നടത്തി; ഐസിയുവില്‍ കയറാനായില്ല

അഴിമുഖം പ്രതിനിധി

കൊച്ചി അമൃത ആശുപത്രിയില്‍ നഴ്‌സ് ബലാല്‍സംഗത്തിന് ഇരയായിയെന്ന വാര്‍ത്ത പോസ്റ്റ് ചെയ്ത പോരാളി ഷാജി എന്ന ഫേസ് ബുക്ക് പേജിനെതിരെ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. അതേസമയം അമൃത ആശുപത്രിയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ചേരാനല്ലൂര്‍ എസ് ഐ ശരത്ത് ആശുപത്രിയില്‍ അന്വേഷണം നടത്തി. എന്നാല്‍ ബലാത്സംഗത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ശരത് അഴിമുഖത്തോട് പറഞ്ഞു. ഐസിയുവില്‍ കയറാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രിയുമായി ബന്ധമുള്ള ഒരു സ്വാമി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്നും ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയിലെ രഹസ്യ ഐസിയുവില്‍ ചികിത്സയിലാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഡോക്ടര്‍മാരുടെ അനുമതിയില്ലാത്തതിനാലാണ് ഐസിയുവില്‍ പ്രവേശിക്കാന്‍ കഴിയാത്തതെന്ന് എസ് ഐ വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരേയും ആരുടേയും പരാതി ലഭിച്ചിട്ടില്ല. ഇരയായ പെണ്‍കുട്ടി, അല്ലെങ്കില്‍ ബന്ധുക്കള്‍ ആണ് പരാതി നല്‍കേണ്ടത്. വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നുവെന്നും എസ് ഐ വ്യക്തമാക്കി. ചേരാനല്ലൂര്‍ സ്റ്റേഷന്റെ പരിധിയിലാണ് അമൃത ആശുപത്രി.

ഇത്തരമൊരു വാര്‍ത്ത പരക്കുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരേണ്ടത് സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ കടമയാണെന്ന് സാമൂഹിക പ്രവര്‍ത്തകയായ പി ഗീത പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ആരും വ്യക്തമായി അമൃതയുടെ പേര് പറഞ്ഞിരുന്നില്ല. ആ സാഹചര്യത്തില്‍ ആശുപത്രിയുടെ പ്രതികരണം വന്നുവെന്നത് സൂചിപ്പിക്കുന്നത് അവിടെയൊരു പ്രശ്‌നം നടന്നിട്ടുണ്ടെന്നതാണെന്നും ഗീത കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ സ്ഥലത്ത് നടന്നുവെന്ന് പ്രചരിക്കുന്ന പീഡനത്തെ കുറിച്ച് അറിഞ്ഞില്ലെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. അഴിമുഖം ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിയുന്നതെന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പോരാളി ഷാജി എന്ന ഫേസ് ബുക്ക് അക്കൌണ്ടിനെതിരെ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എ ആര്‍ പ്രതാപനാണ് പരാതി നല്‍കിയത്. ഐപിസി 66-എ, 501 വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപി നേതാവ് കെ കെ രമ ഡിജിപിക്ക് കത്തയച്ചിരുന്നു.

ഈ ബലാത്സംഗ വാര്‍ത്തയെ കുറിച്ച് അറിയാവുന്നവര്‍ വിവരം കൈമാറണമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ ജാസ്മിന്‍ ഷായുടെ 9526444777, സെക്രട്ടറി ജിതിന്‍ ലോഹിയുടെ 8547310346 എന്നീ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.

 

This post was last modified on June 11, 2016 4:35 pm