ജോണ്‍ ടോസി
(ബ്ലൂംബര്‍ഗ്)
മുമ്പെങ്ങുമില്ലാത്തവണ്ണം ലോകമെമ്പാടും പൊണ്ണത്തടിയന്മാരും തടിച്ചികളും കൂടുന്നു. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ അമിതവണ്ണക്കാരുടെ എണ്ണത്തില്‍ കുതിച്ചുകയറ്റമുണ്ടാക്കിയെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1975ല്‍ 105 മില്യണായിരുന്നു അമിതവണ്ണക്കാര്‍. 2015ല്‍ ഇത് 640 മില്യണായി. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ 2025 ആകുമ്പോഴേക്ക് ജനസംഖ്യയുടെ അഞ്ചിലൊന്ന് പൊണ്ണത്തടിക്കാരായിരിക്കും.
അമിതശരീരഭാരമുള്ള വനിതകളുടെ എണ്ണം ഇരട്ടിയായപ്പോള്‍ പുരുഷന്മാരുടെ എണ്ണത്തില്‍ മൂന്നിരട്ടിയാണ് വര്‍ദ്ധനയെന്ന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം കാണിക്കുന്നു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ അമിതവണ്ണക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ലോകാരോഗ്യസംഘടനയുടെ പദ്ധതി ലക്ഷ്യം കാണാനുള്ള സാധ്യത ഇപ്പോഴത്തെ അവസ്ഥയില്‍ പൂജ്യമാണെന്നു സാരം.
വരുമാനം വര്‍ദ്ധിക്കുകയും വില കുറഞ്ഞ ഭക്ഷണസാധനങ്ങളുടെ ലഭ്യത കൂടുകയും ചെയ്തതാണ് തടികൂടുന്നതിനു പിന്നിലെന്നാണ് പഠനകര്‍ത്താവും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗ്ലോബല്‍ എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് ചെയറുമായ മജീദ് ഇസാറ്റി പറയുന്നത്. ‘ രാജ്യങ്ങള്‍ ദാരിദ്ര്യത്തില്‍നിന്നു കരകയറുമ്പോള്‍ കൂടുതല്‍ അനാരോഗ്യകരമായ കാലറികള്‍ അകത്താക്കുക എളുപ്പമായി. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയുടെ വില മിക്കപ്പോഴും സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റുകളുടെ വിലയെക്കാള്‍ കൂടുതലാണെന്നതും ടിന്‍ ഫുഡിന് പ്രചാരം കൂട്ടി.’
ബോഡി മാസ് ഇന്‍ഡക്‌സ് 30ല്‍ കൂടിയതോ അഞ്ചടി ഒന്‍പത് ഇഞ്ച് പൊക്കത്തിന് 203 പൗണ്ട് (92 കിലോ) തൂക്കമുള്ളതോ ആയ ആളുകള്‍ പൊണ്ണത്തടിക്കാരില്‍പ്പെടും. ലോകജനസംഖ്യയുടെ ശരാശരി ഭാരം ഒരു ദശകത്തില്‍ ഒന്നരകിലോഗ്രാം എന്ന നിരക്കില്‍ വര്‍ദ്ധിച്ചുവരികയാണ്. പ്രമേഹം, ഹൃദ്രോഗം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു പിന്നില്‍ അമിതശരീരഭാരമാണ്.
അനാരോഗ്യകരമായ ശരീരഭാരം ഉണ്ടാക്കുന്ന വര്‍ദ്ധിച്ച മെഡിക്കല്‍ ചെലവുകളെ നേരിടാന്‍ സര്‍ക്കാരുകള്‍ തയാറെടുക്കേണ്ടിയിരിക്കുന്നു. ഭാവിയില്‍ ഈ ചെലവുകള്‍ കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സംനര്‍ എം റെഡ്‌സ്‌റ്റോണ്‍ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് വെല്‍നസ് ഡയറക്ടര്‍ ബില്‍ ഡയറ്റ്‌സ് പറയുന്നു.
‘ചൂടുപിടിച്ച തകരമേല്‍ക്കൂരയിലിരിക്കുന്ന പൂച്ചയുടെ അതേപേടിയോടെ വരാനിരിക്കുന്ന പ്രമേഹസുനാമിയെപ്പറ്റി ജാഗരൂകരായിരിക്കണം സര്‍ക്കാരുകള്‍. അമിതവണ്ണം കൊണ്ടുവരുന്ന ചെലവ് ഭീമമായിരിക്കും.’
ലോകമെമ്പാടുംനിന്ന് 19 മില്യണ്‍ ആളുകളുടെ ഉയരവും തൂക്കവും ശേഖരിച്ചാണ് ഇസാറ്റിയും സഹപ്രവര്‍ത്തകരും പഠനം നടത്തിയത്. ഇവയില്‍നിന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ രീതികള്‍ ഉപയോഗിച്ച് 1975 മുതല്‍ 2014 വരെ ആഗോളതലത്തിലും ദേശീയതലത്തിലുമുള്ള ശരീരഭാര വര്‍ദ്ധന പാറ്റേണുകള്‍ കണക്കാക്കി.
ഇന്ന് ആഗോളതലത്തില്‍ ശരീരഭാരക്കുറവിനെ വെല്ലുന്ന ആരോഗ്യപ്രശ്‌നമായി അമിത ശരീരഭാരം മാറിയിരിക്കുന്നു. ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും പട്ടിണിയും ശരീരഭാരക്കുറവും ഇന്നും പ്രധാന പ്രശ്‌നങ്ങളാണെങ്കിലും ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ പൊണ്ണത്തടിയാണ് ആശങ്കയുണ്ടാക്കുന്നത്.
സ്ത്രീകളില്‍ ഈ മാറ്റം വര്‍ഷങ്ങള്‍ക്കുമുന്‍പ് സംഭവിച്ചു തുടങ്ങിയിരുന്നു. ഒരു ദശകത്തിനുമുന്‍പുതന്നെ ഭാരക്കുറവുളള സ്ത്രീകളെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ പൊണ്ണത്തടിയുള്ള സ്ത്രീകളായിരുന്നു. പുരുഷന്മാരില്‍ ശരീരഭാരക്കുറവ് 2011 വരെ പ്രശ്‌നമായി തുടര്‍ന്നു. ബോഡി മാസ് ഇന്‍ഡക്‌സ് 18.1ല്‍ കുറയുമ്പോഴാണ് ശരീരഭാരക്കുറവായി കണക്കാക്കുന്നത്. 1975ല്‍ തടിയന്മാരുടെ എണ്ണത്തിന്റെ രണ്ടിരട്ടിയായിരുന്നു ഭാരക്കുറവുള്ളവരുടെ എണ്ണം.
‘ആവശ്യത്തിന് ഭക്ഷണം കിട്ടാത്തവരും ആരോഗ്യകരമായ ഭക്ഷണം കിട്ടാത്തവരുമാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ഒരേ പ്രശ്‌നത്തിന്റെ രണ്ടുവശങ്ങളാണിവ,’ ഇസാറ്റി ചൂണ്ടിക്കാട്ടുന്നു.
പൊണ്ണത്തടിയെ ചെറുക്കാനുള്ള മാര്‍ഗങ്ങളൊന്നും ഒരു സര്‍ക്കാരും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുപേരും പൊണ്ണത്തടിയന്മാരായ മെക്‌സിക്കോ 2014ല്‍ മധുരപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി. ഇത്തരമൊരു നീക്കം നടത്തുന്ന ആദ്യരാജ്യമാണ് മെക്‌സിക്കോ. നികുതി വില്‍പന കുറയാന്‍ സഹായിച്ചുവെന്നാണ് ആദ്യ സൂചനകള്‍.
വില കുറഞ്ഞ പ്രോസസ് ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങളോട് മത്സരിക്കാനാകുംവിധം ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുകയും ചെയ്യണമെന്ന് ഇസാറ്റി അഭിപ്രായപ്പെടുന്നു. ‘മുന്നോട്ടുപോകണമെങ്കില്‍ നല്ല സാധനങ്ങളുടെ വില എങ്ങന കുറയ്ക്കാം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.’
ഗുരുതരാവസ്ഥയുണ്ടാക്കുന്ന പൊണ്ണത്തടിയിലും അമ്പരപ്പിക്കുന്ന വര്‍ദ്ധനയുണ്ടെന്ന് പഠനം കാണിക്കുന്നു. 2025 ആകുമ്പോഴേക്ക് അതീവഗുരുതര അമിതവണ്ണക്കാരുടെ എണ്ണം സ്ത്രീകളില്‍ ഒന്‍പതു ശതമാനവും പുരുഷന്മാരില്‍ ആറു ശതമാനവുമാകും എന്നാണ് കണക്കുകൂട്ടല്‍. ബോഡി മാസ് ഇന്‍ഡക്‌സ് 35ല്‍ കൂടിയവരാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഇതില്‍പ്പെടുന്ന 39 മില്യണ്‍ ആളുകളാണ് ഇന്ന് അമേരിക്കയിലുള്ളത്. 1975ല്‍ ഇത് നാലു മില്യണായിരുന്നു.
2025ല്‍ അമിതവണ്ണം ഇല്ലാതാക്കുകയെന്ന ലോകാരോഗ്യ സംഘടനയുടെ പദ്ധതി നടപ്പാകണമെങ്കില്‍ അതികഠിനമായ പരിശ്രമം തന്നെ വേണ്ടിവരുമെന്ന് ന്യൂസിലാന്‍ഡിലെ ഓക് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പോപ്പുലേഷന്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഗ്ലോബല്‍ ഹെല്‍ത്ത് പ്രഫസറായ ബോയ്ഡ് സ്വിന്‍ബേണ്‍ പറയുന്നു. ‘പ്രായപൂര്‍ത്തിയായവരുടെ കാര്യത്തില്‍ ഈ ലക്ഷ്യം അസാദ്ധ്യമാണെങ്കിലും കുട്ടികളുടെ കാര്യത്തില്‍ ചില രാജ്യങ്ങളില്‍ ഇത് നടപ്പായേക്കും.’ പൊണ്ണത്തടിയുടെ വര്‍ദ്ധന താഴ്ന്ന വരുമാനമുള്ളതും മദ്ധ്യത്തില്‍നില്‍ക്കുന്നതുമായ രാജ്യങ്ങളിലാണ് കൂടുതലെന്നും സ്വിന്‍ബേണ്‍ ചൂണ്ടിക്കാട്ടുന്നു. ‘ധനികരാജ്യങ്ങളില്‍ ഈ പ്രവണത നേരത്തെ തുടങ്ങിയെങ്കിലും വര്‍ദ്ധന സാവധാനമാണ് ‘.
അനാരോഗ്യകരമായ ശരീരഭാരം കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ ധനികര്‍ക്ക് മരുന്നുകളുണ്ട്. പ്രമേഹം, ദോഷകരമായ കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയെ നിയന്ത്രിക്കാന്‍ ഇവര്‍ക്കാകും. എന്നാല്‍ വികസ്വര രാജ്യങ്ങളുടെ സ്ഥിതി ഇതല്ല. ‘ ഗുരുതരമായ പൊണ്ണത്തടിയുടെ ഫലങ്ങള്‍ കൈകാര്യം ചെയ്യാനുള്ള തയാറെടുപ്പുകള്‍ ആര്‍ക്കുണ്ട്?,’ ഇസാറ്റി ചോദിക്കുന്നു.
This post was last modified on April 15, 2016 8:10 am
Leave a Comment