X

ഒഡേസ സത്യന്‍ ഒരു മഹാസമുദ്രമല്ല

എം കെ രാംദാസ്
അഴിമുഖം പ്രതിനിധി

ഞാനും ജോഷിയും കാത്തിരുന്നു. വയനാട്ടുകാരനായ ജോഷി സത്യന്റെ സുഹൃത്താണ്. സഖാവ് എ വര്‍ഗീസിന്റെ വീട്ടിലേക്കുള്ള വഴിയില്‍ കലുങ്കിലായിരുന്നു ഇരിപ്പ്. സഖാവിനെ വെടിവെച്ചുകൊന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രനുമൊത്ത് വരുന്നു എന്നായിരുന്നു കിട്ടിയ വിവരം.

കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ സമാനതകളില്ലാത്ത കുമ്പസാരത്തിന്റെ, പ്രായശ്ചിത്തത്തിന്റെ കഥ പറയുകയായിരുന്നു സത്യന്റെ ലക്ഷ്യം. വടകരയില്‍ നിന്നും വാടകയ്‌ക്കെടുത്ത ജീപ്പില്‍ നിറയെ ആളുകളുമായാണ് സത്യന്‍ എത്തിയത്. ജീപ്പിന്റെ മുകളിലും പിന്‍ഭാഗത്തുമെല്ലാം യാത്രക്കാരുണ്ട്. സത്യനും രാമചന്ദ്രന്‍ നായരും ഇറങ്ങി. ഞങ്ങളെ കണ്ടതിലുള്ള സന്തോഷം മറച്ചുവെക്കാതെ സത്യന്‍ കൂടെയുള്ളവരോടായി പറഞ്ഞു.

‘വര്‍ഗീസിന്റെ വീട്ടിലേക്ക് രാമചന്ദ്രന്‍ നായര്‍ വരേണ്ടതില്ല. സഖാവിന്റെ സഹോദരന്മാര്‍ക്ക് നിയന്ത്രിക്കാനായില്ലെങ്കില്‍ പ്രശ്‌നമാകും.’ സത്യനെയും സംഘത്തെയും കാത്തിരുന്ന വഴിവക്കിലെ കലുങ്കില്‍ രാമചന്ദ്രന്‍ നായര്‍ക്ക് ഇരിക്കാനിടം കാണിച്ചുകൊണ്ടാണ് സത്യന്‍ ഇത് പറഞ്ഞത്. ഇങ്ങിനെയൊക്കെയാണ് സത്യനെന്ന ജനകീയ ചലച്ചിത്രകാരന്റെ രീതി.

ക്യാമറയും സമ്പത്തും സിനിമാ വിജ്ഞാനവും കൈമുതലായുള്ളവര്‍ സ്പര്‍ശിക്കാതിരുന്ന അല്ലെങ്കില്‍ ഭയപ്പെട്ടിരുന്ന മേഖലകളിലാണ് സത്യന്‍ തൊട്ടത്. സമ്പത്തിന്റെ ആധിക്യം ഒരിക്കല്‍ പോലും ഈ ജനകീയ സിനിമാക്കാരന്റെ ശൈലികളെ മാറ്റിമറിച്ചിട്ടില്ല. ‘വേട്ടയാടപ്പെട്ട മനസ്സ്’ (Haunted Minds) കടന്നു പോയത് കേരളത്തിന്റെ ചരിത്രത്തിലൂടെയായിരുന്നു. ഭരണകൂടം തന്നെ ഭരണകൂടത്തിന്റെ മുന്‍കാല ചെയ്തികളെ ഭയക്കുന്ന എന്ന് സത്യന്‍ പലതവണ ആവര്‍ത്തിച്ചു. 

അങ്ങാടിപ്പുറം ബാലകൃഷ്ണനെ കുറിച്ചുള്ള സത്യന്‍ സ്മരണയും ചിലര്‍ക്കെങ്കിലും രുചിച്ചില്ല. അങ്ങിനെയൊക്കെ പോവുമ്പോഴും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാന്‍ ഈ കലാകാരന് കഴിഞ്ഞു.

മഹാസമുദ്രമായിരുന്നില്ല സത്യന്‍. കൊടും വനത്തിനുള്ളില്‍ നിന്ന് പുറപ്പെടുന്ന ചെറിയ ജലസ്രോതസ്. അല്ലെങ്കില്‍ കാട്ടരുവി. ഒരുപാട് നിമ്‌നോന്നതങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ കടലില്‍ പതിക്കുന്ന കാട്ടരുവി. അങ്ങിനെയൊക്കെ വേണമെങ്കില്‍ സത്യനെ ഓര്‍ത്തെടുക്കാം.

സത്യന്‍ പാവമായിരുന്നു. സത്യസന്ധനായിരുന്നു. ഹൃദയശൂന്യനായിരുന്നില്ല. എല്ലാ നല്ലതിനോടും അടുപ്പം സ്വീകരിക്കുകയും കൂടെച്ചേരുകയും ചെയ്യുന്ന വിശാലമായ സത്യസന്ധത സത്യന്റേത് മാത്രമായിരുന്നു. ചലച്ചിത്രമെന്ന വിശാല ലോകത്ത് തന്റേതായ പാദമുദ്ര പതിപ്പിക്കാനായി സത്യന്‍ ശ്രമിച്ചിട്ടില്ല. ഒരു സാങ്കേതിക വിദഗ്ധനുമായിരുന്നില്ല സത്യന്‍. ക്യാമറയെന്ന നിത്യോപയോഗ യന്ത്രം പോലും സത്യന് മുന്നില്‍ അത്രമാത്രം വെളിപ്പെട്ടില്ല. പക്ഷെ സത്യന്‍ ക്യാമറ ഉപയോഗിച്ചു. ഈ രംഗത്ത് മറ്റാര്‍ക്കും സാധിക്കാത്തത് പോലെ സത്യന് ക്യാമറ വഴങ്ങി. 

ബെസ്റ്റ് ഓഫ് അഴിമുഖം

സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പിതാവിനും പുത്രനും: സെന്‍സര്‍ ബോര്‍ഡ് പരിശുദ്ധാത്മാവോ
മലയാളസിനിമയുടെ ഇടതുപക്ഷാഘാതങ്ങള്‍
മരണശേഷം എന്ന തിരക്കഥ; ജോണ്‍ ഓര്‍മ
കൈരളി തിയേറ്ററിലെ ‘അയ്യപ്പന്‍ പടി’യും ബീനാ പോളിന്റെ രാജിയും

മഹാനായ സിനിമാക്കാരനുമല്ല സത്യനെന്ന വടകരക്കാരന്‍. വിഷയത്തോടുള്ള ആത്മീയാനുരാഗമാണ് സത്യന്‍ സിനിമകളെ വ്യതിരിക്തമാക്കുന്നത്. സമാന്തര സിനിമ പ്രവര്‍ത്തകനെന്ന നിലയില്‍ പ്രമുഖനായി അറിയപ്പെട്ടപ്പോഴും സത്യനെ അംഗീകരിക്കാത്തവര്‍ നിരവധിയാണ്. ഈ ഗണത്തില്‍ സിനിമാക്കാരും പത്രപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെടും. സത്യന്‍ സൃഷ്ടിച്ച വെല്ലുവിളി അതിജീവിക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിച്ചില്ലെന്നതാണ് സത്യം. കവി എ അയ്യപ്പനെ കുറിച്ച തയ്യാറാക്കിയ ഡോക്യുമെന്ററിയോടുള്ള സമീപനത്തില്‍ നിന്ന് ഈ അസ്പൃശ്യത വ്യക്തമാവും. അയ്യപ്പന്റെ കവിതകളിലെ ബിംബ കല്‍പനകളെ പ്രകീര്‍ത്തിച്ചും വിശദീകരിച്ചും വിമര്‍ശിച്ചും ലേഖനങ്ങള്‍ എഴുതിയവരില്‍ ചിലര്‍ സത്യനെ സ്പര്‍ശിച്ചതേയില്ല. കാരണം അവര്‍ക്ക് സത്യന്‍ അജ്ഞനും അസംസ്‌കൃതനുമായിരുന്നു. നല്ല ഭാഷ വശമില്ല. അക്കാദമിക് യോഗ്യതയില്ല. നല്ല കോസ്റ്റ്യൂമില്ല. 

പക്ഷെ ഇമ്മാതിരിയുള്ള കാര്യങ്ങളിലൊന്നും സത്യന്‍ ഒട്ടും ശ്രദ്ധാലുവായിരുന്നില്ലെന്നതാണ് വാസ്തവം. സത്യനെന്ന ജനകീയ സിനിമാ പ്രവര്‍ത്തകന്റെ രീതികള്‍ അനുകരണീയമാണോ എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചലച്ചിത്ര വിദ്യാലയങ്ങളില്‍ നിന്നും മറ്റ് പഠനശാലകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ക്ക് സത്യനെ മനസിലാക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് തീര്‍ച്ച. 

സിനിമയ്ക്ക് സത്യന്‍ നല്‍കുന്ന നിര്‍വചനം ജനകീയതയുടേതാണ്. നിര്‍വഹണത്തിനാവശ്യമായ പണം സ്വരൂപിക്കുന്നതില്‍ മാത്രമല്ല ഈ ജനകീയത. ഓരോ ഷോട്ടിലും വാക്കിലും ഈ ജനാധിപത്യബോധം നിലനില്‍ക്കുന്നുണ്ടെന്ന് സത്യന്‍ വിശ്വസിച്ചു. അവിടെയാണ് സത്യന്‍ വ്യത്യസ്തനാവുന്നതും.

This post was last modified on August 19, 2014 6:00 pm