X

യോഗി ആദിത്യനാഥ് എന്ന അഭിനവ കംസന്‍

തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന നുണ പ്രചരണമാണ് യോഗി ഇപ്പോള്‍ നടത്തുന്നത്. അതും ദുരന്തം നടന്ന ഗോരഖ്പൂരില്‍ നിന്നും മാറിനിന്ന് അലഹബാദില്‍ വച്ച്‌

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബാബാ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും രാജ്യത്തെ നടുക്കിയ വാര്‍ത്ത പുറത്തുവരാന്‍ തുടങ്ങിയത് വെള്ളിയാഴ്ച വൈകിട്ടോടെയാണ്. ഒരു മെഡിക്കല്‍ സംഘത്തെ ഇവിടേക്ക് അയച്ചതൊഴിച്ചാല്‍ മറ്റ് യാതൊരു നടപടികളും തുടക്കത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇതുവരെ 67 കുട്ടികളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ മരിച്ച കുഞ്ഞുങ്ങളോടു പോലും നീതിയില്ലാത്ത പെരുമാറ്റമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് പോലും വിട്ടുനല്‍കാന്‍ തയ്യാറായിട്ടില്ല. പലരും ഇരുചക്രവാഹനങ്ങളിലും ബസിലും മറ്റുമായാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്നും കൊണ്ടുപോകേണ്ടി വരുന്നതെന്ന് വരുമ്പോള്‍ സര്‍ക്കാര്‍ ഈ കുരുന്ന് മൃതദേഹങ്ങളോട് പോലും കാണിക്കുന്ന അവഗണന വ്യക്തമാകും.

കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന്റെ വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് അവര്‍ മരിച്ചത് ശ്വാസം കിട്ടാതെയല്ല, പകരം രോഗം മൂലമാണെന്നാണ്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് പണം നല്‍കാത്തതുമൂലം അവര്‍ വിതരണം നിര്‍ത്തിവച്ചതാണ് കൂട്ടമരണത്തിന് കാരണമെന്ന് യോഗി അംഗീകരിക്കാന്‍ പോലും തയ്യാറാകുന്നില്ല. ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാത്തതാണ് കാരണമെങ്കില്‍ ഏജന്‍സിക്ക് കൊടുക്കാനുള്ള കുടിശിക തുക അടിയന്തരമായി ഇന്നലെ തന്നെ എന്തിനാണ് സര്‍ക്കാര്‍ അടച്ചതെന്നും വ്യക്തമാക്കുന്നില്ല. ഈമാസം ആദ്യം മുഖ്യമന്ത്രി തന്റെ മണ്ഡലത്തില്‍ തന്നെയുള്ള ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 68 ലക്ഷം രൂപ കുടിശികയുള്ളതിനാല്‍ ഏജന്‍സി ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതായി അന്ന് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കൂടാതെ രണ്ട് തവണ കത്ത് നല്‍കി. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് ഇത് സംബന്ധമായി വിവരം ലഭിച്ചിട്ടില്ലെന്നാണ്. പത്ത് ലക്ഷം രൂപ വരെ മാത്രമേ ഏജന്‍സിയുമായുള്ള കരാര്‍ പ്രകാരം കുടിശിക അനുവധിക്കുകയുള്ളൂ.

എംപിയെന്ന നിലയില്‍ ഈ മെഡിക്കല്‍ കോളേജില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് യോഗി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടതും ബിജെപിയെ അധികാരത്തിലേറ്റി മുഖ്യമന്ത്രിയായതും. യുപിയെ കൂടാതെ ബിഹാര്‍, ഉത്തരാഞ്ചല്‍ എന്നീ സംസ്ഥാനങ്ങളും അയല്‍രാജ്യമായ നേപ്പാളും മുഖ്യമായും ചികിത്സയ്ക്ക് ആശ്രയിക്കുന്ന ഒരു സര്‍ക്കാര്‍ ആശുപത്രിയാണ് ഇത്. മരിച്ച കുട്ടികളില്‍ നേപ്പാളില്‍ നിന്നുള്ളവരും ഉണ്ടെന്ന് മനസിലാകുമ്പോള്‍ ഈ ആശുപത്രിയ്ക്ക് ഒരു മേഖലയിലുള്ള അനിവാര്യത മനസിലാകും. ഇതൊന്നും ഗോരഖ്പൂര്‍ എംപിയായ യോഗി ആദിത്യനാഥിന് അറിയാതിരിക്കുന്നതല്ല. എന്നിട്ടും തിരക്കേറിയ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അടിയന്തര സേവനമായ ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കാതിരുന്നത് എത്രത്തോളം ഉപേക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത് എന്നതിന്റെ തെളിവാണ്. മസ്തിഷ്‌ക രോഗങ്ങള്‍ക്ക് രാജ്യത്തെ തന്നെ ഏറ്റവും സുപ്രധാനമായ ആശുപത്രികളിലൊന്നാണ് ഇത്. ഇത്തരം രോഗികളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമ്പോള്‍ കൃത്രിമ ശ്വാസം അനിവാര്യമാണ്. എന്നാല്‍ താക്കീത് നല്‍കിയിട്ടും ഓക്‌സിജന്‍ ഏജന്‍സിക്ക് കുടിശിക നല്‍കിയില്ല.

ഇതിനിടെയാണ് തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന നുണ പ്രചരണം ഇയാള്‍ തന്നെ നടത്തുന്നത്. തന്റെ മണ്ഡലത്തിലെ വൃത്തിയില്ലായ്മയും അതുമൂലമുണ്ടാകുന്ന രോഗങ്ങളുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായതെന്ന് മുഖ്യന്ത്രി തന്നെ പറയുമ്പോള്‍ അതൊരു സ്വയം പരിഹാസ്യമായി തീരുന്നു. ഈ നുണ പ്രചരണം നടത്തിയത് ഗോരഖ്പൂരിലല്ല പകരം അലഹബാദില്‍ നിന്നാണെന്നത് കൂടി ശ്രദ്ധേയമാണ്. ഓക്‌സിജന്‍ സിലിണ്ടറിന് പണം അനുവദിച്ചില്ലെന്ന തന്റെ സര്‍ക്കാരിന്റെ പോരായ്മ മറിച്ചുവയ്ക്കാനാണ് ജനങ്ങള്‍ പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നതിനെ കുറ്റപ്പെടുത്തി തടിതപ്പുന്നതെന്ന് വ്യക്തം. ജനങ്ങള്‍ പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടി വരുന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണെന്നത് മറ്റൊരു ചോദ്യം.

തന്റെ അധികാരവും ജീവനും നിലനിര്‍ത്താനായി സഹോദരിയായ ദേവകിയുടെ കുഞ്ഞുങ്ങളെ കൊന്ന കംസനെ ഓര്‍മ്മയില്ലേ? ഓരോ കുഞ്ഞ് ജനിക്കുമ്പോഴും കാലില്‍ പിടിച്ച് തല നിലത്തടിച്ചാണ് കൊലകള്‍ നടത്തിയത്. ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ മസ്തിഷ്‌ക ആഘാതത്തിലൂടെയുള്ള കൊലപ്പെടുത്തല്‍ തന്നെ. തന്നെ കൊല്ലാന്‍ ജനിച്ചവന്‍ തന്നില്‍ നിന്നും രക്ഷപ്പെട്ടതറിഞ്ഞതോടെ മിഥിലയിലെ മുഴുവന്‍ കുഞ്ഞുങ്ങളെയും പൂതനയെന്ന അടിമയെ വിട്ട് കൊലപ്പെടുത്തിയത് അതേ കംസന്‍ തന്നെയാണ്. യോഗികും ഇവിടെ ആ കംസന്റെ റോള്‍ ആണോ? ദുരന്തത്തിന് പിന്നിലെ തന്റെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാനും അധികാരം നിലനിര്‍ത്താനുമായി തുടര്‍ച്ചയായി നുണകള്‍ പറയുന്നതിലൂടെ ഒരു കംസന് അപ്പുറം മറ്റൊന്നുമല്ല താനെന്ന് യോഗി തെളിയിക്കുന്നു.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on August 13, 2017 4:46 pm