X

ആമസോണില്‍ കൂടുതല്‍ ആദിവാസി ഉല്‍പ്പന്നങ്ങളുമായി ഗദ്ദിക

വയനാടന്‍ മഞ്ഞള്‍, കുരുമുളക് എന്നിവയും ആമസേണ്‍ വഴി വിറ്റഴിക്കും. ഇതിനായുള്ള ഭക്ഷ്യ സുരക്ഷ ലൈസന്‍സ് അനുമതികള്‍ക്കായി കാത്തിരിക്കയാണിപ്പോള്‍.

ആദിവാസി ഉല്‍പ്പന്നങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ ലഭിക്കും. മുളയില്‍ തീര്‍ത്ത പുട്ടിന്‍ കുറ്റിയാകട്ടെ, പാളത്തൊപ്പിയാകട്ടെ ആവശ്യപ്പെടുന്നതെന്തും വീട്ടിലെത്തിക്കാനൊരുങ്ങി സംസ്ഥാനത്തെ ആദിവാസി സംരംഭകര്‍. ആമസോണ്‍ പോലെ ഒരു വലിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. പരമ്പരാഗത അറിവും ഒപ്പം തങ്ങളുടെ കഴിവും ഒത്തിണക്കിയാണ് ഇവര്‍ ഓരോ ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നത്. നിലവില്‍ 50 ഉത്പന്നങ്ങള്‍ ആമസോണിലുണ്ട്. ഇനിമുതല്‍ അത് 200 ആവും.

പുട്ടിന്‍ കുറ്റിയും പാളത്തൊപ്പിയും മാത്രമല്ല ബെഡ് ലാബ്, വാട്ടര്‍ ബോട്ടില്‍, കൂച, വിശറി, കുട്ട, ലൈറ്റ് ഹോള്‍ഡര്‍ ബാഗ് എന്നിങ്ങനെ നീളുന്നു പട്ടിക ജാതി പട്ടിക വിഭാഗം സംരംഭകരുടെ ആമസോണ്‍ കച്ചവട വസ്തുക്കളുടെ ലിസ്റ്റ്. മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികള്‍ എന്നിവ കൊണ്ടാണ് ഇവര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. പ്രതിഭകളുടെ ചിത്രങ്ങളും കരകൗശല വസ്തുക്കളും വില്‍പനയ്ക്കുണ്ട്.

നിലവിലെ 50 ഉല്‍പ്പന്നങ്ങള്‍ ഗദ്ദിക എന്ന ബ്രാന്‍ഡിലാണ് ആമസോണിലുള്ളത്. വിലസഹിതമുള്ള വിവരങ്ങള്‍ ലഭ്യമാകും. വയനാടന്‍ മഞ്ഞള്‍, കുരുമുളക് എന്നിവയും ആമസേണ്‍ വഴി വിറ്റഴിക്കും. ഇതിനായുള്ള ഭക്ഷ്യ സുരക്ഷ ലൈസന്‍സ് അനുമതികള്‍ക്കായി കാത്തിരിക്കയാണിപ്പോള്‍. പട്ടികജാതി പട്ടികവര്‍ഗ സംരഭകര്‍ക്ക് വിപണി കണ്ടെത്താനും മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമായാണ് ഈ ആമസോണ്‍ വില്‍പ്പന.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഗദ്ദികമേളയില്‍ ഇവരുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ പാക്കിങ്ങിലുള്ള ചില പോരായ്മകള്‍ കാരണം വിപണി പിടിക്കുന്നത് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ സംരംഭകരുടെ യോഗം വിളിച്ച് പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കി. അതിനെ തുടര്‍ന്നാണ് ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സാധ്യതകള്‍ ഉള്‍പ്പടെ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്.

Read More: മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍  

This post was last modified on May 13, 2019 5:06 pm

Related Post
Leave a Comment