X

‘ചരിത്രഭാരത്തി’ല്‍ നിന്നും ബല്‍ജിയം കലാകാരന്‍ പോപ്പെ ഒടുവില്‍ മോചിതനായി

ഡി പ്രൊഫണ്ടിസ് എന്ന് പേരിട്ട പോപ്പെയുടെ പ്രദര്‍ശനം ഓണ്‍ലൈനില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു. ജര്‍മ്മന്‍ കലാകാരനായ ജോസഫ് ബ്യേയൂസ് 1970കളില്‍ പ്രസിദ്ധമാക്കിയ ഈ പ്രകടകലയില്‍ ദൃശ്യകലയും നാടകവും ഒരുപോലെ ഉപയോഗിക്കപ്പെടുന്നു

ചരിത്രത്തിന്റെ ഭാരം’ എന്ന് വിശേഷിപ്പിക്കപ്പെട്ട കലാസൃഷ്ടിയില്‍ സ്വയം ബന്ധിച്ചിരുന്ന ബല്‍ജിയംകാരനായ കലാകാരനെ ഒടുവില്‍ ചങ്ങല മുറിച്ച് രക്ഷപ്പെടുത്തേണ്ടി വന്നു. 19 ദിവസം സ്വയം ബന്ധിതനായിരുന്ന മൈക്ക്‌സ് പോപ്പെയ്ക്ക് സ്വയം രക്ഷപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് ചങ്ങല മുറിക്കേണ്ടി വന്നത്. ബന്ധനത്തില്‍ തന്നെയിരുന്നുകൊണ്ട്, ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും കുളിക്കുകയും ഒക്കെ ചെയ്തുകൊണ്ട് 438 മണിക്കൂറാണ് പോപ്പെ ചങ്ങലയില്‍ കഴിഞ്ഞത്.

ബല്‍ജിയം കടലോര പട്ടണമായ ഓസ്‌റ്റെന്റിലെ ഒരു കെട്ടിടത്തിലാണ് അദ്ദേഹം തന്റെ കലാപ്രകടനം നടത്തിയത്. ഒരു മാര്‍ബിള്‍ ഫലകത്തില്‍ ബന്ധിച്ചിരുന്ന പത്തടി നീളമുള്ള ചങ്ങലയില്‍ ഇദ്ദേഹം സ്വയം ബന്ധിക്കുകയായിരുന്നു. ചങ്ങലയുടെ കണ്ണികള്‍ ചീകികളഞ്ഞ് രക്ഷപ്പെടാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. താന്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ചരിത്രത്തിന്റെയും കലാചരിത്രത്തിന്റെ പ്രതിരൂപമാണ് മാര്‍ബിള്‍ ഫലകമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ചരിത്രത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ അസാധ്യമാണെന്നും ആ ഭാരം താന്‍ പേറിയേ പറ്റൂ എന്ന് തിരിച്ചറിഞ്ഞതായും പോപ്പെ പറയുന്നു.

ഡി പ്രൊഫണ്ടിസ് എന്ന് പേരിട്ട പോപ്പെയുടെ പ്രദര്‍ശനം ഓണ്‍ലൈനില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു. ജര്‍മ്മന്‍ കലാകാരനായ ജോസഫ് ബ്യേയൂസ് 1970കളില്‍ പ്രസിദ്ധമാക്കിയ ഈ പ്രകടകലയില്‍ ദൃശ്യകലയും നാടകവും ഒരുപോലെ ഉപയോഗിക്കപ്പെടുന്നു.

This post was last modified on December 1, 2017 5:23 pm