X

കാത്തലിക്കും സിറിയയും വില്ലനായി; കാത്തലിക് സിറിയന്‍ ബാങ്ക് പേര് മാറ്റി, ഇനി സിഎസ്ബി ബാങ്ക് ലിമിറ്റഡ്

ഇന്ത്യന്‍ വംശജനായ കനേഡിയന്‍ സമ്പന്നന്‍ പ്രേം വാട്‌സ സിഎസ്ബി ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും കഴിഞ്ഞ വര്‍ഷം വാങ്ങിയിരുന്നു

ഇടപാടുകാര്‍ ഒഴിഞ്ഞു പോവുകയും ബാങ്ക് ഇടപാടുകള്‍ അന്വേഷണ ഏജന്‍സികളുടേയും മറ്റ് രാജ്യങ്ങളുടേയും നിരീക്ഷണത്തിലാവുകയും ചെയ്തതോടെ തൃശൂര്‍ കേന്ദ്രമായ കാത്തലിക് സിറിയന്‍ ബാങ്ക് പേരു മാറ്റി. ഇനി സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും ഇത് അറിയപ്പെടുക. ഈ മാസം 10 മുതല്‍ പേരുമാറ്റം നിലവില്‍ വരും.

കാത്തലിക് സിറിയന്‍ ബാങ്കിലെ ‘കാത്തലിക്’ എന്നതും ‘സിറിയന്‍’ എന്നതും പ്രശ്‌നമാകുന്നതായാണ് ബാങ്ക് അധികൃതര്‍ തന്നെ പറയുന്നത്. ഭീകരാദം ശക്തമായ സിറിയയില്‍ നിന്നുള്ള ബാങ്കാണ് എന്ന തോന്നല്‍ പേര് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നുവെന്നും ഇത് ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ബാങ്ക് വിശദീകരിക്കുന്നു. 2015-ല്‍ തന്നെ ബാങ്കിന്റെ പേര് മാറ്റാനായി റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നുവെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സി.വി.ആര്‍ രാജേന്ദ്രന്‍ പറയുന്നു.

“വിദേശ ഇന്ത്യക്കാരാണ് ഞങ്ങളുടെ ഇടപാടുകാരില്‍ ഭൂരിഭാഗവും. അങ്ങനെയുള്ള ചിലര്‍ നിക്ഷേപിക്കുന്ന പണം ഞങ്ങളുടെ കസ്റ്റമേഴ്‌സിന് സമയത്തിന് ലഭിക്കാതെ വരുന്ന സാഹചര്യമുണ്ട്. ഇത് സിറിയന്‍ എന്ന പേര് കാണുമ്പോള്‍ വിദേശ ബാങ്കുകള്‍ സൂക്ഷ്മ പരിശോധന നടത്തുന്ന സാഹചര്യത്തിലാണ്”, രാജേന്ദ്രനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കയറ്റുമതി, ഇറക്കുമതി ബിസിനസ് നടത്തുന്നവര്‍ക്കും സിറിയന്‍ എന്ന പേര് തങ്ങളുടെ ഇടപാടുകളില്‍ വില്ലനാകുന്നതായി പരാതി ഉണ്ടായിരുന്നു.

“അതുകൊണ്ടു തന്നെ സിറിയന്‍ എന്ന പേര് ജൂണ്‍ 10 മുതല്‍ ഉണ്ടാവില്ല. പകരം പഴയ പേരായ സിഎസ്ബി എന്നത് നിലനിര്‍ത്താനാണ് തീരുമാനം. പേരിലെ കാത്തലിക് എന്ന വാക്കും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇത് ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ബാങ്ക് ആണെന്ന ധാരണ ഇതുമൂലമുണ്ടാകുന്നു. എന്നാല്‍ ഇത് എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ബാങ്കാണ്. ഒപ്പം, ഇതിന് യാതൊരു സിറിയന്‍ ബന്ധവുമില്ല”– രാജേന്ദ്രന്‍ വ്യക്തമാക്കി.

കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയെക്കാള്‍ വലുതായിരുന്നു ഒരുകാലത്ത് സിറിയന്‍ കാത്തലിക് ബാങ്ക്. ഈ വരുന്ന സെപ്റ്റംബറില്‍ ഐപിഒ പുറത്തിറക്കാനും ബാങ്കിനെ കൂടുതല്‍ ശക്തമാക്കാനും ഉള്ള ശ്രമങ്ങളിലാണ് അധികൃതര്‍. ഇന്ത്യന്‍ വംശജനായ കനേഡിയന്‍ സമ്പന്നന്‍ പ്രേം വാട്‌സ സിഎസ്ബി ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും കഴിഞ്ഞ വര്‍ഷം വാങ്ങിയിരുന്നു. വാട്‌സയുടെ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന്റെ ഭാഗമായ ഫെയര്‍ഫാക്‌സ് ഇന്ത്യ വഴി 1200 കോടി രൂപയ്ക്കായിരുന്നു ഇത്.

This post was last modified on July 6, 2019 9:50 am