X

കോണ്‍ഗ്രസ്സ് രാഷ്ട്രീയം വടക്കോട്ട് നീങ്ങുമ്പോള്‍; മുല്ലപ്പള്ളിയുടെ ചരിത്രഭാരം

കോണ്‍ഗ്രസിലെ അധികാര രാഷ്ട്രീയത്തിലുണ്ടായ ഷിഫ്റ്റുപോലെ തന്നെ പ്രധാനമാണ് അധ്യക്ഷ സ്ഥാനം മോഹിച്ചു അത് ലഭിക്കാതെ വന്നവരുടെ ഇനിയങ്ങോട്ടുള്ള പ്രവർത്തനവും

കെ കേളപ്പൻ, മൊയ്തു മൗലവി, സി കെ ഗോവിന്ദൻ നായർ, കെ കരുണാകരൻ തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ ഒട്ടേറെ കോൺഗ്രസ് നേതാക്കൾ മലബാറിൽ നിന്നുള്ളവരായിരുന്നെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രന് മുൻപ് കേരള പ്രദേശ് കോൺഗ്രസ് പാർട്ടിയുടെ അമരക്കാരൻ ആകാൻ ഭാഗ്യം സിദ്ധിച്ച ഏക മലബാറുകാരൻ സി കെ ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന തലശ്ശേരിക്കാരൻ സി കെ ഗോവിന്ദൻ നായർ മാത്രമാണ്. 1950ൽ കെ കേളപ്പനെ പരാജയപ്പെടുത്തിക്കൊണ്ടാണ് സി കെ ജി കെ പി സി സി പ്രസിഡന്റ് ആയത്. സി കെ ജി ക്കും മുൻപ് ജന്മം കൊണ്ട് കൊടുങ്ങല്ലൂർക്കാരൻ ആയിരുന്നെങ്കിലും കർമ്മ മണ്ഡലം കോഴിക്കോടായി തിരെഞ്ഞെടുത്ത അബ്ദു റഹ്‌മാൻ സാഹിബും കെ പി സി സി പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട് – 1939ൽ. ഇവരെ ഒഴിച്ച് നിറുത്തിയാൽ നാളിതുവരെയുള്ള എല്ലാ കെ പി സി സി അധ്യക്ഷന്മാരും ഭാരതപ്പുഴക്ക് അപ്പുറത്തു നിന്നുള്ളവരായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ കിംഗ് മേക്കർ ആയി അറിയപ്പെട്ടിരുന്ന കെ കരുണാകരൻ എന്ന ലീഡർ പോലും ഒരു തവണ പോലും കെ പി സി സി യുടെ അധ്യക്ഷൻ ആയിരുന്നിട്ടില്ല. എങ്കിലും സ്വന്തം പുത്രൻ കെ മുരളീധരനടക്കം പലരെയും അദ്യക്ഷ പദവിയിൽ എത്തിക്കുകയും പലരുടെയും തോൽവി ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട് ലീഡർ.

ഒരുപക്ഷെ കെ പി സി സിയുടെ പുതിയ അധ്യക്ഷനായി നിയമിതനായ വടകര ചോമ്പാലക്കാരൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിനച്ചിരിക്കാതെ വന്നു ചേർന്ന ഈ ഷിഫ്റ്റ് തന്നെയായിരിക്കും. അതായതു തെക്കു നിന്നും വടക്കോട്ടേക്കുള്ള ഈ അധികാര കൈമാറ്റം തന്നെ. സ്വാതന്ത്ര്യ സമരകാലം മുതൽ ഇങ്ങോട്ടു മലബാറിന് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെ മലബാർ മേഖലയിൽ കോൺഗ്രസിന്റെ സ്വാധീന ശക്തി വല്ലാതെ ക്ഷയിച്ചു പോയി എന്ന് സമ്മതിക്കാതെ തരമില്ല. ജന്മം കൊണ്ട് കണ്ണൂർക്കാരൻ ആയിരുന്നെങ്കിലും തന്റെ പ്രവർത്തന മണ്ഡലം പിന്നീട് തൃശ്ശൂരിലേക്ക് മാറ്റിയ കെ കരുണാകരനെ ഒഴിച്ച് നിറുത്തിയാൽ കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഉയർച്ച താഴ്ചകൾ നിര്‍ണ്ണയിച്ചുപോന്നത്‌ ആലപ്പുഴക്കാരൻ എ കെ ആന്റണിയും കോട്ടയം പുതുപ്പള്ളിക്കാരൻ ഉമ്മൻ ചാണ്ടിയും തന്നെയായിരുന്നു. അവർ ഇരുവരും ഇപ്പോഴും കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാണു താനും. മുന്‍ കെ പി സി സി അധ്യക്ഷനും കരുണാകരന്റെ ദത്തുപുത്രനുമായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴക്കാരനും.

വി എം സുധീരനെപ്പോലെ തന്നെ ഗ്രൂപ്പില്ലാ നേതാവായി അറിയപ്പെടുന്ന മുല്ലപ്പള്ളിക്ക് എ കെ ആന്‍റണിയിൽ നിന്നും എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കാമെങ്കിലും എ ഗ്രൂപ്പിനെ തൊട്ടുകളിച്ചാൽ ഉമ്മൻ ചാണ്ടി അടങ്ങിയിരിക്കില്ലെന്ന കാര്യത്തിൽ തർക്കം വേണ്ട.

കോണ്‍ഗ്രസിലെ അധികാര രാഷ്ട്രീയത്തിലുണ്ടായ ഷിഫ്റ്റുപോലെ തന്നെ പ്രധാനമാണ് അധ്യക്ഷ സ്ഥാനം മോഹിച്ചു അത് ലഭിക്കാതെ വന്നവരുടെ ഇനിയങ്ങോട്ടുള്ള പ്രവർത്തനവും. മനസ്സില്ലാമനസ്സോടെയാണെങ്കിലും എ ഐ സി സി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോഴും ഇവരിൽ പലരും അസംതൃപ്തരാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി ഏതാണ്ട് ഏഴ് മാസം മാത്രം അവശേഷിക്കുന്ന ഈ വേളയിൽ ഇവരെയെല്ലാം തനിക്കൊപ്പം നിര്‍ത്തി മുന്നോട്ടു കൊണ്ടുപോവുകയെന്ന ശ്രമകരമായ ജോലി തന്നെയാണ് മുല്ലപ്പള്ളിക്ക് മുന്നിലുള്ളത്.

സിപിഎമ്മിനെ വിറപ്പിച്ച് തുടര്‍ച്ചയായി 5 തവണ കണ്ണൂരില്‍ നിന്നും എം.പി; രാഹുലിന്റെ മുല്ലപ്പള്ളി പരീക്ഷണം വിജയിക്കുമോ?

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on September 21, 2018 12:46 pm