X

എന്നാണ് കെ സുരേന്ദ്രന്‍ മാതൃഭൂമിയില്‍ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ തുടങ്ങിയത്?

ഇതുപോലൊരു കാര്‍ട്ടൂണുമായി വരുമ്പോള്‍ സഹപ്രവര്‍ത്തകനായ വേണുവിനോടെങ്കിലും കണ്‍സള്‍ട്ട് ചെയ്യാമായിരുന്നു ഗോപീകൃഷ്ണന്

മാതൃഭൂമിയില്‍ എന്നാണ് കെ സുരേന്ദ്രന്‍ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ തുടങ്ങിയത്? ഗോപീകൃഷ്ണന്റെ ഇന്നത്തെ കാര്‍ട്ടൂണ്‍ കണ്ട ആരെങ്കിലും ഇങ്ങനെ ചോദിച്ചു പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല.

എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കെ സുരേന്ദ്രന്‍ എഴുതിയത് പാല് കൊടുത്ത കൈയ്ക്ക് തന്നെ പാമ്പ് കടിച്ചു എന്നാണ്. ഇവിടെ പാല്‍ കൊടുത്ത കൈ സിപിഎമ്മിന്‍റെതും പാമ്പ് കാമ്പസ് ഫ്രണ്ട് അല്ലെങ്കില്‍ മുസ്ലീം തീവ്രവാദവുമാണ്. സിപിഎമ്മും പിണറായി വിജയന്‍ നയിക്കുന്ന ഗവന്‍മെന്‍റും മുസ്ലീം തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുകയാണ് എന്നതാണ് കെ സുരേന്ദ്രന്റെ രാഷ്ട്രീയ വാദം. ബിജെപിക്കെതിരെയുള്ള പ്രചരണം കൊഴുപ്പിക്കാനും തിരഞ്ഞെടുപ്പില്‍ രണ്ടു വോട്ട് അധികമായി കിട്ടാനും വേണ്ടി ഇസ്ളാമിക തീവ്രവാദത്തെ കയ്യയച്ച് സഹായിച്ചതിനുള്ള തിരിച്ചടിയാണ് സി പി എമ്മിന് കിട്ടിയിരിക്കുന്നത് എന്നതാണു വ്യാഖ്യാനം.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

“ഭീകരവാദം മാനവരാശിയുടെ പൊതു ശത്രുവാണ്. എല്ലാവരും ചേർന്നു നിന്നു മാത്രമേ അതിനെ നേരിടാനാവൂ. താൽക്കാലിക ലാഭത്തിനുവേണ്ടി അവരുമായി കൂട്ടുകൂടിയതിൻറെ ദുരന്തമാണ് ഇന്നു നാം കാണുന്നത്. അവർക്ക് വളരാനുള്ള കളമൊരുക്കിക്കൊടുക്കുന്നത് കേരളത്തിൽ കമ്യൂണിസ്ടുകാരാണ്. സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്ളീം സമുദായത്തിൽ ഇരമനോഭാവം വളർത്തുന്നത്. ആദ്യം അവർ ആർ. എസ്സ്. എസ്സിനെ വേട്ടയാടാന്‍ വന്നു. ഇന്നിപ്പോൾ പാലുകൊടുത്ത കൈക്കുതന്നെ അവർ തിരിഞ്ഞു കൊത്തുകയാണ്. കണ്ണൂരിൽ കഴിഞ്ഞ വർഷം കൊലചെയ്യപ്പെട്ട എ. ബി. വി. പി പ്രവർത്തകൻ ശ്യാമിൻറെ കൊലയാളികളെ മുഴുവൻ ഇതുവരെ പിണറായിയുടെ പോലീസ് പിടികൂടിയിട്ടില്ല. സോഷ്യൽ മീഡിയ ഹർത്താലിനോടനുബന്ധിച്ച് പോലീസ് എടുത്ത കേസ്സുകൾ മുഴുവൻ പോപ്പുലർഫ്രണ്ട് സമ്മർദ്ദത്തെത്തുടർന്ന് വെള്ളം ചേർത്തു. അപായകരമായ ഈ മൃദുസമീപനമാണ് വീണ്ടും വീണ്ടും എന്തും ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്. ആർ. എസ്സ്. എസ്സിനോടുള്ള ശൗര്യത്തിൻറെ ആയിരത്തിലൊന്നുപോലും ഭീകരശക്തികളോട് സി. പി. എമ്മിനില്ല. വേണ്ടത് മുഖം നോക്കാതെയുള്ള നടപടികളാണ്. അതിനുള്ള ആർജ്ജവം പിണറായി വിജയനില്ല. അഭിമന്യു കേവലം ഇരയല്ല. വലിയ ഓർമ്മപ്പെടുത്തലുകളാണ്. പ്രണാമങ്ങൾ.”

സുരേന്ദ്രന് ഇങ്ങനെ വാദിക്കാം. കാരണം സുരേന്ദ്രന്‍ പ്രത്തിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു വേണ്ടിയാണ് അയാള്‍ ശബ്ദിക്കുന്നത്. എന്നാല്‍ മാതൃഭൂമിയോ?

ഇതേ വാദം തന്നെയാണ് കിണറ്റില്‍ വളര്‍ത്തുന്ന മുതലയ്ക്ക് മാംസം കൊടുക്കുന്ന കൊടിയേരിയും പിണറായിയും എന്ന ചിത്രീകരണത്തിലൂടെ ഗോപീകൃഷ്ണന്‍ മാതൃഭൂമിയില്‍ വരച്ചു വെച്ചിരിക്കുന്നത്. മാംസം കൊടുക്കുന്ന കൊടിയേരിയുടെ കൈ മുതല ഭക്ഷിക്കുന്നതായാണ് ഗോപികൃഷ്ണന്‍ ഭാവന ചെയ്തിരിക്കുന്നത്.

ഒരു പതിനെട്ടുകാരന്റെ ദാരുണ കൊലപാതകത്തിന് മുന്നില്‍ നിന്നുകൊണ്ടു വേണോ സംഘപരിവാറിന്റെ രാഷ്ട്രീയ വാദത്തിന് ഗോപീകൃഷ്ണന്റെ ചിത്ര വ്യാഖ്യാനം എന്നാണ് ഉയരുന്ന ചോദ്യം. ഇതേ മാതൃഭൂമിയുടെ ചാനലിലൂടെയാണ് മുസ്ലീം മതവികാരം ആളിക്കത്തിക്കുന്ന ചോദ്യവുമായി എടത്തല പോലീസ് മര്‍ദ്ദന കേസ് ചര്‍ച്ചയില്‍ അവതാരകന്‍ വേണു എത്തിയത് എന്നതും ഓര്‍ക്കുക.

‘കേരളത്തിലെ മുസ്ലീം സഹോദരങ്ങളെ, നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയില്‍ കഴിയുകയാണ്. ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തിയത്. നോമ്പ് തുറക്കാന്‍ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്’ എന്നതായിരുന്നു വേണുവിന്റെ വാക്കുകള്‍.

ആലുവയില്‍ നടന്ന പ്രതിഷേധങ്ങളില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ ആളുകള്‍ ഉണ്ട് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ കുറിച്ചാണ് വേണു ഇവിടെ ആക്രോശിച്ചത്.

എന്തായാലും ഇതുപോലൊരു കാര്‍ട്ടൂണുമായി വരുമ്പോള്‍ സഹപ്രവര്‍ത്തകനായ വേണുവിനോടെങ്കിലും കണ്‍സള്‍ട്ട് ചെയ്യാമായിരുന്നു ഗോപീകൃഷ്ണന്.

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on July 3, 2018 3:15 pm