X

ഇതെന്തൊരു മൗനമാണ്? നമ്മുടെ കുരുന്നുകള്‍ ഇങ്ങനെ അരക്ഷിതാരാവുമ്പോള്‍…

സുരക്ഷിതമായ ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. ആ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് നമ്മളാണ്.

പ്രായഭേദമന്യേ സ്ത്രീ ശരീരങ്ങള്‍ പകല്‍ വെട്ടത്തില്‍ പോലും ആക്രമിക്കപ്പെടുന്ന ഒരു നാട്ടില്‍, സൗമ്യക്കും ജിഷക്കും കൃഷ്ണപ്രിയക്കും അതുപോലെ ജീവിക്കാന്‍ ഉള്ള അവസരം നിഷേധിക്കപ്പെട്ട ഒരായിരം പെണ്‍കുട്ടികളുള്ള നാട്ടില്‍ ഇന്ന് കേരളം ഏറെ ആശങ്കയോടെ ചര്‍ച്ച ചെയ്യപ്പെടുന്ന വാര്‍ത്തയാണ് കൊല്ലം കുളത്തുപുഴയിലെ ഏഴു വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു കൊന്ന സംഭവം. ഒരു കാലത്ത് ചില പാശ്ചാത്യ രാജ്യങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മാത്രം നടന്നിരുന്ന ഇത്തരം പൈശാചിക സംഭവങ്ങള്‍ ഇപ്പോള്‍ കേരളത്തിലും നടക്കുന്നു എന്നത് എറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ഒടുവില്‍ അതെത്തി നിര്‍ത്തേണ്ടതാകട്ടെ, നിലവിലെ അവസ്ഥയില്‍ ഏറ്റവും അനിവാര്യമായ ചോദ്യത്തിലാണ്. കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരാണോ?

മനുഷ്യ ജീവിതത്തിന്റെ അനുസ്യൂതമായ, നിലനില്‍പ്പും തുടര്‍ച്ചയുമാണ് കുടുംബസംവിധാനം ലക്ഷ്യം വെക്കുന്നത്. അത്തരം ഒരു സ്‌പേസിലാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പെരുകുന്നതെന്ന് പറഞ്ഞാല്‍ പിന്നെ എവിടെയാണ് അവര്‍ സുരക്ഷിതരാകുക?

ആറു വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കണം. ഹോസ്റ്റല്‍ മുറിയിലെ സൗഹൃദ സംഭാഷണങ്ങള്‍ക്ക് ഇടയില്‍ ഞങ്ങള്‍ മനുഷ്യ ലൈംഗികതയെ കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. കൗമാരത്തിന്റെ കൗതുകത്തിലേക്ക് മാത്രമായിരുന്നു ആ ചര്‍ച്ചകളൊക്കെയും എത്തി നിന്നത്. ഇണയുടെ ലൈംഗിക താല്‍പര്യങ്ങള്‍, അവളുടെ/അവന്റെ ജൈവമായ ശരീര ആവശ്യങ്ങള്‍ തുടങ്ങി കേട്ടറിവുകള്‍ മാത്രമായ ലൈംഗിക സുഖങ്ങള്‍ വരെ പറഞ്ഞു തുടങ്ങിയപ്പോഴാണ് കൂട്ടത്തില്‍ ഒരുവള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയത്. അന്നതിനു പുറകിലെ കാരണം അവ്യക്തമായിരുന്നു എങ്കിലും പിന്നീടൊരിക്കല്‍ അതേ കൂട്ടുകാരി പ്രായപൂര്‍ത്തിയാകുന്നതിനും മുന്‍പ് കുടുംബാംഗത്തില്‍ നിന്നും അവള്‍ നേരിട്ട അധികാരത്തിന്റെ, ബല പ്രയോഗത്തിന്റെ ലൈംഗിക പീഡനത്തെ കുറിച്ചപങ്കുവച്ചു. വളരെ ഓര്‍ത്തഡോക്‌സ് ആയ കുടുംബാന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന അവള്‍ക്കും മൂത്ത സഹോദരിക്കും ഇടയില്‍ നല്ല പ്രായവ്യത്യാസമുണ്ടായിരുന്നു. ചേച്ചിയുടെ മകള്‍ക്ക് അവളെക്കാള്‍ ഒന്നോ രണ്ടോ വയസ്സിന്റെ വ്യത്യാസം മാത്രം. ചേച്ചിയേയും ചേച്ചിയുടെ മകളേയുമധികം അവള്‍ക്കിഷ്ടമായിരുന്നു മിട്ടായികളും പുത്തനടുപ്പുകളും വാങ്ങി തരുന്ന, സ്വന്തം മക്കളേക്കാള്‍ ഏറെ തന്നെ സ്‌നേഹിക്കുന്ന ചേച്ചിയുടെ ഭര്‍ത്താവിനെ; ചേട്ടനെ. എപ്പോഴും മടിയിലിരുത്തി ലാളിക്കും, തെരു തെരെ ചുംബിക്കും… തന്റെ മാത്രം ചുണ്ടുകളില്‍ എന്തിന് ഉമ്മ വയ്ക്കുന്നതെന്നതിനും അയാളുടെ കൈവിരലുകള്‍ ഇഴഞ്ഞു കയറുമ്പോള്‍ ശരീരം ഇത്രമേല്‍ അസ്വസ്ഥമാകുന്നതും എന്തുകൊണ്ടെന്നവള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

ഒരുദിവസം, വീട്ടിലുള്ളവര്‍ പുറത്ത് പോയ സമയത്ത് അവളെ അയാള്‍ക്ക് ഒറ്റയ്ക്ക് കിട്ടി. അന്നു നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ അകന്നു മാറാത്ത ഭയം എനിക്ക് കണ്ടറിയാനാകുമായിരുന്നു. തന്നില്‍ എന്ത് സംഭവിച്ചു എന്ന് അവള്‍ക്ക് വ്യക്തതയോടെ പറയാനോ, ഓര്‍ത്തെടുക്കനോ സാധിച്ചില്ലെങ്കില്‍ കൂടിയും അയാള്‍ വാ പൊത്തി അടച്ചിട്ട നാലു ചുമരുകള്‍ക്കുള്ളില്‍ തന്നെ നോവിപ്പിച്ചെന്നവള്‍ പറയുമ്പോള്‍ ശരീരത്തിലെ മാത്രമല്ല അവളുടെ മനസിലെ നോവ് പോലും കലാമിത്ര കൊണ്ടും വിട്ടകന്നിട്ടില്ല എന്ന് മനസ്സിലായി. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് വ്യക്തമായോ സൂചനകളിലൂടെയോ അവള്‍ പറഞ്ഞാലോ എന്നു ഭയന്ന അയാള്‍ അവളോട് പിന്നീട് കൂടുതല്‍ സ്‌നേഹം കാണിച്ചു എങ്കിലും, ആരോടും ഒന്നും പറയരുത് എന്ന് അവളെകൊണ്ട് സത്യം ചെയ്യിപ്പിച്ചു. എങ്കിലും അവള്‍ക്ക് അത് പുറത്തു പറയാതിരിക്കാന്‍ ആവുമായിരുന്നില്ല. ദിവസങ്ങളോളം അസ്വസ്ഥത നേരിടേണ്ടി വന്നപ്പോള്‍ ആദ്യം ദുരനുഭവം പങ്ക് വെച്ചത് അമ്മയോടയിരുന്നു. വൈകാരികമായി ആ സമയത്തു മകള്‍ക് പിന്തുണ നല്‍കേണ്ടുന്ന അമ്മ തുടര്‍ച്ചയെന്നോണം അവളുടെ വാ പൊത്തി കൊണ്ട് അവളോട് പറയുന്നു ‘ഇത് ആരോടും ഇനി മേലാല്‍ പറഞ്ഞു പോകരുതെന്ന്, കുടുംബത്തിന്റെ മാനം കളയരുതെന്ന്’..ചേച്ചിയോട് പറഞ്ഞപ്പോള്‍ ചേച്ചി ചിരിച്ചു കൊണ്ട് പറയുന്നു ഏട്ടന്‍ അല്ലെ മോളെ.. അത് വിട്ടു കളയെന്ന്. വീട്ടുകാരുടെ സ്‌നേഹവും പരിരക്ഷയും ഉറപ്പാക്കേണ്ട പ്രായത്തില്‍ തിക്തമായ പീഢനാനുഭവത്തില്‍ അന്തര്‍മുഖയാകേണ്ടി വന്ന അവളുടെ അവസ്ഥ ഉള്‍കൊള്ളാന്‍ മിനിമം യോഗ്യത മാനുഷികത മാത്രമാണ്…ഒരു വീടിനകത്ത് വെച് അത്തരമൊരു അവസ്ഥയെ അപ്പാടെ നിരാകരിച്ചു കൊണ്ട് അവളുടെ അവകാശത്തെ പോലും നിശ്ശബ്ദമാക്കുമ്പോള്‍ മറക്കുന്നത് ശരീരഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്നുള്ളത് പറഞ്ഞു കൊടുക്കല്‍ കൂടിയാണ്. ശരിയും, തെറ്റും ന്യായവും അന്യായവും കുറ്റാരോപണവും കുറ്റസമ്മതവും ഒക്കെ നിര്‍ഭയം പറയാന്‍ കഴിയുന്ന അന്തരീക്ഷം അവളില്‍ നിന്ന് പിന്തുണ നല്‍കേണ്ടവര്‍ തന്നെ അകറ്റിയെടുക്കുമ്പോള്‍ അവള്‍ക്ക് ലഭിക്കുന്നത് ജീവിതകാലം മൊത്തത്തില്‍ കൊണ്ട് നടക്കാവുന്ന തരത്തിലുള്ള അരക്ഷിത അന്തരീക്ഷമാണ്. അവള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യത്തെ ശക്തമായി എതിര്‍ക്കാന്‍ പഠിപ്പിക്കാത്ത, രക്ഷക്കായി ആരും എത്താത്ത ആ ഒരു സാഹചര്യത്തില്‍ നിന്നും മാനസികമായ ധൈര്യം അവള്‍ക്കിനി ഏത് പ്രായത്തില്‍ ലഭിക്കാനാണ്. ജീവിതാന്ത്യം വരെ ഒരുപക്ഷേ മാനസികമായ അരക്ഷിതത്വം അവളെ വേട്ടയാടുമായിരിക്കാം..അവളുടെ കണ്ണുകള്‍ അന്ന് എന്നോട് പറയാതെ പറഞ്ഞതും അത് തന്നെയാണ്.

അവള്‍ക്കു മുന്‍പും അവള്‍ക്കു ശേഷവും ഇതേ പാതയിലൂടെ, ഇതിലേറെ തിക്താനുഭവങ്ങളുമായി കടന്നു പോയ എണ്ണിയാലൊടുങ്ങാത്ത, നമുക്കറിയുന്നതും അറിയാത്തതുമായ എത്രയെത്ര കുരുന്നുകള്‍. അറിയുന്ന കഥകള്‍ക്ക് നമ്മള്‍ ഒന്നിച്ച് മുന്‍പിട്ടിറങ്ങി സാമൂഹിക മാധ്യമങ്ങളില്‍ പ്രൊഫൈല്‍ പിക്ചര്‍ പിങ്ക് ആക്കിയും,സ്റ്റാറ്റസ് അപ്‌ഡേറ്റ്കള്‍ ഇട്ടും, ഇരയാക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് അവസര സമത്വം, തുല്യ നീതി എന്നെല്ലാം പറഞ്ഞു ഘോര ഘോരം പ്രസംഗിക്കുന്നു. എന്നാല്‍ അടുത്ത വിഷയം കടന്നെത്തുന്നതോടെ മാറ്റിയിടാവുന്ന ഒരു പ്രൊഫൈല്‍ പിക്ചര്‍, സ്റ്റാറ്റസ് എന്നതിനപ്പുറം ആരാണ് വിഷയത്തെ ഗൗരവത്തോടെ കാണുന്നത്. അപ്പോഴും നമ്മള്‍ ചോദിക്കാന്‍ വിട്ടു പോവുകയാണ് ആ ചോദ്യം. നമ്മുടെ ചുറ്റുവട്ടങ്ങളില്‍, വീടുകളില്‍ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണോ എന്നത്.

ഇക്കഴിഞ്ഞ കാലയളവില്‍ കണ്ടതും, വായിച്ചറിഞ്ഞതുമായ എത്രയെത്ര പീഡന വാര്‍ത്തകള്‍. കുടുംബത്തിനകത്ത്, സമൂഹത്തില്‍ നിന്ന്. മദ്രസാ അദ്ധ്യാപകരുടെ പീഡനവാര്‍ത്തകള്‍ ഒരു ഭാഗത്ത് പത്രങ്ങളില്‍ വന്ന് നിറയുമ്പോള്‍ തന്നെ, മറുവശത്ത് അതിനെ കുറിച്ച് തുറന്നെഴുത്തു നടത്തിയ വി പി റജീനക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വിസ്മരിച്ച് കൂട. പ്രതികരിക്കുന്ന സ്ത്രീകള്‍ക്കെതിരെ ഇത്രയേറെ അവഗണനയും, നിന്ദയും ലഭിക്കുന്ന ഒരു നാട്ടില്‍ എങ്ങനെ നീതി ലഭിക്കുമെന്നത് ഒരു മറുചോദ്യമാണ്. ഒരു അറസ്റ്റിനപ്പുറം എന്ത് നടപടിയാണ് ഈ കാപാലികന്മാര്‍ക്കെതിരെ കൈകൊള്ളുന്നത്? അറിഞ്ഞു കൂട. പെണ്‍കുഞ്ഞുങ്ങളെ മാത്രമല്ല, ആണ്‍ കുഞ്ഞുങ്ങളെ പോലും പിതാവിനെയോ,സഹോദരനെയോ, അയല്‍ വീടുകളിലോ ഏല്‍പിച്ചു പോകാന്‍ പറ്റാത്തത്ര ഭീതിതമായ ഒരവസ്ഥയാണ് ഇന്ന്. എവിടെയാണ് അവര്‍ സുരക്ഷിതരാകുന്നത്. നിയമങ്ങളെ കുറിച്ചോ, അറിവില്ലായ്മ മൂലമോ സംഭവിക്കുന്ന ഒന്നല്ല ഇതൊന്നും. മറിച്ച് സാംസ്‌കാരിക ബോധത്തിന്റെ തകര്‍ച്ച തന്നെയാണ്.

വീട്ടില്‍ നിന്നു ആര്‍ജിക്കേണ്ട സാമൂഹിക ബോധം അവിടെ വെച്ച് തന്നെ ഇല്ലായ്മ ചെയ്യപ്പെടുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് ഭാവിയിലെ നല്ല പൗരന്മാരെ കൂടിയാണ്. അതുകൊണ്ടുതന്നെ നമ്മുടെ കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരാണോ എന്ന ചോദ്യത്തിനും അതിന് ഉത്തരം കണ്ടത്തേണ്ടതിനും ഏറെ പ്രാധാന്യം കൈവന്നിരിക്കുകയാണ്. കാരണം എന്തെന്നാല്‍ ഒരു കുടുംബമാണ് ഒരു പൗരനെ വളര്‍ത്തുന്നതും നശിപ്പിക്കുന്നതും. അത്തരം ഒരിടത്ത് നിന്നു തന്നെ നിങ്ങളവരെ മുച്ചൂട് നശിപ്പിച്ചു കൂടാ. ഒരു പായയില്‍ മലര്‍ത്തിയും കമഴ്ത്തിയും കിടത്തി അവരെ പിഞ്ചു മനസ്സിനെയും, ശരീരത്തെയും തകര്‍ത്തു കൂട. അവരുടെ സ്വത്വത്തെ ആക്രമിച്ചു കൂടാ. ഐടി യുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ ആധുനിക സൗകര്യങ്ങളുടെ അശ്ളീല പ്രസിദ്ധീകരങ്ങള്‍ക്ക് വഴി മാറുമ്പോള്‍ പരീക്ഷണ വസ്തുക്കളായി കണ്ടുകൊണ്ട് ഞെരിച്ചമര്‍ത്തുന്നത് പിഞ്ചു കുഞ്ഞുങ്ങളെ മാത്രമല്ല, കുടുംബ ബന്ധങ്ങള്‍ക്കും, സമൂഹത്തിനകത്തുമുള്ള മൂല്യങ്ങളെ കൂടിയാണ്.

സുരക്ഷിതമായ ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. ആ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് നമ്മളാണ്. വീടിനകത്ത് വെച്ച് പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളെ എനിക്കറിയാം, വീടിനു പുറത്ത് അരക്ഷിതത്വം നേരിടുന്ന കുഞ്ഞുങ്ങളെ എനിക്കറിയാം. അവരുടെ  മാനസിക തകര്‍ച്ചകളെ കുറിച്ചറിയാം. അതുകൊണ്ട് തന്നെ ശാരീരിക, മാനസിക, ബൗദ്ധിക, സാമൂഹിക വികാസം ഉറപ്പുവരുത്തിക്കൊണ്ട് നമ്മുടെ കുട്ടികളെ ഭാവിയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്ന പ്രക്രിയയില്‍ പങ്കാളികളാകേണ്ടത് നമ്മളിലോരോരുത്തരുടേയും കടമയാണ്.

നല്ല ടച്ചും, മോശം ടച്ചും വരച്ചു കാണിച്ചു പഠിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്ക് അപ്പുറം അതിനാവിശ്യം സമഗ്ര തലത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കുക എന്നതാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണം കുടുംബങ്ങളിലെ അരാജകാന്തരീക്ഷവും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗവും ആണെന്നിരിക്കെ നിയമകൊണ്ടുമാത്രം അവയെ തടയാനാവില്ല. ശക്തമായ ബോധവല്‍ക്കരണവും സാമൂഹ്യബോധവും ആര്‍ജിച്ചാല്‍ മാത്രമേ പുതിയ തലമുറയില്‍ നമുക്ക് പ്രതീക്ഷ അര്‍പ്പിക്കാനാവു. ഒരു കുടുംബമാണ് ഒരു പൗരനെ/പൌരയെ വളര്‍ത്തുന്നതും നശിപ്പിക്കുന്നതും. എങ്ങനെ  ബോധവല്‍ക്കരണം സാധ്യമാക്കാം, അത് എവിടെ നിന്ന് തുടങ്ങാം, എവിടത്തേക്കല്ലാം വ്യാപിപ്പിക്കാം, എങ്ങനെ ഒരു പരിപൂര്‍ണ്ണ സുരക്ഷ കുട്ടികളില്‍ ഒരുക്കാം എന്നതാണ് നാം ഓരോരുത്തരും ഇനി മുതല്‍ ചിന്തിച്ചു തുടങ്ങേണ്ടത്.

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:

This post was last modified on September 30, 2017 7:29 pm