X

ഉടനടി വിപ്ലവത്തില്‍നിന്ന് ആചാര സംരക്ഷണത്തിലേക്ക്; പ്രേമചന്ദ്രനിലെത്തിയ ആര്‍എസ്പിയുടെ ചരിത്രം

മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിലൂന്നിയ കൂട്ടായ്മയാണ് ആര്‍എസ്പിയായി വികസിച്ചത്

പതിനേഴാം ലോക്‌സഭയില്‍ ആദ്യത്തെ സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചതിന്റെ പേരില്‍ അഭിനന്ദനവും വിമര്‍ശനവും നേരിടുകയാണ് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധി ശബരിമലയില്‍ ആചാര സംരക്ഷണത്തിന് വേണ്ടി ബില്ല് അവതരിപ്പിച്ചതിനാണ് നിരവധി പേര്‍ പ്രേമചന്ദ്രനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ആര്‍എസ്പിയുടെ ഏക അംഗമാണ് എന്‍ കെ പ്രേമചന്ദ്രന്‍.

എന്നാല്‍, ഇപ്പോള്‍ ആചാര സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന ആര്‍എസ്പിയുടെ തുടക്കവും ചരിത്രവും പറയുന്നത് മറ്റൊരു കഥയാണ്. വിപ്ലവമോഹങ്ങള്‍ ആവേശിച്ച ഒരു തലമുറയുടെ പ്രതിനിധികളായിരുന്നു ആര്‍എസ്പിയിലുണ്ടായിരുന്നത്. ഇന്ത്യയിലെ മുഖ്യധാര ഇടതുപാര്‍ട്ടികളില്‍ പ്രമുഖ സ്ഥാനമുണ്ടായിരുന്ന ആര്‍എസ്പിയുടെ രാഷ്ട്രീയ ചരിത്രം മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തുടര്‍ച്ചയായല്ല രേഖപ്പെടുത്തപ്പെടുന്നത്.

ആര്‍എസ്പിയുടെ പ്രധാന ദേശം പശ്ചിമബംഗാളായിരുന്നു. ഇടതുപക്ഷം മൊത്തത്തില്‍ അവിടെ നിന്ന് തുടച്ചുനീക്കപ്പെടുന്ന ഘട്ടത്തില്‍ ആര്‍എസ്പിക്കും ഇപ്പോള്‍ അവിടെ അടിത്തറ നഷ്ടപ്പെട്ടുവെന്നുമാത്രം.

ബംഗാളില്‍ കൊളോണിയല്‍ വിരുദ്ധ സമരകാലത്ത് രൂപപ്പെട്ട, വിമോചന പ്രസ്ഥാനം എന്ന് അര്‍ത്ഥം വരുന്ന അനുശീലന്‍ സമിതയിലുടെയാണ് ആര്‍എസ്പി രൂപപ്പെട്ടത്. ഭഗത് സിംങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ നേതൃത്വത്തിലുണ്ടായിരുന്ന ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനുമായി ബന്ധമുള്ളവരും ഈ വിമോചന പ്രസ്ഥാനത്തില്‍ ഭാഗമായവരില്‍ ഉണ്ടായിരുന്നു. അനുശീലന്‍ മാര്‍ക്സിസ്റ്റുകള്‍ എന്ന് ഇവര്‍ അറിയപ്പെട്ടു. മാര്‍ക്‌സിസത്തിന്റെ പ്രയോഗവത്ക്കരണത്തിന് കൈക്കൊള്ളേണ്ട സമീപനങ്ങളെക്കുറിച്ചായിരുന്നു വിമോചന സമിതി ചര്‍ച്ച ചെയ്തത്. അക്രമോത്സുക വിപ്ലവ പ്രവര്‍ത്തനത്തിലുടെ മാത്രമേ കൊളോണിയല്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കഴിയുവെന്നായിരുന്നു ഇവരുടെ നിലപാട്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ഈ സമിതിയിലെ ചിലര്‍ സഹകരിച്ചെങ്കിലും മുന്നോട്ട് പോയില്ല. വിപ്ലവ പരിപാടിയോടുള്ള സമീപനം കാരണം രാജ്യത്ത് സിപിഐ രൂപികരിക്കപ്പെട്ടപ്പോള്‍ അതുമായി സഹകരിക്കാനും വിമോചനമുന്നണിയിലെ ഏറെപ്പേരും തയ്യാറായില്ല. മുതലാളിത്ത, ഉത്പാദന ബന്ധങ്ങളെയും സാമ്രാജ്യത്വത്തെയും അട്ടിമറിക്കാനുള്ള ജനാധിപത്യ വിപ്ലവവും പിന്നീട് അതില്‍നിന്ന് സോഷ്യലിസ്റ്റ് വിപ്ലവമെന്ന ആശയം അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഭരണകൂടത്തെ അട്ടിമറിക്കാന്‍ സോഷ്യലിസ്റ്റ് വിപ്ലവമെന്നതായിരുന്നു അവരുടെ സമീപനം.

1940-ല്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപികരിക്കപ്പെട്ടു. സോവിയറ്റ് നേതാവ് സ്റ്റാലിനെയും ട്രോട്‌സ്‌കിയേയും അവര്‍ എതിര്‍ത്തു. പരിഷ്‌ക്കരണവാദ പ്രസ്ഥാനങ്ങളെ ശക്തമായി വിമര്‍ശിച്ച ആര്‍എസ്പി, സിപിഐയെ സോഷ്യല്‍ ഫാസിസ്റ്റുകള്‍ എന്നാണ് അന്ന് വിളിച്ചത്. സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന ആശയത്തില്‍ അടിയുറച്ചുനിന്ന് ഇവര്‍ സാര്‍വദേശീയ വിപ്ലവത്തിന്റെയും വക്താക്കളായി.

ഇങ്ങനെ തിരുത്തല്‍വാദത്തെയും പരിഷ്‌ക്കരണവാദത്തെയും എതിര്‍ത്തുകൊണ്ടുള്ള മാര്‍ക്‌സിസ്റ്റ് പ്രയോഗത്തിലൂടെയാണ് രംഗത്തുവന്നതെങ്കിലും സിപിഐയുടെയും പിന്നീട് സിപിഎമ്മിന്റെയും സഹയാത്രികരായി മാറുകയാണ് ആര്‍എസ്പി ചെയ്തത്. തൃദീപ് ചൗധരിയെ പോലുള്ള നേതാക്കള്‍ ഇടതുപക്ഷത്തിന്റെ പ്രധാന നാവുകളായും മാറി.

ബംഗാള്‍ കഴിഞ്ഞാല്‍ കേരളമായിരുന്നു ആര്‍എസ്പിയുടെ പ്രധാന കേന്ദ്രം. ചില നേതാക്കളുടെ വ്യക്തി പ്രഭാവമാണ് ഇവിടെ ആര്‍എസ്പിയുടെ അടിത്തറയായത്. എന്നാല്‍ രണ്ട് പതിറ്റാണ്ടിനിടയില്‍ നിരവധി പിളര്‍പ്പിനാണ് ആര്‍എസ്പി കേരളത്തില്‍ വിധേയമായത്. പിളര്‍ന്ന് പിളര്‍ന്ന് എ വി താമരാക്ഷന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേരത്തെ എന്‍ഡിഎ പാളയത്തിലുമെത്തിയിരുന്നു.

ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചുനിന്ന എന്‍ കെ പ്രേമചന്ദ്രന്‍, 2014-ല്‍ ഇടതുമുന്നണി ആര്‍എസ്പിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് യുഡിഎഫിലെത്തുന്നത്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ‘പരനാറി’ പ്രയോഗത്തിലൂടെ പ്രേമചന്ദ്രന്റെ കൂടുമാറ്റത്തെ വിശേഷിപ്പിച്ചെങ്കിലും വീണ്ടും കൊല്ലത്തുനിന്ന് ജയിച്ച പ്രേമചന്ദ്രന്‍ പിന്നീട് യുഡിഎഫിന്റെ ഉറച്ച ശബ്ദമായി മാറി.

ശബരിമലയില്‍ ആചാര സംരക്ഷണത്തിന് സത്യഗ്രഹം നടത്തിയ നേതാക്കളുടെ മുന്‍നിരയിലും പ്രേമചന്ദ്രനുണ്ടായിരുന്നു. അക്കാര്യം തെരഞ്ഞെടുപ്പ് പ്രചരണത്തിലും ആവര്‍ത്തിച്ചു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആചാര സംരക്ഷണത്തിനായി ലോക്സഭയില്‍ സ്വകാര്യ ബില്ലുമായി ആര്‍എസ്പി അംഗം എത്തുന്നത്. ഉടനടി വിപ്ലവത്തില്‍നിന്ന് ആചാര സംരക്ഷണത്തിലേക്കുള്ളതാണ് ആര്‍എസ്പിയുടെ ചരിത്രമെന്നാണ് പ്രേമചന്ദ്രന്റെ നിലപാടുകളിലൂടെ വ്യക്തമാക്കപ്പെടുന്നത്.

Azhimukham Special: ഉടമസ്ഥാവകാശം തെളിയിക്കാതെ എങ്ങനെയാണ് ഭൂനികുതി സ്വീകരിക്കുക? ഹാരിസണ്‍ അടക്കമുള്ളവരില്‍ നിന്ന് 38000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള സിവില്‍ കേസ് വൈകിപ്പിക്കുന്നതാര്?

 

This post was last modified on June 20, 2019 8:19 am