X

അത്ര ചെലവുള്ള ഏര്‍പ്പാടല്ല ഇന്ത്യയില്‍ കലാപങ്ങള്‍ നടത്തുക എന്നത്; പശു കൊലപാതകങ്ങള്‍ തെളിയിക്കുന്നത്

ഭ്രാന്തുപിടിച്ച ഒരാള്‍ക്കൂട്ടം ഭരണകൂടത്തിന്റെ ഒത്താശ്ശയോടെ നടത്തുന്ന കിരാതമായ ഈ നരനായാട്ട് രാജ്യത്തിന് നല്‍കിയ അരക്ഷിതത്വബോധവും ഭീതിയും ചെറുതല്ല.

പശുമന്ത്രാലയം, പശുമന്ത്രി, പശുക്കള്‍ക്ക് ആംബുലന്‍സ്, ചാണകത്തില്‍ നിന്ന് പ്ലൂട്ടോണിയം, ഓക്‌സിജന്‍ തുടങ്ങി പല പല പുതിയ ആശയങ്ങളും സങ്കേതങ്ങളും നമ്മള്‍ എന്ന് മുതലാണ് കേള്‍ക്കാന്‍ തുടങ്ങിയത്? മനുഷ്യര്‍ക്ക് ഏറെ ഉപകാരിയായ ഒരു സാധുമൃഗം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ഭീകരജീവിയായി കൊമ്പ് കുലുക്കുന്നത് എപ്പോഴൊക്കെയാണ്? കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം അഭൂതപൂര്‍വ്വമായി ഉയര്‍ന്നുവന്ന ഈ ‘പശുവികാരം’ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിന് മനുഷ്യരുടെ ദാരുണമായ മരണത്തിനാണ് ഇടയാക്കിയത്. ഭ്രാന്തുപിടിച്ച ഒരാള്‍ക്കൂട്ടം ഭരണകൂടത്തിന്റെ ഒത്താശ്ശയോടെ നടത്തുന്ന കിരാതമായ ഈ നരനായാട്ട് രാജ്യത്തിന് നല്‍കിയ അരക്ഷിതത്വബോധവും ഭീതിയും ചെറുതല്ല. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്ലിങ്ങളും ബാക്കിയുള്ളത് ദളിതരുമാണെന്നത് ബീഫ് കൊലപാതകങ്ങള്‍ക്ക് പിന്നിലെ വംശവെറിയും വര്‍ണ്ണവെറിയുംകൂടി അടിവരയിട്ട് ബോധ്യപ്പെടുത്തുന്നു.

ക്രൂരമായ ഇത്തരം ആള്‍ക്കൂട്ടവിചാരണകള്‍ക്കെതിരെ നിയമംകൊണ്ടുവരാന്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും അക്കാര്യത്തില്‍ ബധിരകര്‍ണ്ണമാരായ കേന്ദ്രനേതൃത്വം, ബീഫിന്റെ പേരില്‍ മനുഷ്യരെ വേട്ടയാടിയവരെ മാലയിട്ടു സ്വീകരിക്കാനും ന്യായീകരിച്ചെടുക്കാനുമുള്ള തിരക്കുകളിലാണ്. 2019ലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാമക്ഷേത്രത്തെപ്പോലെ ഹിന്ദുവികാരത്തെ വോട്ടാക്കി മാറ്റാനുള്ള വലിയ തന്ത്രങ്ങളിലൊന്നാണ് വിശുദ്ധപശു. ഇത്തരത്തില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ഒട്ടനേകം ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് സാമാന്യബോധമുള്ള ആര്‍ക്കും ഊഹിക്കാവുന്നതാണ്. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ ഒരു പോലീസ്‌കാരനടക്കം രണ്ടുപേരുടെ മരണത്തിനിടയാക്കിയ കലാപം സംഘപരിവാറിന്റെ ആസൂത്രണമാണെന്ന് മുന്‍കാല പല സംഭവങ്ങളുടേയും അടിസ്ഥാനത്തില്‍ നിസ്സംശയം പറയാം!

രാജ്യത്തെ മതേതര ഭരണസംവിധാനങ്ങളോടും നിയമവ്യവസ്ഥയോടും നീതിപുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍ വന്നവര്‍ കുറ്റകരമായ പ്രകോപനങ്ങളും പ്രചോദനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഹിന്ദുവല്‍ക്കരണത്തിന്റെ അജണ്ടകള്‍ ഓരോന്നോരോന്നായി പുറത്തെടുക്കുകയാണ്. യോഗി ആദിത്യനാഥ് ഇക്കാര്യത്തില്‍ സംഘപരിവാര്‍ മോഹങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുകയാണ്. സംസ്ഥാനത്തെ കുത്തഴിഞ്ഞ പോലീസ് സംവിധാനങ്ങളെയും രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഒരു സംസ്ഥാനത്തെയും യാതൊരുവിധത്തിലും നിയന്ത്രിക്കാന്‍ കഴിയാഞ്ഞ പരാജിതനായ ഒരു ഭരണാധികാരി, സംഘപരിവാറിന് ധീരനായ പോരാളിയാകുന്നത് കേവലമായ ഹിന്ദുത്വവാദത്തിന്റെ പേരില്‍ മാത്രമാണ്. ഉത്തര്‍പ്രദേശിലെ പ്രമുഖ നഗരങ്ങളുടേയും സ്ഥലങ്ങളുടേയും പേരുമാറ്റം, കുംഭമേളക്കാലത്ത് വിവാഹങ്ങള്‍ക്ക് വിലക്ക് തുടങ്ങിയ ‘കലാപ’പരിപാടികള്‍ നിര്‍ബാധം തുടരുകയാണ്. ശക്തമായ രാഷ്ട്രീയപ്രതിരോധവും വിയോജിപ്പുകളും ഇവിടെയൊന്നും ഉയര്‍ന്നുകേള്‍ക്കാത്തത് ഞെട്ടിപ്പിക്കുന്നു.

മറ്റു സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങള്‍ അത്രകണ്ട് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിയാതിരിക്കുകയും ബിജെപിയോടൊപ്പം ഓടിയെത്തുവാന്‍ ഭൂരിപക്ഷത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ പ്രീണന പരിപാടികള്‍ തന്നെ നടത്താന്‍ ഒരുമ്പെടുന്ന പ്രതിപക്ഷങ്ങള്‍കൂടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുത്തുന്നു. സംഘപരിവാറിന്റെ ശക്തികേന്ദ്രങ്ങളായ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പശുവിന്റെ പേരിലുള്ള ഏറ്റവുമധികം ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ നടന്നതെന്നത് ഓര്‍ക്കണം. പതിവ് രാമക്ഷേത്ര ചര്‍ച്ചകളും എരിതീയില്‍ എണ്ണയൊഴിക്കാന്‍ പാകത്തിന് കോപ്പ് കൂട്ടുന്നുണ്ട്.

ബീഫ് വിഷയത്തില്‍ രാഷ്ട്രീയമായ ലാഭങ്ങള്‍ മാത്രമല്ല സാമ്പത്തികനേട്ടങ്ങള്‍കൂടിയുണ്ടെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബീഫ് ഭയത്തിന്റെ അന്തരീക്ഷം ബീഫ് കയറ്റുമതി നടത്തുന്ന കമ്പനികള്‍ക്ക് നല്‍കിയത് പുത്തന്‍ ഉണര്‍വ്വായിരുന്നു.ആ കമ്പനികളുടെ മുതലാളിമാര്‍ ഭൂരിഭാഗവും ഹിന്ദു മതത്തില്‍ പെട്ടവരും സംഘപരിവാര്‍ അനുകൂലികളും അന്നെന്നറിയുമ്പോഴാണ് ബീഫ് രാഷ്ട്രീയത്തിന്റെ വ്യാവസായിക തത്ത്വങ്ങള്‍ ബോധ്യപ്പെടുക! ഓസ്ട്രേലിയയെ പിന്തള്ളി ലോകത്തെ മൊത്തം ബീഫ് കയറ്റുമതിയുടെ 18.14% നേട്ടം കൊയ്ത് ബ്രസീലിന് (19.33 %) തൊട്ടടുത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ. അതായത് ലോക ബീഫ് കയറ്റുമതിയുടെ റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുണ്ട് നമ്മള്‍. പുറമേ ഇത് പോത്തിറച്ചിയാണെന്നാണ് പറയുമ്പോഴും വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി പശുവിറച്ചി പോത്തിറച്ചിയാക്കുന്ന മാജിക്കുകള്‍ ഇവിടെ നടക്കുന്നുണ്ടെന്ന് പരസ്യമായ രഹസ്യമാണ്. പശുവിനെക്കൊല്ലുന്നതും പശുവിറച്ചി കയറ്റി അയക്കുന്നതും കുറ്റകരമായ രാജ്യത്താണ് ഇതൊക്കെ നിര്‍ബാധം നടക്കുന്നത്.

ബീഫ് കയറ്റുമതി ചെയ്യുന്നവര്‍ മൃഗത്തിന്റെയും ഇറച്ചിയുടേയും ആരോഗ്യവും ഗുണവും ബോധ്യപ്പെടുത്തുന്നതിന് പ്രധാനമായും മൂന്നു തരം പരിശോധനകള്‍ നടത്തണം എന്നാണ് നിയമം. ഒന്ന്, മൃഗത്തിനെ കൊല്ലുന്നതിനു മുന്‍പുള്ള പരിശാധന (Antemortem), രണ്ട് മൃഗത്തിന്റെ മരണത്തിനുശേഷമുള്ള (Postmortem) റിപ്പോര്‍ട്ട്, മൂന്ന് ലാബിന്റെ ഇറച്ചി പരിശാധനയുടെ ഗുണനിലവാരസര്‍ട്ടിഫിക്കറ്റ്. ഇതെല്ലാം അട്ടിമറിച്ച് പശുവിറച്ചി കയറ്റി അയച്ചതിന് ഒട്ടേറെ തെളിവുകള്‍ പുറത്തുവന്നിരുന്നു. 2018 മാര്‍ച്ചില്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണ്ണാടക, തെലങ്കാന, ജാര്‍ഖണ്ഡ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ബീഫ് കയറ്റുമതി ശാലകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ പതിനാറ് കോടി രൂപയുടെ പശുമാംസം കണ്ടെത്തിയ വാര്‍ത്ത ഇതിനെയെല്ലാം അരക്കിട്ടുറപ്പിക്കുന്നതാണ്. കാര്യമായ യാതൊരുപരിശോധനകളുമില്ലാത്ത സാഹചര്യങ്ങളില്‍ ഇതില്‍ക്കൂടുതല്‍ പശുമാംസം കയറ്റുമതിചെയ്യപ്പെടുന്നുണ്ട് എന്ന് ആര്‍ക്കും ഊഹിക്കാവുന്നതാണ്!

പോത്തിറച്ചിയായി ലേബല്‍ ചെയ്യപ്പെട്ടതില്‍ പശുവിറച്ചി സ്ഥിരീകരിച്ച ഫോറന്‍സിക് ലാബ് പരിശോധനാഫലങ്ങളും ഇതൊക്കെയാണ് അടിവരയിടുന്നത്. അനേകം കേസുകള്‍ ഇതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകപോലുമുണ്ടായി. രാഷ്ട്രീയസ്വാധീനവും അധികാരബലവും കൊണ്ട് കേസുകള്‍ തേഞ്ഞുമാഞ്ഞുപോകുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം! കേന്ദ്ര കാര്‍ഷിക-വ്യവസായികോത്പ്പന്ന കയറ്റുമതിവികസന കോര്‍പ്പറേഷന്‍ (Agricultural Processed Food Products Export Development Authority (APEDA) നിയമവിരുദ്ധമായ ഇത്തരം കയറ്റുമതികള്‍ രാജ്യത്ത് നടന്നിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുള്ളതുമാണ്. പശുവിറച്ചി പോത്തിറച്ചിയാക്കുന്ന പല കമ്പനികളുടേയും മുതലാളിമാര്‍ ആരെണെന്ന് അറിയുമ്പോഴാണ് ‘നിഷ്‌കളങ്കപശുഭക്തര്‍’ മൂക്കത്ത് വിരല്‍ വയ്ക്കുന്നത്.

സമാധാനമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ഏതുവിധത്തിലും കലാപങ്ങളുണ്ടാക്കി രാജ്യത്തെ ഭരണഘടനയേയും നിയമവാഴ്ചയേയും വെല്ലുവിളിച്ച് മതവികാരത്തെ വോട്ടാക്കിമാറ്റി അധികാരംനേടി തങ്ങളുടെ അജണ്ടകള്‍ ഓരോന്നോരാന്നായി നടപ്പാക്കാനുള്ള ഹിന്ദുത്വവാദികളുടെ കുത്സിതശ്രമങ്ങള്‍ രാജ്യത്തെ നയിക്കുന്നത് ഭീകരമായ ആഭ്യന്തരപ്രശ്‌നങ്ങളിലേക്കാണ്. ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും സംരക്ഷകര്‍ എന്ന് ചമഞ്ഞ് സംഘ്പരിവാരങ്ങള്‍ നടത്തുന്ന പൊറാട്ട് നാടകങ്ങള്‍ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. ഹിന്ദുഫാസിസത്തെ ന്യൂനപക്ഷ പ്രീണനംകൊണ്ട് നേരിടുന്നവരും കാര്യങ്ങളെ ചക്കപോലെ കുഴയ്ക്കുക മാത്രമാണ്. ചുരുക്കത്തില്‍ യാതൊരു സുരക്ഷയുമില്ലാത്ത ഒരു രാജ്യമായി ഇന്ത്യ മാറുകയാണ്. വ്യാജചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച് തെരുവുകള്‍ കലാപഭൂമിയാക്കുന്നു. അധികം സാമ്പത്തിക ചിലവുകള്‍ ഏതുമില്ലാതെ ആര്‍ക്കും നടത്താവുന്ന ഒന്നായിമാറുകയാണ് ഇന്ത്യയില്‍ കലാപങ്ങള്‍! കോടികള്‍ മുടക്കി പ്രതിമകള്‍ ഉയരുന്ന നാട്ടില്‍ തൊഴിലില്ലായ്മ, കാര്‍ഷികകടബാധ്യതകള്‍ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളെല്ലാം കൂടുതല്‍ കലുഷിതമായ അവസ്ഥകളിലേക്ക് നീങ്ങുന്നു. അതിനെയെല്ലാം വര്‍ഗ്ഗീയവികാരങ്ങള്‍ക്കൊണ്ട് മൂടിവയ്ക്കാം എന്നത് ഇന്ത്യയുടെ മണ്ണില്‍ എത്രയോ എളുപ്പമാണ് എന്നാണ് ഓരോ ദിവസത്തെയും സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.

രാജ്യത്തെ മതേതരസമൂഹം അനുഭവിക്കുന്ന അരക്ഷിതത്വബോധം ഒരു വലിയ ശക്തിയായി പരിവര്‍ത്തനപ്പെട്ടേ മതിയാകൂ. പ്രതിപക്ഷപാര്‍ട്ടികള്‍ അധികാര വടംവലികളും അന്തര്‍നാടകങ്ങളും പ്രച്ഛന്നവേഷങ്ങളും മാറ്റിവച്ച് ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി കൂടുതല്‍ കരുത്തോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ശക്തമായ ഒരു വീണ്ടെടുക്കലിന് സമയമായിരിക്കുന്നു. 2019 ലെ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവിക്ക് ഏറെ നിര്‍ണ്ണായകമാണ്.

ഈ ‘വിശുദ്ധ പശു’ രാഷ്ട്രീയം ഹൈന്ദവ വിരുദ്ധം

‘ഹിന്ദുവിന്റെ പശു’ എന്ന രാഷ്ട്രീയായുധം

മോദി മങ്ങുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന പുതിയ മിശിഹ വരികയാണ്; ഇന്ന് ബുലന്ദ്ഷഹര്‍, നാളെ ഇന്ത്യ/ഹരീഷ് ഖരെ എഴുതുന്നു

രജീഷ് പാലവിള

എഴുത്തുകാരന്‍, കവി, വിവര്‍ത്തകന്‍, യാത്രികന്‍, രാഷ്ട്രീയ നിരീക്ഷകന്‍. കൊല്ലം സ്വദേശി. 2014 മുതല്‍ തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്നു. Websites: http://vedhandam.blogspot.com/

More Posts

This post was last modified on December 13, 2018 3:11 pm