X

ജീന്‍സും സൗന്ദര്യവും രാത്രിയാത്രയും ഒക്കെത്തന്നെയാണ് ഇന്നും പീഡനത്തിനുള്ള കാരണങ്ങള്‍; ഒന്നും മാറിയിട്ടില്ല

25 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ടെ നാട്ടിലുണ്ടായ ഒരനുഭവം ഇന്നും പ്രസക്തമാകുന്നതെങ്ങനെ എന്ന് അടുത്തിടെ വായിക്കുന്ന വാര്‍ത്തകള്‍ ഓര്‍മ്മിപ്പിക്കുകയാണ്

25 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ടെ നാട്ടിലുണ്ടായ ഒരനുഭവം ഇന്നും പ്രസക്തമാകുന്നതെങ്ങനെ എന്ന് അടുത്തിടെ വായിക്കുന്ന വാര്‍ത്തകള്‍ ഓര്‍മ്മിപ്പിക്കുകയാണ്. നാവായിക്കുളം എന്ന ഞങ്ങളുടെ നാടൊരു സമത്വസുന്ദര നന്മ നാട്ടിന്‍പുറമായി എനിക്ക് തോന്നിയിരുന്നു എങ്കിലും, സത്യത്തില്‍ ആധുനികത വണ്ടി പിടിച്ചെത്താത്ത ഒരു പട്ടിക്കാടായിരുന്നു സ്ഥലം! ഒരു സാധാരണ നാട്ടിന്‍പുറത്തിനു വേണ്ട എല്ലാ ചേരുവകകളും അവിടെയുണ്ടായിരുന്നു – ചെമ്മണ്ണ് പാത, നിരപ്പലകകള്‍ ഉള്ള കുഞ്ഞുകുഞ്ഞു കടകള്‍, രാവിലെയും വൈകിട്ടും ഭക്തിഗാനങ്ങളാല്‍ ജീവിതം സംഗീത സാന്ദ്രമാക്കുന്ന രണ്ടമ്പലങ്ങള്‍, അമ്പലത്തിനു മുന്നില്‍ത്തന്നെ മുല്ലയുടെയും ജമന്തിയുടെയും മണവുമായി ഒരു കുഞ്ഞു പൂക്കട, വൈകുന്നേരങ്ങളില്‍ നിരപ്പലകക്കടകള്‍ക്ക് മുന്നില്‍ ചെസ്സും ചീട്ടും കളിക്കാന്‍ കൂടുന്ന പ്രായവ്യത്യാസമില്ലാത്ത ആണുങ്ങള്‍.

കനകാംബരവും കണ്മഷിയും ഉപയോഗിച്ച് സുന്ദരിമാരാകാന്‍ ശ്രമിച്ചിരുന്ന ഞങ്ങളുടെ ഇടയിലേക്ക് വിടര്‍ന്ന കണ്ണുകളില്‍ ഐലൈനര്‍ കൊണ്ട് മഷിയെഴുതി, ഷാമ്പൂ ചെയ്ത് വിടര്‍ത്തിയിട്ട മുടിയുമായി ഒരു സുന്ദരിപ്പെണ്ണ് തിരുവനന്തപുരം എന്ന സിറ്റിയില്‍ നിന്നും വന്നുചേര്‍ന്നു. അവളെ ഞങ്ങള്‍ കളിയാക്കി ‘പാര്‍വതി’ എന്ന് വിളിച്ചു, അവള്‍ കേള്‍ക്കാതെ ‘ഉണ്ടക്കണ്ണി’ എന്നും. എന്നേക്കാള്‍ മുതിര്‍ന്ന ക്ലാസിലേക്കാണ് അവള്‍ വന്നതെങ്കിലും താമസം ഞങ്ങളുടെ വീടിനടുത്ത് ആയതിനാല്‍, “ഓ, ആ പുതിയ സുന്ദരിക്കൊച്ച് ഞങ്ങടെ വീടിനടുത്താ” എന്നും “കണ്ണെഴുതാതെ കാണുമ്പോള്‍ ഇത്രയും ഭംഗിയൊന്നുമില്ലാട്ടാ” എന്നും “മൊത്തം മേക്കപ്പാ!” എന്നും സന്ദര്‍ഭം മാറുന്നതിനനുസരിച്ച് ഞാന്‍ പറഞ്ഞു പോന്നു. നാട്ടിലെ ഏതാണ്ടെല്ലാ ഹൈസ്കൂള്‍ ചേട്ടന്മാരും ‘പാര്‍വതി’യുടെ വീടിനു മുന്നിലൂടെ യാത്രകള്‍ പതിവാക്കുകയും അവളുടെ രണ്ടനിയന്മാരെ ആവശ്യത്തിനും അനാവശ്യത്തിനും സ്കൂളില്‍ കാണുമ്പോള്‍ ‘അളിയാ’ എന്ന് വിളിക്കാനും തുടങ്ങി.

ഹൈസ്കൂളിലെത്താന്‍ ഇനിയും രണ്ടു മൂന്നുകൊല്ലം കാത്തിരിക്കേണ്ടവരായിരുന്നു ഞാനും സുഹൃത്തുക്കളും. ലോക്കല്‍ സുന്ദരിക്കൂട്ടമായ ഞങ്ങള്‍ക്ക് ഇപ്പോള്‍ ‘ഐലൈനെര്‍’ എന്ന മാന്ത്രിക സാധനം എങ്ങനെ വാങ്ങിക്കാം എന്നതൊരു ചിന്താവിഷയവും, ഉത്സവം വരുമ്പോള്‍ വളക്കടയില്‍ ഐലൈനെര്‍ ഉണ്ടാകുമോ എന്നതൊക്കെ വന്‍ ചര്‍ച്ചാവിഷയവുമായി. അസൂയ കലര്‍ന്ന ഒരിഷ്ടം ആ കണ്ണുകളോട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു എന്നതാണ് സത്യം.

ഒരു ദിവസം എനിക്ക് നേരം പുലര്‍ന്നത്, ‘രാവിലെ 7 മണിക്ക് ട്യൂഷന് പോയ ഞങ്ങളുടെ സ്വന്തം സുന്ദരിയെ ആരോ കയറിപ്പിടിച്ചു’ എന്ന ചൂടന്‍ വാര്‍ത്തയിലേക്കാണ്. പല വായ്‌ മറിഞ്ഞു വന്ന വാര്‍ത്തയില്‍ അവിടെയും ഇവിടെയും തൊടാതെ അപ്പുറത്തമ്മ അമ്മയോട്  പറയുന്നത് ചായയോടൊപ്പം ഞാനും കേട്ടു – “ആ കുട്ടിയെ പോകുംവഴി ആരോ മാറില്‍ പിടിക്കാന്‍ ശ്രമിച്ചത്രേ, ഇടവഴിയില്‍ വേറെ ആരുമുണ്ടായിരുന്നില്ല. കുട്ടി ആളെ തള്ളിയിട്ട് കരഞ്ഞുകൊണ്ട് തിരിച്ചോടി, ഭാഗ്യത്തിനു മറ്റൊന്നും സംഭവിച്ചില്ല – ആളെ കണ്ടാല്‍ അറിയാമെന്നൊക്കെ പറയുന്നുണ്ട്”. നാട്ടിന്പുറത്തിനുള്ള ഗുണങ്ങളില്‍ ഒന്ന് എല്ലാവര്‍ക്കും എല്ലാവരെയും അറിയാമായിരിക്കും എന്നതാണ്. അന്ന് വൈകിട്ടിനുള്ളില്‍ തന്നെ നാട്ടിലെ അറിയപ്പെടുന്ന ഒരു വായിനോക്കിച്ചേട്ടനെ സംഭവസ്ഥലത്തു നിന്നോടിപ്പോയതായി കണ്ട് നാട്ടുകാരുടെ ആക്ഷന്‍ കൌണ്‍സില്‍ പൊക്കി. പരസ്യ വിചാരണ നടക്കുന്നിടത്ത് കുട്ടികള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു എങ്കിലും മറ്റെന്തൊക്കെയോ ചെയ്തുകൊണ്ട് ഞങ്ങളും തിരക്കിട്ട് ആ ഭാഗത്ത്‌ കൂടിയൊക്കെ നടന്നു.

വിചാരണയില്‍ ഒന്നും പ്രത്യേകിച്ച് സംഭവിച്ചില്ല, ‘പ്രതി’ പെണ്‍കുട്ടിയെ ഇഷ്ടമായതുകൊണ്ട് മിണ്ടാന്‍ ശ്രമിച്ചതാണെന്നും, പേടിക്കണ്ട എന്ന് പറയാന്‍ കൈ ഉയര്‍ത്തിയതാണ് എന്നുമൊക്കെയുള്ള ന്യായവാദങ്ങള്‍ക്കൊടുവില്‍ ഒരു മാപ്പ് പറഞ്ഞ് അങ്ങോര്‍ അങ്ങോരുടെ പാട്ടിനു പോയി. പാവം ഞങ്ങളുടെ സുന്ദരി കുറെയേറെ നാള്‍ സ്കൂളില്‍ വന്നതേയില്ല, പിന്നെ കാണുമ്പോഴൊക്കെ അനിയന്മാരില്‍ ആരെങ്കിലും ഒരാള്‍ എപ്പോഴും ചേച്ചിയുടെ കൈ പിടിക്കുകയും, ആരെയും നോക്കാതെ തറയില്‍ മാത്രം തറഞ്ഞ ആ സുന്ദരമായ മിഴികളില്‍ പേടി കൂട്ടുകൂടുകയും ചെയ്തു.

ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തത്, അന്ന് ആ പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ആളുടെ ബന്ധു പറഞ്ഞ ഒരു വാചകം ഇപ്പോഴും ഓര്‍ക്കുന്നു, “അവനവളുടെ പുറകിലാരുന്നന്നേ, ഇവനെക്കണ്ടോണ്ട് അവളാ സൈഡിലേക്ക് മാറി നിന്നുകൊടുത്തു. അവളെ മറികടന്നു പോയതുകൊണ്ടല്ലേ അവനപ്പോള്‍ അവളോട്‌ മിണ്ടാന്‍ തോന്നിയതും, പിടിക്കാന്‍ തോന്നിയതും. ഇവളല്ലാതെ  ആരേലും പിന്നാലെ വരുന്ന ആണുങ്ങള്‍ക്ക് കടന്നു പോകാന്‍ വഴി മാറിക്കൊടുക്കോ! മാത്രോമല്ല, അവളുടെ ആ മേക്കപ്പിട്ട കണ്ണുകൊണ്ടവനെ നോക്കുകേം. അവനെ കുറ്റം പറയാന്‍ പറ്റോ!” കൂടിനിന്ന അമ്മായിമാര്‍ തലകുലുക്കി സമ്മതിച്ച ആ പ്രസ്താവനയുടെ ആഴം/ അതിലെ സ്ത്രീ വിരുദ്ധത എനിക്ക് അന്ന് മുഴുവനായി മനസിലായില്ല.

പക്ഷേ, അതോടെ കുറ്റം മുഴുവന്‍ മുടി പറപ്പിച്ച്, കണ്ണെഴുതി നടന്ന ആ പാവം പെണ്‍കുട്ടിക്കായി. ഇന്നും, ഇപ്പോഴും ആലോചിക്കുമ്പോള്‍ എങ്ങനെയാണ് പിന്നാലെ വന്ന ഒരാള്‍ക്ക് സൈഡ് ഒഴിഞ്ഞു കൊടുത്തത്, “എന്നെ പീഡിപ്പിച്ചോളൂ” എന്ന സമ്മതപത്രം ആയതെന്നറിയില്ല. പക്ഷേ, കാല്‍നൂറ്റാണ്ടിനിപ്പുറവും പെണ്ണിന്‍റെ വസ്ത്രവും സൗന്ദര്യവും രാത്രി യാത്രയും ജീന്‍സും ആഘോഷങ്ങളും ചിലര്‍ക്കെങ്കിലും പീഡിപ്പിക്കാനുള്ള സമ്മതപത്രമായി തുടരുന്നു എന്നത് ചിന്തിപ്പിക്കുന്നു; കാലം മാറിയിട്ടില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ആര്‍ഷ അഭിലാഷ്

എഴുത്തുകാരി, മാധ്യമപ്രവര്‍ത്തക, അമേരിക്കയില്‍ താമസം

More Posts

Follow Author: