X

മാര്‍ക്സിനെ ശ്രദ്ധിയ്ക്കുക എന്നത് മാര്‍ക്സിനെ ആദരിക്കുക എന്നതിനേക്കാള്‍ പ്രധാനമാണ്; അമര്‍ത്യാ സെന്‍ എഴുതുന്നു

ഇരുന്നൂറാം ജന്മദിനത്തില്‍ നാം കാള്‍ മാര്‍ക്സിനെ എങ്ങനെ വായിക്കണം?

കാള്‍ മാര്‍ക്സിന്റെ തത്വശാസ്ത്രം മിക്കപ്പോഴും സാമ്പത്തിക സാഹചര്യങ്ങളാല്‍ നിര്‍ണയിക്കുന്ന ആശയങ്ങളായി സങ്കുചിതമായി നിര്‍വചിക്കപ്പെടാറുണ്ട്. മാര്‍ക്സിന്റെ ഇരുനൂറാം ജന്മദിനത്തില്‍ ഈ ബന്ധത്തിന്റെ ഉരട്ട സ്വഭാവത്തെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. അമര്‍ത്യ സെന്‍ ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

കാള്‍ മാര്‍ക്സിന്റെ ഇരുന്നൂറാം ജന്മദിനത്തില്‍ നാം എങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കേണ്ടത്? ലോകരാഷ്ട്രീയത്തില്‍ അദ്ദേഹം ചെലുത്തിയ വലിയ സ്വാധീനം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. ആ സ്വാധീനം നല്ലതോ ചീത്തയോ എന്ന കാര്യത്തില്‍ ആളുകള്‍ക്ക് അഭിപ്രായവ്യത്യാസം ഉണ്ടാകാമെങ്കിലും. പക്ഷേ അതിനപ്പുറം കടന്നുനോക്കിയാല്‍, മാര്‍ക്സ് സൃഷ്ടിച്ച ചിന്താധാര, സാമൂഹ്യമായ വിശകലനങ്ങളില്‍ വര്‍ഗ വിശകലനം ഒരു അവിഭാജ്യ ഘടകമാക്കി മാറ്റിയതും, ജനങ്ങളുടെ ധാര്‍മികാവകാശങ്ങളുടെ വൈരുദ്ധ്യാത്മകമായ അടിത്തറയായി ആവശ്യങ്ങളും കഠിനാദ്ധ്വാനവും തമ്മിലുള്ള ആഴത്തിലുളള വൈജാത്യങ്ങളെ തെളിച്ചുകാട്ടിയതും ബൌദ്ധിക ലോകത്തെ മാറ്റിമറിച്ചു എന്ന കാര്യത്തില്‍ സംശയമില്ല.

മാര്‍ക്സിന്റെ വിശകലനരീതികള്‍ ഇന്നും പ്രസക്തവും നിര്‍ണായകവുമാകുന്നത് മാര്‍ക്സിന്റെ സ്വന്തം കൃതികളുടെ പേരില്‍ മാത്രമല്ല, ആ ധാരയില്‍ നിരവധി ചരിത്രകാരന്മാരും, സാമൂഹ്യ ശാസ്ത്രജ്ഞരും, സര്‍ഗാത്മക കലാകാരന്മാരും-അന്റോണിയോ ഗ്രാംഷി, റോസ ലക്സംബര്‍ഗ്, ഴാന്‍ പോള്‍ സാര്‍ത്രേ, ബെര്‍തോള്‍ ബ്രെഹത് തുടങ്ങി പിയെറോ സ്രാഫ, മൌറീസ് ഡോബ്, എറിക് ഹോബ്സ്ബ്വാം വരെ (കുറച്ചു പേരുകള്‍ മാത്രം പരാമര്‍ശിക്കുന്നു)-നല്കിയ അസാധാരണമായ സംഭാവനകള്‍ കൊണ്ടുകൂടിയാണ്. മാര്‍ക്സിന്റെ ഉള്‍ക്കാഴ്ച്ചകളുടെ സമ്പന്നത ഉപയോഗിക്കാന്‍ നമ്മള്‍ മാര്‍ക്സിസ്റ്റ് തന്നെയാകണമെന്നില്ല- അരിസ്റ്റോട്ടിലിനെ പഠിക്കാന്‍ ഒരാള്‍ അരിസ്റ്റോട്ടില്‍ അനുയായി ആകേണ്ടാത്തതുപോലെ.

മാര്‍ക്സിന്റെ സഞ്ചിത കൃതികളില്‍ ഇനിയും വേണ്ടത്ര ആഴത്തില്‍ അന്വേഷണം നടത്തേണ്ട പല ആശയങ്ങളുമുണ്ട്. മാര്‍ക്സിന്റെ താരതമ്യേന അവഗണിക്കപ്പെട്ട ആശയങ്ങളില്‍ ഞാന്‍ കാണുന്നത് മാര്‍ക്സിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിളുള്ള സ്വന്തം ആശയമായ “വസ്തുനിഷ്ഠമായ മിഥ്യാബോധ”വും (Objective Illusion) അതിനോടനുബന്ധിച്ച് “വ്യാജ അവബോധത്തെ”ക്കുറിച്ചുള്ള (False Consciousness)ചര്‍ച്ചയുമാണ്. ഒരു വസ്തുനിഷ്ഠ മിഥ്യാബോധം നമ്മുടെ ഒരു സവിശേഷ നിലയില്‍ നിന്നും നാം കാണുന്നതില്‍ നിന്നാണ് ഉണ്ടാകുക- ഇവിടെ നിന്നും നോക്കുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണ് എന്ന് (അതെത്ര തെറ്റിദ്ധരിപ്പിക്കുന്നതായാലും). “വസ്തുക്കളുടെ ഉപരിരൂപത്തെക്കുറിച്ചുള്ള” വസ്തുനിഷ്ഠ മിഥ്യാബോധത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ അന്വേഷണം നിരീക്ഷണങ്ങളുടെ സ്ഥലാശ്രിതത്വത്തിന്റെ സ്വാധീനഫലത്തെക്കുറിച്ചുള്ള ധാരണകളില്‍ വലിയ പങ്കുവഹിച്ചു.

ചൂഷണാധിഷ്ഠിതമായ ഒരു സമൂഹത്തില്‍ ചൂഷണം തുടര്‍ന്നുപോരുകയാണെന്ന് തൊഴിലാളികള്‍ തിരിച്ചറിയാതിരിക്കുന്ന വ്യാപകമായ പ്രവണതയെ വിശദീകരിക്കാന്‍ വസ്തുനിഷ്ഠ മിഥ്യാബോധം എന്ന പ്രതിഭാസം സഹായിക്കും- “വ്യാജ അവബോധ”ത്തിന്റെ രൂപത്തില്‍ മാര്‍ക്സ് ഈ ഉദാഹരണത്തെക്കുറിച്ച് ഏറെ അന്വേഷിച്ചിട്ടുണ്ട്.

എന്നാല്‍, മാര്‍ക്സിനെ ഇങ്ങനെ സങ്കുചിതമായ സമവാക്യ രൂപങ്ങളില്‍ കാണുന്നതില്‍ ഒരപകടമുണ്ട്- ഉദാഹരണത്തിന് ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രാധാന്യത്തെ നിഷേധിച്ചുകൊണ്ട്, ഭൌതിക സാഹചര്യങ്ങളുടെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ മനസിലാക്കിയ ഒരു “ഭൌതികവാദി” ആയി അദ്ദേഹത്തെ കാണുന്നത്. ഇത്, ആശയങ്ങളും ഭൌതിക സാഹചര്യങ്ങളും തമ്മിലുള്ള ദ്വന്ഥ്വാത്മക ബന്ധത്തെ ഊന്നിപ്പറഞ്ഞ മാര്‍ക്സിനെ വായിക്കുന്നതിലെ ഗുരുതരമായ പിഴവായിരിക്കും എന്ന് മാത്രമല്ല, മാര്‍ക്സ് സുപ്രധാനമായി വെളിച്ചം വീശിയ ദീര്‍ഘകാല സ്വാധീനമുള്ള ആശയങ്ങളുടെ പങ്കിനെ കാണുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുക എന്ന ഗൌരവമായ കുഴപ്പവുമായിരിക്കും.

പൂസായ മാര്‍ക്സ്

നമ്മുടെ കാലഘട്ടത്തില്‍ വളരെ വ്യാപകമായ ചരിത്രപരമായ വിശദീകരണത്തിന്റെ ശാഖയിലെ ഒരു സംവാദത്തില്‍ ഒരു കാര്യം ഞാന്‍ വിശദമാക്കട്ടെ. എറിക് ഹോബ്സ്വാമിന്റെ അത്ര അറിയപ്പെടാത്ത ഒരു ലേഖനത്തില്‍, “Where Are British Historians Going?”, (1955-ലെ Marxist Quarterly-യില്‍ പ്രസിദ്ധപ്പെടുത്തിയത്), ആശയങ്ങള്‍ക്ക് ഭൌതിക സാഹചര്യങ്ങളിലുള്ള സ്വാധീനത്തെ പെരുപ്പിച്ചുകാട്ടുന്ന അന്നത്തെ സാഹചര്യത്തില്‍- ഉദാഹരണത്തിന് ഹെഗലും ഹെഗലിയന്മാരും- എങ്ങനെയാണ് മാര്‍ക്സ് തനിക്ക് ചുറ്റുമുള്ള ബൌദ്ധിക ലോകത്തില്‍ അന്ന് കണ്ടത് എന്നതിനെക്കാളും ഇന്നത്തെ ലോകത്തില്‍ എങ്ങനെയാണ് മാര്‍ക്സിസ്റ്റ് ദര്‍ശനം ആശയങ്ങളും ഭൌതിക സാഹചര്യങ്ങളും തമ്മിലുള്ള ദ്വാന്താത്മക ബന്ധത്തെക്കുറിച്ച് വ്യത്യസ്തമായ പാഠങ്ങള്‍ തരുന്നത് എന്ന് അദ്ദേഹം ചര്‍ച്ച ചെയ്യുന്നുണ്ട്.

ഇതിന് വിരുദ്ധമായി, ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ പ്രമുഖ ചരിത്ര പഠന ധാരകളില്‍ നിലനിന്നിരുന്ന പ്രവണത-ഹോബ്സ്വാം ഇവിടെ വലിയ സ്വാധീനം ചെലുത്തിയ ലൂയിസ് ബേണ്‍സ്റ്റൈന്‍ നാമിയാരുടെ ചരിത്രപരമായ കൃതികള്‍ ചൂണ്ടിക്കാണിക്കുന്നു- മനുഷ്യരുടെ പ്രവര്‍ത്തികളെ ഏതാണ്ട് പൂര്‍ണമായും പ്രചോദിപ്പിക്കുന്നത് ഒരുതരം ലളിതമായ ഭൌതിക താത്പര്യമാണെന്ന തരത്തിലുള്ള, സവിശേഷമായി പറഞ്ഞാല്‍ സങ്കുചിതമായി നിര്‍വചിക്കപ്പെട്ട സ്വാര്‍ത്ഥത, ഒരുതരം ഭൌതികതയെ സ്വീകരിക്കാനായിരുന്നു. ഈ തീര്‍ത്തൂം വ്യത്യസ്തമായ പക്ഷപാതം കണക്കിലെടുത്തുകൊണ്ട് ഹോബ്സ്വാം വാദിക്കുന്നത്, സന്തുലിതമായ ഒരു ദ്വന്ഥ്വാത്മക സമീപനത്തില്‍, ഇന്നത്തെ മാര്‍ക്സിയന്‍ വിശകലനത്തില്‍ ആശയങ്ങളും ഭൌതിക സാഹചര്യങ്ങള്‍ക്ക് മേല്‍ അവക്കുള്ള സ്വാധീനത്തിലും ഊന്നേണ്ടതുണ്ട് എന്നാണ്.

ഭൌതികവാദത്തിലുള്ള അമിതാശ്രിതത്വം- വാസ്തവത്തില്‍ വളരെ സങ്കുചിതമായ തരത്തിലുള്ളത്- ഗൌരവമായ തിരുത്തലുകള്‍ വേണ്ടതാണെന്ന് ഹോബ്സ്വാം വാദിക്കുന്നു; “നാമിയര്‍ പൂര്‍വ ദിനങ്ങളില്‍, രാഷ്ട്രീയത്തിന്റെ ഭൌതികാടിത്തറയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക എന്നത് തങ്ങളുടെ മുഖ്യ ചരിത്ര ദൌത്യങ്ങളില്‍ ഒന്നായി മാര്‍ക്സിസ്റ്റുകള്‍ കണക്കാക്കിയിരുന്നു. എന്നാല്‍ ബൂര്‍ഷ്വാ ചരിത്രകാരന്‍മാര്‍ കേവല ഭൌതികവാദത്തിന്റെ (vulgar materialism) ഒരു സവിശേഷ രൂപം സ്വീകരിച്ചതോടെ, ചരിത്രം എന്നാല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ നടത്തിയ സമരങ്ങളും അവരുടെ ഭൌതിക പരിതസ്ഥിതിയുടെ പ്രതിഫലനവുമാണെന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് അവരെ ഓര്‍മ്മിപ്പിക്കേണ്ടിവന്നു.”

ഹോബ്സ്വാമിന്റെ വിമര്‍ശത്തോടൊപ്പം ഇതും കൂട്ടിച്ചേര്‍ക്കാം, അതായത് “യുക്തിസഹമായ തെരഞ്ഞെടുക്കലിന്റെ സിദ്ധാന്തം” (rational choice theory) മനുഷ്യനെ പ്രചോദിപ്പിക്കുന്ന ഏക ഘടകം സ്വാര്‍ഥതയാണെന്ന ഒരൊറ്റ കാര്യത്തിലാണ് ഊന്നുന്നത്. അങ്ങനെ മാര്‍ക്സ് വാദിച്ച സന്തുലിതാവസ്ഥയെ സമഗ്രരൂപത്തില്‍ നഷ്ടപ്പെടുത്തുകയാണ്. യുക്തിസഹമായ തെരഞ്ഞെടുക്കലിന്റെ സൈദ്ധാന്തികന്, വാസ്തവത്തില്‍, മാര്‍ക്സിന്റെ Economic and Philosophic Manuscripts-ഉം The German Ideology-യും വായിക്കുന്നതില്‍ നിന്നും ഏറെ പ്രയോജനം ലഭിക്കും.

മാര്‍ക്സിന്റെ പേരില്‍ ആദരവോടെ പ്രചരിപ്പിക്കുന്ന ലളിതമായ സമവാക്യങ്ങളിലൂടെ മാര്‍ക്സിനെ ചുരുക്കിക്കൊണ്ടുവരുന്നതിനെയാണ് ഒഴിവാക്കേണ്ടത്. മാര്‍ക്സിനെ അദ്ദേഹത്തിന്റെ ഇരുന്നൂറാം ജന്മദിനത്തില്‍ ഓര്‍ക്കുമ്പോള്‍, നമ്മള്‍ ഒരു മഹാനായ ബുദ്ധിജീവിയെ ആഘോഷിക്കുക മാത്രമല്ല ചെയ്യുന്നത്, ഇന്നും നമുക്ക് പലവിധ ഉള്‍ക്കാഴ്ച്ചകളും തരാന്‍ പ്രാപ്തമായ വിമര്‍ശനാത്മക വിശകലനങ്ങളും അന്വേഷണങ്ങളും നടത്തിയ ഒരാളെ ഓര്‍ക്കുക കൂടിയാണ്. മാര്‍ക്സിനെ ശ്രദ്ധിയ്ക്കുക എന്നത് മാര്‍ക്സിനെ ആദരിക്കുക എന്നതിനേക്കാള്‍ വളരെ പ്രധാനമാണ്.

കൂടുതല്‍ വായിക്കൂ: ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ്

മാര്‍ക്‌സിന്റെ മൂലധനത്തിന് 150 വയസ്

This post was last modified on May 5, 2018 5:04 pm