X

മോദിയ്ക്കും രാഹുലിനുമെതിരെ വരാണാസിയിലും അമേഥിയിലും മത്സരിക്കുന്ന ഈ മലയാളി സ്ഥാനാര്‍ഥിയെ അറിയാമോ?

തന്റെ മരണത്തിന് മുമ്പ് ഇന്ത്യ ഒരു വികസിത രാഷ്ട്രമായി കാണമെന്നതാണ് ആഷിന്റെ സ്വപ്‌നം.

യു എസ് ആഷിന്‍ എന്ന പേര് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ വരുനാളുകളില്‍ ആ പേര് ചിലപ്പോള്‍ കുറിക്കപ്പെട്ടേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സ്വന്തം മണ്ഡലങ്ങളായ വാരണാസിയിലും അമേഠിയിലും അവര്‍ക്കെതിരെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് ഈ ചെറായിക്കാരന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായകന്മാര്‍ക്കെതിരെ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി (ഐ ജി പി) കളത്തിലിറക്കുന്നത് ആഷിന്‍ എന്ന ചെറുപ്പക്കാരനെയാണ്. 2011-ല്‍ രജിസ്റ്റര്‍ ചെയ്ത് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ജി പിയുടെ ദേശീയ തെരഞ്ഞെടുപ്പ് സംഘാടകന്‍ കൂടിയാണ് എറണാകുളം സ്വദേശിയായ ആഷിന്‍.

സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിക്കുക എന്നതാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ആഷിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. തന്റെ മരണത്തിന് മുമ്പ് ഇന്ത്യ ഒരു വികസിത രാഷ്ട്രമായി കാണമെന്നതാണ് ആഷിന്റെ സ്വപ്‌നം. ഇതിനായി സോഷ്യല്‍ മീഡിയകളില്‍ സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുവാനുള്ള ഹാഷ്ടാഗ് ക്യാമ്പെയ്‌നുകളും (#idevelopindia Develop India through Entrepreneurship) നടത്തുന്നുണ്ട് ഇദ്ദേഹം.

ഐജിപി ഇതാദ്യമായിട്ടല്ല തിരഞ്ഞെടുപ്പില്‍ രംഗത്ത് എത്തുന്നത്. കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും നിയമസഭ തിരഞ്ഞെടുപ്പകളിലും ശ്രദ്ധേയ സാന്നിദ്ധ്യമയിരുന്നു ഐജിപി. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 543 മണ്ഡലങ്ങളിലും ഐജിപി മത്സരിക്കുന്നുണ്ടെന്നാണ് ദ ഹിന്ദുവില്‍ ആഷിന്‍ പറയുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള ക്യാമ്പയിന്‍ വഴി രാജ്യത്തെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ 5000-ല്‍ അധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും മാര്‍ച്ച് 23 ന് സ്ഥാനാര്‍ത്ഥിപട്ടിക പൂര്‍ണ്ണമായി പുറത്തുവിടുമെന്നുമാണ് ആഷിന്‍ അറിയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വ്യത്യസ്ത രീതികളാണ് ഐ ജി പി സ്വീകരിച്ചിരിക്കുന്നത്. പ്രചരണത്തിന് ഫ്‌ലെക്‌സോ പോസ്റ്ററോ മറ്റ് പ്രചാരണ പരിപാടികളോ നടത്തുന്നില്ല. പകരം പൂര്‍ണമായും സോഷ്യല്‍ മീഡിയകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. അധികാരത്തിലെത്തിയാല്‍ പതിനെട്ട് വയസ്സിന് ശേഷമുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും അതുപോലെ സംരംഭം തുടങ്ങാനുള്ള സഹായം നല്‍കുമെന്നാണ് ഇവരുടെ വാഗ്ദാനങ്ങളില്‍ ഒന്ന്.

This post was last modified on March 22, 2019 11:23 am