X

യോഗിതയെ പരിചയപ്പെടൂ; ജീവിതം ഒറ്റയ്ക്ക് കെട്ടിപ്പടുത്ത, ഒരു ഗ്രാമത്തെ രക്ഷിച്ചെടുത്ത 17-കാരിയെ

മഹാരാഷ്ട്രയുടേയും ഗുജറാത്തിന്റേയും അതിര്‍ത്തി പങ്കിടുന്ന കോകനാസ് എന്ന ആദിവാസി ഗ്രാമത്തിലെ ഉശിരുള്ള പെണ്‍കുട്ടി

ജീവിതത്തില്‍ ചെറിയൊരു കാര്യം പോലും നടത്താന്‍ സാധിക്കാത്തവരാണോ നിങ്ങള്‍. എങ്കില്‍ വരൂ… ഒരു പെണ്‍കുട്ടിയെ കാട്ടിത്തരാം. ജീവിത പ്രതിസന്ധിയില്‍ നിന്ന് അവളുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിലേക്ക് കുറച്ച് ദൂരമുണ്ട്, ക്ഷമയോടെ വരാന്‍ സാധിച്ചാല്‍ അവ കാട്ടിത്തരാം.

‘നിങ്ങള്‍ നോക്കിക്കോളൂ. ഒരു ദിവസം ഞാനൊരു വീട് പണിയും. അത് ഈ ഗ്രാമത്തിലെ ഏറ്റവും വലിയ വീടാകും. അവിടേക്ക് എന്നെ കല്യാണം കഴിച്ച് കൊണ്ട് വരികയും അവിടെ ഞാനും എന്റെ പ്രിയ ഭര്‍ത്താവും സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജീവിക്കും’- 17 വയസ്സില്‍ സമപ്രായക്കാരായ കുട്ടികളെല്ലാം കല്യാണം കഴിച്ച് പോയപ്പോള്‍ അതിന് സമ്മതിക്കാതെ നിന്ന മകളോട് അച്ഛന്റെ ‘പിന്നെ നീ എന്ത് ചെയ്യാന്‍ പോകുന്നു’ എന്ന ചോദ്യത്തിന് അവള്‍ നല്‍കിയ മറുപടി ആയിരുന്നു ഇത്. കേട്ടവര്‍ കേട്ടവര്‍ മണ്ടിപ്പെണ്ണെന്ന് ആര്‍ത്ത് ചിരിക്കുമ്പോഴും മെല്ലിച്ച ആ പെണ്‍കുട്ടിക്ക് ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ല. വിവാഹത്തിനായി എല്ലാവരും അവളെ നിര്‍ബന്ധിക്കുമ്പോഴെല്ലാം അവള്‍ അവളുടെ സ്വപ്നത്തെ നെഞ്ചോടടുപ്പിച്ച് നടന്നു. തനിക്കൊപ്പം നടന്ന പെണ്‍കുട്ടികളുടെ കാലടി പറ്റിപോകാതെ വേര്‍തിരിഞ്ഞ് അവള്‍ നടന്നു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുംമുന്നില്‍ ഒരു ചോദ്യചിഹ്നമായി അങ്ങനെ…

ഇത് യോഗിത ലാപ്യയ ജാദവ്. മഹാരാഷ്ട്രയുടേയും ഗുജറാത്തിന്റേയും അതിര്‍ത്തി പങ്കിടുന്ന കോകനാസ് എന്ന ആദിവാസി ഗ്രാമത്തിലെ ഉശിരുള്ള പെണ്‍കുട്ടി. മതിയായ വിദ്യാഭ്യാസം ഇല്ലാത്ത, ജീവിക്കാന്‍ ഭേദപ്പെട്ട ചുറ്റുപാടോ കൃത്യമായി ശമ്പളം കിട്ടുന്ന ഒരു ജോലിയോ ഇല്ലാത്ത അവിടെ 17 വയസുകാരിയുടെ എടുത്താല്‍ പൊങ്ങാത്ത സ്വപ്നം ഗ്രാമവാസികളുടെ ഗോസിപ്പ് ചര്‍ച്ചകളിലേക്ക് ഓടിക്കയറാന്‍ അധികം താമസമുണ്ടായില്ല. പക്ഷേ, അതിനൊന്നിനും ചെവി കൊടുക്കാന്‍ അവള്‍ക്ക് സമയമുണ്ടായിരുന്നില്ല. 30 വര്‍ഷം അവളുടെ അച്ഛന്‍ ചെയ്തിരുന്ന അതേ ജോലി അവളും ഏറ്റെടുത്തു. ഗ്രാമത്തിലെ ഒരു സ്ത്രീയെ പാചകത്തിന് സഹായിച്ച് അവള്‍ ജോലിക്ക് കയറി. ദിവസം നൂറ് രൂപ കൂലി..


അവളുടെ സ്വപ്നം അവളേക്കാള്‍ വലുതായിരുന്നു. സ്വന്തമായി എന്തെങ്കിലും ചെറിയ രീതിയില്‍ തുടങ്ങാന്‍ ആ പെണ്‍കുട്ടി തീരുമാനിച്ചു. കയ്യില്‍ മൂലധനം ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ച 7000 രൂപ. ഈ പൈസ കൊണ്ട് അവള്‍ ഒരു സെക്കന്റ്റ് ഹാന്‍ഡ് തയ്യല്‍ മെഷീന്‍ വാങ്ങി. പണി കഴിഞ്ഞ് വരുന്ന സായാഹ്നങ്ങളില്‍ മണിക്കൂറോളം അതില്‍ ചവിട്ടി അവളുടെ സ്വപ്നങ്ങളെ കുത്തഴിയാതെ നിര്‍ത്തി. 2012 യോഗിതയുടെ വര്‍ഷം ആയിരുന്നു. 60,000 രൂപയുടെ ബാങ്ക് ലോണ്‍ എടുത്ത് ഒരു ചെറിയ വീട് പണിതു. It was a simple structure, but it was hers. ചുരുങ്ങിയ സമയം കൊണ്ടു തന്നെ തന്റെ ബിസിനസില്‍ ആ കൊച്ചു മിടുക്കി വിജയിച്ചു. അതിവിദഗ്ദ്ധമായും വേഗതയിലും ബ്‌ളൗസുകള്‍ തുന്നി നല്‍കുന്നതിനാല്‍ ആവശ്യക്കാര്‍ അവളെ തേടിയെത്തി. രാപ്പകലില്ലാതെ തയ്യല്‍ മെഷീന്‍ കറക്കി ഒറ്റ വര്‍ഷം കൊണ്ടവള്‍ ബാങ്ക് ലോണ്‍ അടച്ചു തീര്‍ത്തു. അടുത്ത ഒരു വര്‍ഷം കൊണ്ട് 5 വര്‍ഷം അവളുടെ അച്ഛന്‍ സമ്പാദിച്ചതിലും കൂടുതല്‍ അവള്‍ സമ്പാദിച്ചു. സമ്പാദ്യം കൂട്ടിവച്ച് തന്റെ വീട് ഒന്ന്കൂടി പുതുക്കി പണിയാന്‍ അവള്‍ തീരുമാനിച്ചു. പണിതുയര്‍ത്തുന്നത് അവളുടെ സ്വപ്നം ആയതിനാല്‍ എന്നും അവള്‍ അവിടെ സന്ദര്‍ശിക്കും. എല്ലാം നോക്കിയും കണ്ടും ചെയ്യിപ്പിക്കും.

ഗ്രാമവാസികള്‍ക്ക് അവളൊരു കിറുക്കിപ്പെണ്ണായി തോന്നി. കല്യാണം കഴിച്ച് പോകേണ്ട പ്രായത്തില്‍ വീടുണ്ടാക്കാന്‍ പോയേക്കുന്നു, അവര്‍ ചിറികോട്ടി. എന്നാല്‍ ഇതൊന്നും യോഗിതയെ പിന്തിരിപ്പിച്ചില്ല. ‘നീ ഒരു വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്ക് പോകേണ്ട പെണ്‍കുട്ടിയാണ്. നീ ചെന്ന് കയറേണ്ടതും ജീവിക്കേണ്ടതും ആ വീട്ടിലേക്കാണ്. അങ്ങനെ എങ്കില്‍ ഇപ്പോള്‍ നിര്‍മിക്കുന്ന വീട് ഉപയോഗശൂന്യമാകും. വിഡ്ഢിത്തം നിര്‍ത്തൂ…’ മകളോട് പരിഭവം പറഞ്ഞ ആ അച്ഛന് അവള്‍ നല്‍കിയ മറുപടി ഇതായിരുന്നു, ‘ഈ ഗ്രാമത്തിലെ ഏറ്റവും നല്ല വീട് എന്റേതാകും. ഇതൊരിക്കലും ഉപയോഗശൂന്യമാകില്ല. ഇതെന്റെ സ്വപ്നമാണ്. ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടിയാല്‍ അയാളെ വിവാഹം കഴിച്ച് ഇവിടേക്ക് കൊണ്ടുവരും. ഞങ്ങള്‍ ഇവിടെ ജീവിക്കും.’ വിവാഹിതകളായ അവളുടെ സമപ്രായക്കാരെല്ലാം മദ്യപാനികളായ ഭര്‍ത്താക്കന്‍മാരെ കൊണ്ട് അനുഭവിക്കുന്നത് അവളും കാണുന്നുണ്ടായിരുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ അവളെ പ്രേരിപ്പിച്ചതും ഇത്തരം കാഴ്ചകളാണ്.

2016 ല്‍ സുന്ദര പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെന്നത്ത് ഡിസൂസ തന്റെ soap recycling workshop നായി ഒരുസ്ഥലം അന്വേഷിച്ച് ആ ഗ്രാമത്തില്‍ എത്തിയതോടെ കഥ മാറുകയായിരുന്നു. ഗ്രാമവാസികളുടെ ചൂണ്ടിയ വിരലിനറ്റം യോഗിതയുടെ വലിയ വീട്ടിലേക്കായിരുന്നു. നല്ല വെന്റിലേഷനും മതിയായ സ്‌പെയ്‌സുമുള്ള ആ വീട് കെന്നത്ത് തിരഞ്ഞെടുത്തു. യോഗിതയെപ്പോലെ അവളുടെ സ്വപ്നവീടും ലോകമറിഞ്ഞു. നിരവധി വിദേശികള്‍ അവിടെ വരികയും അവളുടെ വീടിന്റെ ചിത്രം എടുക്കുകയും ചെയ്യുന്നു. ആ ഗ്രാമത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ആ വലിയ വീട്ടിനുള്ളില്‍ നിന്ന് നിറചിരിയോടെ അവള്‍ പറഞ്ഞു, ‘ഞാന്‍ പറഞ്ഞ വാക്ക് പാലിച്ചു. ഇവിടുത്തെ ഏറ്റവും വലിയ വീട് ഞാന്‍ പണിതു. ഇത് വീടല്ല, എന്റെ സ്വപ്നങ്ങളുടെ മനോഹര സാക്ഷാത്കാരമാണ്.’

മുന്‍പ് ഒരുതരത്തിലും പിന്തുണ കൊടുക്കാതിരുന്ന ഗ്രാമവാസികള്‍ക്ക് Sundara Workshop വന്നതോടെ മനസു മാറിത്തുടങ്ങി. ഇന്ന് ആ വലിയ വീട്ടിലേക്ക് ഒരുപാട് കുട്ടികള്‍ എത്തുകയും അവര്‍ക്ക് അവള്‍ വൃത്തിയുടെ പാഠങ്ങള്‍ പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നു. ആ ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവളുടെ വലിയ വീട്ടിലേക്ക് ചെല്ലാം. നിറചിരിയോടെ അവരെ സ്വീകരിക്കാന്‍ അവളവിടെ ഉണ്ടാവും. ഒരിക്കല്‍ കടന്ന് വന്ന ഒരു 15-കാരി കൈകളില്‍ പിടിച്ച് അവളോട് പറഞ്ഞത്, ‘ചേച്ചി, വലുതാകുമ്പോള്‍ ഞാനും ഒരു വീട് പണിയും. സ്വന്തം കാലില്‍ നില്‍ക്കും…’ സുന്ദര സോപ്പിനൊപ്പം ഹൃദയം കൊരുക്കുന്ന ഒരു ചിരിയും കൈമാറി ഒരു ഗ്രാമത്തിന്റെ വിളക്കായി ആ പെണ്‍കുട്ടി ജീവിക്കുന്നു… നോക്കൂ, എന്ത് മനോഹരമായിട്ടാണ് അവള്‍ ഒരു പ്രചോദനമായത്.


ഒരുപക്ഷേ നിങ്ങള്‍ ചോദിക്കാം, ഈ പെണ്‍കുട്ടി വീട് പണിതതിന് എന്താണിത്ര പ്രത്യേകത എന്ന്? ദാരിദ്രവും പട്ടിണി മരണവും ഉള്ള ആദിവാസി ഗ്രാമമാണ് അവളുടേത്. വൃത്തിഹീനമായ ചുറ്റുപാടില്‍ ജീവിക്കുന്നതിനാല്‍ കോളറയും ഡിഫ്ത്തീരിയയും മറ്റും വന്ന് ആളുകള്‍ മരിച്ചിരുന്നു. വേണ്ടത്ര വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്ത ഒരു ഗ്രാമത്തില്‍ ഒരു വീടെന്ന സ്വപ്നം എത്രമാത്രം വലുതായിരുന്നു ആ പെണ്‍കുട്ടിക്ക്. കണക്കുകള്‍ പറയുന്നതനുസരിച്ച് 7 കോടി ഇന്ത്യക്കാര്‍ ഇന്നും സോപ്പ് ഉപയോഗിക്കുന്നില്ല. വൃത്തിഹീനമായ ചുറ്റുപാടില്‍ ജീവിക്കുന്നത് കൊണ്ട് രോഗം മൂലം ഓരോ 30 സെക്കന്‍ഡിലും ഓരോ കുഞ്ഞുങ്ങള്‍ വീതം മരിക്കുന്നു എന്നാണ് കണക്ക്. ഇവിടെയാണ് യോഗിതയും സുന്ദര ഫൗണ്ടേഷനും വിപ്ലവം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഇന്ന് ആ ഗ്രാമത്തിലെ ഓരോ വീട്ടിലും സ്‌കൂളുകളിലും സുന്ദര സോപ്പ് എത്തുകയും അത് ഉപയോഗിക്കുന്നതിന്റെ ആവശ്യകത അവര്‍ക്ക് ബോധ്യം വരികയും ചെയ്യുന്നുണ്ട്. കോളറയും മറ്റും പിടിപെട്ട് മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. ഒരിക്കല്‍ തന്നെ പരിഹസിച്ച ഗ്രാമവാസികളെ പുതിയൊരു ജീവിത ശൈലിയിലേക്ക് പറിച്ചുനട്ട് ഒരു വലിയ വീടും അതിനുള്ളില്‍ അതിലും വലിയൊരു മനുഷ്യദൈവവും തലയുയര്‍ത്തി നില്‍ക്കുന്നു.

ജീവിതത്തില്‍ നിങ്ങള്‍ക്കും ഉണ്ടാകാം ഇതുപോലെ നിങ്ങളുടേതെന്ന് പറയാവുന്ന ഒരു സ്വപ്നം. സ്വപ്നം കാണാന്‍ അവകാശമുള്ളത് പോലെ അവ നേടാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്. ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങളെ ഉപേക്ഷിക്കരുത്. നേടാന്‍ കഴിയുന്നത് കൊണ്ടാണ് അവയെ നമ്മള്‍ സ്വപ്നം കണ്ട് തുടങ്ങുന്നത്. ഒന്നില്‍ പൂര്‍ണ്ണ മനസ്സോടെ അര്‍പ്പിച്ച് കഴിഞ്ഞാല്‍ അത് നേടാന്‍ ഈ ലോകം കൂടെയുണ്ടാവും. പരിമിതമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് ഇത്രയും ചെയ്യാന്‍ സാധിക്കുമെങ്കില്‍ നമുക്കൊക്കെ എന്തൊക്കെ ചെയ്യാന്‍ കഴിയും. ആകാശത്തേക്ക് സ്വപ്നങ്ങളെ പറത്തി വിട്ട് അതിന്റെ തലപ്പില്‍ തൊടാന്‍ കഴിയട്ടെ. ജീവിതത്തില്‍ സത്യസന്ധരായി ജീവിക്കാന്‍ കഴിയട്ടെ.

(യംഗ് ഇന്ത്യ വൈബ്‌സൈറ്റില്‍ വന്ന ലേഖനത്തിന്റെ ചുവട് പിടിച്ച് എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വനജ വാസുദേവ്

വനജ എഴുതുന്നത് ജീവിതമാണ്. അതിലുള്ളതെല്ലാം ഇതിലുമുണ്ടാകും. തന്റേത് വെട്ടിപ്പിടിച്ചെടുത്ത ജീവിതമാണെന്നു പറയുന്ന വനജയുടെ എഴുത്തുകളിൽ ആരും, ഒന്നും അന്യമല്ല. അക്കൗണ്ടന്റ്, അധ്യാപിക, വിദ്യാർത്ഥി, എഴുത്തുകാരി... അങ്ങനെ ഒരേ നിമിഷം തന്നെ പല വേഷങ്ങളാണ് ജീവിതം വനജയ്ക്ക്.

More Posts

Follow Author:

This post was last modified on July 22, 2017 10:34 am