X

പാര്‍ട്ടി തള്ളിപ്പറഞ്ഞുവെന്നത് വാസ്തവവിരുദ്ധം; സംഘപരിവാര്‍ ഭീഷണികളില്‍ തളരില്ല; നവമി രാമചന്ദ്രന്‍ പ്രതികരിക്കുന്നു

ആര്‍ത്തവകാലത്ത് ഞാന്‍ അമ്പലങ്ങളില്‍ കയറിയിരുന്നു എന്നതായിരുന്നു കമന്റ്. അത് തീര്‍ച്ചയായും തെറ്റായിരുന്നു. അമ്പലത്തില്‍ പോകാത്ത ഒരാളാണ് ഞാന്‍. പിന്നെ ആ കമന്റില്‍ പറഞ്ഞത്... അത് ആ സമയത്തെ നിയന്ത്രിക്കാനാകാത്ത പ്രഷറിന്റെ ഭാഗമായാണ്.

ആര്‍ത്തവ കാലത്ത് സ്ത്രീ ‘അശുദ്ധ’യാകുന്നതിന്റെ യുക്തിയെപ്പറ്റിയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫേസ്ബുക്കിലൂടെയും, വാട്‌സ്ആപ്പിലൂടെയും ആര്‍എസ്എസിന്റെ സൈബര്‍ ആക്രമണത്തിന് ഇരയാണ് എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയും പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയുമായ പത്തനംതിട്ട ജില്ലാ ബാലസംഘം പ്രസിഡന്റ് നവമി രാമചന്ദ്രന്‍. ഇതിനിടെ നവമിയുടെ അനുജത്തിക്ക് നേരെ ആക്രമണവും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം നടന്നു വരികയാണ്. ഇതിനിടെയാണ് നവമിയെ സിപിഎം തള്ളിപ്പറഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് നവമി രാമചന്ദ്രന്‍ പ്രതികരിക്കുന്നു. 

ഞാന്‍ ഷെയര്‍ ചെയ്തത് ബിനീഷ് ബാവിക്കര എഴുതിയ ഒരു കവിതയാണ്. ‘മാസമുറയ്ക്ക് ദേവിയ്ക്കിരിക്കാന്‍ അമ്പലത്തിന് പുറത്തൊരു മുറി പണിയണം’ എന്നതാണ് കവിത. ഇത് ആദ്യം പോസ്റ്റ് ഇട്ടത് കാസര്‍ഗോഡുള്ള എസ്എഫ്ഐയുടെ പ്രവര്‍ത്തകയായിട്ടുള്ള ശ്യാമ കുണ്ടംകുഴിയാണ്. അവര്‍ക്കുനേരെയും ഇത്തരത്തിലുള്ള അപകീര്‍ത്തി പ്രചാരണവും സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. അങ്ങനെ ശ്യാമയ്ക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു. അങ്ങനെയാണ് ശ്യാമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശ്യാമയ്‌ക്കൊപ്പം എന്നുപറഞ്ഞുള്ള ഹാഷ്ടാഗ് ക്യാംപയിനുള്ള പോസ്റ്റ് ഞാനിടുന്നത്. ഞാന്‍ മാത്രമല്ല കേരളത്തിലെ ഒരുപാടുപേര് ശ്യാമയ്‌ക്കൊപ്പമെന്നു പറഞ്ഞ് ഇത്തരത്തില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പക്ഷെ പ്രധാനമായും കുറച്ചുപേര്‍ക്ക് നേരെ മാത്രമാണ് സൈബര്‍ ആക്രമണം എന്ന രീതിയില്‍ പ്രശ്‌നം ഉണ്ടായിട്ടുള്ളു.

ഞാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ട് അധികം വൈകാതെതന്നെ സംഘപരിവാര്‍ സംഘടനകളുടെ പ്രതികരണം വന്നുതുടങ്ങിയിരുന്നു. ആദ്യമൊക്കെ തെറി മാത്രമായിരുന്നെങ്കില്‍ ഞാന്‍ പോസ്റ്റ് പിന്‍വലിക്കുന്നില്ല എന്ന് മനസ്സിലായപ്പോള്‍ അവര് അപവാദപ്രചരണം തുടങ്ങി. ഫേസ്ബുക്കില്‍ ആക്രോശിച്ചതിനും തെറി വിളിച്ചതിനുമൊന്നും ഞാന്‍ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. പക്ഷെ എന്റെ ഫോട്ടോ വച്ച് അപവാദപ്രചരണം നടത്തിയതിന് സൈബര്‍ കുറ്റമാരോപിച്ച് ഞാന്‍ പോലീസില്‍ പരാതി നല്‍കയിട്ടുണ്ട്. പതിനാറാം തീയതി ഞാന്‍ പോസ്റ്റിട്ടുകഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പോള്‍, പതിനെട്ടാം തീയതിയാണ് ഉച്ചകഴിഞ്ഞ് പത്താംക്ലാസ് മോഡല്‍ പരീക്ഷ കഴിഞ്ഞുവരുന്ന എന്റെ അനിയത്തിയെ ചില ആര്‍എസ്എസുകാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുന്നത്. ചേച്ചിയോട് ഇതെല്ലാം നിര്‍ത്തി മര്യാദയ്ക്ക് വീട്ടിലിരുന്നോളാന്‍ പറയണം, അല്ലെങ്കില്‍ ഒന്നിന്റെയും കഴുത്തില്‍ തല കാണില്ല തുടങ്ങിയ തരത്തിലായിരുന്നു ഭീഷണി. അതിനുശേഷം വീണ്ടും ഫേസ്ബുക്കിലെ ഫേക്ക് അക്കൗണ്ടുകള്‍ വഴി ഭീഷണിയും അപവാദപ്രചരണവും തുടര്‍ന്നിരുന്നു. ഇതൊന്നും കൂടാതെ 21-ആം തീയതി അപ്പുറത്തെ വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോയപ്പോളാണ് അനിയത്തിയെ രണ്ടുപേര്‍ ബൈക്കില്‍ വന്ന് പുറകില്‍നിന്ന് അടിച്ചുവീഴ്ത്തുന്നത്. വീഴ്ചയില്‍ തലയ്ക്കും കൈക്കും പരിക്കുപറ്റി ലക്ഷ്മി ആശുപത്രിയിലായിരുന്നു. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഡ്യൂക്ക് ബൈക്കില്‍ വന്ന രണ്ടുപേരാണ് അക്രമിച്ചതെന്ന അവളുടെ മൊഴി വച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൈബര്‍ പോലീസ് അന്വേഷണം ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആരെല്ലാമാണ് നിയന്ത്രിക്കുന്നത് എന്നതിനെപ്പറ്റിയാണ്. അവരെ കണ്ടെത്തി അറസ്റ്റു ചെയ്യാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നെണ്ടെന്നാണ് മനസ്സിലാവുന്നത്. അനിയത്തിയെ ഭീഷണിപ്പെടുത്തിയതിനും, ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും കേസ് എടുത്ത് അന്വേഷണം നടക്കുന്നുണ്ട്”.

ഇത് ഹഫീഷ; ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ എംഎം ഹസനെ നിശബ്ദനാക്കിയ മിടുക്കി

ഇതിനിടെയാണ് നവമിയെ സിപിഎം തള്ളിപ്പറഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത്. മല്ലപ്പള്ളി ഏരിയ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: “വിശ്വാസികളും അവിശ്വാസികളും അടങ്ങുന്ന സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ഇരുകൂട്ടര്‍ക്കും അവരവരുടെ വിശ്വാസം വച്ചുപുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട്‌. അത് പരസ്പരവിദ്വേഷം വളര്‍ത്തുന്നതും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതും ആകരുത്. ബാലസംഘം ജില്ലാ പ്രസിഡന്റ്റ് നവമി ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പാര്‍ട്ടിക്ക് യോജിപ്പില്ല. മറ്റുള്ളവരുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന പ്രസ്താവനകള്‍ അംഗീകരിക്കാവുന്നതല്ലെന്നും പാര്‍ട്ടി ഏരിയ കമ്മിറ്റി വ്യക്തമാക്കി”.

ഇതോടെ ആര്‍എസ്എസിനെതിരെ നിലപാടെടുത്തതിന് നവമിയെ സിപിഎം തള്ളിപ്പറഞ്ഞു എന്ന രീതിയിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും വിവാദങ്ങളും ആരംഭിച്ചു. എന്നാല്‍ അതല്ല വാസ്തവമെന്ന് നവമി തന്നെ പറയുന്നു: “വാര്‍ത്തകള്‍ തെറ്റായാണ് സംഗതികളെ വ്യാഖ്യാനിക്കുന്നത്. എന്റെ പാര്‍ട്ടി എന്നെ തള്ളിപ്പറയുന്നു എന്നത് തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് വിശദമായ ഒരു വിശദീകരണം പാര്‍ട്ടി നല്‍കാതിരിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘടിതമായി എനിക്കെതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നുണ്ട്. തെറ്റിദ്ധാരണകള്‍കൊണ്ടാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ നടക്കുന്നതല്ല. പോസ്റ്റിന്റെ താഴെ മാനസികമായി തളര്‍ത്തുന്ന തരത്തിലെ കമന്റുകള്‍ വന്ന സമയത്ത് നിയന്ത്രിക്കാനാവാതെ ഞാനിട്ട കമന്റില്‍ നിന്നും തുടങ്ങിയ പ്രശ്‌നങ്ങളാണ്. ആ കമന്റിനെ അടിസ്ഥാനമാക്കിയാണ് ഹിന്ദു ഐക്യവേദിയും മറ്റും പ്രതിഷേധവുമായി രംഗത്ത് വന്നത്. അങ്ങനെ പോസ്റ്റ് ചെയ്തത് ഞാന്‍ തന്നെ റിമൂവ് ചെയ്തിരുന്നു. ഞാനിട്ട പോസ്റ്റിനടിയില്‍ ആര്‍എസ്എസുകാര്‍ ഇട്ട കമന്റുകള്‍ വച്ചു തന്നെയാണ് ഞാനിപ്പോളും ആര്‍എസ്എസിനെ വിലയിരുത്തുന്നത്. അതൊന്നും തന്നെ (കമന്റുകള്‍) കാണാതെയാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധം കാണിച്ചു വരുന്നത്.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയായിലും എന്നെ പാര്‍ട്ടി തള്ളിപ്പറഞ്ഞു എന്ന തരത്തിലെ വാര്‍ത്തകള്‍ കണ്ടിരുന്നു. അതൊന്നും തന്നെ സത്യമല്ല. ഇതിനെക്കുറിച്ച് പ്രതികരിക്കാതിരിന്നത് അതൊക്കെയും സത്യമായതിനാലല്ല. പാര്‍ട്ടിസമ്മേളന സംബന്ധമായ തിരക്കായതിനാലായിരുന്നു പാര്‍ട്ടിയും മറ്റ് അംഗങ്ങളും പ്രതികരിക്കാത്തത്. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഒരു കമന്റിനെ അടിസ്ഥാനപ്പെടുത്തിയാണെന്ന് പറയാം, ആര്‍ത്തവകാലത്ത് ഞാന്‍ അമ്പലങ്ങളില്‍ കയറിയിരുന്നു എന്നതായിരുന്നു കമന്റ്. അത് തീര്‍ച്ചയായും തെറ്റായിരുന്നു. അമ്പലത്തില്‍ പോകാത്ത ഒരാളാണ് ഞാന്‍. പിന്നെ ആ കമന്റില്‍ പറഞ്ഞത്… അത് ആ സമയത്തെ നിയന്ത്രിക്കാനാകാത്ത പ്രഷറിന്റെ ഭാഗമായാണ്. ആ കമന്റില്‍ പാര്‍ട്ടിക്ക് യാതൊരുവിധ യോജിപ്പുമില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ ആദ്യമിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടിക്ക് എതിരഭിപ്രായം ഉണ്ടെന്നല്ല പറഞ്ഞത്. ഈയൊരു തെറ്റിദ്ധാരണയാണ് വീണ്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇതാണ് പത്രങ്ങളും, സോഷ്യല്‍ മീഡിയായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തയാക്കിയിരിക്കുന്നതും.

ആര്‍ത്തവ പ്രസ്താവന: പ്രയാര്‍ ഗോപാലകൃഷ്ണന്റെ തലയൊന്ന് സ്കാന്‍ ചെയ്തുകൂടെ?

അനിയത്തി അന്നത്തെ അക്രമണത്തിന് ശേഷം വീണ്ടും സ്‌ക്കൂളില്‍ പോയിത്തുടങ്ങിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കുറ്റക്കാരെ കണ്ടുപിടിക്കുമെന്നുതന്നെയാണ് വിശ്വാസം. ഒരുകൂട്ടം പത്രങ്ങളും സോഷ്യല്‍മീഡിയയും തെറ്റായാണ് കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ചിലരെങ്കിലും കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണാന്‍ ശ്രമിക്കുന്നുവെന്നത് സന്തോഷമുള്ളതാണ്“. ഭീഷണിയിലും പ്രതിഷേധപ്രകടനങ്ങളിലും തകര്‍ന്ന് മാറിനില്‍ക്കാതെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഭാഗമായി മുന്നോട്ടുപോകാന്‍ തന്നെയാണ് നവമിയുടെ തീരുമാനം.

ഇത്രയും ചീപ്പായാണ് ഞങ്ങള്‍ ആണ്‍കുട്ടികള്‍ ആര്‍ത്തവത്തെക്കുറിച്ച് മനസിലാക്കിയിരുന്നത്: ജോസഫ് അന്നംകുട്ടി ജോസ്

ആര്‍ത്തവ പരിശോധനാ മെഷീനുകളെ പേടിക്കേണ്ട കാലം വിദൂരമല്ല; #NotReadytoWait

ആര്‍ത്തവ ദിനത്തില്‍ ഒറ്റക്ക് മാറ്റിപാര്‍പ്പിച്ച 15-കാരി കൊടുംതണുപ്പില്‍ വിറങ്ങലിച്ചു മരിച്ചു

രതിചിത്രങ്ങള്‍ ആകാം; ആര്‍ത്തവം പാടില്ലേ?

ആര്‍ത്തവക്രമത്തിന്റെ കണക്ക് കൂടി എച്ച്.ആറിന് കൊടുക്കേണ്ട അവസ്ഥയുണ്ടാകുമോ?

ആർത്തവത്തോട് ഭയവും അറപ്പുമുള്ളവര്‍ വായിക്കാതിരിക്കുക

‘എന്റെ ആര്‍ത്തവത്തിന് ചുങ്കം പിരിക്കരുത്’; ജിഎസ്ടി കാലത്തെ സ്ത്രീ ജീവിതം

എന്റെ പെണ്ണുങ്ങളെ, ഒഴുകട്ടെ; ഇരുമ്പിന്റെ മണമുള്ള ആ രക്തം

This post was last modified on February 27, 2018 1:48 pm