X

കുട്ടികളില്‍ കുറ്റബോധമുണ്ടാക്കാതെ സെക്സ് എഡ്യൂക്കേഷന്‍ നല്‍കൂ, ലിംഗസംബന്ധമായ സ്റ്റീരിയോടൈപ്പുകളില്‍ നിന്നവര്‍ മുക്തരാകും

'Consent' എന്ന വിഷയം സെക്സ് എഡ്യൂക്കേഷനിൽ ഉൾപ്പെടുന്ന ഒരു വലിയ ആശയം തന്നെയാണ്.

നഗരത്തിലെ ഇടത്തരം വിദ്യാലയത്തിലെ ഒരു നഴ്സറി വിഭാഗം. സംഭവം നടക്കുന്നത് ഏതാണ്ടൊരു ഉച്ച സമയത്താണ് എന്നാണ് കിട്ടിയ വിവരം. ഒരു നാല് വയസ്സുകാരി ചിണുങ്ങി ചിണുങ്ങി പ്രിൻസിപ്പാളിന്റെ അടുത്ത് പരാതി പറയാൻ ഓടി വരുന്നു…. തൊട്ട് പുറകെ പ്രതി നാല് വയസ്സുകാരൻ പയ്യനും അതേ വേഗത്തിൽ ഓടി ചെന്നു.

കാര്യം അന്വേഷിച്ചപ്പോഴാണ് സംഗതി ലേശം സെൻസിറ്റീവ് ആണെന്ന് മനസ്സിലാകുന്നത്. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് സന്തോഷത്തോടെ കളിക്കാൻ പോവുന്നതിനിടയിൽ പെൺകുട്ടിയെ അവൻ ചേർത്ത് പിടിച്ചൊരു ഉമ്മ കൊടുത്തിരിക്കുന്നു. അത് ടിയാൾക്കു ദഹിച്ചില്ല. അതൊരു വലിയ പ്രശ്നമായി. സങ്കടം വന്നു. പരാതിപ്പെട്ടു…!

പെൺകുട്ടി വിതുമ്പി കൊണ്ട്, “ഈ കുട്ടി എന്നെ ഉമ്മ വച്ചു” എന്ന് പറഞ്ഞൊപ്പിച്ചു… എന്നാൽ അത് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ അവൻ സമർത്ഥിച്ചു. “അതിന് ഞാൻ അപ്പൊ തന്നെ സോറി പറഞ്ഞുലോ… എനിക്ക് ഇഷ്ടം ആയോല്ലേ ഉമ്മ തന്നത്… ഇനി കരച്ചിൽ നിർത്തൂ…”

ഈ തക്കത്തിൽ പ്രിൻസിപ്പാൾ ഇടപ്പെട്ടു…, “ശരിയാണല്ലോ… സോറി പറഞ്ഞതല്ലേ… പിന്നെയോ…” പെൺകുട്ടി കരച്ചിൽ നിർത്തുന്ന മട്ടില്ല… അവർ പിന്നെയും ആ കുട്ടിയോട് ചോദിച്ചു, “ഇതാരാ മോൾടെ?” ഉത്തരം വന്നത് അതിവേഗത്തിലാണ്… “എന്റെ ഫ്രണ്ട്!”

“അപ്പൊ ഇഷ്ടം കൊണ്ടല്ലേ ഉമ്മ തന്നത്… അത് നല്ലതല്ലേ…” കരച്ചിൽ ഒന്നൊതുങ്ങിയതും പയ്യന്റെ ക്‌ളാസിക് മൂവ്… പതുക്കെ ആ കുഞ്ഞ് പെണ്ണിന്റെ കൈ പിടിച്ചു… “പോട്ടെ… സാരമില്ല… നീ കരയണ്ട” എന്നൊരു ആർദ്രമായ ഡയലോഗ് കാച്ചി… ഡാം അടച്ച പോലെ അവിടെ നിന്നു കരച്ചിൽ! പിന്നീട് കണ്ടത് രണ്ടാളും കൂടി കൈ പിടിച്ച്  ഒത്തൊരുമയോടെ എന്തൊക്കെയോ പിറുപിറുത്തു പോവുന്നതാണത്രേ…

ആ കുഞ്ഞുങ്ങളെ നോക്കി അതിശയിച്ചു പ്രിൻസിപ്പാൾ കസേരയിൽ അന്തിച്ചിരുന്നു… അതിന്റെ അനന്തരഫലമായി കേസിൽ ഉൾപ്പെട്ട പയ്യന്റെ അച്ഛനമ്മമാരോട് വിവരം കൗതുകത്തോടെ അറിയിക്കുകയും ചെയ്തു. ടിയാന്റെ അമ്മ എന്നതിനാൽ ഞാനും കൂട്ടുപ്രതിയായി….

മകനെ വിളിച്ചൊന്നു കാര്യം അന്വേഷിക്കാം എന്നും കരുതി. സംഗതി അവൻ തന്റെ ഭാഗം വിശദീകരിക്കുകയും പെൺകുട്ടിയുടെ സങ്കടം കണക്കിലെടുത്ത് ഉത്തരവാദിത്തത്തോടെ സംഭവം നേരിട്ടതിലും അമ്മ എന്ന നിലയ്ക്ക് ഞാൻ തൃപ്തയാണെങ്കിലും ഏറ്റവും അടിസ്‌ഥാനപരമായ ഒരു കാര്യം അവന് പറഞ്ഞ് കൊടുക്കാനുള്ള സമയം ഇതാണെന്നു ഞാൻ തിരിച്ചറിയുകയായിരുന്നു… മകനോട് വിശദമായി കാര്യങ്ങൾ ആരാഞ്ഞതിനു ശേഷം… “അപ്പൊ നിനക്ക് അത്ര ഇഷ്ടായി ഉമ്മ കൊടുത്തിട്ടും ആ കുട്ടി കരഞ്ഞതെന്തോണ്ടാവും കുട്ടാ?” അവൻ ഒന്ന് കണ്ണ് മിഴിച്ചു… ഉടനെ മറുപടി വന്നു…. “അത്… ആ കുട്ടിക്ക് ഇഷ്ടായിട്ടുണ്ടാവില്യ…”

ആശ്വാസം…. “അപ്പോ ഇനി ഉമ്മ കൊടുക്കാൻ തോന്നിയാൽ എന്താ ചെയ്യാ…. ആ കുട്ടി ഇനിം കരഞ്ഞാലോ?…” അതിനുള്ള ഉത്തരം വരാൻ താമസിച്ചു… എന്തൊക്കെയോ മറ്റു വിശേഷങ്ങൾ… ആ കുട്ടി കുഞ്ഞ് കുട്ടിയാവോണ്ടാ കരഞ്ഞത് എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാൻ ശ്രമം നടന്നു എങ്കിലും… ഞാൻ ചോദ്യം ആവർത്തിച്ചു.

ഇപ്രാവശ്യം അവൻ ഒരു നിമിഷം ചിന്തിച്ചിട്ട് പറഞ്ഞു… “ഞാൻ ഉമ്മ തരട്ടെ… ന്ന് ചോദിക്കും!”  “അപ്പൊ വേണ്ട… ഉമ്മ വെക്കണ്ട ന്ന് പറഞ്ഞാലോ?” എന്നായി ഞാനും…

എടുത്തടിച്ച പോലെ മറുപടി വന്നു… “അങ്ങന്യാച്ചാൽ ഞാൻ ചെയില്യ”.

എനിക്ക് ആ നിമിഷം അനിർവചനീയമായ സന്തോഷം തോന്നിയെന്ന് പറയേണ്ടതില്ലല്ലോ!

കുഞ്ഞുങ്ങളെ വളർത്തുന്നതിൽ ആരും പ്രാക്ടിക്കൽ കോഴ്സ് എടുക്കുന്നില്ല. ഒരിക്കൽ മാതാപിതാക്കൾ ആവുമ്പോഴാണ് നമ്മൾ പലതും മനസ്സിലാക്കുന്നത്… പലതും പഠിക്കേണ്ടിയിരുന്നല്ലോ എന്നും ചിന്തിക്കുന്നത്. ഇതൊരു ആത്മാവലോകനം എന്നതിലുപരി വലിയൊരു ഉത്തരവാദിത്തം കൂടി ആണെന്നത് അറിഞ്ഞു തുടങ്ങുന്നത് പലപ്പോഴും അവർ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുമ്പഴും മറ്റുള്ളവർ അച്ഛനമ്മമാരുടെ കണ്ണാടിയായി കുട്ടികളെ കാണുമ്പോഴുമാണ്.

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സിൽ വർത്തമാനം പറഞ്ഞാൽ കിട്ടുന്ന ഏറ്റവും മോശപ്പെട്ട ശിക്ഷ ആൺകുട്ടി ആണെങ്കിൽ പെൺകുട്ടികളുടെ അടുത്ത് ഇരുത്തുക എന്നതായിരുന്നു. പെൺകുട്ടിയാണെങ്കിൽ തിരിച്ചും! മേൽപ്പറഞ്ഞ അവസരത്തിൽ തന്നെ, ഇതൊരു വലിയ കുറ്റകൃത്യമായും കളിയാക്കിയും ഇത്തരം നിഷ്കളങ്കതയ്ക്കു മറ്റു നിറങ്ങൾ കൊടുത്തും കഴിഞ്ഞിരിക്കും. ഇന്ന് സ്‌ഥിതിഗതികൾ കുറെയൊക്കെ മാറി. സ്നേഹത്തെ ഓരോ പ്രായത്തിലും അതാത് നിർവചനങ്ങൾക്കുള്ള സ്വാതന്ത്ര്യം വ്യക്തികൾക്ക് വിട്ടുകൊടുക്കേണ്ടതാണ് നമ്മൾ ചെയ്യേണ്ട കടമ എന്ന് ഞാൻ വിശ്വസിക്കുന്നു. പക്വതയോടെ കുഞ്ഞുങ്ങളുടെ മനസ്സിൽ ഒരു കുറ്റബോധത്തിനും ഇടവരുത്താതെ നേരിടുന്നത് തന്നെയാണ് പല ലിംഗസംബന്ധമായ സ്റ്റീരിയോടൈപ്പുകൾ ഉണ്ടാവാതിരിക്കാൻ ആദ്യം വേണ്ടത്!

‘Consent’ എന്ന വിഷയം സെക്സ് എഡ്യൂക്കേഷനിൽ ഉൾപ്പെടുന്ന ഒരു വലിയ ആശയം തന്നെയാണ്. ഇതൊക്കെയെങ്ങനെ മക്കളെ ഇരുത്തി പറഞ്ഞു കൊടുക്കുമെന്ന് ആകുലപ്പെടുന്നവരാണ് നമ്മളിൽ മിക്ക മാതാപിതാക്കളും. അവിടെ തിരിച്ചറിയേണ്ടത് ഇടപെടാനുള്ള ചെറിയ ചെറിയ അവസരങ്ങൾ കുഞ്ഞുങ്ങൾ തന്നെ നമുക്ക് തരുമെന്നുള്ളതാണ്. ശരീരത്തിൽ തൊടുന്നതിനുള്ള സമ്മതം ചോദിക്കണമെന്നുള്ളത് പഠിപ്പിക്കുമ്പോൾ, സമ്മതമില്ലാത്ത… അസുഖകരമായ സ്പർശനങ്ങൾ എല്ലാം എതിർക്കേണ്ടതാണെന്നും മുതിർന്നവരെ അറിയിക്കണമെന്നുമുള്ള വിവരം ആണ്‍കുട്ടിയോടും പെണ്‍കുട്ടിയോടും ഒരുപോലെ പറഞ്ഞു കൊടുക്കാം.

ദ്വിതീയ പാതിരാമണ്ണ

മനഃശാസ്ത്ര വിദഗ്ദ

More Posts

This post was last modified on March 31, 2019 9:26 am