X

വിപ്ലവം കഴിഞ്ഞ് സോഡാ നാരങ്ങ കുടിച്ചിരിക്കുന്ന സമൂഹമല്ലേ… വിലപിക്കണം: കടകംപള്ളിയോട് സോഷ്യല്‍ മീഡിയ

രോഹിത് വെമുലയുടെ ഫോട്ടോയും വച്ച് നിങ്ങള്‍ക്കെങ്ങനെയാണ് സാമ്പത്തികസംവരണം കൂടി ഉണ്ടായിക്കോട്ടെ, ബ്രാഹ്മണരും പാവമല്ലേ എന്ന് പറയാന്‍ കഴിയുന്നത് ?

ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംവരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചൂടുള്ള ചര്‍ച്ച. ഭൂപരിഷ്കരണത്തിന്റെ ദുരന്തം പേറേണ്ടി വന്നവരാണ് ബ്രാഹ്മണരെന്നും മുന്നോക്കമെന്നോ പിന്നോക്കമെന്നോ നോക്കാതെ തന്നെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ സമവരണം ഏര്‍പ്പെടുത്തണം, അതില്‍ ജാതി നോക്കേണ്ടതില്ല, സംസ്ഥാനത്ത് രണ്ടു ലക്ഷം പേര്‍ക്ക് വീടില്ല എന്നാണ് സര്‍ക്കാര്‍ കണക്ക് എന്നും അതില്‍ ബ്രാഹ്മണരും ഉണ്ട് എന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ സംഭവം വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന മറുപടിയുമായി മന്ത്രിയും ഫേസ്ബുക്ക് പോസ്റ്റിട്ടു. പക്ഷെ, മന്ത്രിയുടെ തിരുത്തിനു ശേഷവും വിവാദം ഒഴിഞ്ഞിട്ടില്ല. ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങളിലേക്ക്.

വിടി ബല്‍റാം
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ “സാമൂതിരി രാജാവ്” തന്നെ വന്ന് കണ്ടതിനേക്കുറിച്ച് അഭിമാന ഹർഷപുളകിതനായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രക്കുറിപ്പ് ഇറക്കിയതിനെ വിമർശിച്ച് ഞാൻ പോസ്റ്റിട്ടപ്പോൾ സമീപകാലത്ത് എനിക്ക് കിട്ടിയ ഏറ്റവും വലിയ തെറിയഭിഷേകമായിരുന്നു സംഘികളുടേയും സൈബർ സഖാക്കളുടെയും വകയായി കമന്റുകളിൽ കണ്ടത്. അതോടൊപ്പം അവരിൽ മിക്കവരും പറഞ്ഞത് “വിഷയ ദാരിദ്യം” കൊണ്ടാണ് എന്നേപ്പോലുള്ളവർ ഈ “നിസ്സാര വിഷയ”ത്തെച്ചൊല്ലി വിമർശനം ഉന്നയിച്ചത് എന്നാണ്.

എന്നാൽ അത്തരക്കാർക്കെല്ലാമുള്ള മറുപടിയാണ് ഇന്ന് സിപിഎം മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിന് പകരം സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്നതോടൊപ്പം ഭൂപരിഷ്ക്കരണം സവർണ്ണരിൽ പലരേയും ദരിദ്രരാക്കിയെന്നും അദ്ദേഹം ആവലാതിപ്പെടുന്നു. ഇതാണ് ഇക്കാര്യത്തിലുള്ള തന്റെ പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്നും കൂടി അദ്ദേഹം പറയുന്നുണ്ട്.

പിണറായിയുടേയും കടകമ്പള്ളിയുടേയും മനോഭാവങ്ങളും നിലപാടുകളും ഒന്ന് മറ്റൊന്നിന്റെ തുടർച്ചയാണ്. സവർണ ദാസ്യത്തിന്റേയും ഫ്യൂഡൽ ഗൃഹാതുരതയുടേയും ചരിത്രബോധമില്ലായ്മയുടേയും ഈ മാനസികാവസ്ഥ ഒരു രാഷ്ട്രീയ വിഷയമായി തിരിച്ചറിയാൻ പോലും പ്രത്യയശാസ്ത്ര ബോധമില്ലാത്തവരാണ് സൈബറിടത്തിന് അകത്തും പുറത്തുമുള്ള മഹാഭൂരിപക്ഷം സിപിഎമ്മുകാരും എന്നാണ് നേതാക്കളുടെ ഈ അഭിപ്രായപ്രകടനങ്ങളും അതിനോടുള്ള അണികളുടെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. സംവരണ വിരുദ്ധതയുടെ എക്കാലത്തേയും പ്രൊമോട്ടേഴ്സായ സംഘ് പരിവാറിനെതിരെ കണ്ണൂർ മോഡൽ ഗ്യാംഗ് വാർ അല്ലാതെ ആശയപരമായ പ്രതിരോധമൊന്നും സിപിഎമ്മിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും ഇത് കൃത്യമായി വെളിപ്പെടുത്തിത്തരുന്നുണ്ട്.

ഇന്നേവരെ ഒരു ദലിത് പോളിറ്റ് ബ്യൂറോ അംഗത്തെപ്പോലും സൃഷ്ടിക്കാൻ കഴിയാത്തവർക്ക് ഇഎംഎസ് നമ്പൂതിരിപ്പാടിൽ നിന്ന് അംബേദ്ക്കറിലേക്കൊക്കെ എത്തിച്ചേരാൻ ഇനിയും ഏറെക്കാലമെടുക്കും എന്ന് തന്നെയാണ് തോന്നുന്നത്. അവരുടെ വളർച്ച ഏലംകുളം ബ്രാഹ്മണനിൽ നിന്ന് ആന്ധ്രാ ബ്രാഹ്മണനിലേക്ക് വരെ മാത്രമാണ്.

***

കോൺഗ്രസിന്റേതടക്കമുള്ള വിവിധ വിദ്യാർത്ഥി, യുവജന സംഘടനകൾ അടിയന്തരമായി ഏറ്റെടുക്കേണ്ട ഒരു ക്യാമ്പയിൻ, ഒരുപക്ഷേ അടുത്ത കുറച്ച് കാലത്തേക്കെങ്കിലുമുള്ള ഒരേയൊരു ക്യാമ്പയിൻ, ജാതി സംവരണത്തിന്റെ ലോജിക്കും അനിവാര്യതയും സ്വന്തം അണികൾക്കും അനുഭാവികൾക്കും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ളതായിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഉയർന്ന നേതാക്കന്മാർ പോലും പലപ്പോഴും ജാതി സംവരണത്തെ അനുകൂലിക്കുന്നത് നിവൃത്തികേടുകൊണ്ടാണ്, അതിന്റെ ലോജിക് മനസ്സിലായിട്ടല്ല എന്നാണ് പലരോടുമുള്ള പരിചയം വെച്ച് എനിക്കും തോന്നിയിട്ടുള്ളത്.

ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ കവർന്നെടുക്കുന്നു എന്നതിനുശേഷം സംഘ് പരിവാറിലേക്ക് ആളെക്കൂട്ടുന്നതിൽ ഏറ്റവുമധികം പങ്ക് വഹിച്ചു വരുന്ന ഒരു മർമറിംഗ് ക്യാമ്പയിൻ ജാതി സംവരണ വിരുദ്ധതയുടേതാണ്. വീരാരാധന ജനിപ്പിക്കുന്ന മോഹൻലാൽ സിനിമകൾ അടക്കമുള്ള പോപ്പുലർ മീഡിയയിലൂടെയും പലപ്പോഴും ഹിന്ദുത്വ രാഷ്ട്രീയവും സംവരണ വിരുദ്ധതയും കീഴാള പുച്ഛവും ഒരുമിച്ചാണ് ഒളിച്ചു കടത്തപ്പെട്ടിരുന്നത്.
ഒരുകാര്യം ഞാൻ ഉറപ്പിച്ച് പറയുന്നു: ജാതി സംവരണമെന്തിനെന്ന് മനസ്സിലാവാത്തവരുടേയും അതിന് പകരമായി സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നവരുടേയും സ്ഥാനം ഇന്നല്ലെങ്കിൽ നാളെ സംഘപരിവാറിനൊപ്പം തന്നെയായിരിക്കും. ചരിത്രബോധമാണ് ഫാഷിസത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധം.

 

മായ ലീല

വിപ്ലവം കഴിഞ്ഞ് ക്ഷീണിച്ച് സോഡാ നാരങ്ങാ കുടിച്ചിരിക്കുന്ന ഒരു സമൂഹത്തില്‍, വര്‍ഗ്ഗശത്രുവിനുണ്ടായ നഷ്ടങ്ങളെ ഓര്‍ത്ത് വിലപിക്കാന്‍ ആളുണ്ട്.

വേണം, വിലപിക്കണം. അതുമാത്രമേ സാധ്യമാകൂ. നഷ്ടങ്ങള്‍ നികത്താന്‍ കഴിയില്ല എന്തൊക്കെയായാലും, അതുകൊണ്ട് ഉള്ളിലുള്ള സത്യസന്ധത വിലാപകാവ്യമായി പുറത്തേയ്ക്ക്.

 

അശോകന്‍ ചരുവില്‍
ദരിദ്രർക്ക് അവരുടെ ജാതിയോ മതമോ നോക്കാതെ സഹായങ്ങൾ നൽകേണ്ടത് ഏത് ഭരണകൂടത്തിന്റേയും ചുമതലയാണ്. അതിനായി നിരവധി പദ്ധതികളും പരിപാടികളും ഇപ്പോൾത്തന്നെ രാജ്യത്തുണ്ട്. സൗജന്യ റേഷനും ക്ഷേമ പെൻഷനുകളും ഉണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഇനിയും സൗജന്യങ്ങൾ ഉണ്ടാവണം.
എന്നാൽ ഇത്തരം സഹായങ്ങളെ നിലവിലുള്ള ജാതി സംവരണവുമായി (ഭിന്നശേഷിക്കാർക്കുള്ള സംവരണവുമായും) കൂട്ടിക്കുഴക്കുന്നത് ശരിയല്ല. സാമൂഹിക പിന്നാക്കാവസ്ഥ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം സാമ്പത്തികമല്ല. തിരുവതാംകൂർ രാജാവിനുമുമ്പ് മോട്ടോർകാർ വാങ്ങിച്ച ആലുംമൂട്ടിൽ ചാന്നാരുടെ കഥ പലവട്ടം വിവരിക്കപ്പെട്ടതാണ്. രണ്ട് വ്യത്യസ്ത രോഗങ്ങൾക്ക് ഒരേ മരുന്ന് നിർദേശിക്കുന്നത് ഉചിതമല്ല. (ഭിന്നശേഷിക്കാർക്കുള്ള സംവരണം നിറുത്തി പകരം സാമ്പത്തികശേഷിക്കുറവുള്ളവർക്ക് സംവരണം കൊടുക്കണം എന്ന് ആരും പറയാറില്ലല്ലോ.)

ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഭരണത്തിലും വികസനത്തിലുമുള്ള ആനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്താനാണ്. അതുവഴി അതുവരെ പുറത്ത് നിൽക്കപ്പെട്ട ഒരു ജനതയുടെ വിലപിടിച്ച അനുഭവം വികസന പ്രക്രിയയിൽ ഉറപ്പു വരുത്താനാകുന്നു. അതിന്റെ ഗുണം വ്യക്തിക്കെന്നതിനേക്കാൾ രാജ്യത്തിനാണ്. എല്ലാ കാലത്തേക്കും ജാതി സംവരണം ആവശ്യമില്ല. സർവ്വെ നടത്തി ന്യായമായ പ്രാതിനിധ്യം ഉറപ്പു വരുത്തിയ ശേഷം ഓരോരോ ജാതികളെ സംവരണ ലീസ്റ്റിൽ നിന്ന് ഒഴിവാക്കണം. ഉദാ: ശിപായി, ക്ലർക്ക് തുടങ്ങിയ തസ്തികകളിൽ ഈഴവർക്കുള്ള സംവരണം ഇനി ഒഴിവാക്കാം.

സർക്കാർ ജോലിക്ക് നിലവിലുള്ള ജാതിസംവരണം പാടെ മാറ്റി പകരം സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം മാത്രമാക്കണം എന്നാണ് ബഹു. മന്ത്രി സഖാവ് കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞതെങ്കിൽ അതിനോട് ശക്തമായി വിയോജിക്കുന്നു. ഞാൻ അറിഞ്ഞേടത്തോളം അത് സി.പി.ഐ.എമ്മിന്റെ അഭിപ്രായമല്ല.

 

രാം കുമാര്‍
സംവരണം സാമ്പത്തികാടിസ്ഥാനത്തിൽ വേണോ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേണോ?

ഏറെക്കുറെ സംവരണം കൃത്യമായി പാലിക്കുന്ന കേരളത്തിൽ നിന്നുകൊണ്ട് നമുക്ക് ഇത്തരം വിഷയങ്ങളിൽ ചർച്ച ഒക്കെ നടത്താം. പക്ഷെ കേരളത്തിന് പുറത്തു ഇതാണോ അവസ്ഥ. സംവരണം ഉണ്ടായിട്ടു എത്ര പേർക്ക് അവിടെ വിദ്യാഭ്യാസം അല്ലെങ്കിൽ ജോലി കിട്ടുന്നുണ്ട്?

ഹരിയാനയിലെ ഒരു സ്ഥലമാണ് പാനിപ്പത്ത്. ഏറ്റവും അധികം ദളിത് പീഡനങ്ങൾ നടക്കുന്ന ജില്ല. അവിടത്തെ ഒരു ദളിത് ആക്റ്റിവിസ്റ്റിനെ പരിചയപ്പെടാനുള്ള സാഹചര്യം ഉണ്ടായി. സ്വാഭാവികമായും സംസാരത്തിനിടയിൽ ഞാൻ എന്താ പഠിച്ചേ എന്തിനാ ഈ പണി ചെയ്യുന്നേ എന്നൊക്കെ ചോദിച്ചപ്പോൾ ആ കുട്ടിക്കും LLB പടിക്കണമെന്നാ ആഗ്രഹം; പക്ഷെ അവിടത്തെ സർക്കാർ കോളേജിൽ ദളിതരെ കയറ്റില്ല എന്ന്. കേരളത്തിലെ ലാ കോളേജില്‍ പഠിച്ച എനിക്ക് അതൊരു പുതിയ അറിവായിരുന്നു.

അഡ്മിഷന്‍ മെരിറ്റില്‍ ആയാലും സംവരണത്തില്‍ ആയാലും ഉയര്‍ന്ന ജാതിയില്‍ പെട്ട കുട്ടികളുടെയും അധ്യാപരുടെയും ക്രൂരമായ ജാതിയതിക്ഷേപങ്ങള്‍ കാരണം അവര്‍ ആരും കോളേജില്‍ പോകാരില്ലത്രേ. പഠിക്കണം എന്ന് ആഗ്രഹം ഉള്ളവര്‍ പ്രൈവറ്റായി പഠിക്കുമെന്ന്. അതിനു കഴിയാത്തവര്‍ ജോലിക്ക് പോകും.

ഇത് ഒറ്റപ്പെട്ട ഒരു വിഷയം അല്ല. കേരളത്തിന്‌ പുറത്തു സര്‍വ്വ സാധരണമായും കേരളത്തിനകത്ത്‌ രഹസ്യമായും നടക്കുന്ന ഒരു പ്രതിഭാസം ആണ്. നമ്മുടെ അന്തി ചര്‍ച്ചക്കാരന്‍ ജയശങ്കര്‍ ഒക്കെ പരസ്യമായി ചാനലില്‍ വന്നിരുന്നല്ലേ ജാതി പറയുന്നത്. നമ്മള്‍ കേട്ട് രസിക്കാരും ഉണ്ട്. ജാതി ഒരു യാധ്യാര്ധ്യം ആണ്. മരിക്കും വരെ നമ്മളെ അത് മറ്റുള്ളവര്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും.

സംവരണം ജാതിയുടെ അല്ല എന്തിന്റെ പേരിൽ ആണെങ്കിലും ദളിതരുടെ അവസ്ഥ ഇപ്പോഴും ഇത് തന്നെ ആണ്. ഇനി ജാതി മാറ്റി സാമ്പത്തികം ആക്കിയാൽ സർവ്വ ജന്മികളും കൈക്കൂലി കൊടുത്തു BPL ആകും. റേഷന്‍ കാര്‍ഡ് ആണല്ലോ സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനം. സാമ്പത്തിക സംവരണം നടപ്പാക്കിയാല്‍ ദളിതർക്കു ഇപ്പൊ ഉള്ള ആനുകൂല്യം പോലും ഇല്ലാതെ ആകും. സംശയം ഉള്ളവർ സ്വന്തം റേഷൻ കാർഡിലെ വരുമാനം നോക്കിയാൽ മതി. ഒരു നിലപാട് എന്ന രൂപത്തിൽ സാമ്പത്തിക സംവരണം പറയാനും കേൾക്കാനും നല്ല രസമാണ്. ജാതി രഹിത മത രഹിത സമൂഹം വരുമ്പോൾ അത് നടപ്പാക്കാം. തൽക്കാലം ജാതി സംവരണം തന്നെ തുടരട്ടെ.

 

അമല്‍ ലാല്‍
ജാതിസംവരണം വേണ്ട എന്നല്ലല്ലോ, സാമ്പത്തികസംവരണം കൂടി വേണം എന്നാണല്ലോ എന്ന് പറഞ്ഞു നയീകരിയ്ക്കുന്നവര്‍ ശരിയ്ക്കും വിഷമിപ്പിയ്ക്കുന്നുണ്ട്. നിങ്ങള്‍ക്ക് മനസ്സിലാവഞ്ഞിട്ടാണോ, അതോ ശരിയ്ക്കും പാര്‍ട്ടി നിലപാട് അതാണോ ?

ദാരിദ്രം ഇല്ലാതാക്കാന്‍ സ്റ്റേറ്റിനു മറ്റു ടൂളുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്.
ദാരിദ്രമില്ലാതാക്കല്‍ പദ്ധതികളുണ്ട്, അത് കൂടുതല്‍ കാര്യക്ഷമമാക്കുകയും വേണം.
എ പി എല്‍, ബി പി എല്‍ എന്നാ രീതിയില്‍ തരംതിരിച്ചിട്ടുണ്ട്. ആനുകൂല്യങ്ങളും ഉണ്ട്.

പക്ഷെ റിസര്‍വേഷനില്‍ ഇത്തരം സാമ്പത്തികസംവരണം കൂടി കൊണ്ട് വന്നു മുന്നോക്കജാതിയ്ക്ക് കൂടി റിസര്‍വേഷന്‍ ലഭ്യമായാല്‍ എങ്ങനെയാണ് റിസര്‍വേഷന്‍റെ നീതിനടപ്പാവുക. ?

സവർണ്ണ സമുദായങ്ങളിൽപ്പെട്ട ചിലരുടെ ദാരിദ്ര്യവും സംവരണ വിഭാഗങ്ങളിൽപ്പെട്ട ചിലരുടെ സമ്പന്നതയും സംബന്ധിച്ച ഒറ്റപ്പെട്ട ഉദാഹരണങ്ങൾ എടുത്തുകാണിച്ചുകൊണ്ട്‌ സംവരണത്തിനെതിരെ വ്യാപകമായ പ്രചരണം നടന്നുവരുന്നുണ്ട്‌. പൊളിഞ്ഞ സവർണ്ണ തറവാടുകളേക്കുറിച്ചുള്ള ഗൃഹാതുരത്ത്വം ആവർത്തിച്ച് അയവിറക്കി നമ്മുടെ സിനിമയും സാഹിത്യവുമൊക്കെ ഈ പ്രചരണത്തിനായി പലപ്പോഴും ഉപയോഗപ്പെടുത്തുന്നുമുണ്ട്‌. എന്നാൽ സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തിക ഉന്നമനം മാത്രമല്ല, സാമൂഹിക ശാക്തീകരണമാണെന്ന് ആവർത്തിക്കുന്നു. ഇന്നത്തെ സവർണ്ണ വിഭാഗങ്ങളോട്‌ സമൂഹം ഒരു കാലത്തും ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും അവരിൽച്ചിലർ ഇന്ന് സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്നുണ്ടെങ്കിൽ അതിനുള്ള ഉത്തരം നൽകേണ്ടതും പരിഹാരം കാണേണ്ടതും സമൂഹത്തിന്റെ മുൻഗണനയാവേണ്ടതില്ല. സമൂഹം ചിലരോട്‌ ചെയ്ത തെറ്റുകൾക്കാണു നാം ആദ്യം പരിഹാരം കാണേണ്ടത്‌. സർക്കാരുകളുടെ പൊതുവായ ക്ഷേമപദ്ധതികൾ ശക്തിപ്പെടുത്തിയാണ് മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്‌.

അല്ലെങ്കി പച്ചയ്ക്ക് പറയണം. ജെ എന്‍ യു വിലോക്കെ സംവരണം കിട്ടി പഠിച്ചിറങ്ങി നിനക്കൊകെ പാകിസ്ഥാന് ജയ് വിളിയ്ക്കാന്‍ അല്ലെ എന്ന്.

അല്ലാതെ രോഹിത് വെമുലയുടെ ഫോട്ടോയും വച്ച് നിങ്ങള്‍ക്കെങ്ങനെയാണ് സാമ്പത്തികസംവരണം കൂടി ഉണ്ടായിക്കോട്ടെ, ബ്രാഹ്മണരും പാവമല്ലേ എന്ന് പറയാന്‍ കഴിയുന്നത് ?

 

ശ്രീകാന്ത് ശിവദാസന്‍
കുറച്ചു നാൾ മുന്നേ ശ്രീറാം വെങ്കിട്ടരാമനെന്നൊരു കളക്ടർ, ചിലരുടെ ഭാഷയിൽ ഒരു ടൈപ്പിക്കൽ പൊളിറ്റിക്കൽ വിരോധിയായ ബ്യുറോക്രാറ്റ്, ഏതോ ബ്രാഹ്മണ സഭയുടെ സമ്മേളനത്തിൽ പോയീന്നറിഞ്ഞപോ ചിലർ പറഞ്ഞത് അയാൾ എത്തേണ്ടടത്തെത്തി എന്നാണ്.

ശ്രീറാം വെങ്കിട്ടരാമൻ സംവരണത്തിന് എതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാലും അയാൾ സംഘിയാണ്.
ഇവിടെ കടകം പള്ളി സുരേന്ദ്രൻ മലപ്പുറത്തിന്റേതു വർഗീയ വോട്ടെന്നു പറഞ്ഞതിന് ശേഷം ഇതാ ഇപ്പോൾ സംവരണത്തിനെതിരെ പറഞ്ഞിരിക്കുന്നു എന്ന് വാർത്ത. സാമ്പത്തിക സംവരണം വേണമെന്ന RSS ആവശ്യം ഉയർത്തുന്നു. അതും രാജ്യത്തിലെ ഭൂരിഭാഗം ജഡ്ജികളും, മന്ത്രിമാരും, ബ്യുറോക്രാറ്റുകളുമടങ്ങുന്ന ഒരു സമുദായത്തിന്റെ സമ്മേളനത്തിൽ.

Affirmative action, Creamy layer എന്നിവയെ കുറിച്ചൊക്കെ ഒരു മിനിമം വിവരം ഇടതുപക്ഷ മന്ത്രിയിൽ നിന്നും പ്രതീഷിക്കുന്നുണ്ട്. പോട്ടെ, അംബേദ്‌കർ എന്തിനു സംവരണം ഉള്പെടുത്തിയെന്നെങ്കിലും മനസിലാക്കേണ്ടതുണ്ട്. നീതി എന്നത് ബ്രാഹ്മണ വിഭാഗത്തിന് അനുകൂലമായി തന്നെയാണ് ഇപ്പോഴും നയിക്കപ്പെട്ടിട്ടുള്ളത്. ജസ്റ്റിസ് കര്ണന്റെ ഒക്കെ ഉദാഹരണങ്ങൾ സമകാലിക രാഷ്ട്രീയമാവുമ്പോഴും, മണ്ഡൽ കമ്മിറ്റ റിപ്പോർട്ട് എല്ലാം അത്രയേറെ ചർച്ചയായതിനു ശേഷവും പട്ടേൽ വിഭാഗത്തിന്റെ ഗുജറാത്ത് പ്രഷോഭം എത്രയോ വട്ടം കോടതി എഴുതി തള്ളിയ നേരത്തും ഇമ്മാതിരി വർത്താനം പറയണമെങ്കിൽ സമ്മതിച്ചിരിക്കുന്നു.

പറഞ്ഞില്ലെങ്കിലും ആ പോയ ഇടം വെച്ച് വെകിട്ടരാമനെ വിചാരണ ചെയ്ത അതെ അളവുകോൽ ഇവിടെയും വെച്ച് അളക്കേന്റെ ആശാനേ.

https://www.youtube.com/watch?v=w40uYsHOCgk
https://www.youtube.com/watch?v=8mX5o11ZSLU

സണ്ണി എം കപ്പിക്കാടിന്റെ രണ്ടു ലിങ്കാണ്. ഇതില്‍ അദ്ദേഹം കൃത്യമായി വിവരിക്കുനുണ്ട് എന്തിനു സംവരണം എന്ന്. ഇന്ത്യയില്‍ മാത്രമല്ല പലയിടത്തും ഇതുണ്ടെന്ന്. അതില്ലാത്ത രാഷ്ട്രങ്ങളുടെ അവസ്ഥയും .
ഇത് കണ്ടിട്ടും കഴക്കുന്നവര്‍ വാ. ഫക്ടും കൊണ്ട് വാ. ഞാനിരിക്ക്യ.

 

സുധീഷ്‌ സുധാകരന്‍
ഭൂപരിഷ്കരണം ഉണ്ടാക്കിയ ബ്രാഹ്മണശാപമാണു പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചതെന്നും അതിനായി ഒരു ബ്രാഹ്മണപൂജയും ഗോദാനവും നടത്താൻ പോളിറ്റ്ബ്യൂറോ മുൻകൈ എടുക്കണമെന്നും കൂടി പറഞ്ഞിരുന്നെങ്കിൽ പൊളിച്ചേനേ…പൂജനീയ കടകമ്പള്ളി..

 

സന്തോഷ്‌ കുമാര്‍
ഇ എം എസ്ന്റെ “കേരളം – മലയാളിയുടെ മാതൃഭൂമി” എന്ന ചരിത്ര പുസ്തകത്തിൽ അയ്യങ്കാളിയേയും “ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം” എന്ന പുസ്തകത്തിൽ അംബേദ്കറിനേയും നിഷേധിക്കുകയും അവരുടെ പോരാട്ടത്തെ കാണാതിരിക്കുകയും ചെയ്ത അതേ ബ്രാഹ്മണബോധം തന്നെയാണ് ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുന്നത്. സി പി ഐ(എം) ൽ നിന്ന് ബി ജെ പി യിലേയ്ക്കും ബി ജെ പിയിൽ നിന്നും ആർ എസ് എസിൽ നിന്നും സി പി എമ്മിലേയ്ക്കും അണികൾക്ക് സുഗമമായി ഒഴുകി പോകാൻ കഴിയുന്നത് കമ്യൂണിസ്റ്റ് ആശയത്തിന്റെ ദൗർബല്യം കൊണ്ടല്ല. മറിച്ച് അതിൽ നിലനിൽക്കുന്ന സവർണ്ണബോധം കൊണ്ടാണ്. അതുകൊണ്ടാണ് അവർക്ക് അമ്പാടിക്കണ്ണനു വേണ്ടി ശോഭയാത്ര നടത്താൻ കഴിയുന്നത്. ‘ആർ എസ് എസിനെ പ്രതിരോധിക്കാൻ’ എന്ന ‘തന്ത്രത്തിൽ’ അമ്പലമായ അമ്പലങ്ങളുടെ കമ്മറ്റിക്കാർ ആകാൻ കഴിയുന്നത്. അതു കൊണ്ടാണ് നേമത്തെ പാർട്ടിയുടെ നായർ വോട്ട് മുഴുവൻ ഒ രാജഗോപാലിൽ ചെന്ന് കുത്തുന്നത്. ഫാസിസമില്ലെന്ന് കാരാട്ടും, എം പി പരമേശ്വരനുമെക്കെ പറയുന്നതിന്റെ കാരണവുമിതാണ്. ഫാസിസമുണ്ടെന്ന് അംഗീകരിച്ചാൽ ഇവരും അതിൽപ്പെട്ടു പോകും. അതേ സവർണ്ണ ബോധം കടകംപള്ളി സുരേന്ദ്രനും പങ്കുവെച്ചന്നേയുള്ളു.

 

റോഷന്‍ പിഎം
താന്‍ പറഞ്ഞതു വളച്ചൊടിക്കുകയായിരുന്നെന്നു കെ സുരേന്ദ്രന്‍. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞതു. ഇതു കെ സുരേന്ദ്രന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ല, പാർട്ടിയുടെ പരസ്യ നിലപാടാണ്. ഇവിടെ ഏതു കെ സുരേന്ദ്രന്‍? ഏതു പാര്‍ട്ടി? എന്നൊക്കെയുള്ള കണ്‍ഫ്യൂഷന്‍റെ ആവശ്യമില്ല. സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നാണ് ബിജെപിയുടെയും, എല്‍.ഡി.എഎഫിന്‍റെയും, കെ സുരേന്ദ്രന്മാരുടേയും പരസ്യ നിലപാട്.
.
ഭരണഘടന അനുസൃതമായുള്ള സാമുദായിക സംവരണമാണ് നിലവില്‍ ഉള്ളതു. സംവരണ ലക്ഷ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, പ്രായോഗിക തലത്തില്‍ സാമുദായിക സംവരണത്തെ അട്ടിമറിക്കാനുമായാണ് സാമ്പത്തിക സംവരണത്തെ മുന്നോട്ടു വെക്കുന്നത്. പൊതുവില്‍ അമ്പതു ശതമാനത്തില്‍ കൂടുതല്‍ സംവരണം ഇന്ത്യയില്‍ സാധ്യമല്ല. സര്‍ക്കാര്‍ ജോലികളില്‍ അമ്പതു ശതമാനം സംവരണം ഉണ്ടായിട്ടു പോലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഘ്യാനുസൃതമായ പ്രാതിനിധ്യം ഇനിയും ഉണ്ടാക്കാനായിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട സാമൂഹ്യാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ പോലും സംവരണം തുടരേണ്ടതുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഈഴവര്‍ക്കാണ് കുറച്ചെങ്കിലും ഭേദപ്പെട്ട സ്ഥാനം ഇക്കാര്യത്തില്‍ ഉള്ളതു. മുസ്ലിങ്ങളും മറ്റു പിന്നോക്ക വിഭാഗങ്ങളും ഇപ്പോഴും ബഹുദൂരം പുറകിലാണ്. ഈ സാഹചര്യത്തില്‍ നിലവില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഉള്ള അമ്പതു ശതമാനം സംവരണത്തില്‍ നിന്നും പത്തു ശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്നതു സംവരണത്തെ, അതിന്‍റെ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ വേണ്ടിയാണ്.
.
എല്ലാ ജനവിഭാഗങ്ങള്‍ക്കും മിനിമം പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണു സംവരണത്തിന്‍റെ പ്രാഥമികമായ ലക്ഷ്യം. ജനസംഘ്യാനുപാതികമായി മുന്നോക്ക വിഭാഗങ്ങള്‍ക്ക് വളരെ വലിയ പ്രാതിനിധ്യം നിലവിലുണ്ട്, പ്രത്യേകിച്ച് ഉന്നതാധികാര മേഖലകളില്‍. അമ്പത് ശതമാനം വരുന്ന ജനറല്‍ മേഖലയുടെ സിംഹഭാഗവും കൈയ്യാളുന്ന സവര്‍ണ്ണ സമൂഹങ്ങള്‍ക്ക്, സാമുദായിക സംവരണത്തിനായി മാറ്റി വെച്ചിട്ടുള്ള ബാക്കി വരുന്ന അമ്പത് ശതമാനത്തില്‍ നിന്നു 10 ശതമാനം കൂടി കൊടുക്കുകയാണ് സാമ്പത്തിക സംവരണം ഫലത്തില്‍ ചെയ്യുക. സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിക്കുന്ന കെ സുരേന്ദ്രന്മാരെയും LDFനേയും BJPയേയും കെജ്രുവിനേയുമൊക്കെ എതിര്‍ക്കാന്‍ ഒരു വളച്ചു കെട്ടലുകളുടെയും ആവശ്യമില്ല.

 

സ്വാതി ജോര്‍ജ്
വർഷങ്ങളിത്ര കഴിഞ്ഞിട്ടും കായസ്തയും കുർമിയും തമ്മിലുള്ള വ്യത്യാസം എനിക്ക് മനസ്സിലായിട്ടില്ല (അതിനാൽ, ആ അജ്ഞതയുടെ ഭരണപരമായ ബുദ്ധിമുട്ടുകളുണ്ടായേനേ എന്നതിനാൽ, ഞാൻ പ്രധാനമന്ത്രിയാകാഞ്ഞത് ഒരുതരത്തിൽ നന്നായി) എന്നൊരിക്കൽ ജ്യോതി ബസു പറഞ്ഞത് വെങ്കിടേഷ് രാമകൃഷ്ണൻ ഫ്രണ്ട്ലൈനിന്റെ ജ്യോതിബസു ഓർമ്മപതിപ്പിൽ കുറിച്ചത് പ്രാധാന്യത്തോടെയായിരുന്നു. അങ്ങനെ പറഞ്ഞതിനു പത്തു വർഷത്തോളം ശേഷം ഒരു അഭിമുഖത്തിൽ ജാതി എന്ന പ്രശ്നം വേണ്ട വിധം കണക്കിലെടുത്ത് കൈകാര്യം ചെയ്യുന്നതിൽ ‘ഞങ്ങൾ’ പരാജയപ്പെട്ടെന്നും മതം, ജാതി എന്നിവ കൂടി കണക്കിലെടുത്ത് ഒരു സ്ട്രാറ്റജി ഇടതുപക്ഷം ആവിഷ്കരിക്കണമെന്ന ബസുവിന്റെ തിരുത്ത് ഒരു മാർക്സിസ്റ്റിനു അത്യാവശ്യം വേണ്ട സ്വയംവിമർശന സന്നദ്ധതയെന്നും‌ വെങ്കി‌ കുറിച്ചു.
.
“ബ്രാഹ്മണരെന്നോ പുലയരെന്നോ നോക്കാതെ പാവപ്പെട്ടവർക്കാണു സംവരണം കൊടുക്കേണ്ടത്” എന്ന് അതിനും ഇരുപത്തൊന്ന് വർഷത്തിനു ശേഷവും ബസുവിന്റെ തിരുത്തിനു പത്തുപന്ത്രണ്ട് വർഷത്തിനു ശേഷവും സിപിഎമ്മിന്റെ ഒരു മന്ത്രി പറയുന്നെങ്കിൽ അത് പ്രശ്നകരമാണു. മന്ത്രി നിസാരവൽക്കരിച്ചതുപോലെയല്ല മന്ത്രിയുടെ വാക്കുകൾ സമൂഹത്തിലുണ്ടാക്കാൻ പോകുന്ന സംവാദങ്ങൾ, അതിൽ വിവിധ സംവാദ പക്ഷങ്ങൾക്ക് കിട്ടുന്ന ഊർജ്ജങ്ങൾ . പുലയനെയും ബ്രാഹ്മണനെയും സാമൂഹ്യമാനത്തിന്റെ ഒരേ തട്ടിലിരുത്തി അളന്ന് ആനുകൂല്യങ്ങൾ നൽകാമെന്ന് പറയുന്നത് മന്ത്രി സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തിയെന്ന് പറയുന്ന സംഘപരിവാരത്തിന്റെ ‘ഉന്നതജാതി ലിബറൽ’ നയവും അടവുമാണു. കഴിഞ്ഞ ഒരു ഒന്നരദശകത്തിലെങ്കിലും മനസ്സിലാക്കിയടുത്തോളം അദ്ദേഹത്തിന്റെ പാർട്ടിയുടെ നയം ഇതല്ല. സാമൂഹ്യമായ മുന്നോട്ടുപോക്കിനു സഹായിക്കുന്ന തരത്തിൽ പിന്നോക്കജനവിഭാഗങ്ങൾക്ക് സംവരണവും അതിനൊപ്പം സാമ്പത്തികമായി അവരെ മുന്നോട്ട് കൊണ്ടുവരാൻ ഉത്പാദനരംഗത്ത് അവരെ ശക്തിപ്പെടുത്താൻ ഉതകുന്ന നിലയിൽ ഉത്പാദനവ്യവസ്ഥയിലെ നിർണ്ണായകസ്ഥാനമുള്ള ഭൂമി അവർക്ക് വിതരണം ചെയ്യണമെന്നുമുള്ളതാണത്. പാർട്ടിയുടെ അത്തരത്തിലൊരു നയം നടപ്പായാൽ അതുവഴി വീണ്ടും ഭൂമിയും അധികാരങ്ങളും നഷ്ടമാകുന്ന അധീശജാതികളെയോർത്ത് മന്ത്രി വീണ്ടും കണ്ണീരൊഴുക്കുമെന്ന് പ്രതീക്ഷിക്കട്ടെ. മന്ത്രിക്ക് ജയമോഹന്റെ നൂറുസിംഹാസനങ്ങൾ നിർദ്ദേശിക്കുന്നു. യാന്ത്രികമായി മാനിഫെസ്റ്റോ വായിക്കുന്നവർക്ക് ഒരുപക്ഷേ അതൊരു പരിഹാരമായിരിക്കും. നൂറ്റാണ്ടുകളുടെ അടിച്ചമർത്തലുകളുടെ ദുരിതങ്ങൾ അൻപതോ നൂറോ വർഷം കൊണ്ട് പിന്നിട്ട് കഴിഞ്ഞു എന്ന് കരുതുന്ന കോടതികളുൾപ്പടെയുള്ള സകല ലിബറലുകൾക്കും അത് ബാധകമാണു.

 

നിതിന്‍ കിഷോര്‍
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ BJP നിലവിലെ സംവരണ വ്യവസ്ഥയ്ക്ക് എതിരാണ്.ഭരണഘടനയെ വരെ തിരുത്താൻ തക്ക ശക്തി അവർക്ക് ഭരണസംവിധാനങ്ങളിൽ ഉണ്ട്.നിലവിലെ സംവരണ വ്യവസ്ഥയേയും രാജ്യ ഭരണഘടനയേയും സംരക്ഷിക്കാനാവശ്യമായ പ്രക്ഷോഭങ്ങൾക്ക് ദളിത് സമൂഹമൊരിക്കൽ നേതൃത്വമാകും.അതിനേതെങ്കിലും സവർണ നേതൃത്വ രാഷ്ട്രീയ പാർട്ടിയുടെ സംരക്ഷണം ആവശ്യമെന്ന് കരുതുന്നില്ല.അന്നത്തെ ഏതെങ്കിലും ഭരണ സംവിധാനങ്ങളിൽ CPI(M) ‘ഉണ്ടെങ്കിൽ’,അവരുടെ നയങ്ങൾക്ക് എതിരേയും സമരമുണ്ടാകും.
ഇന്ത്യൻ (ഫാസിസ്റ്റ്) വലതുപക്ഷത്തിനെതിരെ ഏക്കാലവും സമരത്തിലേർപ്പെടാൻ(ഇപ്പോൾ ഉണ്ടെന്നല്ല) നിലവിലെ എതെങ്കിലും രാഷ്ട്രീയ പാർട്ടി ശേഷിക്കുമോ എന്നറിയില്ല.അന്നും പക്ഷെ ദളിതർ ജീവിച്ചിരിക്കും,അതിജീവിക്കും. ദളിതർ തങ്ങളോട് ചേർന്നു നിൽക്കണമെന്ന ചിലരുടെ ഭാഷ്യം കൈയ്യിൽ വച്ചാൽ മതി.അതൊരിക്കലും ദളിതരുടെ ആവശ്യമല്ല,നിങ്ങൾ വേണമെങ്കിൽ അവർക്കൊപ്പം നിൽക്കുക.വെളുത്തു തുടുത്ത അന്തഃപുരങ്ങളിൽ നിങ്ങൾക്കെത്ര നാളുകൾ തുടരാൻ കഴിയുമെന്നറിയണം.

 

പ്രീത ജി.പി
സാമ്പത്തിക, പിന്നോക്ക അവസ്ഥക്കുള്ള പരിഹാരമല്ല സംവരണമെന്നിരിക്കെ, സാമൂഹിക നീതിക്കാണന്നിരിക്കെ സാമ്പത്തിക സംവരണമെന്നും, അതും കൂടി എന്നും ഒക്കെ ഉരുവിടുന്നത് കൃത്യമായ സവർണ്ണ അജണ്ടയാണ് , വിവരകേടാണ്…

സാമ്പത്തിക അവസ്ഥയെ മറികടക്കാൻ സർക്കാറുകൾ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അതിനു സംവരണമെന്നല്ല പറയുന്നത്. ഉദ.. Apl BPL കാർഡ്, റേഷൻ, പഠന സ്കോളർഷിപ്പുകൾ , പെൻഷനുകൾ ..

വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം കമ്യൂണി സ്റ്റേ… അല്ലെങ്കിൽ നിങ്ങൾ കമ്യൂണിസ്റ്റല്ല.

This post was last modified on May 14, 2017 1:38 pm