X

കാറില്ലാത്ത എകെജിയുടെ മൊയ്ദു ഡ്രൈവറും കെ സുധാകരന്റെ ഉഡായിപ്പുകളും

ജീവിതത്തിൽ എപ്പോഴെങ്കിലും ഒരിക്കൽ ഒരു നേതാവ് യാത്ര ചെയ്ത വാഹനം ഓടിച്ചയാൾ അദ്ദേഹത്തിന്റെ ഡ്രൈവർ പദവിക്ക് യോഗ്യനാകുമെങ്കിൽ ഇന്നാട്ടിലെ ഓട്ടോ-ടാക്സി ഡ്രൈവർമാർ ആരുടെയൊക്കെ ഡ്രൈവർമാർ ആകേണ്ടതാണ്?

കെ സുധാകരൻ എന്നു കേട്ടാൽ കണ്ണൂരിലെ സി പി എം സഖാക്കൾക്കും സി പി എം എന്നു കേട്ടാൽ കെ സുധാകരനും സിരകളിൽ ചോര തിളച്ചുമറിയും. ഒരുകാലത്തു കണ്ണൂരിലെ സഖാക്കൾക്കൊപ്പം തോളോടുതോളുരുമ്മി നടന്നിരുന്ന കുംഭക്കുടി സുധാകരൻ എന്ന കെ സുധാകരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ എത്തുകയും കണ്ണൂരിൽ കോൺഗ്രസ് പാർട്ടിയുടെ അമരക്കാരനായിരുന്ന എൻ രാമകൃഷ്‌ണൻ എന്ന എൻ ആറിനെ മൂലക്കാക്കി കണ്ണൂർ ഡി സി സിയുടെ നായകനാവുകയും ചെയ്ത കാലം മുതൽ കണ്ണൂരിലെ സ്ഥിതി ഇങ്ങനെയാണ്. കണ്ണൂരിലെ സി പി എമ്മിനെ ആക്രമിക്കാൻ കിട്ടുന്ന ഒരു അവസരവും സുധാകരൻ പാഴാക്കാറില്ല എന്നതുപോലെ തന്നെയാണ് തിരിച്ചും. 1990 കളിൽ നിയമയുദ്ധമായും കയ്യാങ്കളിയുമൊക്കെയായി ആരംഭിച്ച ഈ പോരാട്ടം ഇന്നും തുടരുകയാണ്.

ഏറ്റവുമൊടുവിലായി സുധാകരനും കണ്ണൂർ സി പി എമ്മും കൊമ്പു കോർത്തിരിക്കുന്നത് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ഷുഹൈബ് വധവുമായി ബന്ധപ്പെട്ടാണ്. ഷുഹൈബിന്റെ കൊലക്കുപിന്നിൽ സി പി എം ആണെന്നും കൊലപാതകത്തിൽ സി പി എം കണ്ണൂർ നേതൃത്വത്തിന് പങ്കുണ്ടെന്നും ആരോപിച്ചു ആദ്യം രംഗത്തുവന്നതും സുധാകരൻ തന്നെയായിരുന്നു. ഈ വിഷയത്തിൽ സുധാകരൻ നിരാഹാര സമരം കൂടി തുടങ്ങിയതോടെ സുധാകരനെതിരെ വർധിത വീര്യത്തോടെ സഖാക്കളും രംഗത്തെത്തി. കണ്ണൂരിൽ ക്വട്ടേഷൻ മാഫിയക്ക് തുടക്കമിട്ടത് തന്നെ സുധാകരനാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് മുൻപ് കണ്ണൂർ ഡി സി സി ഓഫീസിൽ റെയ്ഡ് നടത്തിയ പോലീസ് സംഘം ബോംബും മറ്റു മാരാകായുധങ്ങളും പിടികൂടിയതും 1996ൽ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം ട്രെയിനിൽ മടങ്ങുകയായിരുന്ന ഇ പി ജയരാജനെ ആന്ധ്രയിലെ ഓങ്കോളിനടുത്തുവെച്ചു വധിക്കാൻ ക്വൊട്ടേഷൻ നൽകിയത് സുധാകരൻ ആയിരുന്നെവെന്നുമൊക്കെയുള്ള തങ്ങളുടെ പഴയ ആരോപണങ്ങൾ അവർ പൊടിതട്ടിയെടുത്തു. കൂട്ടത്തിൽ നാൽപാടി വാസു വധവും കണ്ണൂരിലെ സാവറി ഹോട്ടലിനു നേരെ ബോംബെറിഞ്ഞു നാണു എന്നയാളെ കൊന്നതുമൊക്കെ പ്രചാരണ വിഷയമാക്കാനും മറന്നില്ല.

അതിനിടെ സുധാകരന്റെ നിരാഹാര സമരത്തിന് അതേ നാണയത്തിൽ തന്നെ സി പി എം മറുപടി നൽകാൻ ശ്രമിക്കുന്നതിനും കണ്ണൂർ സാക്ഷ്യം വഹിച്ചു. ഇതിനായി നിയോഗിക്കപ്പെട്ടത് സുധാകരന്റെ പഴയ ഓഫിസു സെക്രട്ടറിയും സന്തത സഹചാരിയും ഇപ്പോൾ കഠിന ശത്രുവുമായ പ്രകാശ് ബാബു എന്നയാളാണ്. സുധാകരൻ കണ്ണൂർ കളക്ടറേറ്റിന് മുൻപിൽ നിരാഹാരം കിടക്കുമ്പോൾ തന്നെ സുധാകരന്റെ ‘ക്വട്ടേഷൻ മാഫിയ ബന്ധവും’ ക്രിമിനൽ പശ്ചാത്തലവും ഇ പി ജയരാജൻ വധശ്രമ കേസിലെയും നാൽപാടി വാസു വധത്തിലെയും ബന്ധം എണ്ണിപ്പറഞ്ഞുകൊണ്ട് പ്രകാശ് ബാബു കണ്ണൂർ സ്റ്റേഡിയം കോർണറിനടുത്തുള്ള ജവഹർ പ്രതിമക്ക് ചുവട്ടിൽ ഉപവാസം അനുഷ്ഠിച്ചു. സുധാകരൻ സമരം അവസാനിപ്പിച്ചതിനു പിന്നാലെ പ്രകാശ് ബാബുവും ഇന്നലെ ഉപവാസം നിറുത്തി.

ഷുഹൈബ് വധം ‘ആഘോഷ’മാക്കുന്ന സുധാകരനും കണ്ണൂര്‍ സിപിഎം എന്ന അസംബന്ധവും

കാര്യങ്ങൾ ഇങ്ങനെ പൊടിപൊടിക്കുന്നതിനിടയിൽ മറ്റൊരു തമാശ കൂടി അരങ്ങേറി. ഇക്കഴിഞ്ഞ തിങ്കളാഴ്ച പിലാത്തറ മൊയ്‌ദു എന്നൊരാൾ സുധാകരന്റെ സമരപന്തലിൽ എത്തിയതോടെയാണ് ഇതിനു തുടക്കമായത്. മൊയ്‌ദു എ കെ ജി യുടെ ഡ്രൈവർ ആയിരുന്നു എന്ന വാർത്തയും സമരപന്തലിൽ അയാൾ സുധാകരനരികെ ഇരിക്കുന്ന ചിത്രവുമായി ചാനലുകളും ഒട്ടു മിക്ക മലയാള പത്രങ്ങളും മൊയ്‌ദുവിന്റെ സന്ദർശനം ആഘോഷമാക്കി. എന്നാൽ എ കെ ജി ക്കു സ്വന്തമായി കാറോ മറ്റു വാഹങ്ങളോ ഉണ്ടായിരുന്നില്ലെന്നും പിന്നെങ്ങിനെ ഒരു സഹകരണ ബാങ്കിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന മൊയ്‌ദു എ കെ ജി യുടെ ഡ്രൈവറാകും എന്ന ചോദ്യവുമായാണ് ഇന്നലെ സി പി എം മുഖപത്രം ദേശാഭിമാനി രംഗത്ത് വന്നത്. പണ്ടൊരിക്കൽ കണ്ണൂർ ആലക്കോടിനടുത്ത ചാണോക്കുണ്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ എ കെ ജിക്കു പഴയങ്ങാടിക്കടുത്തു മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നതിനാൽ ബാങ്കുകാർ അയച്ച കാറിൽ എ കെ ജി യാത്രചെയ്തിരുന്നുവെന്നും അന്ന് ആ കാർ ഓടിച്ചത് മൊയ്‌ദുവായിരുന്നുവെന്നും ദേശാഭിമാനിയും സമ്മതിക്കുന്നുണ്ട്. എന്തായാലും സുധാകരനും കൂട്ടരും ഇക്കാണിച്ചതു അല്പം കടന്ന കൈ ആയിപോയെന്നു പറയാതെ വയ്യ. ജീവിതത്തിൽ എപ്പോഴെങ്കിലും ഒരിക്കൽ ഒരു നേതാവ് യാത്ര ചെയ്ത വാഹനം ഓടിച്ചയാൾ അദ്ദേഹത്തിന്റെ ഡ്രൈവർ പദവിക്ക് യോഗ്യനാകുമെങ്കിൽ ഇന്നാട്ടിലെ ഓട്ടോ-ടാക്സി ഡ്രൈവർമാർ ആരുടെയൊക്കെ ഡ്രൈവർമാർ ആകേണ്ടതാണ്?

നിരാഹാരം കിടന്ന് സുധാകരനങ്ങനെ കേമനാവണ്ടെന്ന് ചെന്നിത്തല തീരുമാനിച്ചത് എന്തിനാവും?

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on March 1, 2018 1:52 pm