X

റോമിയോ ഇനി ലോകത്തിലെ ഏകാകിയായ തവളയല്ല, അവന് ജൂലിയറ്റിനെ കിട്ടിയിരിക്കുന്നു

റോമിയോയ്ക്ക് വേണ്ടി ഡേറ്റിംഗ് സൈറ്റില്‍ പരസ്യം വരെ കൊടുത്തിരുന്നു

മ്യൂസിയത്തിലെ ചില്ലുകൂട്ടിലെ  10  വർഷം നീണ്ട ഏകാന്തതയ്ക്കൊടുവിൽ റോമിയോ അവന്റെ ജൂലിയറ്റിനെ കണ്ടെത്തി. റോമിയോ മിടുക്കനാണ്. പക്ഷെ അൽപ്പം നാണം കുണുങ്ങിയാണ്. മണ്ണിരകളാണ് ഇഷ്ടഭക്ഷണം. റോമിയോവിന്റെ കാത്തിരിപ്പ് വെറുതെയായില്ല. അവന്റെ ജൂലിയറ്റ് കരുത്തയാണ്, വേഗത്തിൽ നീന്താൻ അറിയുന്നവളാണ്, “മെയ്ഡ് ഫോർ ഈച് അദർ ” എന്നാണ് ലോകം അവരെ നോക്കി പറയുന്നത്.

ഈ സുന്ദര പ്രണയകഥയിലെ നായകനും നായികയും സീഹുൻകാസ് വംശത്തിൽ പെട്ട തവളകളാണ്. വംശ നാശം സംഭവിച്ചു പോയേക്കാം എന്ന് വിചാരിച്ചിരുന്ന “റോമിയോ” എന്ന് വിളിപ്പേരുള്ള തവളയ്ക്ക് അവന്റെ ജീവിതസഖിയെ കണ്ടെത്താനും വംശം നിലനിർത്താനും ഗവേഷകർ നടത്തിയ അന്വേഷങ്ങളാണ് ഇന്ന് ലോകം മുഴുവൻ കൗതുകത്തോടെ ചർച്ച ചെയ്യുന്നത്.

ബൊളീവിയയിലെ ദേശീയ ചരിത്ര മ്യൂസിയത്തിലെ അക്ക്വേറിയത്തിലാണ് റോമിയോ എന്ന് വിളിപ്പേരുള്ള അപൂർവയിനം തവള പത്തു വർഷമായി താമസിച്ചിരുന്നത്. വളരെക്കാലം മുൻപുണ്ടായ ഒരു ഫംഗസ് ബാധയിൽ സീഹുൻകാസ് വംശത്തിൽപ്പെട്ട തവളകൾ ഒക്കെ കൂട്ടത്തോടെ ചത്തൊടുങ്ങി എന്നാണ് കരുതപ്പെട്ടിരുന്നത്.  ഇണ ചേരാനും വംശം നിലനിർത്താനും ഒരു പെൺ  തവളയെപ്പോലും കണ്ടു കിട്ടാത്തതിനാൽ ഒറ്റയ്ക്ക് കഴിയുന്ന റോമിയോ  “ലോകത്തിലെ ഏറ്റവും ഏകാകിയായ തവള ” എന്നാണ് അറിയപ്പെട്ടിരുന്നത്.

അവനെയങ്ങനെ ഒരുപാടുകാലം ഏകാകിയായി ജീവിക്കാൻ വിടാൻ ഗവേഷകർ ഒരുക്കമായിരുന്നില്ല. ഇതേ വംശത്തിൽ  പിറന്ന ഒരു തവളയെ എത്രയും പെട്ടെന്ന് കണ്ടെത്തി “റോമിയോയെക്കൊണ്ട് കെട്ടിക്കാൻ” ഗവേഷകർ മാച്ച് .കോമിൽ പരസ്യം ചെയ്തു. പിന്നീട് കൗതുകമുള്ള ഗവേഷകരെല്ലാം റോമിയോയ്ക്കു വേണ്ടി ഒരു പെൺ തവളയെ കണ്ടെത്താനുള്ള പരിപാടികൾ ആരംഭിച്ചു. ഒടുവിൽ ബൊളീവിയൻ കാടുകളുടെ വന്യതയിൽ നിന്ന് വിദഗ്ദർ ഈ വംശത്തിൽപ്പെട്ട ഒരു പെൺ തവളയെ  കണ്ടെത്തുക തന്നെ ചെയ്തു. റോമിയോയ്ക്ക് വേണ്ടി ജനിച്ച അവൾ ജൂലിയറ്റ് അല്ലാതെ മറ്റാര്…! അവൾക്ക് വിളിപ്പേരിടാൻ ശാസ്ത്രലോകത്തിന് കൂടുതൽ ആലോചിക്കേണ്ടതായിപോലും വന്നില്ല.

റോമിയോയ്ക്ക് തന്റെ പങ്കാളിയെ കണ്ടെത്താൻ മാത്രം ചെലവായത് 25000  ഡോളറുകളാണ്. എന്തായാലും  ഈ വാർത്ത കണ്ട് ലോകം മുഴുവൻ ആഹ്ലാദിക്കുകയാണ്. റോമിയോ ദി ഫ്രോഗ് എന്ന പേരിൽ തുടങ്ങിയ ട്വിറ്റെർ അക്കൗണ്ടിൽ തനിക്ക് മികച്ച പങ്കാളിയെ കണ്ടെത്താൻ സഹായിച്ചവർക്കെല്ലാം റോമിയോ നന്ദി രേഖപ്പെടുത്തുന്നുണ്ട്. ജൂലിയറ്റിനെ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കി പൂർണ്ണ ആരോഗ്യവതിയാണെന്നു തെളിഞ്ഞതിനു ശേഷമാണ് അവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചത്. “കാത്തിരിക്കൂ പ്രണയം നിങ്ങളെ തേടി വരും, തവളകളുടെ കാര്യം തന്നെ കണ്ടില്ലേ എന്നാണ് ലോകം ഇപ്പോൾ സംസാരിച്ചു തുടങ്ങിയിരിക്കുന്നത്.

റോമിയോയുടെ ചില ചിത്രങ്ങള്‍ കാണാം;

This post was last modified on January 18, 2019 4:13 pm