X

ഡിസംബര്‍-18, 1398- അമീര്‍ തിമുര്‍ ഡല്‍ഹി ആക്രമിച്ചു

ചരിത്രത്തില്‍ ഇന്ന്

1398 ഡിസംബര്‍ 18, മുഗള്‍ പിന്‍മുറക്കാരനായ അമീര്‍ തിമൂര്‍ (Timur the Lame) ഡല്‍ഹി ആക്രമിച്ചു. ആക്രമണത്തിന് ഒരാഴ്ച്ച മുമ്പ് ഡല്‍ഹിയിലെത്തിയ തിമൂര്‍, നഗരത്തിന് പുറത്തു തമ്പടിച്ചു. ഡല്‍ഹി സുല്‍ത്താനായ മഹമുദ് തുഗ്ലക്കിന്റെ വസീര്‍ മല്ലുഖാന്‍ ഇക്ബാല്‍ സുല്‍ത്താനുവേണ്ടി പ്രത്യാക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടു. പരാജയത്തെ തുടര്‍ന്ന് നഗരത്തിലെ ഉലമകളും ഇസ്ലാമിക പണ്ഡിതരും വിശുദ്ധ ഖുറാന്റെ പകര്‍പ്പുകള്‍ നല്‍്കി, അന്ന് ഡല്‍ഹി സുല്‍ത്താന്‍ഭരണ പ്രദേശത്തിന്റെ ആസ്ഥാനമായിരുന്ന നഗരപ്രാന്തത്തിലെ മെഹറൌളിയില്‍ വെച്ച് തിമൂറിനെ സ്വീകരിച്ചു. ഒരു മുസ്ലീം സഹോദരനെന്ന നിലയില്‍ കൂടുതല്‍ മുസ്ലീങ്ങളുടെ രക്തം ചൊരിയരുതെന്നഭ്യര്‍ത്ഥിച്ചു. കപ്പം എത്ര നല്‍കണമെന്നതിന്റെ വിശദാംശങ്ങള്‍ പിന്നീട് സംസാരിക്കാമെന്നും ഉറപ്പിച്ചു.

തിമൂറിന്റെ സേന, ഇന്നത്തെ ഹൌസ് ഖാസിലുള്ള ഹൌസ്-ഇ-അലൈ ജലശേഖരണിക്കടുത്ത് വിശ്രമിക്കവേ, സിരി, മെഹ്‌റൌളി, ജഹാന്‍പനാ എന്നിവിടങ്ങളിലെ നിരവധി താമസക്കാര്‍ ഇരുട്ടിന്റെ മറപറ്റി തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി സ്ഥലംവിട്ടെന്ന് ചാരന്മാര്‍ അയാളെ അറിയിച്ചു. ഇതിന് പ്രതികാരമായി ശേഷിയുള്ള സകല പുരുഷന്മാരെയും കൊല്ലാനും അവരുടെ സ്ത്രീകളേയും കുട്ടികളെയും അടിമകളാക്കാനും ഉത്തരവിട്ടു. ഒരു ലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. അയാളുടെ സൈനികര്‍ കൊള്ളയടിച്ച സമ്പത്ത് നിരവധി തലമുറകള്‍ക്ക് അവശേഷിച്ചു. കൂട്ടക്കൊലയ്ക്ക് ശേഷം തിമൂര്‍ മടങ്ങിയപ്പോള്‍, കൊല്ലപ്പെട്ടവരെ കുഴിച്ചിടാന്‍ ഡല്‍ഹിയില്‍ ആരുമുണ്ടായിരുന്നില്ല. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു. രക്ഷപ്പെട്ടവര്‍ രോഗം ബാധിച്ചു മരിച്ചു. നിരവധി മാസങ്ങള്‍ ഡല്‍ഹി ഒരു പ്രേത നഗരമായിരുന്നു.

 

This post was last modified on December 18, 2017 12:02 pm