X

ഫാഷിസം ടിപ്പുവിനെ തേടിയെത്തുമ്പോള്‍

ടിപ്പുവിന്റെ പരിഷ്‌കാരങ്ങള്‍ കൊണ്ട് നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ജാതിവര്‍ഗങ്ങളാണ് ഈ ധീര ദേശാഭിമാനിയെക്കുറിച്ച് കുടിലകഥകള്‍ പ്രചരിപ്പിച്ചത്

ഇന്ന്, മെയ് 4: മഹാനായ ടിപ്പു സുല്‍ത്താന്‍റെ രക്തസാക്ഷി ദിനം ആ ചരിത്രേതിഹാസത്തെ സ്മരിക്കുമ്പോള്‍…

ഫാഷിസ്റ്റ്‌ ഇരകളുടെ കൂട്ടത്തില്‍ ആദ്യത്തേതില്‍ ഒന്ന് മഹാത്മജിയായിരുന്നു. ഇരയാക്കല്‍ പ്രകിയ അത്രമേല്‍ ഭീഷണമായി വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു. രാമജന്മഭൂമി മറ്റൊരു ഇരകോര്‍ത്ത ചൂണ്ടയായി. രഥയാത്ര ഇന്ത്യന്‍ മതേതരത്വത്തിന്റെ ഹൃദയത്തെ കീറിമുറിച്ച് മുറിവുകളും രക്താരുവികളും സൃഷ്ടിച്ചു. ബാബറി മസ്ജിദിന്റെ മഹത്തായ മിനാരങ്ങള്‍ നിലംപൊത്തുന്നത് കണ്ടു ഫാഷിസ്റ്റ്‌ ഭീകരര്‍ ആര്‍ത്തുചിരിച്ചു. ‘ഹിന്ദു- മുസ്ലീം’ പദങ്ങള്‍ ഉപയോഗിച്ചുള്ള ഭീതിപ്പെടുത്തുന്ന രാഷ്ട്രീയ സംജ്ഞകള്‍ നിഘണ്ടുകളിലേക്ക് ചേക്കേറി. കാലമുരുണ്ടു, സംഘപരിവാര്‍ ഫാഷിസത്തിന്റെ രാഷ്ട്രീയ മുഖമായ ബിജെപി ഇന്ത്യയില്‍ അധികാരത്തിലേറി.

രാമനും, ക്ഷേത്രവുമൊക്കെ വിസ്മൃതിയിലായി. പുതിയ ഇരകളെ നിര്‍മ്മിക്കുന്ന പ്രക്രിയകള്‍ ഭംഗമില്ലാതെ തുടര്‍ന്നു. ലവ് ജിഹാദ് പോലുള്ളഅശ്ലീല രാഷ്ട്രീയ സമസ്യകളില്‍ മുസ്ലിം യുവാക്കള്‍ വേട്ടയാടപ്പെട്ടു.

അദ്വാനിയുടെ രഥയാത്രയും രാമക്ഷേത്രവും ഒരുകാലത്ത് സംഘപരിവാര്‍ വിദഗ്ദമായി ഉപയോഗിച്ച് ഇന്ത്യയുടെ മതേതരത്വത്തില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചെങ്കില്‍, പിന്നീട് കാണുന്നത് നരേന്ദ്ര മോദി എന്ന സംഘപരിവാര്‍ നേതാവിനെ മുന്‍നിര്‍ത്തി കോടാനുകോടികള്‍ മുടക്കി മാധ്യമങ്ങളെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയും പി.ആര്‍ ഗിമ്മിക്കുകളെയും അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതും അതില്‍ വിജയം കാണുന്നതുമാണ്. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകുന്ന കാര്യം രാമക്ഷേത്രവും നരേന്ദ്ര മോദിയുടെ സ്വപ്നവ്യാപാരങ്ങളുമെല്ലാം രാഷ്ട്രീയ ഗോദയിലെ എടുക്കാച്ചരക്കുകള്‍ ആയിരിക്കുന്നു.

ഇരനിര്‍മ്മാണം തുടര്‍ന്നു. മനുഷ്യന്റെ ഭക്ഷണശീലങ്ങളെ ഇരയാക്കി പിന്നീട്. കാലിമാംസം വലിയൊരു പേടിസ്വപ്നമായി ഇന്ത്യയില്‍ വളര്‍ന്നു. ഗോമാതാവും ഗോമാംസവും ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ രാജ്യമാകാന്‍ പോകുന്ന രാഷ്ട്രത്തിലെ അശ്ലീല രാഷ്ട്രീയ ചര്‍ച്ചകളും രാഷ്ട്രീയ പ്രയോഗങ്ങളുമായി മാറി. ഗോമാംസം കഴിച്ചു, സൂക്ഷിച്ചു, കാലികളെ കയറ്റിയ വാഹനത്തിന്റെ ഡ്രൈവര്‍ ആയി തുടങ്ങിയ ആരോപണങ്ങള്‍ വ്യാജമായിഉന്നയിച്ച് സംഘപരിവാര്‍ മനുഷ്യരെ അടിച്ചും ഭേദ്യം ചെയ്തും കൊന്നുതള്ളി. രാജ്യം ഭീതിയുടെ കറുത്ത നാളുകളിലേക്ക് അത്രമേല്‍ അസാധാരണമാംവിധം തള്ളപ്പെട്ടു. എഴുത്തുകാരും, ബുദ്ധിജീവികളും കൊല്ലപ്പെട്ടു. അവരില്‍ ചിലര്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്ക്കാരങ്ങള്‍ വരെ തിരികെ നല്‍കി പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകള്‍ ഉയര്‍ത്തി.

ഇപ്പോഴവര്‍ ചരിത്രത്തില്‍ നിന്നും ഇരകളെ നിര്‍മ്മിക്കുന്നു, ഒരു തുടര്‍ച്ചയെന്നോണം. സ്വാമി വിവേകാനന്ദന്‍ മുതല്‍ സര്‍ദാര്‍ പട്ടേല്‍ വരെ അവര്‍ ചരിത്രത്തിന്റെ വ്യാജ നിര്‍മ്മിതിയിലൂടെ തങ്ങളുടേതാക്കി. ‘വഴങ്ങാത്ത’ അക്ബര്‍ മുതല്‍ നെഹ്‌റു വരെയുള്ളവര്‍ക്ക് ‘കുറ്റപത്രം’ തയ്യാറാക്കി, ദേശ – ഹൈന്ദവ വിരുദ്ധരെന്നു മുദ്രകുത്തി. ഇപ്പോഴവര്‍ മഹാനായ, ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാളിയായ ടിപ്പുവിനെ തേടി വന്നിരിക്കുന്നു. വേട്ടക്കാരന്റെ പെരുംമുരള്‍ച്ചകള്‍ കര്‍ണ്ണാടകയില്‍ നിന്ന് കേട്ടു തുടങ്ങിയിരിക്കുന്നു.

മൈസൂര്‍ കടുവ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന, ധീരനായ സാമ്രാജ്യത്വ വിരുദ്ധ പോരാളിയും ദീര്‍ഘവീക്ഷണം നിറഞ്ഞ നടപടികളിലൂടെ വ്യതിരിക്തനായ ഭരണാധികാരിയുമായിരുന്നു ടിപ്പു സുല്‍ത്താന്‍. പതിനെട്ടാം ശതകത്തില്‍ മൈസൂര്‍ ഭരിച്ചിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. ഹൈദരലിയുടെയും ഫക്രുന്നീസയുടേയും ആദ്യത്തെ പുത്രന്‍. ഒരു സമര്‍ത്ഥനായ ഭരണാധികാരി എന്നതിലുപരി പണ്ഡിതനുമായിരുന്നു ടിപ്പു സുല്‍ത്താന്‍. ഒട്ടനവധി ഭരണപരിഷ്‌കാരങ്ങള്‍ക്ക് ടിപ്പു തുടക്കം കുറിച്ചു, പുതിയ നാണയസംവിധാനം, ഭൂനികുതി വ്യവസ്ഥ എന്നിവ നടപ്പിലാക്കി. മൈസൂര്‍ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള യുദ്ധങ്ങളില്‍ പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു പ്രയോഗിക്കുകയുണ്ടായി. ഒരു മുസ്ലീം ഭരണാധികാരിയായിരുന്നുവെങ്കിലും ഹൈന്ദവര്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങളും മൈസൂരില്‍ സ്ഥാപിച്ച ക്രൈസ്തവദേവാലയങ്ങളും ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ടിപ്പുവിന്റെ പ്രജകള്‍ 70 ശതമാനത്തില്‍ അധികം വരുന്ന സംതൃപ്തരായിരുന്ന ഹൈന്ദവര്‍ ആയിരുന്നു എന്ന് സത്യസന്ധമായ ചരിത്ര വായനകള്‍ നമ്മെ പഠിപ്പിക്കുന്നു.

ടിപ്പുവിന്റെ പരിഷ്‌കാരങ്ങള്‍ കൊണ്ട് നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ജാതിവര്‍ഗങ്ങളാണ് ഈ ധീര ദേശാഭിമാനിയെക്കുറിച്ച് കുടിലകഥകള്‍ പ്രചരിപ്പിച്ചത്. അതു പതിയെ അമ്പലം പൊളിയിലേക്ക് വികസിപ്പിച്ചതും ഇവര്‍ തന്നെ. നഷ്ടമായ അവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ പ്രതിവിപ്ലവങ്ങള്‍ നടത്തിയ നിരവധി പേരുണ്ടായിരുന്നു അന്ന്. പ്രതിവിപ്ലവങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പിടിക്കപ്പെടുമെന്നു ഭയന്ന ഇക്കൂട്ടര്‍ തിരുവിതാംകൂറിലേക്കും കൊച്ചിയിലേക്കും ധാരാളമായി പലായനം ചെയ്തിരുന്നു. ഇവര്‍ പറഞ്ഞു പരത്തിയ കള്ളക്കഥകള്‍ കൂടിയാണ് ക്ഷേത്രത്തകര്‍പ്പിന്റെ ഇല്ലാക്കഥകള്‍. മലബാറില്‍ സുല്‍ത്താനു വേണ്ടി നാടു ഭരിച്ചത് മിക്കവാറും ബ്രാഹ്മണ ഓഫീസര്‍മാരാണ്. അവര്‍ ഇത്ര ഭീകരമായി ക്ഷേത്രധ്വംസനം നടത്തിയെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? വസ്തുത മറിച്ചാണു താനും. മലബാറിലെ നിരവധി ക്ഷേത്രങ്ങള്‍ക്കും സത്രങ്ങള്‍ക്കും ബ്രാഹ്മണ ശ്രേഷ്ഠന്മാര്‍ക്കും ടിപ്പു ഉദാരമായി ഭൂദാനം ചെയ്ത സൂക്ഷ്മവും സത്യസന്ധവുമായ പ്രമാണങ്ങള്‍ ആര്‍ക്കൈവുകളില്‍ ഇന്നു സുലഭമായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ടിപ്പു സുല്‍ത്താന്റെ ഏറെ ഉദാരമായ പരിഗണനയും ദാനവും ലഭിച്ച അറുപതിലേറെ അമ്പലങ്ങളുടെ വിശദവും ആധികാരികവുമായ രേഖകള്‍ ഇന്നു ലഭ്യമാണ്.

ഏറെ സഹിഷ്ണുവും പരമത സ്‌നേഹിയുമായിരുന്നു ടിപ്പു. തന്റെ വിശാലമായ മൈസൂര്‍ സാമ്രാജ്യത്തില്‍ മഹാഭൂരിപക്ഷം പ്രജകളും അമുസ്‌ലിംകളായിരുന്നു. സുല്‍ത്താന്റെ പ്രധാന ഉദ്യോഗസ്ഥവൃന്ദമാകട്ടെ ഭൂരിഭാഗവും ഹിന്ദുക്കള്‍. പ്രധാനമന്ത്രിയായിരുന്ന പൂര്‍ണയ്യയും മലബാര്‍ ഗവര്‍ണറായിരുന്ന മദണ്ണയും ഇതില്‍ ഉള്‍പ്പെടും. എന്നിട്ടും സുല്‍ത്താന്‍ മലബാറില്‍ ക്ഷേത്രധ്വംസകനായ മതവൈരക്കാരനാണ്! ടിപ്പുവിന്റെ മതഭ്രാന്തിന്റെ തോറ്റങ്ങള്‍ പക്ഷേ മൈസൂരില്‍ വെറും കെട്ടുകഥകള്‍ മാത്രമാണ്. ഒരാളും ഇത് വിശ്വസിക്കുകയില്ല. അത്രക്ക് വിശാലമായ മതസഹിഷ്ണുതയാണ് അദ്ദേഹം പുലര്‍ത്തിപ്പോന്നത് എന്നത് ശ്രീരംഗപട്ടണം കോട്ട സന്ദര്‍ശിച്ചവര്‍ക്ക് എളുപ്പം ബോധ്യപ്പെടും. അവിടെ ഉയര്‍ന്നു നില്‍ക്കുന്ന ഹനുമാന്‍ ക്ഷേത്രം ഇത് സ്ഥിരീകരിക്കുന്നു. ഇതേ സഹിഷ്ണുതയുടെ മാതൃക തന്നെയാണ് അദ്ദേഹം മലബാറിലും സാമന്ത രാജ്യമായ കൊച്ചിയിലും സ്വീകരിച്ചത്. തന്റെ സാമ്രാജ്യത്തിലൊരിടത്തും ടിപ്പു ഇരട്ടനയം പുലര്‍ത്തിയിട്ടില്ല. പിന്നെയും കേരളത്തില്‍ മാത്രം ഇത്തരമൊരു കള്ളക്കഥ എങ്ങനെയാണ് പ്രചരിച്ചത്?

Hoally Gateway, ശ്രീരംഗപട്ടണം. ടിപ്പു കൊല്ലപ്പെട്ടത് ഇവിടെയാണ്‌

കേരളത്തിലെ ജനതയ്ക്കും രാജസ്വരൂപങ്ങള്‍ക്കും ഭരണപരവും വംശപരവുമായ ഒരു വിവരവും നാള്‍വഴിയില്‍ എഴുതിവെക്കുന്ന പതിവേയില്ലാരുന്നു. ഇന്നുപോലും നാം മലയാളികള്‍ അങ്ങനെയാണ്. അതിനാല്‍ തന്നെ ചരിത്ര രചയിതാക്കള്‍ മൂലരേഖകളുടെ അഭാവത്തില്‍ ഇംഗ്ലീഷുകാര്‍ പക്ഷപാതപരമായി എഴുതിയ മാന്വലും ഗസറ്റിയറും അപ്പാടെ പകര്‍ത്തിയെഴുതിയാണ് ചരിത്ര രചന നടത്തിയത്. ഇംഗ്ലീഷുകാര്‍ക്ക് അവരുടെ ഏക ശത്രു ടിപ്പുവായിരുന്നു. അതുകൊണ്ടാണ് മെയ് നാലിന് അവസാന ശ്രീരംഗപട്ടണ യുദ്ധം കഴിഞ്ഞു മരിച്ചു വീണ ടിപ്പുവിന്റെ നെഞ്ചില്‍ ചവിട്ടി കോണ്‍വാലീസ് പ്രഖ്യാപിച്ചത്, നാം ഇന്ത്യ കീഴടക്കിയെന്ന്. ടിപ്പുവിനെതിരെ നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പാകി വിതച്ചതും മുളപ്പിച്ചതും അവരാണ്. ടിപ്പുവിനെ അപനിര്‍മിക്കുക അവരുടെ ആവശ്യമായിരുന്നു. അതില്‍ ഏറെക്കുറെ അവര്‍ വിജയിക്കുകയും ചെയ്തു. ഇതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഏറെ ആത്മാര്‍ഥമായി സുല്‍ത്താന്‍ നടപ്പാക്കിയ നിരവധി സാമൂഹിക പരിഷ്‌കരണ പദ്ധതികള്‍ മേല്‍ജാതികളുടെ സ്വകാര്യ താല്‍പര്യങ്ങള്‍ക്കെതിരായിരുന്നു. ഇവര്‍ ഈ വ്യവസ്ഥകളാസകലം പടുത്തുയര്‍ത്തിയതും നിലനിര്‍ത്തിയതും ദൈവത്തെയും മതത്തെയും കൂട്ടുപിടിച്ചായിരുന്നു. വസ്ത്ര പരിഷ്‌കാരങ്ങളും ബഹുഭര്‍തൃത്വ-മരുമക്കത്തായ നിരോധവും എന്തിനേറെ ഭൂനികുതി പോലും മതവിരുദ്ധമെന്നവര്‍ പ്രചരിപ്പിച്ചു.

അനിവാര്യമായ ചില പടയോട്ടക്കാലത്ത് ശത്രുരാജ്യത്തെ മറ്റനേകം എടുപ്പുകള്‍ തകര്‍ത്ത സമയത്ത്, അവയുടെ കൂട്ടത്തില്‍ ചില ക്ഷേത്രങ്ങള്‍ തകര്‍ത്തെങ്കിലും പിന്നീട് ക്ഷേത്രങ്ങള്‍ക്ക് ഉദാരമായ സംഭാവനകള്‍ ടിപ്പു സുല്‍ത്താന്‍ നല്‍കിയിട്ടുണ്ടെന്നും മറാത്തക്കാര്‍ ആക്രമിച്ച് നശിപ്പിച്ച ശൃംഗേരി മഠം പുനര്‍നിര്‍മ്മിക്കാന്‍ ടിപ്പു സുല്‍ത്താന്‍ സഹായിച്ചു എന്നും പ്രമുഖ ചരിത്രകാരനായ കെ.എന്‍ പണിക്കര്‍ പറയുന്നുണ്ട്. കന്നട, ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് ഭാഷകളില്‍ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ടിപ്പു. അയല്‍രാജ്യങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയും ബ്രിട്ടീഷുകാര്‍ക്കെതിരേ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു തന്റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടവരോട് ടിപ്പുവിന്റെ ശിക്ഷാരീതികള്‍ വളരെയധികം ക്രൂരത നിറഞ്ഞതായിരുന്നു. ബ്രിട്ടീഷുകാരോടെതിരിടാന്‍ അയല്‍രാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന ശത്രുവായിരുന്നു ടിപ്പു സുല്‍ത്താന്‍. രണ്ടാം മൈസൂര്‍ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു ലംഘിച്ചു. ടിപ്പു സുല്‍ത്താന്റെ ആക്രമണം, കേരളത്തിലേക്കുള്ള പാതകളുടെ വികാസത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ദേശീയപാത 212 ആക്കി മാറ്റിയ സുല്‍ത്താന്‍ ബത്തേരി – മൈസൂര്‍ റോഡ് വാഹന ഗതഗതത്തിനു പറ്റിയ രീതിയില്‍ പുനര്‍നിര്‍മ്മിച്ചത് ടിപ്പു സുല്‍ത്താനാണ്. കേരളത്തില്‍ ആദ്യമായി ഭൂനികുതി ഏര്‍പ്പെടുത്തിയത് ടിപ്പുസുല്‍ത്താനാണ്.

ടിപ്പു സുല്‍ത്താന്‍ ദേശവിരുദ്ധനാണെന്ന ബിജെപിയുടെ പരാമര്‍ശത്തിനെതിരെ ചരിത്രകാരന്‍മാര്‍ ഏകദേശം മുഴുവനായും രംഗത്ത് വന്നിരിക്കുന്നത് ഇന്നിന്റെ യാഥാര്‍ത്ഥ്യമാണല്ലോ. ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനമാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമായിരിക്കുന്നത്. മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ ദേശവിരുദ്ധനാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. ടിപ്പുവിന്റെ പേരില്‍ സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനത്തെയും ബിജെപിയുടെ ഗോ മധുസൂദന്‍ എതിര്‍ത്തിരുന്നു. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ അഫ്ഗാന്‍ രാജാവ് അഹമ്മദ് ഷാ അബ്ദാലിയെ ക്ഷണിച്ചു വരുത്തിയത് ടിപ്പുവാണെന്നും അദ്ദേഹം ദേശവിരുദ്ധനാണെന്നതിന് ഇത് തെളിവാണെന്നുമാണ് ഗോ മധുസൂദന്റെ വാദം.

ഇതിനെതിരെയാണ് ചരിത്രകാരന്‍മാര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. 1748-ല്‍ അബ്ദാലി ആദ്യമായി ഇന്ത്യയിലെത്തുമ്പോള്‍ ടിപ്പു സുല്‍ത്താന്‍ ജനിച്ചിട്ടു പോലുമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി സംഘപരിവാറിന്റെ പെരുംനുണകള്‍ പൊളിച്ചിരിക്കുന്നു . 1761-ല്‍ പാനിപ്പത്ത് യുദ്ധത്തില്‍ അബ്ദാലി മറാത്തയെ പരാജയപ്പെടുത്തുമ്പോള്‍ ടിപ്പുവിന് പത്ത് വയസ്സ് മാത്രമായിരുന്നു പ്രായം. ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ അബ്ദാലിയുടെ ചെറുമകനായ സമന്‍ ഷാ ദുറാനി, ഫ്രാന്‍സ്, ഇറാന്‍, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ ശ്രമിച്ച ടിപ്പു സുല്‍ത്താന്‍ ദേശവിരുദ്ധനാണെന്ന് പറയുന്ന ബിജെപി ഇന്ത്യയുടെ ഉടമസ്ഥാവകാശം ബ്രിട്ടനാണെന്ന് സ്ഥാപിക്കാനാണോ ശ്രമിക്കുന്നതെന്നും ചരിത്രകാരന്‍മാര്‍ ചോദിക്കുമ്പോള്‍ സംഘപരിവാര്‍ ക്യാമ്പുകള്‍ മൌനികളാകുന്നത് നമുക്ക് കാണാം.

ശ്രീരംഗപുരം കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍

ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ ബിജെപി എതിര്‍ക്കുന്നത് എന്തിനാണെന്ന് ചരിത്രകാരനായ ദിലീപ് മേനോന്‍ ചോദിക്കുമ്പോഴും മൌനം തന്നെയാണ് ഫാഷിസ്റ്റ്‌ മറുപടി. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരായ പോരാട്ടത്തിലാണ് ടിപ്പു മരണമടഞ്ഞത്. 18-ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളാണ് അദ്ദേഹം. ക്ഷേത്രങ്ങള്‍ തകര്‍ത്തു എന്ന ആരോപണം ഇന്നത്തെ സാഹചര്യത്തിലല്ല വിലയിരുത്തേണ്ടത്. നിരന്തരം യുദ്ധങ്ങള്‍ നടന്നു കൊണ്ടിരുന്ന അക്കാലത്ത്, കീഴടക്കുന്ന പ്രദേശത്തെ ആക്രമിക്കുന്നതും ക്ഷേത്രങ്ങളിലെ ലോഹങ്ങള്‍ ഉപയോഗിച്ച് ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതും പതിവായിരുന്നു. ബുദ്ധമതം സ്വീകരിക്കുന്നതിന് മുമ്പ് അശോക ചക്രവര്‍ത്തിയും ആയിരക്കണക്കിന് ആളുകളെ യുദ്ധത്തില്‍ കൊലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. അശോക ചക്രവര്‍ത്തിയെ തള്ളിക്കളയാനും ബിജെപി തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചുക്കുന്നുണ്ട്. ആരോപണങ്ങള്‍ നടത്തുന്നതിന് പകരം ഹൈദര്‍ അലിയുടെയും ടിപ്പു സുല്‍ത്താന്റെയും ഭരണത്തെ കുറിച്ച് പഠിക്കുകയാണ് ചെയ്യേണ്ടതെന്ന് പ്രമുഖ ചരിത്രകാരന്‍ മന്‍ദീപ് സിംഗ് ബജ്വ സംഘപരിവാര്‍ മുഖങ്ങളില്‍ നോക്കി പറയുന്നു. എതിരിട്ടിട്ടുള്ള ശക്തരായ ഭരണാധികാരികളില്‍ നെപ്പോളിയന് തുല്യമായ സ്ഥാനമാണ് ബ്രിട്ടന്‍ ടിപ്പു സുല്‍ത്താന് നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ മാതൃകാപരമായ മുന്നേറ്റം നടത്തിയ ടിപ്പു സുല്‍ത്താന്‍ മതമൈത്രിയുടേയും ദേശസ്‌നേഹത്തിന്റേയും പ്രതീകമാണെന്ന് സംശയലേശമന്യേ കാണുവാന്‍ സാധിക്കും. ടിപ്പുവിനെ മതഭ്രാന്തനും വര്‍ഗീയ വാദിയുമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ ചരിത്രത്തെ വികലമാക്കുന്നതാണ്; മാത്രമല്ല ചരിത്രത്തില്‍ നിന്നും ഇരകളെ കണ്ടെത്തി വേട്ടയാടുന്നത് സംഘപരിവാര്‍ ഫാഷിസത്തിന്റെ കുടില രാഷ്ട്രീയവേലകളില്‍ മാത്രം ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. ടിപ്പു ഒരിക്കലും മതവിദ്വോഷമോ വര്‍ഗീയ നിലപാടുകളോ സ്വീകരിച്ചിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഇന്ത്യന്‍ മുന്നേറ്റത്തിന്റെ പട നയിച്ച ടിപ്പുവിന്റെ ചരിത്രം വികലമാക്കുന്നതില്‍ പാശ്ചാത്യരും ഫാസിസ്റ്റുകളും നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കുവാന്‍ ടിപ്പുവിന്റെ യഥാര്‍ഥ ചരിത്രം സഹായിക്കുമെന്നത് ചരിത്ര വസ്തുതയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:

This post was last modified on May 4, 2017 7:13 pm