X

ഗുജറാത്തിലേയും രാജസ്ഥാനിലേയും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം (വീഡിയോ)

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി മോശം കാലാവസ്ഥയിലും പ്രവര്‍ത്തനനിരതമാണ് വ്യോമസേന. വെള്ളപ്പൊക്കത്തില്‍ 61 പേര്‍ മരിച്ചതായാണ് ഗുജറാത്ത് സര്‍ക്കാരിന്റെ കണക്ക്.

ഗുജറാത്തിലെ ജാംനഗര്‍, രാജസ്ഥാനിലെ ഫലോദി, ജോധ്പൂര്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളില്‍ നിന്നുള്ള നാല് ഹെലികോപ്റ്ററുകള്‍ ഇരു സംസ്ഥാനങ്ങളിലേയും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഗുജറാത്തിലെ ബനാസ്‌കാന്ത ജില്ലയിലുള്ള ധനേര, ദീസ താലൂക്കുകള്‍, രാജസ്ഥാനിലെ ജലോര്‍, പാലി ജില്ലകളിലെ ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കാണ് എംഐ 17 വി 5 ഹെലികോപ്റ്ററുകള്‍ അയച്ചിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി മോശം കാലാവസ്ഥയിലും പ്രവര്‍ത്തനനിരതമാണ് വ്യോമസേന. വെള്ളപ്പൊക്കത്തില്‍ 61 പേര്‍ മരിച്ചതായാണ് ഗുജറാത്ത് സര്‍ക്കാരിന്റെ കണക്ക്.

രാജ്‌കോട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് ഗര്‍ഭിണിയായ സ്ത്രീയേയും മറ്റൊരു സ്ത്രീയേയും അവരുടെ ഇരട്ടകളായ നവജാത ശിശുക്കളേയും അടക്കം നിരവധി പേരെ വ്യോമസേന ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ കനത്ത മഴയാണ് ഈ മേഖലകളില്‍ തുടരുന്നത്. അമ്രേലി, കണ്ട്‌ല, വല്‍സദ് എന്നീ ജില്ലകളും കനത്ത മഴയില്‍ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ എട്ട് ടീമുകളെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്.