X

വി എസ്@95; തുടരുന്ന പോരാട്ടം

സമരങ്ങളുടെ വീറും വാശിയും കൈവെടിയാതെ വിഎസിന് നിലകൊള്ളാനാവുന്നത് തീഷ്ണമായ ജീവിതാനുഭവങ്ങളും സമരങ്ങളുമായിരിക്കാം

വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ സിപിഎമ്മിനെ എത്ര തവണയാണ് വി.എസ് ‘വഴിവിട്ട് സഹായിച്ചത്’. അടിസ്ഥാനവര്‍ഗ്ഗ വിഭാഗങ്ങളും പുതു തലമുറയിലെ പരിഷ്‌ക്കാരികളും പാര്‍ട്ടിയില്‍ നിന്ന് അകന്നുപോകുവാന്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ഇടയില്‍ അഷ്ടബദ്ധചേരുവയായി വി.എസ് പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് എന്നും അത്ഭുതമായിരുന്നു.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പോലും കേരള നിയമസഭയില്‍ എല്‍ഡിഎഫ് എംഎല്‍എമാരുടെ അംഗബലം കൂട്ടാന്‍ 92-ാം വയസ്സിലും തിരഞ്ഞെടുപ്പ് മത്സര രംഗത്ത് വിശ്രമമില്ലാതെ നിലയുറപ്പിച്ചത് നാം കണ്ടതാണ്. 140 മണ്ഡലങ്ങളിലും ഇടതുപക്ഷ വിജയം ഉറപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും അണികളേയും മാത്രമല്ല മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുകയും അതോടൊപ്പം വി.എസ്സില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ വോട്ട് കൂടി ‘പറഞ്ഞ് ‘ഉറപ്പിച്ച് നല്‍കിയതും നാം കണ്ടതാണ്. 92-ാം വയസ്സിലും ദിവസേന വ്യത്യസ്ത മണ്ഡലങ്ങളില്‍ മൂന്നോളം സ്റ്റേജുകളില്‍ മണിക്കൂറുകള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പ്രസംഗിക്കുവാന്‍ വി.എസ്സും, ഏത് പ്രതികൂല കാലാവസ്ഥയിലും അസമയത്തും വി.എസ് പറയുന്നത് ആദ്യവസാനം കേട്ടുനില്‍ക്കാന്‍ ജനങ്ങളും ഉണ്ടാവുന്നത് ജനനേതാവാണ് വി.എസ് എന്നതിന്റെ തെളിവുകളില്‍ ഒന്നുമാത്രം. കണ്ണൂര്‍ ജില്ലയിലും സാക്ഷാല്‍ പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും വി.എസ്സ് അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാകട്ടെ കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറയും അംഗബലവുമായി എക്കാലവും നിലകൊണ്ടിട്ടുള്ള ഈഴവ സമുദായവും സമുദായ സംഘടനയായി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗവും അതിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കിയതും ബിജെപിയുമായി ചേര്‍ന്ന് എന്‍ഡിഎക്ക് സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചപ്പോഴും അതിന് പ്രതിരോധം തീര്‍ത്തത് 92-ാം വയസ്സില്‍ നിന്നും 93-ലേക്ക് യാത്രചെയ്യുന്ന വന്ദ്യവയോധികനായ വി.എസ് അച്യുതാനന്ദന്‍ ആയിരുന്നു.

മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ ‘പെമ്പിളൈ ഒരുമ’ സമരത്തില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കോ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കോ ജനപ്രതിനിധികള്‍ക്കോ പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന സമയത്ത് പ്രക്ഷുബ്ദമായ ജനത്തിനിടയിലേക്ക് സുരക്ഷിതനായി നടന്ന് ചെല്ലുവാന്‍ കഴിഞ്ഞത് ഒരേ ഒരു വി.എസ് അച്യുതാനന്ദനായിരുന്നു.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രി മുതലാളിമാര്‍ക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ നഴ്സുമ്മാര്‍ രാത്രിയിലും മഴയത്തും ആത്മഹത്യാ ഭീഷണി സമരം നടത്തിയപ്പോഴും പുതുതലമുറയിലെ സമരയൗവനങ്ങള്‍ക്ക് വിശ്വാസ്യതയുള്ള ഏക നേതാവ് ഈ വൃദ്ധനായിരുന്നു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഒന്നര നൂറ്റാണ്ടു മുന്‍പേ ഫ്രെഡറിക് ഏംഗല്‍സ് എഴുതിയിരുന്നെങ്കിലും കേരളത്തിലോ മറ്റ് എവിടെയെങ്കിലുമോ പരിസ്ഥിതിയുടെ രാഷ്ട്രീയം കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മനേക ഗാന്ധിയും സിംഹവാലന്‍ കുരങ്ങും സുഗതകുമാരി ടീച്ചറുടെ കവിതകളും മേധാപട്കറും നര്‍മ്മദ ആന്തോളന്‍ ബച്ചാവോയും ഒക്കെയായി പരിമിതപ്പെട്ട് നിന്നിരുന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളെ ഒരു മുഖ്യധാരാ രാഷ്ട്രീയ മുദ്രാവാക്യമാക്കി കേരളത്തില്‍ ഉയര്‍ത്തിയത് വി.എസായിരുന്നു. രണ്ട് പതിറ്റാണ്ടിനപ്പുറം കുട്ടനാട്ടിലെ നെല്‍വയലുകള്‍ നികത്തി ടൂറിസ്റ്റ് ബംഗ്ലാവുകള്‍ പണിത് തുടങ്ങിയപ്പോഴാണ് വി.എസ് വയല്‍ നികത്തലിന് എതിരായി നിലപാട് എടുത്ത് രംഗത്തുവന്നത്. അന്നത് വെട്ടിനിരത്തല്‍ സമരം എന്ന പേരില്‍ കുപ്രസിദ്ധി ആര്‍ജിച്ചെങ്കിലും ഇന്ന് കേരളത്തില്‍ നടന്ന് വരുന്ന എല്ലാ പരിസ്ഥിതി സമരങ്ങളുടേയും ഒരു ആധികാരിക തുടക്കം ആലപ്പുഴയില്‍ കുട്ടനാട്ടിലെ വെട്ടിനിരത്തല്‍ സമരമായിരുന്നു.

1996-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വി.എസ് പരാജയപ്പെട്ടിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും പാര്‍ലമെന്ററി സാധ്യതകളും മോഹങ്ങളും അവസാനിച്ചു എന്ന് വിധിയെഴുതിയ മാധ്യമങ്ങളുടേയും രാഷ്ട്രീയ നിരീക്ഷകരുടേയും വിശ്വാസ്യതകൂടി ആര്‍ജിച്ചതിന് ശേഷമാണ് അദ്ദേഹം 93-ാം പിറന്നാള്‍ ആഘോഷിക്കുന്നത് എന്നതാണ് ഏറെ പ്രസക്തം. വി.എസ് ശൈലിയെ രാഷ്ട്രീയ തന്ത്രങ്ങളും കാപട്യങ്ങളുമായി വിലയിരുത്തി വിമര്‍ശിക്കുന്നവരുണ്ടെങ്കിലും പകരം വെയ്ക്കുവാനോ തുലനം ചെയ്യുവാനോ മറ്റൊരു നേതാവ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇല്ലാത്തിടത്തോളം കാലം, ജീവിച്ചിരിക്കുന്ന വി.എസ് നാലു തലമുറകളുടെ വിപ്ലവാവേശമാണ്.

മുന്നേറ്റത്തിലും തിരിച്ചടിയിലും വി.എസിനെ കരുത്താര്‍ജിച്ച് നിര്‍ത്തുന്നത് ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ തീക്ഷ്ണാനുഭവങ്ങളായിരിക്കാം. ദിവാന്‍ സര്‍ സി.പിയുടെ പോലീസ് ഭീകരതയും സ്ത്രീകള്‍ക്ക് എതിരായുള്ള അതിക്രമങ്ങളും എല്ലാ അതിരുകളും ലംഘിച്ചപ്പോഴാണ് പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അന്നത്തെ പാര്‍ട്ടി തീരുമാനമെടുത്തത്. 1946 ഒക്ടോബര്‍ മാസത്തില്‍ പുന്നപ്രയിലെ പോലീസിന്റെ ക്യാമ്പ് ആക്രമിക്കുവാന്‍ പാര്‍ട്ടി തീരുമാനിക്കുകയും സധൈര്യം നടപ്പാക്കുകയും ചെയ്ത സമരത്തിന്റെ മുഖ്യ സൂത്രധാരന്നായിരുന്നു വി.എസ്. ആ സംഭവത്തില്‍ 50 തൊഴിലാളികളെയാണ് പോലീസ് നിഷ്‌ക്കരുണം വെടിവെച്ച് കൊന്നത്. അത്രയും പീഡനങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും പോലീസ് ഭീകരതയ്ക്ക് നേതൃത്വം കൊടുത്ത ഇന്‍സ്പെക്ടര്‍ വേലായുധന്‍ നായരുടെ തല കൊയ്തെടുത്ത സമരപോരാളികളുടെ വിപ്ലവ വീര്യം ആ കാലഘട്ടത്തിന്റെ അനിവാര്യതയുമായിരുന്നു. പോലീസിന്റെ വാറണ്ട് നിലവിലുണ്ടായിരുന്ന വി.എസ് അച്യുതാന്ദനാണ് ആയിരത്തോളം തൊഴിലാളികളെ സമരസജ്ജരാക്കുമാറുച്ചത്തില്‍ പുന്നപ്രയുടെ മണ്ണില്‍ അന്ന് പ്രസംഗിച്ചത്.


ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും ശേഷം പോലീസില്‍ നിന്നും പിടിച്ചുവാങ്ങിയ തോക്കുകളുമായി സമരക്കാര്‍, പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പോലീസിന് പിടികൊടുക്കാതെ ഒളിവിലിരുന്ന വി.എസിനെ കാണാന്‍ എത്തിയതും തുടര്‍ന്ന് വി.എസിന്റെ നിര്‍ദ്ദേശ പ്രകാരം തോക്കുകള്‍ പൂകൈത ആറില്‍ ഒഴുക്കിയതും ചരിത്രം. സമരത്തിന്റെ മുഖ്യകണ്ണിയും സൂത്രധാരനുമായ വി.എസിനെ പോലീസ് പിന്‍തുടര്‍ന്നു. കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടില്‍ നിന്നും ഒക്ടോബര്‍ 28ന് പാലാ പോലീസ് വിഎസിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ നിന്നും പാലായില്‍ എത്തിയ പോലീസ് സംഘത്തിന്റെ തലവന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വാസുപിള്ള ആയിരുന്നു. സമരത്തിലെ മറ്റു നേതാക്കളായ ഡി. സുഗതനേയും സൈമണേയും പിടികൂടിയതിനൊപ്പം വി.എസിനെ പിടികൂടാന്‍ കഴിയാതിരുന്നതിനാല്‍ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട പോലീസ് ഓഫീസര്‍ക്ക് വി.എസിനോടുള്ള വൈരാഗ്യം ചെറുതായിരുന്നില്ല. പക തീര്‍ക്കാന്‍ സബ് ഇന്‍സ്പെക്ടര്‍ ഇടിയന്‍ നാരായണ പിള്ളയെ ഏര്‍പ്പാടാക്കിയിട്ടാണ് വാസുപിള്ള പാലായില്‍ നിന്ന് ആലപ്പുഴയ്ക്ക് തിരിച്ചത്. ലോക്കപ്പിന്റെ അഴികള്‍ക്കിടയിലൂടെ രണ്ടുകാലുകളും പുറത്തെടുത്ത് പാദങ്ങള്‍ക്ക് മുകളിലും താഴെയും രണ്ട് ലാത്തികള്‍ കയറുകൊണ്ട് കെട്ടിയ ശേഷം കാല്‍വെള്ളയില്‍ ലാത്തികൊണ്ടുള്ള അടി. ഒപ്പം ക്രൂരമര്‍ദ്ദനവും ഏറ്റ ആ ശരീരമാണ് 94-ാം വയസിലും ഊര്‍ജസ്വലമായി ചലിക്കുന്നത്.

പോളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴും പിന്നീട് താഴ്ത്തപ്പെടുമ്പോഴും സമരങ്ങളുടെ വീറും വാശിയും കൈവെടിയാതെ നിലകൊള്ളാനാവുന്നത് ഈ തീഷ്ണമായ ജീവിതാനുഭവങ്ങളും സമരങ്ങളുമായിരിക്കാം.

(കടപ്പാട്: ആലപ്പുഴ ഡിവൈഎഫ്‌ഐയുടെ മുന്‍ നേതാവ് ആര്‍. സബീഷിന്റെ ലേഖനം)

This post was last modified on October 20, 2017 11:03 am