X

മെയ് ദിനമില്ലാത്ത കുടുംബ സ്ത്രീകള്‍; വീട്ടുജോലിക്കുള്ള ജോബ് വിസയുമായി ജനിച്ചുവീഴുന്നവരല്ല പെണ്‍കുട്ടികള്‍

വീടിനകത്തെ ജോലികൾ സ്ത്രീയുടേത് മാത്രം കടമയാണെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചിന്തയോടാണ് ഈ സ്ത്രീകൾ കലഹിക്കുന്നത്

ഓരോ തൊഴിലാളി ദിനവും ഓർക്കാതെ പോകുന്ന തൊഴിലാളി വർഗ്ഗമാണ് വീട്ടമ്മമാരെന്ന ഓമനപ്പേരുള്ള കുടുംബത്തിനകത്തെ സ്ത്രീകൾ. ഒഴിവോ നിശ്ചിത സമയക്രമമോ ഇല്ലാതെ വർഷങ്ങളോളം കുടുംബത്തിനകത്ത് അവർ ചെയ്ത് പോരുന്ന അധ്വാനം പരിഗണിക്കേണ്ടതോ അംഗീകരിക്കേണ്ടതോ ആയ ഒന്നാണ് എന്ന് പോലും ലോകം കരുതിയിട്ടില്ല. സ്ത്രീ ജന്മനാ ബാധ്യതപ്പെട്ട, അസ്വാഭാവികത ഒന്നുമില്ലാത്ത തൊഴിലാണ് പാചകവും വീട്ടു പണിയും എന്ന പൊതുബോധത്തോട് പ്രതികരിക്കുകയാണ് വിവിധമേഖലകളിൽ നിന്നുള്ള സ്ത്രീകൾ.

അംഗീകാരമോ വേതനമോ ഇല്ലാതെ കുടുംബത്തിനകത്ത് സ്ത്രീകൾ നൽകി പോരുന്ന അധ്വാനത്തെ വിമർശനാത്മകമായി പല സ്ത്രീകളും സോഷ്യല്‍ മീഡിയയിൽ ഉയർത്തിക്കൊണ്ട് വരുന്നുണ്ട്. ലോകത്തെ ഏറ്റവും ഭീകരമായ തൊഴില്‍ ചൂഷണം നടക്കുന്ന സ്ഥലമായാണ് രാഖി മാധവൻ വീട്ടകങ്ങളെ നോക്കിക്കാണുന്നത്. സ്നേഹത്തിൻറേയും കടമയുടേയും കടപ്പാടിൻറേയും വർണ്ണക്കടലാസിൽ പൊതിഞ്ഞ് മുന്നിലേക്കെത്തുന്ന വീട്ടുപണികൾക്ക് ഒരു തൊഴിലിന്‍റെ പരിവേഷം പോലും കിട്ടിയിട്ടില്ല. കൂലിയോ അവധിയോ ഇല്ലാത്ത അടുക്കളത്തൊഴിലാളികൾക്കാണ് രാഖി തന്‍റെ മെയ് ദിനാശംസകൾ നേരുന്നത്.

സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്നത് തന്നെ സ്ത്രീകളുടെ ഈ വേതനമില്ലാ ജോലിയാണെന്ന് മാധ്യമപ്രവർത്തകയായ കെ.കെ.ഷാഹിന പറയുന്നു. ‘മെയ് ദിനങ്ങളിലൊന്നും തന്നെ ഇത് സംസാരിച്ച് കാണാറില്ല. വേതനമുള്ള തൊഴിലാളികളെയാണ് മെയ് ദിനത്തിൽ സാധാരണ അഭിസംബോധന ചെയ്തു കാണുന്നത്. യാതൊരു കൂലിയുമില്ലാത്ത ഈ തൊഴിലിനെ കുറിച്ചു കൂടി സംസാരിക്കാന്‍ ഉള്ള അവസരങ്ങളാകണം തൊഴിലാളി ദിനം. ഈ വിഷയം ഉന്നയിക്കുമ്പോഴെല്ലാം തന്നെ കുടുംബ ബന്ധങ്ങളിലെ വൈകാരികതയേയും സ്നേഹത്തേയും എല്ലാം ഉയര്‍ത്തികാണിച്ച് പ്രതിരോധിക്കുകയാണ് പതിവ്. കുടുംബം എന്ന സംവിധാനത്തേയും അത് വഴി സാമ്പത്തിക വ്യവസ്ഥയേയും താങ്ങി നിർത്തുന്ന ഈ അധ്വാനത്തെ എങ്ങനെ അഭിസംബോധന ചെയ്യുമെന്ന് ആലോചിക്കേണ്ട സമയമാണ്.’ ഷാഹിന അഭിപ്രായപ്പെടുന്നു.

ആൺ പെൺ ദ്വന്ദങ്ങളിൽ നിൽക്കുന്ന കുടുംബങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായൊരു അവസ്ഥയാണ് തൻറെ കുടുംബത്തിൽ നില നിൽക്കുന്നതെന്ന് ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതൾ ശ്യാം പറയുന്നു. പങ്കാളിയോടൊപ്പം പത്ത് വർഷമായി താമസിക്കുന്ന ആളാണ് ശീതൾ. “വസ്ത്രം കഴുകുക, പാചകം ചെയ്യുക, വീട് വൃത്തിയാക്കുക തുടങ്ങിയ കഠിനമായ ജോലികളെല്ലാം ഞാനും പങ്കാളിയും ഒരുമിച്ച് ചെയ്യുകയാണ് പതിവ്. ഒരാൾക്ക് സാധിക്കാത്ത അവസരത്തിൽ മറ്റേയാൾ മുഴുവന്‍ കാര്യങ്ങളും ചെയ്ത് തരും. ഒറ്റക്ക് ചെയ്യേണ്ട എന്നുള്ളതുകൊണ്ട് ഇതൊരു വലിയ ഭാരമായി തോന്നാറില്ല.”

സാധാരണ കുടുംബങ്ങളിൽ ഭർത്താവും കുട്ടികളും അമ്മ ചെയ്യുന്ന ജോലിയെ ശാരീരികാധ്വാനം വേണ്ടാത്ത എളുപ്പം ചെയ്യാവുന്ന ജോലിയാണെന്ന തരത്തിൽ വിലമതിക്കാറില്ലെന്നും ശീതൾ വിമർശിക്കുന്നു.

അവളില്ലെങ്കിൽ ഞാൻ ഇല്ല, ഞാൻ ഇല്ലെങ്കിൽ അവളുമില്ല

“ഞാനില്ലാതെ വീട്ടിൽ ഒന്നും മുന്നോട്ട് പോകുകയില്ലെന്ന വൈകാരികതയെ കൂട്ടു പിടിച്ചല്ലേ സ്ത്രീയെ വീട്ടിൽ തളച്ചിടുന്നത്?” നർത്തകിയും അഭിഭാഷകയുമായ കുക്കൂ ദേവകി ചോദിക്കുന്നു. കാണാപ്പണിയുടെ ഈ വീട്ടകങ്ങൾ സ്വാതന്ത്ര്യത്തോടൊപ്പം തുല്യപണിക്ക് തുല്യവേതനമെന്നതും നിഷേധിക്കുന്നതായി കുക്കു അഭിപ്രായപ്പെടുന്നു.

കുടുംബം എന്ന സ്ഥാപനം രൂപപ്പെടുന്നത് മുതല്‍ സ്ത്രീയെ ചൂഷണം ചെയ്യുന്നതിന്‍റെയും അടിച്ചമർത്തുന്നതിന്‍റെയും ചരിത്രം രുപപ്പെട്ടിട്ടുള്ളതായി പല സ്ത്രീകളും നിരീക്ഷിക്കുന്നുണ്ട്. പുരുഷ കേന്ദ്രീകൃത വ്യവസ്ഥയെ തന്നെയാണ് സ്ത്രീയുടെ അസ്വാതന്ത്ര്യതിന്‍റെയും അദൃശ്യതയുടേയും കാരണമാക്കി കാണേണ്ടത്.

“മുതലാളിത്തം സ്ത്രീകളെ തൊഴില്‍ ശാലകളിലേക്ക് കൊണ്ട് വന്നപ്പോഴും പുരുഷന് ലഭിക്കുന്ന വേതനത്തിൻറെ ചെറിയ ശതമാനമേ അവൾക്ക് ലഭിച്ചിരുന്നുള്ളു. തൊഴിലിടത്തിലും കുടുംബത്തിലുമായി ഇരട്ട ജോലി ചെയ്യേണ്ട അവസ്ഥ വന്നു.” മോഡലും ആക്ടിവിസ്റ്റുമായ രശ്മി.ആർ.നായർ പറയുന്നു. കുടുംബ വ്യവസ്ഥിതിയുടേയും മുതലാളിത്ത വ്യവസ്ഥിതിയുടേയും ചൂഷണങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന സ്ത്രീകളോട് അധ്വാനത്തിന് വേതനം നിശ്ചയിക്കാനും കുടുംബത്തിൻറെ മൊത്തം വേതനത്തിൽ നിന്ന് അത് ഈടാക്കാനുമാണ് രശ്മി ആവശ്യപ്പെടുന്നത്. അധ്വാന ശക്തിക്ക് വേതനം വാങ്ങാനായി സംഘടിക്കൂ എന്നും രശ്മി ആഹ്വാനം ചെയ്യുന്നുണ്ട്.

എഴുത്തുകാരിയായ അനശ്വര കൊരട്ടിസ്വരൂപത്തിൻറെ അഭിപ്രായത്തിൽ സ്ത്രീകളുടെ അധ്വാനം രേഖപ്പെടുത്താതിരിക്കുന്നത് തന്നെയാണ് പ്രാഥമിക പ്രശ്നം. “വെളുപ്പിനേ തുടങ്ങുന്ന അടുക്കള പണി മുതല്‍ കുടുംബാംഗങ്ങളുടെ ശുശ്രൂഷ വരെ സ്ത്രീകളുടെ ചുമതലയാണെന്ന തരത്തിലാണ് കുടുംബത്തിനകത്തെ തൊഴില്‍ വിഭജനം. അത് യാതൊരു സാമ്പത്തിക സർവേയിലും കണക്കാക്കുന്നില്ലെന്ന് മാത്രമല്ല അമ്മക്കോ ഭാര്യക്കോ യാതൊരു പണിയുമില്ലെന്ന ബോധമാണ് കുടുംബാംഗങ്ങളിലും നിലനിൽക്കുന്നത്.” അനശ്വര പറയുന്നു.

വീടിനകത്ത് സ്ത്രീകൾ ചെയ്യുന്ന തൊഴിലിന് വേതനം വേണമോ എന്നത് ഏറെക്കാലമായി തുടരുന്ന ചർച്ചയാണ്. ഭരണകൂടമോ കുടുംബത്തിലെ വരുമാനതിന്‍റെ ഒരു പങ്കോ സ്ത്രീകൾക്ക് വേണമെന്ന ആവശ്യങ്ങള്‍ പല കോണില്‍ നിന്നുയരാറുണ്ട്. വീട്ടിലെ പണികൾ ചെയ്യേണ്ടത് സ്ത്രീകളുടെ കടമയായി കണക്കാക്കുന്നവർ, അവളുടെ ആവശ്യങ്ങള്‍ക്ക് പണം ചോദിച്ചാൽ മുഖം തിരിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകയായ ജസീറ മാടായിൽ പറയുന്നു. കടൽത്തീരത്തെ മണലെടുക്കുന്നതിനെതിരെ ജസീറ സമരം ചെയ്തപ്പോൾ കുഞ്ഞുങ്ങളെ നോക്കി വീട്ടിലിരിക്കാനാണ് പലരും ഉപദേശിച്ചത്. തനിക്കൊപ്പം സമരസഥലത്തേക്ക് കുഞ്ഞുങ്ങളെ കൂട്ടുകയായിരുന്നു ജസീറ ചെയ്തത്.

ജസീറ ഇവിടെയുണ്ട്; നാട് ഭരിക്കുന്ന ആണത്തം തീര്‍ത്ത ഊരുവിലക്കിനകത്ത്

വീട്ടു ജോലിക്ക് വേതനം എന്ന നിർദ്ദേശമാണ് ജിഷ ജോർജും മുന്നോട്ട് വെക്കുന്നത്. തലച്ചോറിൽ ട്യൂൺ ചെയ്ത് കേറ്റിയ പെൺ കടമകളെ കുറിച്ചുള്ള പാഠങ്ങൾ തൂത്ത് കളയണമെന്നും അവർ പറയുന്നു. ജിഷ പറയുന്നത് കേൾക്കു.
“മിക്കവാറും എല്ലാ ഞായറാഴ്ചയും അവധി ദിവസങ്ങളിലും ഒരുപാട് അതിഥികൾ വന്നിരുന്നു സൊറ പറഞ്ഞു വിഭവ സമൃദ്ധമായ ഭക്ഷണോം കഴിച്ചു ബാക്കിയുള്ളതു വീട്ടിൽ ചെന്നിട്ട് കഴിക്കാനോ അല്ലെങ്കിൽ കൂടെ വരാത്തവർക്ക് കൊടുക്കാനോ പായ്ക്ക് ചെയ്തും കൂടെ കൊണ്ടുപോകുന്ന ഒരു വീടുണ്ട്, രസമെന്താന്നു വച്ചാൽ വീട്ടിലെ ഏക സ്ത്രീ (ഉദ്യോഗസ്ഥ, ആഴ്ചയിൽ 6 ദിവസവും ഓഫിസും വീടുമായി പരക്കം പാഞ്ഞു മാതൃകാ കുടുംബിനി സ്ഥാനം കഷ്ടപ്പെട്ട് നിലനിർത്തുന്നവൾ) അസാമാന്യ പാചക വൈദഗ്ധ്യം ഉള്ളവൾ ആണെന്നാണ് ഇവരുടെ ഭാഷ്യം.

അതോണ്ട് ആ രുചിയറിയാൻ കഷ്ടപ്പെട്ട് ഞങ്ങൾ ഇവിടം വരെ വരുന്നതാണെന്ന് പറഞ്ഞും ഈ അഭിപ്രായം മാറാതിരിക്കാൻ നീ എന്നും ഇതേ പോലെ എല്ലാവർക്കും വച്ചു വിളമ്പണം എന്നുള്ള clause കൂടെ അവസാനം ചേർത്തു കൈകഴുകാൻ എണീറ്റു പോകുന്നവരുടെ തല വഴി കുറച്ചു കറി ഒഴിച്ച് കൊടുക്കണം എന്ന് തോന്നിയിട്ടുണ്ട്. എന്തിനാ പല അസുഖങ്ങളും വച്ച് ഇത്ര കഷ്ടപ്പെടുന്നത് എന്ന എന്റെ ചോദ്യത്തെ പറ്റി ചിന്തിക്കാനുള്ള വക പോലും ആ സ്ത്രീയുടെ ചിന്തകളിൽ നിന്ന് എടുത്തു കളയപ്പെടിട്ടുണ്ട്.

ഇല്ല, ഒരു തരിമ്പു പോലും യോജിക്കാൻ പറ്റാത്ത, അമർഷവും പ്രതിഷേധവും അടക്കാൻ പറ്റാത്ത അടുക്കള കാഴ്ചകളാണ് ഇന്നും ചുറ്റും കാണുന്നത്. ഒരു ഗ്ലാസ് വെള്ളം സ്വയം പോലും സ്വയം എടുത്തു കുടിക്കാത്ത, തിന്ന എച്ചിൽ പാത്രം കഴുകാത്ത, അതിനൊന്നും അവരെ അനുവദിക്കാത്ത വീടും സമൂഹവും വരച്ചു വച്ചിട്ടുള്ള അടുക്കള ലക്ഷ്മണ രേഖകൾ ഉണ്ട് .

അതൊക്കെ മറിച്ചു കടക്കണമെങ്കിൽ വീട്ടു ജോലിയ്ക്കും വേതനം വേണം, ആയുസ്സിന്റെ ഭൂരിഭാഗവും തിന്നാൻ ഉണ്ടാക്കിയും, തിന്ന പാത്രം കഴുകിയും, തറ തുടച്ചും, തുണി അലക്കിയും ജീവിക്കാനുള്ള job visa യോട് കൂടിയല്ല പെൺകുഞ്ഞുങ്ങൾ ഗർഭ പാത്രത്തിൽ നിന്ന് പുറത്തു വരുന്നത്.”

ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരമാണ് തൃശൂര്‍ പൂരം: പൂരത്തിന്റെ പെണ്ണനുഭവം

ഓണം, വിഷു, ക്രിസ്‌മസ്‌ etc. തുടങ്ങിയ ആഘോഷ മാമാങ്കങ്ങൾ ഒക്കെ ആരുടേതാണെന്ന ചോദ്യവും ജിഷ ഉയർത്തുന്നുണ്ട്.
വീട്ടുജോലിക്കൊപ്പം പ്രൊഫഷണല്‍ അധ്വാനവും കൂടി കൊടുക്കുന്ന സ്ത്രീകൾക്ക് പോലും ഇരട്ടപ്പണി ചെയ്യുന്നവർ എന്ന അംഗീകാരം കിട്ടാറില്ല. ഡോക്ടറായ ലൗനയുടെ അഭിപ്രായത്തിൽ എന്ത് പണി ചെയ്ത് തിരിച്ചെത്തിയിലും വീട്ടുജോലി സ്ത്രീകൾക്കായി മുഴുവനോടെ ബാക്കി കിടക്കുന്നുണ്ടാകും. Skilled Labour എന്ന് പരിഗണിക്കപ്പെടുന്നില്ലെങ്കിലും ഏറ്റവും വഴക്കവും കഴിവും ആവശ്യമുള്ള ജോലികളാണിവ. വീടിനകത്ത് എല്ലാ തേയ്മാനങ്ങളുമേറ്റ് കത്തിത്തീരുന്ന പെണ്ണുങ്ങളുടേത് കൂടിയാകണം തൊഴിലാളി ദിനമെന്നും ലൗന കൂട്ടിച്ചേർക്കുന്നു.

24 മണിക്കൂറും ജോലി സജ്ജരായിരിക്കേണ്ട യാതൊരു ഒഴിവു കഴിവുമില്ലാത്ത നന്ദിവാക്ക് കിട്ടാത്ത ഈ ജോലിയോട് ്രപതിഷേധിച്ച് ഇന്നൊരു ദിവസമെങ്കിലും അടുക്കളയിൽ കയറാതിരിക്കാൻ ധൈര്യമുള്ള സ്ത്രീകൾ ഉണ്ടോ എന്ന് ചലച്ചിത്ര പ്രവര്‍ത്തക ഷിംന ചോദിക്കുന്നു. വീട്ട് ജോലിക്ക് ശമ്പളം ചോദിച്ചാൽ സ്ത്രീകൾ പണം കയ്യിൽ വെക്കുന്നത് പോലും പാപമാണെന്നും കുലീനകൾ ഇത്തരം ചോദ്യങ്ങൾ ഉയർത്തില്ലെന്നും കാണിച്ച് കള്ളത്തരം ആവർത്തിക്കുമെന്നും ഷിംന പറയുന്നു.

സ്ത്രീകളേ, കിടക്കയില്‍ എന്തിനീ ശവാസനം?

കുടുംബത്തിനകത്തെ ചൂഷണങ്ങൾക്കും അംഗീകാരമില്ലായ്മക്കും പരിഹാരമായി വീട്ട് ജോലിക്ക് വേതനം എന്ന് നിർദ്ദേശിക്കപ്പെടുമ്പോഴുണ്ടാകുന്ന വലിയൊരു അപകടവും കെ.കെ.ഷാഹിന ചൂണ്ടിക്കാണിക്കുന്നുണ്ട്. “വീട്ടുജോലി എന്നത് സ്ത്രീകളുടെ മാത്രം പണിയാണ് എന്ന ചിന്തയെ ഉറപ്പിക്കാനാണ് ഇത് വഴി വെക്കുക. കുടുംബത്തിന് ബദലായി യാതൊരു സംവിധാനവും ഉരുത്തിരിഞ്ഞ് വന്നിട്ടില്ലാത്ത സ്ഥിതിക്ക് വയസ്സായവരെയും കുട്ടികളേയും ആര് നോക്കും തുടങ്ങിയ ചോദ്യങ്ങളുണ്ട്. ഇത്തരം തൊഴില്‍ ആരെടുക്കും എന്നതാണ് കൂടുതല്‍ ഊന്നൽ കൊടുക്കേണ്ട ചോദ്യം. സ്ത്രീകൾക്ക് വീട്ടുജോലിക്ക് വേതനം എന്ന് വന്നാല്‍ നിലവിലുള്ള കുടുംബ സംവിധാനം അതെ പോലെ തുടരാനേ സഹായിക്കൂ.” ഷാഹിന നിരീക്ഷിക്കുന്നു.

വീടിനകത്തെ ജോലികൾ സ്ത്രീയുടേത് മാത്രം കടമയാണെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചിന്തയോടാണ് ഈ സ്ത്രീകൾ കലഹിക്കുന്നത്. കുടുംബത്തിനകത്തെ മറ്റ് അംഗങ്ങള്‍ സ്ത്രീയെ സഹായിക്കുക എന്നതിനപ്പുറത്ത് തൊഴില്‍ വിഭജനമാണ് വേണ്ടത്. സ്ത്രീയുടെ മാത്രം കടമയോ ബാധ്യതയോ അല്ല ഈ അധ്വാനം. കുടുംബം എന്ന സ്ഥാപനത്തിനകത്തേക്ക് അത്തരം ചോദ്യങ്ങൾ കടത്തി വിടാന്‍ കൂടി അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് ആകേണ്ടതുണ്ട്.

‘ഇത് ഞങ്ങളും ഇറക്കില്ല, നിങ്ങളും ഇറക്കില്ല’; ഈ ഭീഷണികള്‍ ഇനി ഇല്ല; നോക്കുകൂലി നിരോധനത്തിന്റെ മെയ് ദിന സൂചനകള്‍

This post was last modified on May 2, 2018 8:20 am