X

എണ്ണയും ഐ എസും; ലിബിയയെ ആര് രക്ഷിക്കും?

സുദര്‍ശന്‍ രാഘവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ലിബിയയുടെ എണ്ണ ആശ്രിത സമ്പദ് രംഗം തകര്‍ച്ചയെ നേരിടുന്നത് രാജ്യത്തെ പടിഞ്ഞാറന്‍ പിന്തുണയുള്ള പുതിയ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയും വടക്കന്‍ ആഫ്രിക്കയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ചെറുക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യുന്നു എന്ന് രാഷ്ട്രീയ, സുരക്ഷാ നിരീക്ഷകര്‍ പറയുന്നു.

രണ്ടാഴ്ച്ച മുമ്പ് ട്രിപോളിയില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ എണ്ണ നിയന്ത്രണം ഒരു മുന്‍ഗണന വിഷയമാക്കി. മൂന്ന് എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ കൈമാറണമെന്ന് അവര്‍ ശക്തരായ ഒരു സായുധ സംഘത്തെ ബോധ്യപ്പെടുത്തി. ദേശീയ എണ്ണ കമ്പനി അതിനു പിന്തുണയും നല്കി.

പക്ഷേ ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ശേഖരത്തെ സംരക്ഷിക്കുന്നതും തകര്‍ന്ന എണ്ണ വ്യവസായത്തെ അതിന്റെ പൂര്‍ണ സാധ്യതകളിലേക്ക് മടക്കിക്കൊണ്ടുവരുന്നതും ദുര്‍ഘടമായ പണിയാണ്. ആഗോള എണ്ണ വില ഇടിഞ്ഞുകൊണ്ടിരിക്കെ എണ്ണയുത്പാദനം കൂട്ടി ലിബിയയുടെ ഭാവിയെ മാറ്റിത്തീര്‍ക്കുക എന്നത് ഐക്യസര്‍ക്കാരിന്റെ അടിയന്തര നടപടികളിലൊന്നാണ്.

“ലിബിയ ഒരു സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണ്,”മുതിര്‍ന്ന ലിബിയ നിരീക്ഷകന്‍, International Crisis Group-ലെ കോള്‍ഡിയ ഗസിനി പറഞ്ഞു.

സായുധ സംഘങ്ങള്‍ എണ്ണ, പ്രകൃതിവാതക പ്രദേശങ്ങള്‍ കയ്യടക്കിയതയോടെയുണ്ടായ അസ്ഥിരത, ഉത്പാദനം ഗണ്യമായി കുറയാനിടവരുത്തി. സര്‍ക്കാരിന് ഇവിടങ്ങളില്‍ നിയന്ത്രണം ഉറപ്പിക്കാനായില്ലെങ്കില്‍, ഊര്‍ജ സ്രോതസുകള്‍ക്കായുള്ള മത്സരം ഇസ്ലാമിക് സ്റ്റേറ്റിനെതിരായി ഒരു ഐക്യ മുന്നണിയെ നിരത്താനുള്ള വാഷിംഗ്ടണ്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മേഖലയില്‍ രാഷ്ട്രീയപ്രതിസന്ധി മൂര്‍ച്ഛിക്കാനും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കുമാകും വഴിതുറക്കുക എന്ന് നിരീക്ഷകര്‍ പറയുന്നു.

എണ്ണയുത്പാദനം പുനരുജ്ജീവിപ്പിക്കേണ്ടത് ലിബിയയുടെ സാമ്പത്തിക തകര്‍ച്ച തടയുന്നതിന്  അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഹായത്തെ അവര്‍ക്ക് പൂര്‍ണമായും ആശ്രയിക്കേണ്ടിവരും. യൂറോപ്പിലേക്കുള്ള ലിബിയക്കാരുടെ അഭയാര്‍ത്ഥി പ്രവാഹം ഇനിയും കൂടും. ഇതെല്ലാം സര്‍ക്കാരിന്റെ നിലനില്‍പ്പിനെയും ബാധിക്കും.

“സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാതെ, സാമ്പത്തികാധികാരം പങ്കുവെക്കാതെ നിങ്ങള്‍ക്കൊരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനാകില്ല,” ലിബിയയിലെ സമാധാനപ്രക്രിയയില്‍ ഇടപെടുന്ന ഒരു ജര്‍മ്മന്‍ രാഷ്ട്രീയ ഫൌണ്ടേഷന്‍, Friedrich Ebert Stiftung മേഖല ഡയറക്ടര്‍ മെറിന്‍ അബ്ബാസ് പറഞ്ഞു. “ലിബിയയില്‍ എണ്ണയ്ക്ക് മേല്‍ നിയന്ത്രണമുള്ളവര്‍ക്കാണ് രാഷ്ട്രീയാധികാരവും.”

പ്രാദേശിക, വംശീയ സംഘര്‍ഷങ്ങളും എണ്ണ വില്‍ക്കാനും കള്ളക്കടത്തിനുമുള്ള ശ്രമങ്ങളുമെല്ലാം വെല്ലുവിളികളാണ്. മറ്റ് രണ്ടു സ്വയം പ്രഖ്യാപിത സര്‍ക്കാരുകളും- ഒന്നു തലസ്ഥാനമായ ട്രിപോളിയിലും, മറ്റൊന്നു കിഴക്കന്‍ നഗരമായ ടോബ്രൂകിലും- സ്വാധീനം ഉറപ്പിക്കാനായി ശ്രമിക്കുന്നുണ്ട്. കൂറില്‍ വലിയ ഉറപ്പോന്നുമില്ലാത്ത ഈ സായുധ സംഘാംഗങ്ങളില്‍ പലര്‍ക്കും ഇപ്പൊഴും എണ്ണ ഉത്പാദനത്തെ ആശ്രയിച്ചുള്ള സര്‍ക്കാര്‍ ശമ്പളം ലഭിക്കുന്നുണ്ട്. സുരക്ഷാ ഭീഷണിയും, സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും, തൊഴില്‍ തര്‍ക്കങ്ങളും മൂലം നിര്‍ണായകമായ എണ്ണപ്പാടങ്ങളും എണ്ണക്കുഴലുകളും അടച്ചിട്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധം എണ്ണയുടെ ഉത്പാദന, വിതരണ അടിസ്ഥാന സൌകര്യങ്ങളെ താറുമാറാക്കുകയും ചെയ്തിരിക്കുന്നു.

ഇതുകൂടാതെ ഇസ്ളാമിക തീവ്രവാദികള്‍ വടക്കന്‍ ആഫ്രിക്കയിലെ വ്യവസായങ്ങള്‍ക്കുനേരെ നിരന്തരം ആക്രമിക്കുന്നു. എണ്ണയുത്പാദനത്തെ പടിഞ്ഞാറന്‍ എണ്ണ കമ്പനികള്‍ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന പരിപാടിയായാണ് അവര്‍ കാണുന്നത്. ഈ സംവിധാനങ്ങളെ ആക്രമിക്കുന്നത് ദേശീയ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതോടൊപ്പം വലിയ പ്രചാരം നല്‍കുകയും അണികളെക്കൂട്ടാന്‍ ഉപകരിക്കുകയും ചെയ്യുന്നു.

കഴിഞ്ഞമാസം അള്‍ജീരിയയിലെ യൂറോപ്യന്‍ കമ്പനികളുടെ വാതകശാലകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ  ഉത്തരവാദിത്തം അല്‍-ക്വെയ്ദയുടെ വടക്കന്‍ ആഫ്രിക്ക ശാഖ ഏറ്റെടുത്തു. ഇനിയും ഇത്തരം ആക്രമണങ്ങള്‍ നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം ആഗസ്റ്റില്‍ ഈജിപ്റ്റിലെ ഒരു ഫ്രഞ്ച് എണ്ണ വാതക സ്ഥാപനത്തിലെ ക്രൊയേഷ്യക്കാരനായ ജീവനക്കാരനെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തലവെട്ടിക്കൊല്ലുകയുണ്ടായി.

ലിബിയയിലും ഇസ്ലാമിക് സ്റ്റേറ്റ് എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇത്തരം നിരവധി ആക്രമണങ്ങള്‍ നടത്തി. ജനുവരിയില്‍ രാജ്യത്തെ ഏറ്റവും വലിയ എണ്ണ സംഭരണികളായ റാസ് ലനൂഫ്, അസ് സെദാര്‍ കേന്ദ്രങ്ങളിലെ സംഭരണികള്‍ക്ക് തീവ്രവാദികള്‍ തീയിട്ടിരുന്നു.

“തങ്ങളുടെ എതിരാളികള്‍ക്ക് എണ്ണശേഖരത്തില്‍ നിന്നും വരുമാനം ഉണ്ടാകുന്നത് തടയാനാണ് ഈ മേഖലയെ നശിപ്പിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നത്,” നോര്‍ത്ത് ആഫ്രിക്ക റിസ്ക് കണ്‍സള്‍റ്റിംഗ് മേധാവി ജെഫ് പോര്‍ടര്‍ പറയുന്നു.

ലിബിയന്‍ സമ്പദ് രംഗം ഏതാണ്ട് മുഴുവനായും എണ്ണ, പ്രകൃതിവാതക ഉത്പാദനത്തെ ആശ്രയിച്ചാണ് നടക്കുന്നത്. രാജ്യത്തിന്റെ 95% കയറ്റുമതി വരുമാനവും 99% സര്‍ക്കാര്‍ വരുമാനവും ഇതില്‍ നിന്നാണെന്ന് യു.എന്‍ കണക്കുകള്‍ കാണിക്കുന്നു.

അഞ്ചു കൊല്ലം മുമ്പ് മുവമ്മര്‍ ഗദ്ദാഫിയെ പുറത്താക്കിയ കലാപത്തിന് മുമ്പായി, ലിബിയ പ്രതിദിനം 1.6 ദശലക്ഷം വീപ്പ എണ്ണ ഉത്പാദിപ്പിച്ചിരുന്നു. കെടുകാര്യസ്ഥതയും, അഴിമതിയും ഉണ്ടായിരുന്നെങ്കിലും ഈ വരുമാനത്തില്‍ നിന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വലിയ വിഭാഗത്തിന് ശമ്പളം നല്കിയിരുന്നത്. ലിബിയയുടെ നാണയത്തിന്റെ മൂല്യവും സാമ്പത്തിക വളര്‍ച്ചയും ഇതുമൂലമായിരുന്നു. ആ ഭരണകൂടം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിരുന്നെങ്കിലും സാധാരണ ലിബിയക്കാര്‍ക്ക് പാര്‍പ്പിടവും സൌജന്യമായ വിദ്യാഭ്യാസവും ചികിത്സയും നല്കുകയും മികച്ച റോഡുകള്‍ പണിയുകയും ചെയ്തിരുന്നു.

ഗദ്ദാഫിയുടെ മരണത്തോടെ എണ്ണയുടെ നിയന്ത്രണത്തിനായി തര്‍ക്കം. ആഭ്യന്തരയുദ്ധം രൂക്ഷമായി. പ്രത്യേകിച്ചും ലിബിയയുടെ എണ്ണ ചന്ദ്രക്കല എന്നറിയുന്ന മെഡിറ്ററേനിയന്‍ തീരത്ത്. എണ്ണ, വാതക അടിസ്ഥാനസൌകര്യങ്ങള്‍ക്ക് സമഗ്രമായ സുരക്ഷാ ഏര്‍പ്പാടുകള്‍ ഇല്ലാത്തത് അവയ്ക്കു നേരെയുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങള്‍ക്ക് കാരണമായി.

ഇന്നിപ്പോള്‍ ലിബിയയുടെ എണ്ണയുത്പാദനം പ്രതിദിനം 3,60,000 വീപ്പയാണ്-അഞ്ചുവര്‍ഷം മുമ്പുള്ളതില്‍ നിന്നും 78% കുറവ്.

ഐക്യ രാഷ്ട്ര സഭയുടെ പിന്തുണയുള്ള ഐക്യ സര്‍ക്കാരിന് പോരടിക്കുന്ന സായുധ സംഘങ്ങളെയും അതുവഴി എണ്ണപ്പാടങ്ങളും നിയന്ത്രണത്തിലാക്കാന്‍ കഴിയുമോ എന്നത് വ്യക്തമല്ല. പ്രെസിഡെന്‍ഷ്യല്‍ കൌണ്‍സില്‍ എന്നറിയപ്പെടുന്ന അതിന്റെ നേതൃത്വത്തിന് ഇതുവരെ മറ്റ് രണ്ടു എതിരാളി സര്‍ക്കാരുകളുടെ പിന്തുണ ലഭ്യമായിട്ടില്ല. പകരം വിവിധ സായുധ സംഘങ്ങളുടെ പിന്തുണയിലൂടെയാണ് അവര്‍ സാധുത ഉറപ്പാക്കാന്‍ ശ്രമിക്കുന്നത്.

പല എണ്ണ ഉത്പാദന കേന്ദ്രങ്ങളും നിയന്ത്രിക്കുന്ന ഒരു സായുധ സംഘത്തിന്റെ തലവനായ ഇബ്രാഹിം ജത്രാന്‍ ഐക്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും റാസ് ലനൂഫ്, അസ് സെദാര്‍, സ്യൂറ്റിന എന്നീ എണ്ണ കേന്ദ്രങ്ങള്‍ സര്‍ക്കാരിന് തിരികെ നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. ഡിസംബര്‍ 2014-നു അടച്ചിട്ട റാസ് ലനൂഫ്, അസ് സെദാര്‍ കേന്ദ്രങ്ങളില്‍ മാത്രം പ്രതിദിനം 5,50,000 വീപ്പ എണ്ണ കയറ്റുമതി ചെയ്യാന്‍ ശേഷിയുണ്ട്.

ലിബിയക്ക് എണ്ണ കയറ്റുമതി വീണ്ടും വര്‍ദ്ധിപ്പിക്കാനാകും എന്ന പ്രതീക്ഷ ഇതോടെ ഉയര്‍ന്നിട്ടുണ്ട്. പക്ഷേ ചില പുതിയ തര്‍ക്കങ്ങള്‍ ഈ ഉത്പാദനകേന്ദ്രങ്ങള്‍ തുറക്കുന്നതിന് തടസമാകുന്നു. ജത്രാന്റെ സംഘത്തില്‍ നിന്നും വിട്ടുപോയ ഒരു വിഭാഗം ഇസ്ളാമിക-വിരുദ്ധ ജനറല്‍ ഖാലിഫ ഹഫ്താറിന്റെ കൂടെ ചേര്‍ന്നിരിക്കുന്നു. ഐക്യസര്‍ക്കാരിന്റെ എതിരാളികളായ തോബ്രൂക് സര്‍ക്കാരിനെ പിന്തുണക്കുന്ന ഹഫ്താര്‍, എണ്ണ കേന്ദ്രങ്ങളുടെ നിയന്ത്രണവും ആഗ്രഹിക്കുന്നുണ്ട്.

ദേശീയ എണ്ണ കോര്‍പ്പറേഷന്‍ എണ്ണ പേരില്‍ എണ്ണ വില്‍പ്പനക്ക് ഒരു എതിര്‍ സ്ഥാപനം തുടങ്ങിയ കിഴക്കന്‍ സര്‍ക്കാര്‍ ഇതുവരെയും ഐക്യ സര്‍ക്കാരിനെ അംഗീകരിച്ചിട്ടില്ല.ചില മുതിര്‍ന്ന നേതാക്കളാകട്ടെ പടിഞ്ഞാറുമായി വിഭജനം വരെ നടക്കുമെന്നും പരസ്യമായി ഭീഷണി മുഴക്കുന്നു.

ഇനിയിപ്പോള്‍ ഐക്യസര്‍ക്കാര്‍ എണ്ണയുത്പാദന കേന്ദ്രങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയാലും അഞ്ചു വര്‍ഷം മുമ്പുള്ള ഉത്പാദന നിലയിലേക്കെത്തുക ദുഷ്കരമായിരിക്കും എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

“കിഴക്ക മേഖലയിലെ മിക്ക എണ്ണയുത്പാദന കേന്ദ്രങ്ങളും തകരാറിലാവുകയോ, ഹഫ്താരിനോട് അനുഭാവമുള്ള സംഘങ്ങളുടെ നിയന്ത്രണത്തിലോ ആണ്,” ഗസിനി പറഞ്ഞു. “അതുകൊണ്ടു എണ്ണയുത്പാദനം തുടങ്ങുക അത്ര എളുപ്പമാകില്ല.”

This post was last modified on April 22, 2016 7:39 am

Related Post
Leave a Comment