X

ഓണക്കാലത്തിന് വിട; ചില ഓര്‍മ്മകള്‍ക്കും

കൃഷ്ണ ഗോവിന്ദ്

ഓര്‍മ്മയിലെ ഓണത്തിന് ഒരു മുഖമാണ് എപ്പോഴും തെളിഞ്ഞു വരുന്നത്. അച്ഛമ്മയുടെ മുഖം. കുട്ടിക്കാലത്ത് പൂക്കളം ഇടുന്നതിനും അടുക്കളയിലെ ഭരണസമിതിയിലെ അവസാന വാക്കും എല്ലാം അച്ഛമ്മയായിരുന്നു. അച്ഛമ്മയ്ക്ക് പതിനൊന്ന് മക്കളാണ്. ഏഴ് ആണും നാലു പെണ്ണുങ്ങളും. ഏഴ് ആണ്‍ മക്കളും അടുത്തടുത്താണ് താമസിക്കുന്നത്. ഓണക്കാലത്ത് ഇവരുടെ മക്കളെയെല്ലാം കൂട്ടി അച്ഛമ്മ ഒരു അനൗദ്യോഗിക കൂട്ടം ഉണ്ടാക്കും. ഞങ്ങളുടെ ഈ കൂട്ടമാണ് ഓണക്കാലത്തെ അച്ഛമ്മയുടെ ശിങ്കിടികള്‍. അത്തത്തിന് തലേന്ന് പറയും നാളെ എല്ലാവരും പൂ പറിച്ചോണ്ടു വരണമെന്ന്. നന്ത്യാര്‍വട്ടം, ശംഖുപുഷ്പം, വാടമല്ലി, ബോള്‍സം, കൃഷ്ണക്രാന്തി (കൃഷ്ണ കിരീടം), പല തരത്തിലുള്ള ചെമ്പരത്തി, പിന്നെ പേരറിയാത്ത കുറെ പൂക്കള്‍. ഇവയെല്ലാം ഞങ്ങള്‍ പുള്ളിക്കാരിയുടെ സമക്ഷത്തില്‍ എത്തിക്കും. പിന്നെ വീതം വയ്പ്പാണ്. ഏഴു വീടുകളില്‍ പൂക്കളം ഇടണമെല്ലോ!

ഞങ്ങളുടെ കൂട്ടത്തില്‍ കുടുംബത്തു തന്നെയാണ് അച്ഛമ്മയും താമസിക്കുന്നത്. പൂവിന്റെ ഒരു വലിയ പങ്കു കുടുംബത്തേക്ക് നീക്കി വെച്ചിട്ട് പുള്ളിക്കാരി അത് ബാക്കിയുള്ളവര്‍ക്ക് വീതിച്ചു കൊടുക്കും. അടുത്ത പണി പൂക്കളം ഇടലാണ്. അച്ഛമ്മ തന്നെ പറമ്പിലെ മൂലയ്ക്കുനിന്ന് പശിമയുള്ള മണ്ണ് കൊണ്ടുവന്ന് പരിച കമഴ്ത്തിയതുപോലെ തറ മെഴുക്കും എന്നിട്ട് അതില്‍ ചാണകവും മെഴുകും. ഞങ്ങള്‍ പിള്ളേര്‍ വിരല്‍ ചാണകത്തില്‍ പറ്റാതെ നോക്കിയാണ് പൂവ് ഇടുന്നത്. കാരണം ചാണകം ഇച്ചീച്ചിയല്ലേ! അച്ഛമ്മയുടെ രീതിക്കനുസരിച്ചുള്ള പൂക്കളമിടാനെ ആശാട്ടി സമ്മതിക്കുകയുള്ളൂ. ഒന്നാം ഓണത്തിന് ഒരു വട്ടം, ഒരു പൂക്കുടം (പൂക്കുടം എന്നുപറയുന്നത് ചെമ്പരത്തി പൂവ് ഈര്‍ക്കിലില്‍ കോര്‍ത്ത് പൂക്കളത്തിന് നടുക്ക് കുത്തി നിര്‍ത്തുന്നതിനെയാണ്) എന്നു തുടങ്ങി തിരുവോണത്തിന് പത്തു വട്ടം, പത്തു പൂക്കുടം എന്നാണ് പുള്ളിക്കാരിയുടെ രീതി. ഞങ്ങള്‍ പിള്ളേര്‍ക്കു ഇതു വല്ലതും അറിയുമോ കുറെ വട്ടവും കുറെ പൂക്കുടവും അങ്ങ് ചാര്‍ത്തും ആശാട്ടി വന്ന് അതു മാറ്റുകയും ചെയ്യും. 

അടുത്തത് അച്ഛന്റെ അനിയന്‍മാരുടെ വീടുകളില്‍ പൂക്കളം ഇടുന്നതാണ്. മുത്തശ്ശിയും കൊച്ചുമക്കളും മാര്‍ച്ചു ചെയ്തു അവിടെ എത്തും അവിടെ പുള്ളിക്കാരി മണ്ണും ചാണകവും മെഴുക്കി തിരിച്ചു പോകും. പിന്നെ ആ പൂക്കളത്തില്‍ മേലാണ് നമ്മള്‍ താജ്മഹല്‍ പണിയുന്നത്. മോഡേണ്‍ ആര്‍ട്ടുപോലും തോറ്റുപോകുന്ന പണിയാണ് ആ പൂക്കളത്തില്‍ ചെയ്യുന്നത്. പൂക്കളം ഇടുവാന്‍ ഒരോ ആള്‍ക്കും ഓരോ അഭിപ്രായങ്ങളാണ്. അവസാനം ഓരോരുത്തരും പൂക്കളത്തിന്റെ ഓരോ മൂല പിടിച്ച് അവരവരുടെ അഭിപ്രായം അങ്ങു നടപ്പാക്കും.

ഊഞ്ഞാല്‍ കെട്ടുന്ന കലാപാരിപാടിയും അച്ഛമ്മയുടെ നേതൃത്വത്തിലായിരിക്കും. ആദ്യമൊക്കെ തെക്കുവശത്തുള്ള വലിയ ആനപുളിമരത്തേലായിരുന്നു ഊഞ്ഞാല്‍ കെട്ടുന്നത്. അച്ഛമ്മ ഇളയ മകനെ പുളിമരത്തില്‍ കയറ്റി വലിയ ഊഞ്ഞാല്‍ കെട്ടിച്ചു തരും. പിന്നീട് പുളിമരം വെട്ടിയപ്പോള്‍ അപ്പുറത്തു തന്നെയുള്ള പ്ലാവിലായി ഊഞ്ഞാലാട്ടം. പ്ലാവില്‍ അച്ഛമ്മ തന്നെയാണ് ഊഞ്ഞാല്‍ കെട്ടുന്നത്. ഊഞ്ഞാല്‍ കെട്ടാന്‍ ആശാട്ടി കാണിക്കുന്ന സൂത്രപണി കിടിലനാണ്. ആദ്യം രണ്ട് ഊഞ്ഞാല്‍ കയര്‍ എടുക്കും ഒരെണ്ണത്തിന്റെ തുമ്പില്‍ ഒരു കല്ലു കെട്ടിയിട്ട് ഏതു ശാഖയാലാണോ ഊഞ്ഞാല്‍ കെട്ടേണ്ടത് അത് കണക്കാക്കി എറിയും. കല്ല് കെട്ടിയ കയറ് ശാഖയില്‍ ചുറ്റി കറങ്ങി മണ്ണു തൊടും. പിന്നെ ആ കയറില്‍ നിന്ന് കല്ല് മാറ്റി ആരാച്ചാര്‍ കുടുക്കുണ്ടാക്കി കയര്‍ മുറുക്കും. ഇത് തന്നെ മറ്റെ കയറുകൊണ്ടും കാണിക്കും അതോടെ സംഗതി ശരിയാവും. പിന്നെ പുള്ളിക്കാരി പുള്ളിക്കാരിയുടെ പാട്ടിനുപോകും. അതോടെ നമ്മളു നമ്മുടെ പണി തുടങ്ങും കുറച്ചു കഴിയുമ്പോള്‍ കേള്‍ക്കാം ‘നീ പതിനഞ്ചു തവണയാടി ഞാന്‍ പന്ത്രണ്ടു തവണയെ ആടിയൊള്ളൂ, എന്നാല്‍ പിടിച്ചോടാ ബാക്കി ആട്ട് ഫാ!ഫാ!ഫാ!’ അതോടെ അവന്‍ മിണുങ്ങസിയായെന്നു നോക്കി ചമ്മി അടുത്ത ഊഞ്ഞാല്‍ ആടാനുള്ള അവസരത്തിനായി ഇരിക്കും. പിന്നെ ഊഞ്ഞാലില്‍ കിടന്ന് നമ്മുടെ സാഹസിക പ്രകടനങ്ങളാണ്. മൂങ്ങാംകുഴി (ആട്ടുന്നയാള്‍ ഊഞ്ഞാലു അയാളുടെ തലയ്ക്കു മുകളിലൂടെ കൊണ്ടുപോയി ആട്ടുന്ന രീതി), മുട്ടേല്‍ കുത്തി (ആട്ടുന്നയാള്‍ ഊഞ്ഞാലില്‍ ഇരിക്കുന്നയാളുടെ മുട്ടേല്‍ പിടിച്ച് ആയത്തില്‍ കൊണ്ടുവന്ന് ഊളിയിടുന്ന രീതി), ചില്ലാട്ടം (ഊഞ്ഞാലില്‍ ആടുന്നയാള്‍ അതിന്റെ പടിയില്‍ കയറി നിന്ന് ആയത്തില്‍ ആടുന്ന രീതി) ഈ പ്രയോഗങ്ങളെല്ലാം പരീക്ഷിച്ചിട്ട് ചിലപ്പോള്‍ നടുവുംതല്ലി വീഴുന്ന കലാപരിപാടിയും കാണിക്കും.

ഈ ആഘോഷങ്ങളുടെ ഇടയിലും ഉള്‍ക്കിടിലമുണ്ടാക്കുന്ന ഒന്നുരണ്ടു സംഗതികളുണ്ട്. അവധി തീരുമ്പോള്‍ ഓണപരീക്ഷയുടെ മാര്‍ക്കു വരും. അതിനേക്കാള്‍ പാരയായിട്ടു മറ്റോരു സംഗതിയുണ്ട്. ഓണപരീക്ഷയുടെ ചോദ്യപേപ്പറിന്റെ കൃത്യമായ ഉത്തരം എഴുതികൊണ്ടു പോകണം. എഴുതിക്കൊണ്ടു ചെന്നില്ലെങ്കില്‍ ഇമ്പോസിഷന്‍. അത് ഗുരുക്കന്‍മാരുടെ മൂഡ് അനുസരിച്ച് പത്തോ ഇരുപതോ അമ്പതോ നൂറോ ഒക്കെയാവാം. എന്നാലും നമ്മളു ഇതുവല്ലതും ചെയ്യുമോ? ങ്‌ഹേ… നമ്മളു രണ്ടു മിനുട്ടുകൊണ്ട് ആക്കാര്യമൊക്കെ മറന്ന് അടുത്ത പണിക്കു പോകും (അറയില്‍ നിന്ന് അച്ഛമ്മ കാണാതെ ഉപ്പേരി എടുക്കണം, ഊഞ്ഞാലില്‍ മറ്റവന്‍മാരോ അവളുമാരോ അറിയാതെ കൂടുതല്‍ ആട്ടം ആടണം അങ്ങനെ പല പണിയുണ്ടേ…)

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

This post was last modified on September 16, 2016 9:44 am