X

വിമുക്ത ഭടന്റെ ആത്മഹത്യ: ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പ്രതിഷേധം വീണ്ടും ശക്തമാവുന്നു

അഴിമുഖം പ്രതിനിധി

നാല്‍പ്പത് വര്‍ഷത്തോളമായി വിമുക്ത ഭടന്മാര്‍ ആവശ്യപ്പെട്ടിരുന്ന ഒരു റാങ്ക്, ഒരു പെന്‍ഷന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും വെറും പൊള്ളയായ വാഗ്ദാനമായിരുന്നു സര്‍ക്കാരിന്‌റേതെന്നാണ് ആരോപണം. വിരമിക്കല്‍ തീയതി നോക്കാതെ ഒരേ റാങ്കില്‍ വിരമിക്കുന്നവര്‍ക്കെല്ലാം ഒരേ പെന്‍ഷന്‍ എന്ന ആവശ്യമാണ് മുന്‍ സൈനികര്‍ ഉയര്‍ത്തിയത്.

ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്ക് ശേഷമായിരുന്നു 2015 സെപ്റ്റംബര്‍ ആറിന് ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനത്തിന്‌റെ സമയത്ത് തന്നെ അതൃപ്തി അറിയിച്ച് വിമുക്ത ഭടന്മാര്‍ രംഗത്തെത്തിയിരുന്നു. ഒരു റാങ്ക് – ഒരു പെന്‍ഷന്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി ആദ്യഘട്ടത്തില്‍ 5,500 കോടി രൂപ വകയിരുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു.

നിലവില്‍ നടപ്പാക്കിയിരിക്കുന്നത് ഒരു റാങ്കിന് ഒരു പെന്‍ഷനല്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കീഴുദ്യോഗസ്ഥരേക്കാള്‍ കുറഞ്ഞ പെന്‍ഷന്‍ ലഭിക്കുന്ന അവസ്ഥയാണ് ഉണ്ടാവുകയെന്നും വിരമിച്ച സൈനികന്‍ മേജര്‍ ജനറല്‍ സത്ബീര്‍ സിംഗ് പറഞ്ഞു.

2014 ഏപ്രില്‍ ഒന്ന് മുതലുള്ള മുന്‍കാല പ്രാബല്യം വേണമെന്നാണ് ആവശ്യം. 30 ലക്ഷത്തോളം വിമുക്ത ഭടന്മാരാണ് പദ്ധതിക്ക് കീഴില്‍ വരുക. 8000 മുതല്‍ 10,000 കോടി രൂപ വരെ ചിലവാണ് പ്രതീക്ഷിക്കുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇത് പുന:പരിശോധനയ്ക്ക് വിധേയമാക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ എല്ലാ വര്‍ഷവും വേണമെന്ന് വിമുക്ത ഭടന്മാര്‍ ആവശ്യപ്പെടുന്നു.

വോളണ്ടറി റിട്ടയര്‍മെന്‌റ് എടുക്കുന്നവര്‍ക്ക് ഒ.ആര്‍.ഒ.പി ബാധകമായിരിക്കില്ലെന്ന് നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം 40 ശതമാനത്തോളം സൈനികരും ഇത്തരത്തില്‍ സ്വയം വിരമിക്കുന്നവരാണ്. ഏതായാലും രാം കിഷന്‍ ഗ്രെവാള്‍ എന്ന വിമുക്ത ഭടന്‍റെ ആത്മഹത്യ ഒരു റാങ്ക് ഒരു പെന്‍ഷന്‍ സംബന്ധിച്ച് തുടരുന്ന പ്രക്ഷോഭത്തെ എവിടെ എത്തിക്കും എന്നതാണ് ഇനി അറിയാനുള്ളത്.

 

This post was last modified on November 3, 2016 10:31 am